Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അക്രമികൾ അഴിഞ്ഞാടുകയും പൊലീസ് നോക്കി നിൽക്കുകയും ചെയ്തതോടെ വടക്ക്-കിഴക്കൻ ഡൽഹിയിലെ തെരുവുകളിൽ പൊലിഞ്ഞുവീണത് 13 ജീവൻ; 150 ലേറെ പേർക്ക് പരിക്ക്; നാലിടങ്ങളിൽ കർഫ്യു; അക്രമികൾ തീയിട്ടത് നൂറുകണക്കിന് വാഹനങ്ങൾക്കും കടകൾക്കും; മാധ്യമപ്രവർത്തകർക്കും രക്ഷയില്ല; ജഫ്രാബാദിൽ വഴിതടയൽ സമരം തുടങ്ങിയവരെ ഒഴിപ്പിച്ചു; സൈന്യത്തെ ഇറക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ; വടക്ക്-കിഴക്കൻ ഡൽഹിയിൽ ബുധനാഴ്ചത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി വച്ചു

അക്രമികൾ അഴിഞ്ഞാടുകയും പൊലീസ് നോക്കി നിൽക്കുകയും ചെയ്തതോടെ വടക്ക്-കിഴക്കൻ ഡൽഹിയിലെ തെരുവുകളിൽ പൊലിഞ്ഞുവീണത് 13 ജീവൻ; 150 ലേറെ പേർക്ക് പരിക്ക്; നാലിടങ്ങളിൽ കർഫ്യു; അക്രമികൾ തീയിട്ടത് നൂറുകണക്കിന് വാഹനങ്ങൾക്കും കടകൾക്കും; മാധ്യമപ്രവർത്തകർക്കും രക്ഷയില്ല; ജഫ്രാബാദിൽ വഴിതടയൽ സമരം തുടങ്ങിയവരെ ഒഴിപ്പിച്ചു; സൈന്യത്തെ ഇറക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ; വടക്ക്-കിഴക്കൻ ഡൽഹിയിൽ ബുധനാഴ്ചത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി വച്ചു

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: വടക്ക്-കിഴക്കൻ ഡൽഹിയിൽ പൗര്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള അക്രമം തുടർച്ചയായ മൂന്നാം ദിവസവും തുടർന്നപ്പോൾ മരണം 13 ആയി ഉയർന്നു. ജഫ്രാബാദിൽ റോഡ് ബ്ലോക്ക് ചെയ്ത് സമരം തുടങ്ങിയ ഭൂരിപക്ഷവും വനിതകൾ അടങ്ങിയ പ്രതിഷേധക്കാരെ ഡൽഹി പൊലീസ് ഒഴിപ്പിച്ചു. 

അക്രമത്തിൽ, ഹെഡ് കോൺസ്റ്റബിൾ അടക്കം 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ, വടക്ക്-കിഴക്കൻ ഡൽഹിയോട് ചേർന്ന മൂന്ന് അതിർത്തികൾ അടച്ചു. പരിക്കേറ്റ 150 പേരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രമസമാധാന നില പുനഃ സ്ഥാപിക്കുന്നതിനായി ഐപിഎസ് ഓഫീസർ എസ്.എൻ.ശ്രീവാസ്തവയെ ഡൽഹി പൊലീസ് സ്‌പെഷ്യൽ കമ്മീഷണറായി നിയമിച്ചു. സിആർപിഎഫിൽ നിന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രീവാസ്തവയെ സ്‌പെഷ്യൽ കമ്മീഷണറായി കൊണ്ടുവന്നത്. ഫെബ്രുവരി 26 ന് നടക്കേണ്ട 10 ാം ക്ലാസിലെയും പ്ലസ്ടുവിലെയും പരീക്ഷകൾ വടക്കു-കിഴക്കൻ മേഖലകളിൽ മാത്രം സിബിഎസ്ഇ മാറ്റി വച്ചു.

അക്രമ ബാധിത പ്രദേശങ്ങളിൽ കർഫ്യ ഏർപ്പെടുത്താൻ ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ലഫ്റ്റനന്റ് ജനറൽ അനിൽ ബൈജാലിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വടക്ക്-കിഴക്കൻ മേഖലയിൽ നാലിടങ്ങളിലാണ് കർഫ്യു ഏർപ്പെടുത്തിയത്.

ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരി ഖാസ്, ഗാമരി, കർവാൾ നഗർ, വിജയ് പാർക്ക്, മൗജിപുർ, കർദംപുരി, ഭജൻപുര,ഗോകൽപുരി, ബ്രംപുരി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘർഷങ്ങൾ ഉണ്ടായത്. അക്രമികൾ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും വ്യാപാര സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും വാഹനങ്ങൾക്കും തീവെക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. വ്യാപക കല്ലേറുണ്ടായി. സംഘർഷത്തിനിടെ മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റു.അതിനിടെ മുസ്ലിം പള്ളി തീയിട്ടത് ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. ഇയാളുടെ നില ഗുരുതരമാണ്. ജെ കെ 24 ന്യൂസ് ചാനൽ റിപ്പോർട്ടർക്കാണ് വെടിയേറ്റത്. മൗജ്പൂരിലായിരുന്നു സംഭവം. നാല് എൻഡിടിവി മാധ്യമപ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. അവരിന്ദ് ഗുണശേഖർ, സൗരഭ് ശുക്ല, മരിയം അലവി, ശ്രീനിവാസൻ ജെയിൻ എന്നീ മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്.

അവിടെ അക്രമം തടയാൻ പൊലീസുകാരൊന്നും ഉണ്ടായിരുന്നില്ല. അരവിന്ദ് ഗുണശേഖറിനെ വലിയൊരു ജനക്കൂട്ടം വട്ടംചുറ്റിയ ശേഷം മുഖത്തടിച്ചു. ലാത്തി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുമ്പോഴാണ് സഹപ്രവർത്തകൻ സൗരഭ് ശുക്ല ഇടപെട്ടത്. ഇതോടെ സൗരഭിന് നേരെയായി ആക്രമണം. ലാത്തികൊണ്ട് തലയ്ക്കടിച്ച ശേഷം പുറത്തും, വയറ്റിലും കാലിലും മർദ്ദിച്ചു. ആക്രമണത്തിൽ അരവിന്ദിന് മൂന്ന് പല്ലുകൾ നഷ്ടമായി. ഇരുവരും ഒരുതരത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ഇരുവരും ഇപ്പോൾ സുരക്ഷിതരാണ്. ഹിന്ദുക്കളാണെന്നറിഞ്ഞപ്പോഴാണ് മർദ്ദനം അവസാനിപ്പിച്ചതെന്നും, മാധ്യമപ്രവർത്തകരെ വിട്ടയച്ചതെന്നും എൻഡിടിവി എക്സിക്യൂട്ടീവ് എഡിറ്റർ നിധി രസ്ദാന്റെ ട്വീറ്റിൽ പറയുന്നു.
എൻഡിടിവിയുടെ തന്നെ മരിയം അലവിക്ക് നേരേയും ആക്രമണമുണ്ടായി. ശ്രീനിവാസൻ ജയിനിനൊപ്പം റിപ്പോർട്ട് ചെയ്യുകയായിരുന്നു മരിയം. ഇവർക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാൻ സുശീൽ രാഥിക്കും പരിക്കേറ്റു.

തിങ്കളാഴ്ച എൻഡിടിവിയുടെ അക്ഷയ് ഡോംഗ്രയ്ക്ക് നേരേയും ലൈവ് റിപ്പോർട്ടിനിടെ ആക്രമണം ഉണ്ടായിരുന്നു, അക്ഷയുടെ മുഖത്താണ് അടിയേറ്റത്. അക്രമികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മൈക്കും മൊബൈലും തട്ടിയെടുക്കാനായിരുന്നു അവരുടെ ശ്രമം. ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. 9 പേർ കൊല്ലപ്പെട്ടിട്ടും സൈന്യത്തെ ഇറക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

ആംബുലൻസുകളും തടഞ്ഞു

ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കുകളിലും വാനുകളിലും. അക്രമകാരികൾ ആംബുലൻസുകൾ തടഞ്ഞതാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് താമസമെടുക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വെടിയേറ്റവരെ പോലും വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അക്രമികൾ തമ്മിലുണ്ടായ കല്ലേറിൽ വലതുകൈക്ക് പരിക്കേറ്റ പൊലീസ് കോൺസ്റ്റബിൾ അമിത് കുമാറിനെ ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.'ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ വലതുകൈയിൽ എന്തോ തറച്ചു. കൈയിൽ പതിച്ചത് കല്ലാണോ മറ്റെന്തെങ്കിലുമാണോ എന്ന് അറിയില്ല,' അമിത് കുമാർ പറയുന്നു.

ഖുറേജി ഖാസ് പ്രദേശത്ത് സംഘർഷത്തിനിടെ പരിക്കേറ്റ കൈഫ് എന്നയാളെ വാനിൽ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. ഓട്ടോ ഡ്രൈവറായ കൈഫ് വാഹനം നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. കല്ലേറിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ് റോഡിൽ വീണ കൈഫിനെ ആശുപത്രിയിൽ എത്തിക്കാൻ സുഹൃത്ത് പൊലീസിന്റെ സഹായം തേടുകയായിരുന്നു.

നിയന്ത്രണ വിധേയമെന്ന് അമിത് ഷാ

ഡൽഹിയിൽ അർധസൈനിക വിഭാഗങ്ങളടക്കം കൂടുതൽ സേനയെ വിന്യസിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ അടക്കമുള്ളവർ പങ്കെടുത്തു. സ്ഥിതി ആശങ്കാജനകമാണെന്ന് കേജ്രിവാൾ അറിയിച്ചു. സംഘർഷം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭ്യൂഹങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ടെന്നും അത് അക്രമങ്ങൾക്കു വഴിതെളിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. സമാധാനശ്രമങ്ങൾ നടത്തുന്നതിനായി പൊലീസും ജനപ്രതിനിധികളും ഉൾപ്പെട്ട കമ്മിറ്റികൾ രൂപീകരിച്ചു. ജനങ്ങളുമായി നേരിട്ട് സംസാരിക്കാൻ കോർഡിനേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അമിത്ഷാ പ്രഖ്യാപിച്ചതിന് ശേഷവും അശോക് നഗറിൽ പള്ളിക്ക് വീണ്ടും തീകൊളുത്തി. നേരത്തെ ഇവിടെ ഒരു പള്ളിക്ക് തീവെച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ഫയർ എഞ്ചിനെത്തി തീയണയ്ക്കാൻ ശ്രമിച്ചത്. എന്നാൽ, ഫയർ ഫോഴ്‌സ് പോയ ശേഷം തിരികെയെത്തിയ അക്രമികൾ വീണ്ടും ഇവിടേക്കെത്തി പള്ളിക്ക് തീകൊളുത്തുകയായിരുന്നു.

സമാധാന സന്ദേശവുമായി ശാന്തിയാത്ര

വർഗീയ കലാപം രൂക്ഷമാകുന്ന ഡൽഹിയിൽ, പ്രതീക്ഷയുടെ കിരണങ്ങളായി ശാന്തിയാത്ര. കലാപം നടക്കുന്ന വടക്കുകിഴക്കൻ ഡൽഹിയിലെ കോളനിയിൽ താമസിക്കുന്ന ജനങ്ങളാണ് ശാന്തി ആവശ്യപ്പെട്ടും ഹിന്ദു-മുസ്ലിം ഐക്യം വിളംബരം ചെയ്തും തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കിയത്. ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെയാണ് ജനങ്ങൾ ഒരുമിച്ച് സമാധാനത്തിനായി തെരുവിലിറങ്ങിയത്. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലിം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്.

കലാപം നടക്കുന്ന വടക്കുകിഴക്കൻ ഡൽഹിയിലാണ് ഈ പ്രകടനം നടന്നത്. തെരുവിലൂടെ 'നമ്മളൊന്ന്' എന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രകടനം കടന്നുപോകുന്നത്. മുതിർന്ന ഒരാൾ വിളിച്ചു കൊടുക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കാൻ ചെറുപ്പക്കാരും ചേർന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇതിന്റെ വീഡിയോ പ്രചരിക്കുകയാണ്.

അതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലായ രാജ്ഘട്ടിലെത്തി പ്രാർത്ഥിച്ചു. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും സമാധാന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് സമാധാന ദൗത്യവുമായി ലഹള നടക്കുന്ന പ്രദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചില്ല എന്ന് ജെഎൻയു വിദ്യാർത്ഥി നേതാവ് അമുത ജയദീപ് മറുനാടനോട് പറഞ്ഞു. ഇന്ന് രാത്രിയിൽ സമാധാന സന്ദേശം പ്രചരിപ്പിക്കാൻ ഇന്ത്യാഗേറ്റിൽ ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടും. വിദ്യാർത്ഥികളും പൊതുസമൂഹത്തിലെ പ്രമുഖരും ഇതിന് പിന്തുണയുമായി എത്തുമെന്നും അമുത പറഞ്ഞു.

ഡൽഹിയിൽ താമസിക്കുന്ന വിദ്യാർത്ഥികളോടും പൊതുജനങ്ങളോടും സമാധാന ദൗത്യത്തിൽ പങ്കാളികളാകുവാൻ അമുത അഭ്യർത്ഥിക്കുന്നു. വോളണ്ടിയർ ആകാൻ സാധിക്കാത്തവർ തങ്ങളുടെ വീടുകൾ ഇരകൾക്ക് സംരക്ഷണം നൽകാൻ വിട്ട് നൽകണം. പണവും ഭക്ഷണവും ആവശ്യമാണ് എന്നും അമുത പറയുന്നു.

സമാധാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകാനും ഇരകൾക്ക് സംരക്ഷണം ഒരുക്കാനുമാണ് വിദ്യാർത്ഥികൾ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP