Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'മൃതദേഹങ്ങളുടെ കൂമ്പാരം കൊണ്ടല്ല പുതിയ ഡൽഹി രൂപപ്പെടുത്തേണ്ടത്; ഡൽഹിക്ക് മുന്നിലുള്ളത് രണ്ട് വഴികൾ മാത്രം'; ഒന്നുകിൽ ഒന്നിച്ച് നിന്ന് അക്രമം അവസാനിപ്പിക്കാം, അല്ലെങ്കിൽ പരസ്പരം തല്ലിക്കൊല്ലാം എന്നും ഡൽഹി മുഖ്യമന്ത്രി; കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ

'മൃതദേഹങ്ങളുടെ കൂമ്പാരം കൊണ്ടല്ല പുതിയ ഡൽഹി രൂപപ്പെടുത്തേണ്ടത്; ഡൽഹിക്ക് മുന്നിലുള്ളത് രണ്ട് വഴികൾ മാത്രം'; ഒന്നുകിൽ ഒന്നിച്ച് നിന്ന് അക്രമം അവസാനിപ്പിക്കാം, അല്ലെങ്കിൽ പരസ്പരം തല്ലിക്കൊല്ലാം എന്നും ഡൽഹി മുഖ്യമന്ത്രി; കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മൃതദേഹങ്ങളുടെ കൂമ്പാരം കൊണ്ടല്ല പുതിയ ഡൽഹി രൂപപ്പെടുത്തേണ്ടതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വടക്ക കിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കൊപ്പം എത്തിയ കെജ്രിവാൾ പ്രദേശത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തി. ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെ വിളിക്കണമെന്നും അക്രമബാധിത പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. അക്രമം ഉപേക്ഷിച്ച് പ്രദേശത്തെ സമാധാനം നശിപ്പിക്കാൻ പുറത്തുനിന്നുള്ളവർ വരുന്നുണ്ടെങ്കിൽ പൊലീസിനെ അറിയിക്കാനും അദ്ദേഹം ജനങ്ങളോട് നിർദ്ദേശിച്ചു. നേരത്തെ കലാപത്തെപ്പറ്റി നിയമസഭയിൽ സംസാരിച്ച അദ്ദേഹം സമാധാനം പുനഃസ്ഥാപിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഡൽഹിക്ക് ഇപ്പോൾ രണ്ട് വഴികളാണ് തിരഞ്ഞെടുക്കാനുള്ളത്. ഒന്നുങ്കിൽ എല്ലാവരും ഒത്തുചേർന്ന് അക്രമം അവസാനിപ്പിക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ പരസ്പരം തല്ലിക്കൊല്ലാം. രാഷ്ട്രീയക്കാരും പുറത്തുനിന്ന് എത്തിയവരും കലാപത്തിന് ഉത്തരവാദികളാണെന്ന് അദ്ദേഹം ആവർത്തിച്ചു. കലാപത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളുമടക്കം എല്ലാവർക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്. പൊലീസുകാർ ഉൾപ്പെടെ 20ലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവിഭാഗങ്ങൾക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്.

പൊലീസ് കലാപകാരികളെ സഹായിക്കുന്നുവെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും. ഡൽഹിയിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കാണ്. ജനങ്ങൾ മതസൗഹാർദത്തോടെയും സ്‌നേഹത്തോടെ ജീവിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംഘർഷ ബാധിത മേഖലകൾ സന്ദർശിച്ചിരുന്നു. അതിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേർത്തു. ഡൽഹിയിലെ സ്ഥിതിഗതികൾ യോഗത്തിൽ ചർച്ച ചെയ്തു. കലാപത്തിൽ ഇതുവരെ 27 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കലാപത്തിൽ 18 കേസുകളെടുത്തെന്നും 106 പേർ അറസ്റ്റിലായെന്നും ഡൽഹി പൊലീസ് അറിയിച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രദേശങ്ങളിൽ പൊലീസും കേന്ദ്രസേനയും റൂട്ട്മാർച്ചുകൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP