Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനയെ കണ്ട് തിരിഞ്ഞോടുന്നതിടെ വീണത് കമ്പിയിൽ കാലുടക്കി; കൊമ്പൻ കുത്തിയത് പുറത്ത്; ശ്വാസകോശം തകർത്തുകൊമ്പ് മറുപുറത്തിറങ്ങി; നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വെടി ശബ്ദം ഉണ്ടാക്കി തുരത്തുന്ന ഫോറസ്റ്റ് വാച്ചറിന്റെ കൊലയിൽ വിതുമ്പി റാന്നിക്കാർ; കാട്ടാന കുത്തിക്കൊന്ന ആദിവാസി വാച്ചർ ബിജു ഏതു കൊമ്പനെയും വിരട്ടി ഓടിക്കാൻ കഴിവുള്ള ഷാർപ്പ് ഷൂട്ടർ: മരണം എത്തിയത് സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെ

ആനയെ കണ്ട് തിരിഞ്ഞോടുന്നതിടെ വീണത് കമ്പിയിൽ കാലുടക്കി; കൊമ്പൻ കുത്തിയത് പുറത്ത്; ശ്വാസകോശം തകർത്തുകൊമ്പ് മറുപുറത്തിറങ്ങി; നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വെടി ശബ്ദം ഉണ്ടാക്കി തുരത്തുന്ന ഫോറസ്റ്റ് വാച്ചറിന്റെ കൊലയിൽ വിതുമ്പി റാന്നിക്കാർ; കാട്ടാന കുത്തിക്കൊന്ന ആദിവാസി വാച്ചർ ബിജു ഏതു കൊമ്പനെയും വിരട്ടി ഓടിക്കാൻ കഴിവുള്ള ഷാർപ്പ് ഷൂട്ടർ: മരണം എത്തിയത് സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെ

ശ്രീലാൽ വാസുദേവൻ

റാന്നി: നാട്ടിലിറങ്ങിയ കാട്ടാന കുത്തിക്കൊലപ്പെടുത്തിയ വനംവകുപ്പിലെ ട്രൈബൽ വാച്ചർ ളാഹ ബിജില ഭവനിൽ എ.എസ് ബിജു ഷാർപ്പ് ഷൂട്ടർ എന്ന് പേരെടുത്തയാളായിരുന്നു. എവിടെ ആന ഇറങ്ങിയാലും ബിജുവിന് വിളിയെത്തും. നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വെടി ശബ്ദം ഉണ്ടാക്കി വനത്തിലേക്കു തുരത്തുന്നതിൽ ബിജുവിന് ഏറെ വൈദഗ്ധ്യമാണ് ഉണ്ടായിരുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ചുള്ള ഷാർപ്പ് ഷൂട്ടർ എന്നാണ് ഈ വനപാലകൻ അറിയപ്പെട്ടിരുന്നത്.

അതു കൊണ്ടു തന്നെ ഇത്തരം വെടിവയ്‌പ്പ് ആവശ്യങ്ങൾ ഡിവിഷനിൽ എവിടെയുണ്ടായാലും ആദ്യ വിളി എത്തുന്നത് ബിജുവിനെ തേടിയായിരിക്കും. അതു തന്നെയാണ് ഇന്നലെയും സംഭവിച്ചത്. വനംവകുപ്പിലെ ട്രൈബൽ വാച്ചർ തസ്തികയിലേക്ക് ആദ്യ ബാച്ചിൽ ളാഹ ആദിവാസി കോളനിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുവാവാണ് ബിജു (37). അഞ്ചു വർഷം മുമ്പായിരുന്നു നിയമനം. ജോലിയോടുള്ള ആത്മാർത്ഥത ഉയർന്ന ഉദ്യോഗസ്ഥർക്കു പോലും അദ്ദേഹത്തെ പ്രിയങ്കരനാക്കി.

രാജമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകനായ ബിജു ഇന്നലെ രാവിലെ വനമേഖലയിലെ തീ കെടുത്താൻ പോകാൻ തുടങ്ങുമ്പോഴായിരുന്നു കരികുളത്തു നിന്നും സഹായം തേടിയുള്ള വിളി എത്തിയത്. ആങ്ങമൂഴി പഞ്ഞിപ്പാറയിൽ കാട്ടുതീ പടർന്നിരുന്നു. വിവരം അറിഞ്ഞ് പോകാൻ തുടങ്ങുമ്പോഴായിരുന്നു കട്ടിക്കല്ലു ഭാഗത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ ആനയെ തുരത്താൻ പരമാവധി വനപാലകർ തോക്കുമായി എത്തണമെന്ന സന്ദേശം എത്തിയത്. ഷാർപ്പ് ഷൂട്ടറായ ബിജുവിനെ നിർബന്ധമായും വിടണമെന്നായിരുന്നു ആവശ്യം.

തുടർന്ന് ഉറ്റ സുഹൃത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ് അനീഷിനേയും ഏതാനും വനപാലകരേയും പഞ്ഞിപ്പാറയിലേക്ക് അയച്ചതിനു പിന്നാലെയാണ് ബിജു കട്ടിക്കല്ലിലേക്കു പോയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജ്മൽ, രഞ്ജിത്ത് എന്നിവരായിരുന്നു ബിജുവിനോടൊപ്പം പോയത്. പഞ്ഞിപ്പാറയിലെ തീ അണച്ച ശേഷം ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് അനീഷും സംഘവും രാജമ്പാറ സ്റ്റേഷനിൽ തിരിച്ചെത്തിയത്. വന്ന ഉടൻ അനീഷ് ബിജുവിനെ ഫോണിൽ വിളിച്ചു. കാട്ടാനയ്ക്കു നേരെ വെടിവച്ചുവെന്നും ശബ്ദം കേട്ട് അത് കുറച്ച് അകത്തേക്കു നീങ്ങിയെന്നും വനത്തിലേക്കു കടന്നിട്ടില്ലെന്നും ബിജു പറഞ്ഞു.

തങ്ങൾ ഊണു കഴിച്ച ശേഷം ആനയുടെ നീക്കം ശ്രദ്ധിച്ച് ഇരിക്കുകയാണെന്നു പറഞ്ഞ ബിജു അതാ ആന വീണ്ടും വരുന്നു എന്നു പറഞ്ഞ് ഫോൺ സംസാരം മതിയാക്കി ഓടുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. പിന്നെ സെക്കന്റുകൾക്കകമാണ് ദാരുണ സംഭവം നടന്നത്. ഓട്ടത്തിനിടയിൽ കല്ലിലും വേലിയിലും തട്ടി കമഴ്ന്നു വീണ ബിജു എഴുന്നേൽക്കും മുമ്പ് കാട്ടാന പിന്നിലൂടെ കുത്തിക്കീറുകയായിരുന്നു. കൊമ്പ് ബിജുവിന്റെ ശ്വാസകോശം തുളച്ച് ഇറങ്ങിയെന്ന് സഹപ്രവർത്തകർ പറഞ്ഞു. സംഭവ സ്ഥലത്തു വച്ചു തന്നെ ബിജു മരിച്ചു. കുട്ടിക്കൊമ്പനെ ഇന്നലെ രാത്രി എട്ടോടെ വനപാലകർ ഏറെ പണിപ്പെട്ട് പമ്പാ നദിക്കു മറുകരയിലേക്കു കയറ്റി വിട്ടു.

എന്നാൽ ഇത് വനത്തിലേക്കു പോകാതെ കുടമുരുട്ടിയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. കൊച്ചുകുളം വനത്തിലേക്ക് ആന പോകുന്നതു വരെ ഇവിടെ ജനങ്ങൾക്ക് ഭീഷണിയാണ്. പീരുമേട്, അഞ്ചൽ തുടങ്ങി വിവിധ മേഖലകളിൽ നിന്നും റാപ്പിഡ് റെസ്പോൺസ് ടീമും കോന്നിയിൽ നിന്നും സ്ട്രൈക്കിങ് ഫോഴ്സും അടക്കം നിരവധി വനപാലകർ സ്ഥലത്തു തമ്പടിച്ചിരിക്കുകയാണ്. നാട്ടിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ആലോചിച്ചെങ്കിലും പ്രാവർത്തികമാക്കാനുള്ള ബുദ്ധിമുട്ടു മൂലം ഇന്നലെ ചെയ്തില്ല.

തട്ടുതട്ടായി കിടക്കുന്ന ഭൂമി ആയതിനാലും നദിയുടെ സാമീപ്യം ഉള്ളതിനാലും വെടിയേൽക്കുന്ന ആന എങ്ങോട്ടു പോകുമെന്ന് മുൻകൂട്ടി കാണാനാകില്ല. വെടിവച്ചാലും ആനയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയും വേണം. ഇതിനുള്ള സൗകര്യവും കട്ടിക്കല്ലിൽ ഇല്ലാത്തതിനാൽ മയക്കുവെടി വയ്ക്കാനള്ള നീക്കം വൈകിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP