Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉംറ നിർവഹിക്കാൻ തീർത്ഥാടകർക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ; മക്കയിലേക്കും മദീനയിലേക്കും തൽക്കാലം വിശ്വാസികൾക്ക് പ്രവേശനമില്ല; കൊറോണ പടർന്ന് തുടങ്ങിയതോടെ സന്ദർശകർക്ക് കർശന നിയന്ത്രണം പ്രഖ്യാപിച്ചപ്പോൾ തീർത്ഥാടകർക്കും നിരോധനം; കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീർത്ഥാടകർ വീട്ടിലേക്ക് മടങ്ങിയതും വിലക്ക് കാരണം; ഇറാനിൽ നിന്ന് വൈറസ് അതിവേഗം പടരുമ്പോൾ വിദേശികൾക്ക് മുമ്പിൽ വാതിലടച്ച് സൗദി

ഉംറ നിർവഹിക്കാൻ തീർത്ഥാടകർക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ; മക്കയിലേക്കും മദീനയിലേക്കും തൽക്കാലം വിശ്വാസികൾക്ക് പ്രവേശനമില്ല; കൊറോണ പടർന്ന് തുടങ്ങിയതോടെ സന്ദർശകർക്ക് കർശന നിയന്ത്രണം പ്രഖ്യാപിച്ചപ്പോൾ തീർത്ഥാടകർക്കും നിരോധനം; കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീർത്ഥാടകർ വീട്ടിലേക്ക് മടങ്ങിയതും വിലക്ക് കാരണം; ഇറാനിൽ നിന്ന് വൈറസ് അതിവേഗം പടരുമ്പോൾ വിദേശികൾക്ക് മുമ്പിൽ വാതിലടച്ച് സൗദി

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉംറ നിർവഹിക്കാൻ തീർത്ഥാടകർക്ക് നിരോധനം ഏർപ്പെടുത്തുന്ന കടുത്ത തീരുമാനവുമായി സൗദി അറേബ്യ രംഗത്തെത്തി. ഇതിന്റെ ഭാഗമായി മക്കയിലേക്കും മദീനയിലേക്കും തൽക്കാലം വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. കൊറോണ പടർന്ന് തുടങ്ങിയതോടെ സന്ദർശകർക്ക് സൗദി കർശന നിയന്ത്രണം പ്രഖ്യാപിച്ചപ്പോൾ തീർത്ഥാടകർക്കും നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ സൗദി വിദേശികൾക്ക് മുമ്പിൽ വാതിലടക്കുമ്പോൾ നിരവധി പേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.

ഇത് സംബന്ധിച്ച അറിയിപ്പ് ഒരു പ്രസ്താവനയിലൂടെ സൗദിയിലെ മ വിദേശകാര്യ മന്ത്രാലയമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അംഗീകൃത അന്താരാഷ്ട്ര നിലവാരങ്ങൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ തീർത്ഥാടകർക്ക് താൽക്കാലിക നിരോധനം മക്കയിലേക്കും മദീനയിലേക്കും ഏർപ്പെടുത്തുന്നതെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഉംറയ്ക്കും പ്രൊഫെറ്റ് മോസ്‌കിലേക്കുമുള്ള പ്രവേശനത്തിനായി വിദേശികൾക്ക് ഇവിടേക്ക് വരാനാവില്ല. കൊറോണ പടർന്ന് പിടിക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പുതിയ നിരോധനത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്കുള്ള പ്രവേശനത്തിനും വിലക്കുണ്ട്.

ഗൾഫ് കോർപറേഷൻ കൗൺസിലിലെ നാഷണൽ ഐഡന്റിറ്റി കാർഡുകളുള്ള പൗരന്മാരും സൗദിയിൽ നിന്നും പുറത്തേക്ക് പോകുന്നതിനും ഇവിടേക്ക് വരുന്നതിനും നിരോധനമുണ്ട്. എന്നാൽ വിദേശങ്ങളിലുള്ള സൗദികളെ ഇതിൽ നിന്നുമൊഴിവാക്കിയിട്ടുണ്ട്. കൊറോണ പടരുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള താൽക്കാലിക നിയന്ത്രണങ്ങളാണിതെന്ന് സൗദി ആവർത്തിക്കുന്നു. കൊറോണ പടർന്ന് പിടിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന കർശന നിർദ്ദേശം സൗദിയിലെ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്കേകിയിട്ടുണ്ട്.

ഹജ്ജിന് ഒരു നിശ്ചിത സമയം മാത്രമേ പോകാൻ സാധിക്കുകയുള്ളുവെന്നിരിക്കെ ഉംറയുടെ ഭാഗമായി മെക്കയിലേക്ക് വർഷത്തിൽ ഏത് സമയത്തും പോകാൻ തീർത്ഥാടകർക്ക് സാധിച്ചിരുന്നു. കൊറോണയെ തുടർന്ന് അതിനാണ് നിരോധനം വന്നിരിക്കുന്നത്. കോടിക്കണക്കിന് മുസ്ലീങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വർഷം തോറും ഉംറയ്ക്കെത്തിക്കൊണ്ടിരിക്കുന്നത്. പുതിയ നിരോധനം താൽക്കാലികമായാണ് സൗദി ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും കാലങ്ങളായി ഉംറയ്ക്ക് ഒരുങ്ങി അതിന് പുറപ്പെടാനിരുന്ന നിരവധി പേരെ അത് ബാധിക്കുമെന്നുറപ്പാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കേണ്ടിയിരുന്ന നിരവധി കായിക ഇവന്റുകൾ കൊറോണ ബാധയെ തുടർന്ന് റദ്ദാക്കിക്കൊണ്ടിരിക്കുന്ന വേളയിലാണ് സൗദിയുടെ വിലക്ക് നിലവിൽ വന്നിരിക്കുന്നത്.

ഇറാനിലടക്കം കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഉംറ തീർത്ഥാടനം താത്കാലികമായി നിർത്തിവച്ചതായി സൗദി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. ഇതിനെതുടർന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീർത്ഥാടകരെ മടക്കിഅയച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ കൊറോണ വൈറസ് പടർന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഗൾഫിലാകെ ഇതുവരെ 211 പേർക്ക് കൊറോണ ബാധയേറ്റതായാണ് വിവരം. ഇറാനിൽ നിന്നെത്തിയവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ് മദ്ധ്യപൂർവദേശത്തെ മറ്റ് രാജ്യങ്ങളിൽ രോഗികളായവരിൽ അധികവുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഇറാനുമായുള്ള ബന്ധം കുറയ്ക്കാനും ഇറാനിൽ നിന്ന് എത്തുന്നവരെ നിയന്ത്രിക്കാനുമുള്ള ശ്രമത്തിലുമാണ് മറ്റ് രാജ്യങ്ങൾ.

ഇറാനിൽ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങൾക്കും കാർഗോ വിമാനങ്ങൾക്കും യുഎഇ ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഇറാനിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഡെപ്യൂട്ടി ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഇറാനിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമല്ലെന്ന വിലയിരുത്തലുകളുമുണ്ട്. ഇറാനിൽ ഇതുവരെ 139 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. 19 മരണങ്ങളാണ് ബുധനാഴ്ച വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം ശരിയായ വിവരങ്ങൾ ഇറാൻ പുറത്തുവിടുന്നില്ലെന്ന ആക്ഷേപങ്ങളുമുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇറാൻ മറച്ചുവെയ്ക്കുന്നതായി സംശയമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചിരുന്നു.

യുഎഇയിൽ 13 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരിൽ മൂന്ന് പേർ ഇതിനോടകം തന്നെ സുഖംപ്രാപിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയലത്തിന്റെ കണക്കുകൾ പ്രകാരം ബുധനാഴ്ച വരെ രാജ്യത്ത് 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പുതിയതായി 13 കേസുകളാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബഹ്‌റൈനിൽ ഇതുവരെ രോഗം സ്ഥിരീകരിച്ച 26 പേരും ഇറാനിൽ നിന്ന് എത്തിയവരാണ്. ഫെബ്രുവരി മാസത്തിൽ ഇറാൻ സന്ദർശിച്ചവരെല്ലാം സ്വമേധയാ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചു. ഒമാനിൽ പുതിയ രണ്ട് കേസുകൾ ഉൾപ്പെടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ നജഫിൽ ഒരാൾക്കും കിർകുക്കിൽ നാല് പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയിൽ നിന്നും ഇറാനിൽ നിന്നുമുള്ള യാത്രക്കാർക്ക് ഇറാഖ് അനിശ്ചിതകാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തായ്‌ലന്റ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇറാഖിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അടുത്തിടെ ഇറാൻ സന്ദർശിച്ച എണ്ണായിരത്തിലധികം പേരെ പരിശോധനകൾക്ക് വിധേയമാക്കിയതായി ഇറാഖ് അധികൃതർ അറിയിച്ചു. ഇറാഖിലെ ചില പ്രദേശങ്ങളിൽ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും 10 ദിവസത്തെ അവധി നൽകിയിട്ടുണ്ട്. ഈജിപ്ത്, ലെബനോൻ എന്നീ രാജ്യങ്ങളിലും ഓരോരുത്തർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP