Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയോട് പറഞ്ഞത് നൽകുന്നത് ലോക്കൽ അനസ്തീഷ്യ എന്ന്; കൊടുത്തത് ജനറൽ അനസ്തീഷ്യ; പരാതി നൽകിയത് ആശുപത്രിയിൽ നടന്നത് ഗൂഢാലോചനയെന്ന വ്യക്തമാക്കി; എല്ലാം വിശദീകരിച്ചിട്ടും ആരെങ്കിലും എവിടെയങ്കിലും മരിച്ചു കിടക്കുമ്പോൾ എടുക്കുന്ന സാദാ വകുപ്പ് പ്രകാരം കേസെടുക്കൽ; എഫ് ഐ ആറിലെ വിശദീകരണ ഭാഗത്ത് ഹോസ്പിറ്റൽ ഉണ്ടെങ്കിലും പ്രതി 'അൺ നോൺ'; കിംസ് ആശുപത്രിയെ ചികിൽസാ പിഴവിൽ നിന്നും രക്ഷിക്കാൻ പൊലീസും; ആഡംബരക്കപ്പൽ ജീവനക്കാരൻ സമീറിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത

ഭാര്യയോട് പറഞ്ഞത് നൽകുന്നത് ലോക്കൽ അനസ്തീഷ്യ എന്ന്; കൊടുത്തത് ജനറൽ അനസ്തീഷ്യ; പരാതി നൽകിയത് ആശുപത്രിയിൽ നടന്നത് ഗൂഢാലോചനയെന്ന വ്യക്തമാക്കി; എല്ലാം വിശദീകരിച്ചിട്ടും ആരെങ്കിലും എവിടെയങ്കിലും മരിച്ചു കിടക്കുമ്പോൾ എടുക്കുന്ന സാദാ വകുപ്പ് പ്രകാരം കേസെടുക്കൽ; എഫ് ഐ ആറിലെ വിശദീകരണ ഭാഗത്ത് ഹോസ്പിറ്റൽ ഉണ്ടെങ്കിലും പ്രതി 'അൺ നോൺ'; കിംസ് ആശുപത്രിയെ ചികിൽസാ പിഴവിൽ നിന്നും രക്ഷിക്കാൻ പൊലീസും; ആഡംബരക്കപ്പൽ ജീവനക്കാരൻ സമീറിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത

എം മനോജ് കുമാർ

തിരുവനന്തപുരം: കിഡ്‌നി സ്റ്റോൺ മാറ്റാനുള്ള ലേസർ ചികിത്സയ്ക്കിടെ യുവാവ് മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായ കിംസ് ആശുപത്രിയെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം. മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിന്റെ എഫ്‌ഐആറിൽ പ്രതിസ്ഥാനത്ത് ആരുടേയും പേര് ഉൾപ്പെടുത്തിയിട്ടില്ല. സംശയിക്കുന്ന കുറ്റവാളികളെ സംബന്ധിക്കുന്ന കോളത്തിൽ അൺ നോൺ എന്നാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ എഫ് ഐ ആറിലെ വിശദീകരണത്തിൽ കിംസ് ആശുപത്രിക്കെതിരെയാണ് പരാതിയും അന്വേഷണമെന്നും വ്യക്തമാക്കുന്നുണ്ട്.

യുവാവിന്റെ മരണത്തിന് കിംസ് ആശുപത്രിയാണ് ഉത്തരവാദിയെന്ന് കാട്ടിയാണ് ബന്ധുക്കൾ പരാതി നൽകിയത്. ചികിൽസാ പിഴവ് എന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ കേസെടുത്തത് അസ്വാഭാവിക മരണത്തിനും. ക്രിമിനൽ പ്രൊസീജിയർ കോഡിലെ 174-ാം വകുപ്പ് അനുസരിച്ച് സമീറിന്റെ ബന്ധുക്കളെ പറ്റിക്കുന്ന തരത്തിലാണ് എഫ് ഐ ആർ. അതുകൊണ്ട് തന്നെ ആശുപത്രിക്കെതിരെ കേസ് എടുത്തതെന്ന് പ്രഥമ ദൃഷ്ട്യാ പറയാനുമാകില്ല. കേസിൽ തുടർ നടപടികൾ എടുത്തില്ലെങ്കിലും നിയമപരമായ കുഴപ്പവുമില്ല. എന്നാൽ ചികിൽസാ പിഴവിന് ആശുപത്രിക്കെതിരേയും ഡോക്ടർക്കെതിരെയുമുള്ള കേസായി എഫ് ഐ ആർ ഇട്ടിരുന്നുവെങ്കിൽ അതിൽ നിയമപരമായ കുരുക്കുകൾ ആശുപത്രിക്ക് നേരിടേണ്ടി വരുമായിരുന്നു. അതൊഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് നടക്കുന്നത്.

പ്രതി സ്ഥാനത്ത് കിംസ് ആശുപത്രി അധികൃതർ ആണെന്ന് അറിയാമായിരിക്കെയാണ് എഫ്‌ഐആറിൽ പ്രതിസ്ഥാനത്ത് ആരെന്നു അറിയില്ലെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കുറ്റകൃത്യത്തെ സംബന്ധിച്ച് എഫ്‌ഐആറിൽ പൊലീസ് നൽകിയ വിവരണത്തിൽ കിംസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടയിലാണ് സമീർ മരിക്കുന്നത് എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. അങ്ങിനെ എഫ്‌ഐആറിൽ രേഖപ്പെടുത്തുമ്പോൾ പ്രതിസ്ഥാനത്ത് കിംസ് ആശുപത്രി അധികൃതർ എന്നോ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ എന്നോ പൊലീസിനു രേഖപ്പെടുത്താമായിരുന്നു. പക്ഷെ എഫ്‌ഐആറിൽ പ്രതിസ്ഥാനത്ത് നിന്നും കിംസിനെ രക്ഷിക്കുന്ന സമീപനമാണ് എഫ്‌ഐആറിൽ പൊലീസ് പയറ്റുന്നത്.

ആരെങ്കിലും എവിടെയെങ്കിലും മരിച്ചു കിടക്കുമ്പോൾ പൊലീസിന് അറിയിപ്പ് കിട്ടും. ഈ സമയം പൊലീസിന് മേൽ നടപടികൾ തുടരാൻ എഫ് ഐ ആർ എടുക്കേണ്ടതുണ്ട്. ഈ സമയത്താണ് ക്രിമിനൽ പ്രൊസീജിയർ കോഡിലെ 174-ാം വകുപ്പ് അനുസരിച്ച് കേസെടുക്കുക. എന്നാൽ സമീറിന്റെ കാര്യത്തിൽ കാര്യ കാരണ സഹിതമാണ് പൊലീസിന് ബന്ധുക്കൾ പരാതി നൽകിയത്. മരണ കാരണമായി ചികിൽസാ പിഴവ് കിംസ് ആശുപത്രിക്കെതിരെ ആരോപിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ പരാതി ആശുപത്രിക്കെതിരെയുമാണ്. ഈ സാഹചര്യത്തിൽ അസ്വാഭാവിക മരണങ്ങൾക്ക് അപ്പുറം അർത്ഥ തലങ്ങൾ ഈ കേസിനുണ്ട്. അത് എഫ് ഐ ആറിൽ പൊലീസ് ഉൾക്കൊള്ളിച്ചെന്ന സൂചനയാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിസ്ഥാനത്ത് വന്ന കിംസ് ആശുപത്രി അധികൃതരെ രക്ഷിക്കാനുള്ള മനഃപൂർവ ശ്രമത്തിന്റെ ഭാഗമായുള്ള എഫ്‌ഐആറാണ് വന്നിരിക്കുന്നത്. എഫ്‌ഐആറിൽ പ്രതിസ്ഥാനത്ത് കിംസ് ആശുപത്രി അധികൃതരോ ലേസർ ചികിത്സ നടത്തിയ യൂറോളജിസ്റ്റ് സുബിനോ വന്നാൽ ജാമ്യം എടുക്കേണ്ട ആവശ്യം വരുന്നതിനാലാണ് എഫ്‌ഐആറിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം തന്നെ പ്രത്യക്ഷപ്പെട്ടത്. കിഡ്‌നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ചികിത്സയ്ക്കായി ജനുവരി ഇരുപത്തിയാറിനും, തുടർന്ന് ഫെബ്രുവരി പത്തിനും സമീർ അഡ്‌മിറ്റ് ആയിരുന്നുവെന്നു എഫ്‌ഐആറിലുണ്ട്. ഈ ചികിത്സയിൽ കുറവില്ലാത്തതുകൊണ്ടാണ് വീണ്ടും കഴിഞ്ഞ ഇരുപതിന് സമീർ വീണ്ടും കിംസിൽ അഡ്‌മിറ്റ് ആകുന്നത്. അന്നേ ദിവസം ഉണ്ടായ ശസ്ത്രക്രിയയിൽ ഉണ്ടായ കാർഡിയാക് അറസ്റ്റ് നിമിത്തമാണ് രാത്രി 11.05 നു സമീർ മരിക്കുന്നത് എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കിംസ് ആശുപത്രിയിൽ തുടരെ തുടരെ നടത്തിയ ശാസ്ത്രകിയകളും അനസ്‌തേഷ്യയിലെ പിഴവുമാണ് മരണകാരണം എന്ന് മരിച്ച സമീറിന്റെ സഹോദരനായ പരാതിക്കാരൻ സുധീറിന് സംശയമുണ്ട് എന്നാണ് എഫ്‌ഐആറിൽ പൊലീസ് പറയുന്നത്.

കിംസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയകളും അനസ്‌തേഷ്യയിലെ പിഴവുമാണ് മരണകാരണം എന്ന് പൊലീസ് തന്നെ എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ പ്രതിസ്ഥാനത്ത് ആരെന്നു അറിയില്ലെന്നും പൊലീസ് രേഖപ്പെടുത്തുന്നു. സമീറിന്റെ സഹോദരനായ സുധീർ അബ്ദുൽ വാഹിദ് മറുനാടനോട് പറഞ്ഞതും പൊലീസ് എഫ്‌ഐആറും തമ്മിൽ ബന്ധമുണ്ട്. മരണം സ്ഥിരീകരിച്ച ശേഷം ആശുപത്രി അധികൃതർ എല്ലാ സംവിധാനങ്ങളും പൂർത്തിയാക്കിയിരുന്നുവെന്നാണ് സുധീർ പറഞ്ഞത്. അതിന്റെ ലക്ഷണങ്ങൾ അവർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂസലില്ലാത്ത ഭാവമായിരുന്നു ആശുപത്രി അധികൃതർക്ക്. എത്രയോ മരണങ്ങൾ ഇങ്ങിനെ ഞങ്ങൾ കണ്ടിരിക്കുന്നു എന്ന മനോഭാവം. ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് മെഡിക്കൽ കോളെജ് പൊലീസും സ്ഥലത്തെത്തി. പൊലീസിന്റെ ചലനങ്ങൾ ആശുപത്രി അധികൃതരെ സഹായിക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു-ഇതാണ് സുധീർ മറുനാടനോട് പറഞ്ഞത്.

സുധീർ ഉയർത്തിയ സംശയങ്ങളും സമീറിന്റെ മരണത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറും ചേർന്നു വരുന്ന കാഴ്ചയാണ് സമീറിന്റെ മരണത്തിൽ ദൃശ്യമാകുന്നത്. ആറു മണിക്ക് ലേസർ ചികിത്സയ്ക്കായി കിംസിലെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയതാണ് സമീറിനെ. ഒമ്പത് മണിക്ക് ഡോക്ടർമാരും നഴ്‌സുമാരും പരിഭ്രാന്തരായി തിയേറ്ററിനു മുന്നിൽക്കൂടി സഞ്ചരിക്കുന്നതും കൂട്ടം കൂടി നിൽക്കുന്നതും കണ്ടു എന്നാണ് ഭാര്യ ഷീബ പറഞ്ഞത്. ഇതോടെയാണ് ഷീബ പരിഭ്രാന്തിയോടെ സുധീറിനെ ഫോണിൽ വിളിക്കുന്നത്. സംഭാഷണം മുറിഞ്ഞപ്പോൾ കിംസിലെ ഫോൺ നമ്പർ തപ്പിയെടുത്ത് സുധീർ ആശുപത്രിയിൽ വിളിച്ചപ്പോൾ ആശുപത്രിയിൽ ഉടൻ എത്താനാണ് സുധീറിനോട് ഡോക്ടർ ആവശ്യപ്പെട്ടത്. സുധീർ മരിച്ചു എന്ന് ആശുപത്രി അധികൃതർ സമീറിന്റെ ബന്ധുക്കളോട് സ്ഥിരീകരിക്കുന്നത് രാത്രി പന്ത്രണ്ടു മണിക്കാണ്. എന്നാൽ പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ മരണം സംഭവിച്ചു എന്ന് പറയുന്നത് രാത്രി 11.05 നാണ്. അപ്പോൾ രാത്രി തന്നെ മരണം പൊലീസ് അറിഞ്ഞു. ഇതോടെ ആശുപത്രി അധികൃതരും പൊലീസും ഒത്തുചേർന്നുള്ള കളികൾ ആണ് നടന്നത്. ഇത് എഫ്‌ഐആറിൽ വ്യക്തമാവുകയും ചെയ്യുന്നു.

യുഎസ്എയിലെ സെലെബ്രെറ്റി എസ് ക്രൂസ് സീ ബ്രൗൺ മാരല്ല ഡിസ്‌കവറി എന്ന ആഡംബര കപ്പലിലെ ജീവനക്കാരനായ സമീർ കഴിഞ്ഞ ഇരുപതിന് കിംസിൽ നടന്ന ലേസർ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കിഡ്‌നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ചികിത്സയ്ക്കിടെ നൽകിയ അനസ്‌തേഷ്യയിലെ പിഴവാണ് മരണകാരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രണ്ടു ലേസർ ചികിത്സ ഫലം കാണാത്തതിനെ തുടർന്ന് ഡോക്ടറുമായി സമീർ നടത്തിയ വാക്ക് തർക്കവും ബന്ധുക്കൾ ഉയർത്തിക്കാട്ടുന്നു. ഇതിനെ തുടർന്നാണു ചികിത്സാ പിഴവ് എന്നാരോപിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകുന്നത്. ഭാര്യ ഷീബയും പതിനൊന്നു വയസുള്ള രണ്ടു ഇരട്ടക്കുട്ടികളും അടങ്ങുന്നതാണ് സമീറിന്റെ കുടുംബം. അവിചാരിതമായി വന്ന ദുരന്തം ഈ കുടുംബത്തെ തളർത്തിയിരിക്കുകയാണ്. ചിരിച്ച് സംസാരിച്ച് ഉന്മേഷത്തോടെ ലേസർ ചികിത്സയ്ക്കായി പോയ സമീറിന്റെ ജീവനറ്റ ശരീരമാണ് തിരികെ എത്തിയത് എന്നത് ബന്ധുക്കൾക്കും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെയാണ് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളേജ് കോളേജ് പൊലീസിൽ പരാതി നൽകിയത്. ലേസർ ചികിത്സ നടത്തുന്നതിന്നിടെ രോഗി മരിക്കുമോ എന്ന ചോദ്യമാണ് സമീറിന്റെ മരണത്തിൽ ഉയരുന്നത്.

മൂന്നു ലക്ഷത്തോളം മുടക്കി രണ്ടു തവണ കിംസിൽ നിന്നും ലേസർ ചികിത്സ നടത്തിയതാണ് സമീർ. ഈ മാസം തന്നെയാണ് ലേസർ ചികിത്സ നടത്തിയത്. തുടർന്ന് ഒരു മെഡിക്കൽ സെന്ററിൽ സ്‌കാൻ ചെയ്തപ്പോൾ നാല്പത് ശതമാനം മാത്രമേ സ്റ്റോൺ പോയിട്ടുള്ളൂ അറുപത് ശതമാനം അങ്ങിനെ തന്നെ നിൽക്കുന്നതായി കണ്ടു. അതിനു ശേഷമാണ് കിംസിൽ ലേസർ ചികിത്സ നടത്തിയ ഡോക്ടർ സുബിനുമായി സമീർ ബന്ധപ്പെട്ടത്. ചെറിയ രീതിയിൽ ഡോക്ടർ സുബിനും സമീറും തമ്മിൽ സംസാരം നടന്നുവെന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. ഈ സംസാരത്തെ തുടർന്ന് വീണ്ടും ഈ മാസം ഇരുപതിന് ലേസർ ചികിത്സയ്ക്കായി എത്താൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇരുപതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വെറും ഇസിജി മാത്രമാണ് സമീറിന് എടുത്തത് എന്ന് ബന്ധുക്കൾ പറയുന്നു. അന്ന് വൈകീട്ട് ആറുമണിക്ക് തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി.

ഒമ്പത് മണിയായപ്പോൾ ഡോക്ടർമാരും നഴ്‌സുമാരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടു. പരിഭ്രാന്തയായ ഭാര്യ ഷീബ ആശുപത്രിയിലെ ജീവനക്കാരോട് സംസാരിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് ഷീബ സമീറിന്റെ സഹോദരനെ ഫോണിൽ വിളിച്ചു. സർജറിക്കിടയിൽ എന്ന് പറഞ്ഞു ആശുപത്രി ജീവനക്കാരുടെ സംഭാഷണം മുറിഞ്ഞു. ഇതോടെ സഹോദരൻ സുധീർ ആശുപത്രിയിൽ വിളിച്ചു സംസാരിച്ചു. ഉടൻ ആശുപത്രിയിൽ എത്തിയപ്പോൾ ചികിത്സയ്ക്കിടെ കാർഡിയാക് അറസ്റ്റ് വന്നു എന്നാണ് ഡോക്ടർ സുബിൻ പറഞ്ഞത്. ഇതോടെ ആശുപത്രിയിൽ ബഹളമായി. പൊലീസും എത്തി. കാർഡിയാക് അറസ്റ്റ് എന്നല്ലാതെ കൂടുതൽ ഒന്നും ഡോക്ടർമാർ പറയാൻ തയ്യാറായില്ല.

ലോക്കൽ അനസ്തീഷ്യ എന്നാണ് ഭാര്യ ഷീബയോട് പറഞ്ഞത്. പിന്നീട് എന്തിനു ജനറൽ അനസ്തീഷ്യ നൽകി. ലോക്കൽ അനസ്തീഷ്യയ്ക്ക് പകരം ജനറൽ അനസ്തീഷ്യ നൽകിയത് എന്തിനാണ്. എന്തുകൊണ്ട് ഇതിൽ മാറ്റം വരുത്തി എന്ന ചോദ്യവും ബന്ധുക്കൾ ഉയർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP