Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡൽഹിയിലെ അഭിഭാഷകരോട് ചോദിച്ചാൽ ആരും പറയും ഇത് കണ്ടതിൽ ഏറ്റവും നട്ടെല്ലുള്ള ജഡ്ജിമാരിൽ ഒരാൾ; 'മൈ ലോർഡ്' എന്നോ 'മൈ ലോർഡ്ഷിപ്പ്' എന്നോ തന്നെ വിളിക്കരുതെന്ന് അഭിഭാഷകരോട് വിനീതനാകുന്ന ജനാധിപത്യ വാദി; ഭോപ്പാൽ കേസിലും നർമദാ കേസിലും ഹാജരായ കാലത്ത് അറിയപ്പെട്ടിരുന്നത് പാവങ്ങളുടെ വക്കീൽ എന്നും; ഡൽഹി കലാപത്തിൽ കേന്ദ്രത്തെ കുടഞ്ഞതിന്റെ പേരിൽ രാത്രിയിൽ സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് എസ് മുരളീധർ ഹീറോയായത് ഇന്നും ഇന്നലെയും അല്ല

ഡൽഹിയിലെ അഭിഭാഷകരോട് ചോദിച്ചാൽ ആരും പറയും ഇത് കണ്ടതിൽ ഏറ്റവും നട്ടെല്ലുള്ള ജഡ്ജിമാരിൽ ഒരാൾ; 'മൈ ലോർഡ്' എന്നോ  'മൈ ലോർഡ്ഷിപ്പ്' എന്നോ തന്നെ വിളിക്കരുതെന്ന് അഭിഭാഷകരോട് വിനീതനാകുന്ന ജനാധിപത്യ വാദി; ഭോപ്പാൽ കേസിലും നർമദാ കേസിലും ഹാജരായ കാലത്ത് അറിയപ്പെട്ടിരുന്നത് പാവങ്ങളുടെ വക്കീൽ എന്നും; ഡൽഹി കലാപത്തിൽ കേന്ദ്രത്തെ കുടഞ്ഞതിന്റെ പേരിൽ രാത്രിയിൽ സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് എസ് മുരളീധർ ഹീറോയായത് ഇന്നും ഇന്നലെയും അല്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'ഈ കോടതി കണ്ടതിൽ വെച്ച് ഏറ്റവും നട്ടെല്ലുള്ള ന്യായാധിപരിലൊരാൾ'... ഡൽഹി കലാപത്തിലെ നിഷ്‌ക്രിയത്വത്തിനെതിരെ കേന്ദ്ര സർക്കാറിനെ അതിരൂക്ഷമായ വിമശിച്ചതിലൂടെ വിവാദ നായകനാവുകയും പഞ്ചാബ് ആൻഡ് ഹരിയാനാ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെടുകയും ചെയ്ത ജസ്റ്റിസ് എസ് മുരളീധറിനെ കുറിച്ച് ഡൽഹി ബാർ അസോസിയേഷൻ പരസ്യ പ്രസ്താവനയിലൂടെ അറിയച്ചതാണിത്. ജസ്റ്റിസ് എസ് മുരളീധർ എന്ന ഡൽഹി ഹൈക്കോടതി ജഡ്ജിയെ പഞ്ചാബ് ആൻഡ് ഹരിയാനാ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ സുപ്രീം കോടതി കൊളീജിയത്തിന്റെ ഈ വിവാദ തീരുമാനത്തിനെതിരെ ഡൽഹി ഹൈക്കോർട്ട് ബാർ അസോസിയേഷൻ നേരിട്ട് പ്രതിഷേധവുമായി ഇറങ്ങുകയാണ്. 'ഈ കോടതി കണ്ടതിൽ വെച്ച് ഏറ്റവും നട്ടെല്ലുള്ള ന്യായാധിപരിലൊരാൾ' ആണ് ജസ്റ്റിസ് എസ് മുരളീധർ എന്നും, അദ്ദേഹത്തെ സ്ഥലം മാറ്റിയ നടപടി 'ഈ സ്ഥാപനത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്തതും പൊതുജനങ്ങൾക്ക് നീതിപീഠത്തിലുള്ള വിശ്വാസം ഇല്ലാതാക്കുന്ന തരത്തിലുള്ളതും' ആണെന്ന് ബാർ അസോസിയേഷൻ അവരുടെ പരസ്യ പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ പ്രശംസ വ്യാജമല്ലെന്ന് ജസ്റ്റിസ് മുരളീധറിന്റെ ജീവിതം മനസ്സിലാക്കിയ ആർക്കും പറയാൻ കഴിയും. അഭിഭാഷവൃത്തിയുടെ കാലത്തുതന്നെ അദ്ദേഹം പാവങ്ങളുടെ വക്കീൽ എന്നാണ് അറിയപ്പെട്ടിരുന്നത്. 1961 ഓഗസ്റ്റ് 8 -ന് ചെന്നൈയിൽ ജനിച്ച മുരളീധർ 1984 സെപ്റ്റംബറിലാണ് ചെന്നൈയിൽ അഭിഭാഷകനായി എന്റോൾ ചെയ്യുന്നത്. 1987 -ൽ അദ്ദേഹം തന്റെ പ്രാക്ടീസ് സുപ്രീം കോടതിയിലേക്കും, ഡൽഹി ഹൈക്കോടതിയിലേക്കും പറിച്ചുനട്ടു.ഭോപ്പാൽ വിഷവാതക ദുരന്തത്തിലെ ഇരകളുടെ കേസിലെയും, അതുപോലെ നർമദാ അണക്കെട്ടുകാരണം കിടപ്പാടം നഷ്ടമായവരുടെ കേസിലെയും വാദങ്ങൾ അദ്ദേഹത്തിന് പാവങ്ങളുടെ വക്കീൽ എന്ന പേര് ലഭിക്കാൻ ഇടയാക്കി. അഭിഭാഷകൻ എന്നനിലയിലുള്ള പ്രാക്ടീസിന് പുറമെ അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കോൺസൽ ആയിരുന്നു. 2002 മുതൽ ഇന്ത്യൻ ലോ കമ്മീഷന്റെയും പാർട്ട് ടൈം മെമ്പർ ആണ് ജസ്റ്റിസ് എസ് മുരളീധർ. 2006 -ലാണ് അദ്ദേഹം ഡൽഹി ഹൈക്കോടതിയിലേക്ക് ജഡ്ജിയായി ഉയർത്തപ്പെടുന്നത്.

ജഡ്ജ് എന്ന നിലയിലും മുരളീധർ വളരെ ധീരനും പുരോഗമന സ്വഭാവമുള്ളയാളും ആയി അറിയപ്പെട്ടു. ഐപിസിയിലെ 377 വകുപ്പ് റദ്ദാക്കുന്ന കേസ് കേട്ട ബെഞ്ചിലും, 1984 -ലെ സിഖ് വിരുദ്ധ കലാപത്തിൽ സജ്ജൻകുമാറിനെ ശിക്ഷിച്ച ബെഞ്ചിലും ജസ്റ്റിസ് മുരളീധരന്റെ സാന്നിധ്യമുണ്ടായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ വിവരവകാശനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ വിധിയും അദ്ദേഹം അടങ്ങിയ ബെഞ്ചിന്റെതായിരുന്നു. മനുഷ്യന്റെ മൗലികമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയായിരുന്നു ഏതൊരു കേസിലും. കോടതിയിൽ വരുന്ന അഭിഭാഷകരോട് തന്നെ 'മൈ ലോർഡ്' എന്നോ 'മൈ ലോർഡ്ഷിപ്പ്' എന്നോ ഒന്നും വിളിക്കേണ്ടതില്ല എന്നും മുരളീധർ പറയുമായിരുന്നു.

ഡൽഹി ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന മൂന്നാമത്തെ ജഡ്ജിയാണ് ഇന്ന് ജസ്റ്റിസ് മുരളീധർ. അദ്ദേഹത്തെപ്പോലെ ഇത്രയും സർവീസുള്ള ഒരു ജഡ്ജിയെ സ്ഥലം മാറ്റുന്നെങ്കിൽ കീഴ്‌വഴക്കം അനുസരിച്ച് അത് മറ്റേതെങ്കിലും ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആക്കാൻ വേണ്ടി ആകണമായിരുന്നു. എന്നാൽ, ഈ സ്ഥലംമാറ്റത്തെപ്പറ്റി പറഞ്ഞു കേൾക്കുന്ന ഒരു ന്യായം, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ രണ്ടാമത്തെ സീനിയർ മോസ്റ്റ് ജഡ്ജ് എന്ന നിലയിലുള്ള ജസ്റ്റിസ് എസ് മുരളീധറിന്റെ ഈ സ്ഥലംമാറ്റം അവിടത്തെ ചീഫ് ജസ്റ്റിസിനെ സുപ്രീംകോടതിയിലേക്ക് ഉയർത്തി, ജസ്റ്റിസ് മുരളീധരനെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആക്കാൻ വേണ്ടിയാണ് എന്നാണ്. എങ്കിലും, ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുള്ള ഒരു ഹർജിയുടെ അടിയന്തര ഹിയറിങിനിടെ തിരക്കിട്ട് അദ്ദേഹത്തിന് ഇങ്ങനെയൊരു സ്ഥലംമാറ്റ ഉത്തരവ് കൈമാറിയത് രാഷ്ട്രീയ ലാക്കോടെയാണ് എന്ന വിമർശനങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്.

മോദി സർക്കാറിനെ കുടഞ്ഞ ജഡ്ജി

കഴിഞ്ഞ ദിവസം ഡൽഹി കലാപത്തിലെ നിഷ്‌ക്രിയത്വത്തിനെതിരെ അദ്ദേഹം മോദി സർക്കാറിനെ അതിരൂക്ഷമായാണ് വിമർശിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജസ്റ്റിസ് എസ്. മുരളീധർ ഉത്തരവിട്ടിരുന്നു.ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജി ജസ്റ്റിസ് എസ്. മുരളീധറിന്റെ വസതിയിലാണ് ചൊവ്വാഴ്ച അർധരാത്രി 12.30 ന് അടിയന്തരമായി വാദം കേട്ടത്. അക്രമത്തിൽ പരുക്കേറ്റവരെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാൻ സഹായം ആവശ്യപ്പെട്ടിട്ടും 8 മണിക്കൂർ പൊലീസ് അനങ്ങിയില്ലെന്ന വിവരം ജഡ്ജി തന്നെ ആശുപത്രിയിലേക്കു നേരിട്ടു വിളിച്ചപ്പോഴാണ് ബോധ്യമായത്. ന്യൂ മുസ്തഫാബാദ് അൽ ഹിന്ദ് ആശുപത്രിയിലെ ഡോക്ടർ ഫോണിൽ കോടതിയോട് പറഞ്ഞതിങ്ങനെ: 'ആശുപത്രിയിൽ 2 മൃതദേഹങ്ങളുണ്ട്, 22 പരുക്കേറ്റവരുമുണ്ട്, ഇവരെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വൈകിട്ട് നാലു മുതൽ പൊലീസിനെ വിളിക്കുകയാണ്'. തുടർന്നാണ്, അർധരാത്രി തന്നെ കോടതി അൽ ഹിന്ദ് ആശുപത്രിയിലുള്ളവരെ ജിടിബി ആശുപത്രിയിലേക്കു മാറ്റാൻ കോടതി പൊലീസിന് കർശന നിർദ്ദേശം നൽകിയത്.

വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപിനേതാക്കളായ അനുരാഗ് താക്കൂർ, പർവേശ് വർമ, കപിൽ മിശ്ര എന്നിവർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിലുള്ള തീരുമാനം ഡൽഹി പൊലീസ് ഹൈക്കോടതിയെ അറിയിക്കും. കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം, ഇരകൾക്ക് നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. പൗരത്വ നിയമപ്രശ്നത്തിൽ പ്രതിഷേധിക്കുന്നവർക്കെതിരെ കപിൽ മിശ്ര ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ഡൽഹി ഹൈക്കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. പ്രസംഗങ്ങൾ കേട്ടില്ലെന്നു കോടതിയിലുണ്ടായിരുന്ന സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്തയും ഡൽഹി പൊലീസ് ഉദ്യോഗസ്ഥനും പറഞ്ഞപ്പോഴാണു ജസ്റ്റിസ് എസ്. മുരളീധർ വിഡിയോ ക്ലിപ് പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചത്.

സംഘർഷത്തെക്കുറിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണം (എസ്ഐടി) ആവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.വാദത്തിനിടെ, കേസ് പരാമർശ ഘട്ടത്തിലായതിനാൽ ചീഫ് ജസ്റ്റിസാണു പരിഗണിക്കേണ്ടതെന്നും ഇന്നത്തേക്കു മാറ്റണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് അവധിയിലാണെന്നും അടിയന്തര സ്വഭാവമുള്ളതിനാൽ ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ പാലിച്ചു തന്റെ ബെഞ്ച് കേസ് പരിഗണിക്കുകയാണെന്നും ജസ്റ്റിസ് മുരളീധർ മറുപടി നൽകി. ഇതൊക്കെയാണ് അദ്ദേഹത്തെ മാറ്റാനുള്ള പ്രകോപനമായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP