Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമൂഹം ആഗ്രഹിക്കുന്നത് പ്രതികരണ ശേഷി നഷ്ടപ്പെട്ട യുവത്വത്തെ അല്ല; കലാലയങ്ങളിലെ രാഷ്ട്രീയപ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്നും കെ ടി ജലീൽ; തുടർനടപടികൾ വിധിപകർപ്പ് കിട്ടിയ ശേഷമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

സമൂഹം ആഗ്രഹിക്കുന്നത് പ്രതികരണ ശേഷി നഷ്ടപ്പെട്ട യുവത്വത്തെ അല്ല; കലാലയങ്ങളിലെ രാഷ്ട്രീയപ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്നും കെ ടി ജലീൽ; തുടർനടപടികൾ വിധിപകർപ്പ് കിട്ടിയ ശേഷമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കലാലയങ്ങളിൽ പഠിപ്പ് മുടക്കിനും പ്രകടനങ്ങൾക്കും ഘൊരാവോയ്ക്കും നിരോധനമേർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. വിധിപകർപ്പ് കിട്ടിയ ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. കലാലയങ്ങളിൽ നിന്ന് പ്രതികരണ ശേഷി നഷ്ടപ്പെട്ട യുവത്വത്തെയല്ല സമൂഹം ആഗ്രഹിക്കുന്നതെന്നും മന്ത്രി കെ ടി ജലീൽ പറഞ്ഞു.

ഇന്നലെയാണ് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ ഹനിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടത്. സ്‌കൂളുകളിലും കോളജുകളിലും പഠിപ്പ് മുടക്ക്, മാർച്ച്, ഘെരാവോ എന്നിവ പാടില്ലെന്നും കോടതി വിധിച്ചു. കലാലയങ്ങളിൽ പഠിക്കാനെത്തുന്ന ഏതൊരു വിദ്യാർത്ഥിക്കും തന്റേതായ മൗലികാവകാശങ്ങളുണ്ട്. ഇത്തരത്തിൽ ഒരു വിദ്യാർത്ഥിയുടെ പഠിക്കാനുള്ള അവകാശത്തിന്മേൽ കടന്നുകയറാൻ മറ്റൊരു വിദ്യാർത്ഥിക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ അതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാൻപാടില്ലെന്നും പത്തനംതിട്ട ജില്ലയിലെ റാന്നിയിലുള്ള രണ്ട് സ്‌കൂളുകളുടെ ഹർജിയിന്മേൽ കോടതി ഉത്തരവിട്ടു.

സ്‌കൂളുകളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം വലിയ തോതിൽ ക്ലാസുകൾ നഷ്ടപ്പെടുന്നു എന്ന് കാട്ടിയാണ് സ്‌കൂളുകൾ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കോടതി ഇടപെടണം. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ട്. അത് നടപ്പാക്കുന്നില്ല തുടങ്ങിയവയാണ് സ്‌കൂളധികൃതർ കോടതിയിൽ ഉന്നയിച്ചത്.

ഇത് പരിഗണിച്ച് വാദം കേട്ടതിന് ശേഷമാണ് നിർണായക വിധി കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കലാലയ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമാധാന അന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള പഠിപ്പ് മുടക്ക്, ജാഥ, സമരം, ഘെരാവോ തുടങ്ങിയവയൊന്നും പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കലാലയങ്ങളുടെ ക്യാമ്പസിനുള്ളിൽ ഇത്തരം രീതികൾ അനുവദിക്കാനാകില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധ പ്രവർത്തനമായി കരുതണം. ഒരു വിദ്യാർത്ഥിയേയും സമരത്തിനോ, പഠിപ്പുമുടക്കിനോ വിളിച്ചിറക്കാൻ മറ്റൊരു വിദ്യാർത്ഥിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

സമരത്തിനും പഠിപ്പുമുടക്കിനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കാൻ പാടില്ല. പഠിക്കുക എന്നത് വിദ്യാർത്ഥികളുടെ മൗലിക അവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ല. വിദ്യാർത്ഥികളുടെ അവകാശങ്ങൾ തടസ്സപ്പെടുത്തി ഒരു സമരവും ഇനി ഉണ്ടാകരുത്. സർഗാത്മക സംവാദത്തിനും ചർച്ചകൾക്കുംമാണ് കലാലയങ്ങൾ വേദിയാകേണ്ടത്. കലാലയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങൾ ഒരു കാരണവശാലും പാടില്ലെന്നും കോടതി വ്യക്തമാക്കി. കലാലയ രാഷ്ട്രീയത്തിനല്ല, കലാലയങ്ങളിലെ സമരങ്ങൾക്കും പഠിപ്പു മുടക്കിനുമാണ് കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കലാലയങ്ങൾക്കും സ്‌കൂളുകൾക്കും കോടതി വിധി ബാധകമാകും.

സ്‌കൂളുകളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെങ്കിൽ ആ സ്‌കൂളുമായി ബന്ധപ്പെട്ട അധികാരികൾക്കോ, ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കോ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാം. അവർക്ക് കലാലയത്തിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ പൊലീസിനെ വിളിച്ചുവരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോളേജ് ക്യാമ്പസുകളിലും സമാനമായ നടപടികൾ സ്വീകരിക്കണം. ക്യാമ്പസ് പഠിക്കാനുള്ളതാണ്. അല്ലാതെ മറ്റൊരാളുടെ അവകാശങ്ങൾ നിഷേധിക്കാനോ, സമാധാന അന്തരീക്ഷം തകർക്കാനോ ഉള്ള സ്ഥലമല്ല. എന്നാൽ ക്യാമ്പസുകൾക്കുള്ളിൽ ചർച്ചകളും ചിന്തകളുമാകാം. ഏതുവിഷയത്തേപ്പറ്റിയും സമാധാനപരമായ ചർച്ചകൾ നടത്താം. എന്നാൽ അതിന്റെ പേരിൽ മറ്റൊരു വിദ്യാർത്ഥിയെ സമ്മർദ്ദം ചെലുത്തി സമരത്തിലേക്കോ പഠിപ്പുമുടക്കിലേക്കോ നയിക്കുന്നത് അനുവദിക്കാനാകില്ല. ഒരു വ്യക്തിയുടെ അവകാശങ്ങൾ മറ്റൊരാളുടെ മൂക്കിൻതുമ്പത്ത് അവസാനിക്കുന്നുവെന്ന് പറഞ്ഞാണ് കോടതി ഉത്തരവ് അവസാനിപ്പിക്കുന്നത്.

നേരത്തേ തന്നെ സ്‌കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചിരുന്നു. സംഘടനാ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പുകൾ പല കോളജുകളിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം മാനേജമെന്റുകൾക്ക് നിയന്ത്രിക്കാനാകുന്ന സാഹചര്യം എത്തിയതോടെ പല കോളജുകളിലും വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നാമമാത്രമാകുകയായിരുന്നു. സ്‌കൂളുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം ഇല്ലെങ്കിലും പഠിപ്പ് മുടക്കുകളും പ്രകടനങ്ങളും ഉൾപ്പെടെയുള്ള സമരരീതികൾ പുറത്ത് നിന്നുള്ളവരുടെ പിന്തുണയോടെ ഇപ്പോൾ വ്യാപകമായിട്ടുണ്ട്. സമരം പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ഗേറ്റുകൾ താഴിട്ട് പൂട്ടിയും റോഡിലിറങ്ങുന്ന സ്‌കൂൾ ബലുകൾ തടഞ്ഞുമെല്ലാം വിദ്യാർത്ഥി സംഘടനകൾ സ്‌കൂൾ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ് പതിവ്.

അതിനിടെ, സ്‌കൂളുകളിലും കോളജുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിനു നിയമസാധുത നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച നിയമനിർമ്മാണത്തിനു മന്ത്രിസഭ അനുമതി നൽകുകയും കരടുബിൽ അംഗീകരിക്കുകയുമായിരുന്നു. സംഘടനാ പ്രവർത്തനത്തെക്കുറിച്ചു പറയുന്നില്ലെങ്കിലും ഇത് പരോക്ഷമായി വിദ്യാർത്ഥി രാഷ്ട്രീയപ്രവേശത്തിനുള്ള അവസരമാകുമെന്ന് പരക്കെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ഇതിനെ തുടർന്നാണ് കോടതി ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP