Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വെറും പത്തു മിനിട്ട് മതി ഒരു പുരുഷൻ വിചാരിച്ചാൽ സ്പേം യൂട്ട്രസിലേക്ക് പാസ് ചെയ്യാൻ; ചാടുന്ന സ്ത്രീകളുടെ ഗർഭപാത്രം സ്ലിപ്പായി പോകും;' ഈ സ്ത്രീവിരുദ്ധരെല്ലാം തന്നെ സ്ത്രീകളുടെ അരക്കെട്ടിലായിരിക്കും അവരുടെ കയ്യിലെ കടിഞ്ഞാൺ കൊണ്ടുപോയി കെട്ടാൻ നോക്കുന്നത്; ആർത്തവം, ഗർഭപാത്രം, ഓവറി, യോനി, പ്രഗ്നൻസിയൊക്കെ ആയിരിക്കും ഇവരുടെ ഇഷ്ടവിഷയങ്ങൾ; അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ബിഗ്ബോസ് താരം രജത്കുമാറിനെ തേച്ചൊട്ടിച്ച് ഇൻഫോക്ലിനിക്ക്

'വെറും പത്തു മിനിട്ട് മതി ഒരു പുരുഷൻ വിചാരിച്ചാൽ സ്പേം യൂട്ട്രസിലേക്ക് പാസ് ചെയ്യാൻ; ചാടുന്ന സ്ത്രീകളുടെ ഗർഭപാത്രം സ്ലിപ്പായി പോകും;' ഈ സ്ത്രീവിരുദ്ധരെല്ലാം തന്നെ സ്ത്രീകളുടെ അരക്കെട്ടിലായിരിക്കും അവരുടെ കയ്യിലെ കടിഞ്ഞാൺ കൊണ്ടുപോയി കെട്ടാൻ നോക്കുന്നത്; ആർത്തവം, ഗർഭപാത്രം, ഓവറി, യോനി, പ്രഗ്നൻസിയൊക്കെ ആയിരിക്കും ഇവരുടെ ഇഷ്ടവിഷയങ്ങൾ; അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ബിഗ്ബോസ് താരം രജത്കുമാറിനെ തേച്ചൊട്ടിച്ച് ഇൻഫോക്ലിനിക്ക്

മറുനാടൻ ഡെസ്‌ക്‌

സ്ലിപ്പാവുന്ന യൂട്രസുകൾ

കൃഷിയേക്കാൾ, പരദൂഷണങ്ങൾ പറയാനും കേട്ടാസ്വദിക്കാനുമുള്ള ത്വരയാണ് മനുഷ്യരെ ഇത്രയും വലിയൊരു കൂട്ടമായി ഒന്നിപ്പിച്ചു നിർത്തിയതെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. സാങ്കേതികമായി വളർച്ചയുടെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോഴും, വിശപ്പ്, ദാഹം, കാമം എന്നിവ പോലെ തന്നെ ആന്തരികമായ ആ പരദൂഷണചോദനയും നമ്മുടെ തന്നെ ഭാഗമാണ്. പക്ഷെ, ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും, ഒരു തരത്തിലും അംഗീകരിക്കാനാവാത്തവിധം മോശമായ രീതിയിലത് പരിണമിക്കുമ്പോൾ, അതിനെ മനുഷ്യവിരുദ്ധമായ ഒന്നായി തന്നെ കാണണം.

മനുഷ്യവിരുദ്ധതയ്ക്ക് മനുഷ്യർക്കിടയിൽ എന്നും നല്ല ഡിമാന്റായിരുന്നു. മതമായും ജാതിയായും സ്ത്രീവിരുദ്ധതയായും ട്രാൻസ്ജെൻഡർ / ഹോമോഫോബിയകളായും ശാസ്ത്രവിരുദ്ധതയായും അതിന് പല മാനങ്ങളുണ്ട്. പക്ഷെ ഇവയിലേതു വഴിയേ സഞ്ചരിച്ചാലും അതിലേറ്റവും ക്രൂരമായി ഇരയാക്കപ്പെടുന്നത് സമൂഹത്തിലെ സ്ത്രീകളാണെന്ന് തന്നെ കാണാം. എന്നുവച്ചാൽ ഏതുതരം മനുഷ്യവിരുദ്ധതയിലും മുഴച്ചു നിൽക്കുന്നത് സ്ത്രീവിരുദ്ധത തന്നെയാണ്. മേൽപ്പറഞ്ഞ പലവിധമായ മനുഷ്യവിരുദ്ധതകളുടെ സമ്മിശ്രസമ്മേളനമാണ് കുറച്ചു വർഷങ്ങളായി രജിത് കുമാർ എന്ന അദ്ധ്യാപകൻ നടത്തുന്ന പൊതുപ്രഭാഷണങ്ങൾ പലതും. അവയ്ക്കിന്ന് പൊതു ഇടങ്ങളിൽ കിട്ടുന്ന സ്വീകാര്യത മലയാളികളുടെ പേരുകേട്ട ആ പ്രബുദ്ധമനസിനെ തുണിയുരിഞ്ഞു പ്രദർശിപ്പിക്കുന്നതിന് തുല്യമാണ്.

കുറച്ചു വർഷങ്ങൾക്കു മുമ്പ്, ഒരു സ്ത്രീശാക്തീകരണ വേദിയിലെ അശ്ലീലവും അശാസ്ത്രീയതയും സ്ത്രീവിരുദ്ധതയും സമം ചേർത്ത പ്രസംഗത്തിനിടെ തന്റേടത്തോടെ പ്രതിഷേധിച്ച ഒരു പെൺകുട്ടി വഴി കുപ്രസിദ്ധിയിലേക്കും, ആ കുപ്രസിദ്ധി വഴി മുഖ്യധാരയിലേക്കും കടന്നുവന്ന വ്യക്തിയാണ് രജിത് കുമാർ. വന്ന വഴി മറക്കാത്ത അയാളിപ്പോഴും ആ പാതയിൽ നിന്നൊരൽപ്പം പോലും വ്യതിചലിച്ചിട്ടില്ലാ.

ഇത് അയാൾ പറഞ്ഞതിന്റെയൊക്കെ താത്വികാവലോകനമല്ലാ. മൈക്രോബയോളജിയിൽ ഡോക്ടറേറ്റുള്ള അയാൾ, 'ആസ് എ മെഡിക്കൽ പേഴ്സൺ' എന്നു സ്വയം പരിചയപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ചില സംഗതികളുടെ ശാസ്ത്രീയ വിശദീകരണമാണ്. പെൺകുട്ടികൾ ജീൻസിട്ടാൽ, മനുഷ്യർ സ്വയംഭോഗം ചെയ്താലൊക്കെ അവർക്കുണ്ടാകുന്ന കുട്ടിക്ക് ഓട്ടിസം വരുമെന്നൊക്കെ അയാൾ പല വേദികളിൽ പറഞ്ഞിരുന്നു. ഇത്തരം ഓട്ടിസത്തട്ടിപ്പുകളെ പറ്റി വിശദമായ രണ്ടുലേഖനങ്ങൾ ഇൻഫോ ക്ലിനിക് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.

അദ്ദേഹം പറഞ്ഞ മറ്റൊരു മണ്ടത്തരമാണ് 'യൂട്രസ് സ്ലിപ്' ആവൽ. നടുവിനിടിയേൽക്കുന്ന, വേഗത്തിലോടുന്ന, ചാടുന്ന സ്ത്രീകളുടെ ഗർഭപാത്രം സ്ലിപ്പായി പോകുമത്രേ!

രജിത് കുമാർ പറഞ്ഞതിങ്ങനെയാണ്,'സ്രഷ്ടാവ് സൃഷ്ടിച്ചതിൽ തന്നെ ആണാണ് പവർഫുൾ.. പെൺകുട്ടിയെ ജമ്പ് ചെയ്യിച്ചൂടാ.. പെൺകുട്ടികൾ മൂട് ഇടിച്ചു വീണാൽ യൂട്രസ് dislocate ആവും.. പിന്നെ അവൾക്കു പ്രസവിക്കാൻ കഴിയില്ല. ഓവറി ഡാമേജ് ആവും.'

എന്തായാലും മെഡിക്കൽ പുസ്തകങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇങ്ങനെ ഒരവസ്ഥയെ കുറിച്ച് ഒന്നും കിട്ടില്ല. എന്നിട്ടും, എവിടുന്നു കിട്ടി ഇയാൾക്കീ വിവരം?

സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നുള്ള തിട്ടൂരം കൊണ്ട് വരാൻ വേണ്ടി മാത്രം ഇയാളെടുത്തിട്ട കള്ളത്തരങ്ങളിൽ ഒന്നാണ് പെണ്ണുങ്ങൾ ബാക്ക് ബോൺ ഇടിച്ചു വീണാൽ യൂട്രസു സ്ലിപ്പാവും എന്നത്. ഇതിനു ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ല. ഇത്തരം ആൾക്കാരുടെ ഉപദേശങ്ങൾ വേദവാക്യമായി എടുത്തിരുന്നേൽ പോൾ വോൾട്ടിൽ ഇതിഹാസതാരമായ ഇസിൻബയെവയും, നമ്മുടെ അഭിമാനമായ അഞ്ജു ബോബി ജോർജുമൊക്കെ നടുവ് ഇടിച്ചു വീഴുന്നത് പേടിച്ചു വീട്ടിൽ ഇരുന്നേനെ. അതുതന്നെയാണ് ഇത്തരക്കാർ ഉദ്ദേശിക്കുന്നതും.

യഥാർത്ഥത്തിൽ യൂട്രസിങ്ങനെ തട്ടോ മുട്ടോ കിട്ടിയാൽ, ഓടിയാലോ ചാടിയാലോ ഒക്കെ സ്ലിപ്പാവാൻ പാകത്തിനാണോ ഇരിക്കുന്നത്? അല്ലേയല്ല. നമ്മുടെ ഗർഭപാത്രം ഇടുപ്പെല്ലിനുള്ളിൽ വളരെ സുരക്ഷിതമായി, പല വശങ്ങളിൽ നിന്നും പലതരം സപ്പോർട്ടുകളോടെയാണ് സ്ഥിതി ചെയ്യുന്നത്. മുന്നിലേക്ക് പ്യൂബോസെർവൈക്കൽ ലിഗമെന്റ്, പുറകിലേക്ക് യൂട്ടറോസാക്രൽ ലിഗമെന്റ്, വശങ്ങളിലേക്ക് ട്രാൻസ്വേഴ്സ് സെർവൈക്കൽ ലിഗമെന്റ് എന്നീ പേരുകളിലുള്ള വള്ളികളാൽ വലിച്ചുകെട്ടിയിട്ടുണ്ടതിനെ. താഴെ നിന്നും പെൽവിക് ഡയഫ്രം, യൂറോജനിറ്റൽ ഡയഫ്രം, പെരീനിയൽ ബോഡി തുടങ്ങിയ പേശികളാലും ഗർഭപാത്രം ഒരു സുരക്ഷിത കവചത്തിനകത്താണ്. ജന്മനാൽ ഇതിൽ വ്യതിയാനമുള്ളവരിലും അടുപ്പിച്ചടുപ്പിച്ച് പ്രസവിക്കുന്നവരിലും പ്രായമാകുമ്പോൾ ഗർഭപാത്രം താഴ്ന്നുവരുന്ന അവസ്ഥ (Uterine Prolapse) ഉണ്ടാവാറുണ്ട്. പക്ഷെ, അതിയാൾ പറഞ്ഞ കാരണങ്ങൾ കൊണ്ടല്ലാ.

സ്ത്രീ ശാക്തീകരണത്തിന് പോയ ഇദ്ദേഹം പെൺകുട്ടികളോട് പറഞ്ഞത് 'നിനക്ക് കുടുംബ ജീവിതം വേണമെങ്കിൽ നീ അടങ്ങി ഒതുങ്ങി ഇരിക്കണം.. അല്ലേൽ പ്രശ്നമില്ല കേട്ടോ..' എന്നാണ്. എന്നാൽ ഈ ഉപദേശം പുരുഷന് ആണ് കൂടുതൽ അനുയോജ്യം. കാരണം സ്ത്രീയുടെ ജനനേന്ദ്രിയങ്ങൾ എല്ലാം വളരെ സുരക്ഷിതമായ രീതിയിൽ ശരീരത്തിന്റെ ഉള്ളിൽ ആണ് സൂക്ഷിച്ചിട്ടുള്ളത്. ഗർഭിണിയല്ലാത്ത അവസ്ഥയിൽ ഏകദേശം ഒരു പേരക്കയുടെ അത്രേം വലിപ്പമേ ഈ യൂട്രസിനു ഉണ്ടാവുകയുള്ളൂ. സാമാന്യ പരിക്കുകൾ കൊണ്ട് ഒന്നും പോറൽ പോലും അതിനു ഏൽക്കില്ല. എന്നാൽ പുരുഷന്റെ പ്രധാന ലൈംഗിക അവയവങ്ങൾ എല്ലാം എല്ലിന്റെയോ മസിലിന്റെയോ കവചം ഇല്ലാതെ വെറും തൊലി കൊണ്ട് മാത്രം ആവരണം ചെയ്തു ശരീരത്തിന് വെളിയിൽ ആയാണ് കാണപ്പെടുക. നിസ്സാരം ആയ ആഘാതം പോലും കനത്ത പരുക്ക് ഏൽപ്പിക്കാവുന്ന അവസ്ഥയിൽ.

'വെറും പത്തു മിനിട്ട് മതി ഒരു പുരുഷൻ വിചാരിച്ചാൽ സ്പേം യൂട്ട്രസിലേക്ക് പാസ് ചെയ്യാൻ. പിന്നെ പത്തു മാസം നീ ആണ് കഷ്ടപ്പെടുന്നത്' എന്നൊക്കെ സ്ത്രീകളുടെ മുഖത്തു നോക്കി പറയാൻ കഴിയുന്നത് തന്നെ എന്തൊരശ്ലീലമാണ്. എന്താണ് ഇദ്ദേഹം ഉദ്ദേശിച്ചത്? പുരുഷന്മാരെല്ലാം സ്പേം പമ്പു ചെയ്യുന്ന യന്ത്രങ്ങളാണെന്നോ? സ്ത്രീകൾ എല്ലാം ഈ സ്പേം സ്വീകരിക്കാൻ കാത്തിരിക്കുവാണെന്നോ? എന്തു മനുഷ്യവിരുദ്ധമാണാ വാചകം!

ഗർഭധാരണം എന്ന സവിശേഷമായ പ്രക്രിയയെക്കുറിച്ച് ഇത്രയും വൃത്തികെട്ട മനോഭാവത്തോടെ വിവരം ഉണ്ടെന്നു ഭാവിക്കുന്ന ഒരാൾ പറയുന്നത് ഇതിനുമുൻപ് കേട്ടിട്ടില്ല. ഈ പറഞ്ഞ സ്പേം പാസ്സിങ്ങിലും അത് സ്വീകരിക്കുന്നതിലും ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടും എത്ര ആറ്റുനോറ്റ് ഇരുന്നിട്ടാണ്, മറ്റെന്തൊക്കെ ചികിത്സകൾ ചെയ്തിട്ടാണ്, പലർക്കും ഒരു കുട്ടി ഉണ്ടാകുന്നത്.

യഥാർഥത്തിൽ ഒരു സ്ത്രീയുടെ ആത്മാർപ്പണത്തിന്റെ കൂടി ഫലമാണ് ഏതൊരു പുരുഷജന്മവും. പുരുഷജന്മം മാത്രമല്ല, സ്ത്രീജന്മമാണെങ്കിലും അത് ശരിയാണ്. പക്ഷെ, ആണുങ്ങൾ അതു മനസിലാക്കുന്നതിൽ കുറച്ച് പിന്നിലാണെന്ന് കാണാം പലപ്പോഴും. ഗർഭാവസ്ഥയിൽ തൊട്ടു ഒരു സ്ത്രീ എടുക്കുന്ന തീരുമാനങ്ങളും ത്യാഗങ്ങളുമാണ് ഒരു കുഞ്ഞിനെ ആരോഗ്യമുള്ള ഒന്നാക്കി മാറ്റുന്നത്. സഹനം, ത്യാഗം എന്നിവയുടെ ജീവിക്കുന്ന പ്രതീകങ്ങൾ ആണ് പല അമ്മമാരും. ഈ പത്തു മാസം സ്ത്രീ അല്പം ഉപേക്ഷ വിചാരിച്ചാൽ അല്ലെങ്കിൽ അവളുടെ മാത്രം കാര്യങ്ങൾ നോക്കിയാൽ...! മാതൃത്വത്തെ അമിതമായി മഹത്വവത്കരിക്കുകയല്ലാ ഇവിടെ, പക്ഷെ ഉള്ള മഹത്വത്തെ അംഗീകരിക്കുകയാണ്.

പുരുഷന്മാരോട് കളിച്ചാൽ നീ പത്തു മാസം കഷ്ടപ്പെടും എന്ന് കളിയാക്കുന്ന ഏതൊരാളും മനസ്സിലാക്കേണ്ടത് ഈ പത്തു മാസം സ്ത്രീ പരിഗണിക്കാതെ ഇരുന്നാൽ, ഉണ്ടാവാൻ പോവുന്നത് ആണായാലും പെണ്ണായാലും ശാരീരികവും മാനസികവുമായ ദൗർബല്യങ്ങളും അംഗവൈകല്യങ്ങളും പേറി ആയിരിക്കുമെന്നതാണ്. അമ്മയുടെ മുലപ്പാലിൽ നിന്ന് കിട്ടുന്നത് രോഗപ്രതിരോധ ശേഷിയും തലച്ചോറിന്റെയും ശരീരത്തിന്റെയും പിൽക്കാലത്തെക്കുള്ള വളർച്ചയ്ക്ക് വേണ്ട അനിവാര്യ ഘടകങ്ങൾ ആണ്. അപ്പോൾ സ്വന്തം കഴിവിൽ ഊറ്റം കൊള്ളുന്ന ഏതൊരു പുരുഷനും ഓർക്കേണ്ടത് അവന്റെ മാനസികവും ശാരീരികവും ബൗദ്ധികവും ആയ ഗുണഗണങ്ങൾക്ക് പിന്നിൽ അമ്മ എന്നൊരു നിശ്ശബ്ദശക്തി കൂടി ഉണ്ടായിരുന്നു എന്നതാണ്.

നിങ്ങൾ ശ്രദ്ധിച്ചാലറിയാം, ഈ സ്ത്രീവിരുദ്ധരെല്ലാം തന്നെ സ്ത്രീകളുടെ അരക്കെട്ടിലായിരിക്കും അവരുടെ കയ്യിലെ കടിഞ്ഞാൺ കൊണ്ടുപോയി കെട്ടാൻ നോക്കുന്നതെന്ന്. ആർത്തവം, ഗർഭപാത്രം, ഓവറി, യോനി, പ്രഗ്നൻസിയൊക്കെ ആയിരിക്കും ഇവരുടെ ഇഷ്ടവിഷയങ്ങൾ.

മറ്റൊരു പ്രസംഗത്തിൽ ഇയാൾ പറയുന്നത് നോക്കൂ, പെൺകുട്ടികൾക്ക് ടൈറ്റ് ജീൻസ് വാങ്ങിച്ച് ഇട്ടുകൊടുക്കുമ്പൊ ഓവേറിയൻ ഫോളിക്കിളുകൾ ഡാമേജാകുമെന്ന പരമവിഡ്ഢിത്തം. മുൻപ് ടൈറ്റ് ജീൻസിട്ടാൽ ട്യൂബൽ പ്രഗ്നൻസി (എക്ടോപ്പിക് പ്രഗ്നൻസി) ഉണ്ടാകുമെന്നും വിഡ്ഢിത്തം എഴുന്നള്ളിച്ചിട്ടുണ്ട്. യഥാർഥത്തിൽ ജീൻസ് ധരിക്കുന്നതുകൊണ്ട് സ്ത്രീകളുടെ അണ്ഡാശയത്തിനു പ്രത്യേകിച്ച് പ്രശ്നമൊന്നും വരുന്നില്ലെന്നതാണ് വാസ്തവം.

തുടർന്ന് പറയുന്നത് ശ്രദ്ധിക്കണം, 'ഈ പെൺകുട്ടികളെ കല്യാണം കഴിക്കുന്ന നല്ലൊരു പയ്യന് കുഞ്ഞുങ്ങളുണ്ടാകുന്നില്ല'! അതായത് വന്ധ്യതയുടെ കാരണത്തെ പൂർണമായും പെണ്ണിന്റെ തൊഴുത്തിൽ കൊണ്ടുവന്ന് കെട്ടിക്കഴിഞ്ഞു.

വന്ധ്യതയ്ക്ക് കാരണങ്ങൾ ഒന്ന് മാത്രമല്ല. അത് സ്ത്രീക്കും പുരുഷനുമുണ്ടാവാം. ശാസ്ത്രസത്യം എന്തെന്നാൽ ജീൻസ് ധരിക്കുന്നത് സ്ത്രീകളുടെ പ്രത്യുല്പാദനശേഷിയെ യാതൊരു വിധത്തിലും ബാധിക്കുന്നില്ലെന്നതാണ്. നേരെ മറിച്ച് ഇറുക്കമുള്ള വസ്ത്രം ധരിച്ചാൽ പുരുഷന്മാരിലെ ബീജോല്പാദനം കുറയാനിടയുണ്ടെന്നതാണ് വാസ്തവം.

സ്ത്രീ വിരുദ്ധതയോളം നീചമാണിയാളുടെ ട്രാൻസ്ജെൻഡർ വിരുദ്ധതയും. രജിത് കുമാർ, പുരുഷവേഷം ധരിച്ച സ്ത്രീകളെക്കുറിച്ച് പറയുന്ന അസംബന്ധങ്ങൾ കേൾക്കണം!

പെൺകുട്ടി ആൺവേഷം (ജീൻസ് ജീൻസേയ്...) ധരിച്ചുകഴിഞ്ഞാൽ തങ്ങൾ ആൺകുട്ടികളെപ്പോലെയാണെന്നുള്ള തോന്നലുണ്ടാകുമെന്നും പുരുഷഹോർമോൺ കൂടുമെന്നും 'പണ്ഡിതൻ' കണ്ടെത്തുന്നു. എന്ത് എളുപ്പമായിരുന്നേനെ അല്ലെ, ഹോർമോൺ തകരാറുകളും കുറവുകളുമുള്ളവ പരിഹരിക്കാൻ ഈ തിയറിയനുസരിച്ച് എപ്പോഴും അത് കൂടണേ എന്ന് വിചാരിച്ചുകൊണ്ടിരിക്കാൻ പറഞ്ഞാൽ മതിയായിരിക്കുമല്ലോ.

എല്ലാ സ്ത്രീകളിലും പുരുഷഹോർമോണിന്റെ സാന്നിദ്ധ്യമുണ്ട്. എല്ലാ പുരുഷന്മാരിലും സ്ത്രീഹോർമോണിന്റെ സാന്നിദ്ധ്യവുമുണ്ട്. അതിന്റെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് രോഗങ്ങളും ഉണ്ടാകാറുണ്ട്. അതുപക്ഷേ രജിത് കുമാർ കരുതുന്നതുപോലെ എതിർ ലിംഗത്തിന്റെ വേഷം ധരിക്കുന്നതുകൊണ്ടല്ല എന്ന് മാത്രം. പിന്നെ, ഒരാൾക്ക് താൻ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിവുണ്ടാവുന്നത് ഹോർമോണിന്റെ അളവ് വച്ചിട്ടുമല്ല, അത് തലച്ചോറിന്റെ ജോലിയാണ്.

രജിത് കുമാർ തുടരുന്നു, 'പുരുഷവേഷം കെട്ടിയ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിന് എന്ത് സ്വഭാവമായിരിക്കും? ആ കുഞ്ഞിന് പറയുന്ന പേരാണ് ട്രാൻസ് ജെൻഡറുകൾ, നപുംസകം... അപ്പൊ ഇന്നത്തെ തലമുറയിൽ കാണുന്ന പല കഥാപാത്രങ്ങളുടെയും അടുത്ത തലമുറ മക്കൾ വരാൻ ഞാൻ കാത്തിരിക്കും'

ജെൻഡർ എന്താണെന്നും ട്രാൻജെൻഡർ എന്താണെന്നും പ്രാഥമികമായ അറിവുപോലുമില്ലാത്ത ഒരാൾക്കേ ഇങ്ങനൊക്കെ പറയാനൊക്കൂ. സ്വന്തമായി ട്രാൻസ്ജെൻഡർ പോളിസിയുള്ള സംസ്ഥാനത്ത്, ഇമ്മാതിരി പോക്രിത്തരം പരസ്യമായി പ്രസംഗിച്ച് നടക്കുന്ന ഒരാൾക്കെതിരെ കേസെടുത്ത് മാതൃകാപരമായ നടപടി എടുക്കേണ്ടതാണ് ശരിക്കും.

ആണെന്നും പെണ്ണെന്നുമുള്ള ബൈനറിയുടെ ചുറ്റുമതിലിനുള്ളിൽ ഒതുങ്ങാത്ത ഒരുപിടിയാളുകൾ ഇന്ന് ലോകത്തുണ്ട്. ഒരാൾ ആണായോ പെണ്ണായോ ട്രാൻസ് ജെൻഡറായോ ഇന്റർസെക്സ് ആയോ ജനിക്കുന്നത് അവരുടെ തീരുമാനമല്ല. അത് ആരെങ്കിലും ചെയ്ത തെറ്റിന്റെ ഫലമായും അല്ല.

ശാരീരികമായി ആണിന്റെയോ പെണ്ണിന്റെയോ രൂപമുണ്ടാവുകയും മനസ് എതിർ ലിംഗത്തിന്റേതാവുകയും ചെയ്തവരാണ് ട്രാൻസ്ജെൻഡറുകൾ. അതൊരു രോഗമൊന്നുമല്ലാ, നോർമൽ വേരിയന്റ് മാത്രമാണ്. മാനസികമായും ശാരീരികമായും സാമൂഹ്യമായും അവഗണനയും പ്രശ്നങ്ങളും നേരിടുന്നവരാണവർ. ട്രാൻസ് ജെൻഡറാണെന്ന ഒറ്റക്കാരണം കൊണ്ട് ആക്രമിക്കപ്പെട്ട സംഭവങ്ങൾ എത്രയോ തവണയുണ്ടായി സാക്ഷരകേരളത്തിൽ. അതിലേക്കാണീ രജത് കുമാറിനെ പോലുള്ളവർ വെറുപ്പിന്റെ എണ്ണ കോരിയൊഴിച്ചുകൊടുക്കുന്നത്.

ഇനിയും ധാരാളമുണ്ട് എഴുതാൻ. വിസ്താരഭയം കാരണം നിർത്തുന്നു. രജിത് കുമാർ പറയുന്നത് വെറും മണ്ടത്തരങ്ങൾ മാത്രമല്ലാ, നീചമായ മനുഷ്യവിരുദ്ധത കൂടിയായതിനാലാണ് ഇങ്ങനൊരു ലേഖനം ഇൻഫോ ക്ലിനിക് പ്രസിദ്ധീകരിക്കുന്നത് തന്നെ.

സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഒരു പ്രഭാഷകനാണയാൾ. അങ്ങനുള്ളൊരാൾക്ക് പ്രമുഖ ചാനലുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും ഇന്ന് കിട്ടുന്ന ദൃശ്യതയും സ്വീകാര്യതയും ഞങ്ങളെ തീർത്തും ആശങ്കാകുലരാക്കുന്നുണ്ട്. കാരണമയാൾ പുറന്തള്ളുന്ന ആശയമാലിന്യങ്ങൾ കഴുകിക്കളയാൻ രണ്ടോ മൂന്നോ തലമുറകൾ തന്നെ താണ്ടേണ്ടി വരും. അരമുറി ശാസ്ത്രം കൊണ്ട് അയ്യായിരം ടൺ നുണകൾ വിൽക്കുന്ന അയാൾ, നാളെ കേരളത്തിൽ നിന്നുള്ള ഒരു 'സദ്ഗുരു' ആവാതിരിക്കാൻ നമ്മൾ ശരിക്കും ജാഗ്രത പാലിച്ചേ പറ്റൂ.

എഴുതിയത്: Dr. Deepu Sadasivan Dr. Nelson Joseph & Dr. Manoj Vellanad

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP