Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാപത്തിനിടെ അങ്കിത് ശർമ്മയെ ആളുകൾ വലിച്ചിഴച്ച് കൊണ്ടുപോയത് താഹിർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് എന്ന് പിതാവ്; ആം ആദ്മി പാർട്ടി നേതാവിന്റെ വീടിന്റെ ടെറസിൽ നിന്നും കണ്ടെടുത്തത് പെട്രോൾ ബോംബുകളും കല്ലുകളും; കൊലപാതക കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ നെഹ്‌റു വിഹാറിൽ നിന്നുള്ള ആപ്പ് കൗൺസിലറുടെ വീട് റെയ്ഡ് ചെയ്ത് പൊലീസ്; താഹിർ ഹുസൈനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത് നേതൃത്വം

കലാപത്തിനിടെ അങ്കിത് ശർമ്മയെ ആളുകൾ വലിച്ചിഴച്ച് കൊണ്ടുപോയത് താഹിർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് എന്ന് പിതാവ്; ആം ആദ്മി പാർട്ടി നേതാവിന്റെ വീടിന്റെ ടെറസിൽ നിന്നും കണ്ടെടുത്തത് പെട്രോൾ ബോംബുകളും കല്ലുകളും; കൊലപാതക കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ നെഹ്‌റു വിഹാറിൽ നിന്നുള്ള ആപ്പ് കൗൺസിലറുടെ വീട് റെയ്ഡ് ചെയ്ത് പൊലീസ്; താഹിർ ഹുസൈനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ആംആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ താഹിറിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. കൊലപാതകത്തിനാണ് താഹിർ ഹുസൈനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അതിനിടെ, ഇയാളെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ആം ആദ്മി പാർട്ടി റിയിച്ചു.

കലാപത്തിനിടെ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്ന കൊലപാതകമാണ് ഇന്റലിജൻസ് ബ്യൂറോ ഓഫീസർ ആയ അങ്കിത് ശർമയുടേത്. ഐബിയിൽ ട്രെയിനി ഓഫീസർ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയിൽ നിന്നാണ് കണ്ടെടുക്കപ്പെട്ടത്. അങ്കിത് ശർമയുടെ കുടുംബം, ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവായ താഹിർ ഹുസൈന്റെ നേർക്കാണ് കൊലപാതകത്തിന്റെ പേരിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്.

നെഹ്‌റു വിഹാറിൽ നിന്നുള്ള ആം ആദ്മി പാർട്ടി കൗൺസിലറാണ് താഹിർ ഹുസ്സൈൻ. കലാപത്തിനിടെ അങ്കിത് ശർമയെ വധിച്ച് കുറ്റം ലഹളക്കാർക്കുമേൽ ആരോപിക്കുകയാണ് താഹിർ ചെയ്തിരിക്കുന്നത് എന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാൽ താഹിർ ഹുസൈൻ ഇത് ശക്തമായി നിഷേധിച്ചിരുന്നു. കിഴക്കൻ ഡൽഹിയിലെ നെഹ്‌റുവിഹാറിൽ വാർഡ് 59 -ൽ നിന്ന് ആം ആദ്മി പാർട്ടിയുടെ ടിക്കറ്റിൽ ജയിച്ച കൗൺസിലറാണ് താഹിർ ഹുസ്സൈൻ. ബിസിനസ് പാരമ്പര്യമുള്ള താഹിർ ഹുസൈന്റെ പേരിൽ ഇതുവരെ ക്രിമിനൽ കേസുകളൊന്നും തന്നെ ഇല്ല.

താഹിർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് അങ്കിതിനു നേർക്ക് കല്ലേറുണ്ടായത് എന്ന് അങ്കിതിന്റെ ബന്ധുക്കൾ മാധ്യമങ്ങളോട പറഞ്ഞു. ' ഓഫീസിൽ നിന്ന് വീട്ടിലെത്തി ചായകുടിച്ചു ശേഷം കല്ലേറ് നടക്കുന്നിടത്തേക്ക് പോയതാണ് അങ്കിത്. താഹിറിന്റെ കെട്ടിടത്തിനുള്ളിൽ നിന്ന് പത്തുപതിനഞ്ചോളം പേർ പുറത്തിറങ്ങി വന്നു. അവർ അവിടെ നിന്നിരുന്ന നാലഞ്ച് പേരെ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോയി. അവരെ രക്ഷിക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി ഓടിച്ചു.' അങ്കിതിന്റെ അച്ഛൻ രവീന്ദർ കുമാർ പറഞ്ഞു. അങ്കിത് ശർമയുടെ സഹോദരൻ അങ്കുറിനെയും രണ്ടു സ്നേഹിതരെയും അക്രമാസക്തമായ ഒരു ജനക്കൂട്ടം പിടിച്ചു കൊണ്ടുപോകുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അവരെ രക്ഷിക്കാൻ ശ്രമിച്ചവർക്കുനേരെ അക്രമികൾ വെടിവെച്ചതായും തദ്ദേശവാസിയായ അയാൾ പറഞ്ഞു.

രാത്രി പത്തുമണിയായിട്ടും അങ്കിത് തിരികെ വരാതിരുന്നപ്പോൾ, കുടുംബം അദ്ദേഹത്തെ അന്വേഷിച്ച് ഡൽഹിയിലെ ആശുപത്രികൾ കയറിയിറങ്ങുകയായിരുന്നു. അതിനിടെ പ്രദേശവാസിയായ ഒരു സ്ത്രീയുടെ ഫോൺ സന്ദേശത്തെ തുടർന്നാണ് പൊലീസ് അങ്കിതിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയ അഴുക്കുചാലിനടുത്തേക്ക് എത്തുന്നത്. ഒരുവാഹനത്തിൽ എത്തിയ അക്രമികൾ ചില മൃതദേഹങ്ങൾ അഴുക്കുചാലിൽ തള്ളുന്നതും, അതിനു മുകളിലേക്ക് സിമന്റ് നിറച്ച ചാക്കുകൾ ഇട്ട് മൃതദേഹങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നതും താൻ കണ്ടു എന്നായിരുന്നു പൊലീസിനോട് ആ സ്ത്രീ വിളിച്ചു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് താഹിർ ഹുസൈന്റെ ടെറസിൽ നിന്ന് പെട്രോൾ ബോംബുകളും കല്ലേറിനുപയോഗിച്ച കല്ലുകളും കണ്ടെടുത്തിരുന്നു.

അതിനിടെ, വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ബിജെപി നേതാവായ കപിൽ മിശ്രയും താഹിർ ഹുസൈന്റെ പേരിൽ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഹുസൈനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ട്വീറ്റും മിശ്ര ചെയ്യുകയുണ്ടായി. ഹുസൈന്റെ വീടിന്റെ മുകളിൽ നിന്നുകൊണ്ട് അക്രമികൾ കല്ലേറ് നടത്തുന്നതിന്റെ വീഡിയോ സഹിതമാണ് മിശ്രയുടെ ട്വീറ്റ്. ആക്രമണങ്ങൾക്കിടെ കെജ്രിവാളുമായി താഹിർ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നൊരു ആരോപണവും മിശ്ര തന്റെ ട്വീറ്റിൽ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ താൻ നിരപരാധിയാണ് എന്നവകാശപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി നേതാവായ താഹിർ ഹുസൈനും ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

ഡൽഹി കലാപത്തിൽ ആംആദ്മി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ഇരട്ട ശിക്ഷ നൽകണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കലാപത്തിൽ പങ്കെടുത്തവർക്കെതിരെ ശക്തമായ നപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കലാപത്തിനും അക്രമത്തിനുമുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം. കലാപത്തിൽ പങ്കെടുത്തവർക്കെതിരെ കർശന നപടി സ്വീകരിക്കണം. കലാപകാരികൾ ബിജെപിയിൽനിന്നോ കോൺഗ്രസിൽനിന്നോ ആം ആദ്മിപാർട്ടിയിൽനിന്നോ ആവട്ടെ, ശക്തമായ നപടിയെടുക്കണം. കുറ്റക്കാർ ആം ആദ്മി പാർട്ടിയിൽനിന്നുള്ളരാണെങ്കിൽ ഇരട്ട ശിക്ഷ നൽകണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.കലാപത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ താമസസൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. കലാപത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരവും സർക്കാർ പ്രഖ്യാപിച്ചു.

നേരത്തെ ആം ആദ്മി പാർട്ടിയിൽ മന്ത്രിയായി പിന്നീട് കാലുമാറി ബിജെപിയിൽ എത്തിയ കപിൽ മിശ്രയുടെ പേരാണ് അക്രമത്തിന്റെ സൂത്രധാരനായി വിലയിരുത്തപ്പെടുന്നത്. ബാൽ താക്കറേ മോഡൽ വിദ്വേഷ പ്രസംഗമാണ് ഇയാൾ പല തവണയും നടത്തിയത്. ഇതോടൊപ്പം യു പിയിൽനിന്ന് ആയുധവുമായി എത്തിയ ചില മുസ്ലിം നാമധാരികളുടെപേരും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ ഇപ്പോൾ ആ ആദ്മി പാർട്ടിയുടെ പേരും കലാപത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP