Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലക്ഷക്കണക്കിന് അഭയാർത്ഥികളെ എങ്ങോട്ട് വേണമെങ്കിലും പോയ്ക്കൊള്ളാൻ പറഞ്ഞ് തുറന്നു വിട്ട് തുർക്കി; അതിർത്തി അടച്ച് വെടി വച്ചോടിച്ച് ഗ്രീസും ബ ബൾഗേറിയയും; ജീവൻ കാക്കാൻ കടലിലും കാറ്റിലും അലഞ്ഞ് നടന്ന് അഭയാർത്ഥികൾ

ലക്ഷക്കണക്കിന് അഭയാർത്ഥികളെ എങ്ങോട്ട് വേണമെങ്കിലും പോയ്ക്കൊള്ളാൻ പറഞ്ഞ് തുറന്നു വിട്ട് തുർക്കി; അതിർത്തി അടച്ച് വെടി വച്ചോടിച്ച് ഗ്രീസും ബ ബൾഗേറിയയും; ജീവൻ കാക്കാൻ കടലിലും കാറ്റിലും അലഞ്ഞ് നടന്ന് അഭയാർത്ഥികൾ

മറുനാടൻ ഡെസ്‌ക്‌

യൂറോപ്പ് പുതിയൊരു കടുത്ത അഭയാർത്ഥി പ്രതിസന്ധിയെ അഭുമുഖീകരിച്ച് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു.ലക്ഷക്കണക്കിന് അഭയാർത്ഥികളെ എങ്ങോട്ട് വേണമെങ്കിലും പോയ്ക്കൊള്ളാൻ പറഞ്ഞ് തുറന്നു വിട്ട് തുർക്കി കടുത്ത നടപടി സ്വീകരിച്ചതിനെ തുടർന്നാണീ പ്രതിസന്ധി സംജാതമായിരിക്കുന്നത്.ഇതിനെ തുടർന്ന് അഭയാർത്ഥികൾ തങ്ങളുടെ അടുത്തേക്ക് വരാതിരിക്കാനായി അതിർത്തി അടച്ച് വെടി വച്ചോടിച്ച് ഗ്രീസും ബൾഗേറിയയും മുന്നോട്ട് വന്നിട്ടുണ്ട്. ജീവൻ കാക്കാൻ കടലിലും കാറ്റിലും അലഞ്ഞ് നടന്ന് അഭയാർത്ഥികൾ നരകിക്കുകയാണ്. ഇവർ ബ്രിട്ടൻ അടക്കമുള്ള ഏത് യൂറോപ്യൻ രാജ്യത്തേക്കും മലവെള്ളം പോലെ ഒഴുകിയെത്തുന്നതിനുള്ള സാധ്യതയും ശക്തമാണ്.

യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കടക്കാൻ അനുവദിക്കാതെ തങ്ങൾ തടഞ്ഞ് നിർത്തിയിരിക്കുന്ന വിവിധ രാജ്യക്കാരായ 3.6 മില്യൺ അഭയാർത്ഥികളെയാണ് തുർക്കി തുറന്ന് വിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായുള്ള കരാറിൽ നിന്നും തുർക്കി പിന്മാറിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് നൂറ് കണക്കിന് അഭയാർത്ഥികൾ കെട്ടു ഭാണ്ഡവുമെടുത്ത് ഗ്രീസിലേക്ക് ബൾഗേറിയയിലേക്കും വച്ച് പിടിക്കുകയും അവർക്ക് നേരെ ഇരു രാജ്യങ്ങളും വെടിവയ്പടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്തിരിക്കുന്നത്.

ഇത്തരം അഭയാർത്ഥികൾ ഗ്രീസിന്റെയും ബൾഗേറിയയുടെയും അതിർത്തികൾ വിജയകരമായി മറി കടന്നാൽ അവർക്ക് യൂറോപ്പിലെ ഏത് രാജ്യത്തേക്കും അനായാസം എത്തിച്ചേരാനാവുമെന്ന ഭീഷണിയും മുമ്പില്ലാത്ത വിധത്തിൽ ശക്തമായിട്ടുണ്ട്. ഇതിനെ തുടർന്ന് തുർക്കിയുടെ അയൽരാജ്യങ്ങളെല്ലാം അതിർത്തി സുരക്ഷ കർക്കശമാക്കിയിരിക്കുകയാണ്. ഇവർ തങ്ങളുടെ രാജ്യത്തേക്ക് കടന്ന് കയറാതിരിക്കാൻ കര-കടൽ അതിർത്തികളിലെ സുരക്ഷ പരമാവധിയാക്കിയിരിക്കുന്നുവെന്നാണ് ഗ്രീസ് പ്രതികരിച്ചിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ബൾഗേറിയ തുർക്കിയുമായി തങ്ങൾക്കുള്ള 190 മൈൽ അതിർത്തിയിൽ 1000 സൈനികരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.

ഇത്തരത്തിൽ തുർക്കിയിൽ നിന്നും രക്ഷപ്പെട്ട അഭയാർത്ഥികളുടെ ആദ്യ സംഘം വടക്ക് കിഴക്കൻ ഗ്രീസിലെ പസർകുലെയിലാണ് തടഞ്ഞ് വയ്ക്കപ്പെട്ടിരിക്കുന്നത്. ഇവിടെ ഇവരെ തിരിച്ചയക്കുന്നതിനായി ഗ്രീസ് പൊലീസ് സ്മോക്ക് ഗ്രനേഡുകൾ പ്രയോഗിച്ചിരുന്നു. സിറിയക്കാർ,ഇറാൻകാർ, ഇറാക്കികൾ, പാക്കിസ്ഥാനികൾ, മൊറോക്കോക്കാർ, എന്നിവരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളാണ് ഇത്തരത്തിൽ തുരത്തിയോടിക്കപ്പെട്ടിരിക്കുന്നത്. ഗ്രീക്ക് ദ്വീപായ ലെസ്ബോസിലേക്ക് ചേക്കേറുന്നതിനായി കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഡസൻ കണക്കിന് അഭയാർത്ഥികൾ സുരക്ഷിതമല്ലാത്ത റബർ ഡിൻജിയിൽ തുർക്കിയിലെ ഏയ്ജിയൻ തീരത്ത് നിന്നും കയറുന്നതിന്റെ വീഡിയോകൾ പ്രാദേശിക മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.

സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ വച്ച് റഷ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സേനകൾ 33 തുർക്കി സൈനികരെ കൊന്നതിനുള്ള പ്രതികാരമായാണ് തുർക്കി അഭയാർത്ഥികളെ നിയന്ത്രണമില്ലാതെ തുറന്ന് വിട്ടിരിക്കുന്നത്.സിറിയയിലെ അഭ്യന്തര കലാപം സമീപമാസങ്ങളിലായി വീണ്ടും മൂർച്ഛിച്ചിരുന്നു. ഇതിനെ തുടർന്ന് തുർക്കി അതിർത്തിക്കടുത്ത് മില്യണോളം സിവിലിയന്മാർ ഡിസംബർ മുതൽ പാർപ്പിടവും നാടും നഷ്ടപ്പെട്ട അവസ്ഥയിൽ അലഞ്ഞ് നടക്കുന്നുണ്ട്. സിറിയയിൽ തങ്ങൾ നടത്തുന്ന മിലിട്ടറി ക്യാംപയിന് യൂറോപ്യൻ നേതാക്കന്മാരുടെ പിന്തുണ തുർക്കി പ്രസിഡന്റ് റികെപ് തയിപ് എർഡോഗൻ അഭ്യർത്ഥിച്ചെങ്കിലും യൂറോപ്യൻ നേതാക്കൾ അത് ഗൗനിക്കാത്തതാണ് എർഡോഗനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇതിനെ തുടർന്നാണ് പാശ്ചാത്യ നാടുകളുമായി ഉണ്ടാക്കിയ അഭയാർത്ഥി ഡീലിൽ നിന്നും പിന്മാറാൻ തുർക്കി തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് അഭയാർത്ഥികളെ നിയന്ത്രണമില്ലാതെ തുറന്ന് വിട്ട് തുർക്കി ഭീഷണി സൃഷ്ടിച്ചിരിരിക്കുന്നത്. തുർക്കിയിലെത്തിയ അഭയാർത്ഥികളെ അവിടെ തന്നെ തടഞ്ഞ് വയ്ക്കാൻ യൂറോപ്യൻ യൂണിയനുമായി 2016ലായിരുന്നു തുർക്കി ഒപ്പ് വച്ചിരുന്നത്. ഇതിന് പകരമായി 5.1 ബില്യൺ പൗണ്ടു തുർക്കിക്ക് ലഭിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP