Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതാവിനെ പേടിക്കണോ കൊറോണയെ പേടിക്കണോ! ഞെട്ടിവിറച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ; കോവിഡ് -19 എന്ന് സംശയിച്ച് വെടിവച്ചുകൊന്നത് രണ്ടുപേരെ; വൈറസ് അതിർത്തി കടന്നാൽ പണി കിട്ടുക ഉദ്യോഗസ്ഥർക്ക്; അതിർത്തികൾ അടച്ചതിന് പുറമേ അന്താരാഷ്ട്ര ഫ്‌ളൈറ്റുകളും ട്രെയിനുകളും റദ്ദാക്കി; അംബാസഡർമാരെ വസതികളിൽ പൂട്ടിയിട്ടു; വിദേശികളെ ഏകാന്തവാസത്തിലാക്കി; ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനും കൊറോണയെ പേടി

നേതാവിനെ പേടിക്കണോ കൊറോണയെ പേടിക്കണോ! ഞെട്ടിവിറച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ; കോവിഡ് -19 എന്ന് സംശയിച്ച് വെടിവച്ചുകൊന്നത് രണ്ടുപേരെ; വൈറസ് അതിർത്തി കടന്നാൽ പണി കിട്ടുക ഉദ്യോഗസ്ഥർക്ക്; അതിർത്തികൾ അടച്ചതിന് പുറമേ അന്താരാഷ്ട്ര ഫ്‌ളൈറ്റുകളും ട്രെയിനുകളും റദ്ദാക്കി; അംബാസഡർമാരെ വസതികളിൽ പൂട്ടിയിട്ടു; വിദേശികളെ ഏകാന്തവാസത്തിലാക്കി; ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനും കൊറോണയെ പേടി

മറുനാടൻ ഡെസ്‌ക്‌

സിയോൾ: പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന നേതാവാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. അനുസരണക്കേട് കാട്ടിയാൽ തല കാണില്ല. അക്കാര്യത്തിൽ ബന്ധവും സ്വന്തവുമൊന്നും കിം നോക്കാറില്ല. അനിഷ്ടം തോന്നിയതിന് ബന്ധുവായ ജനറലിനെ മുതലകൾക്ക് ഭക്ഷണമായി കൊടുത്ത കഥ വരെ പ്രചരിക്കുന്നുണ്ട്. കുറെയൊക്കെ പാശ്ചാത്യ മാധ്യമങ്ങളുടെ നിറം പിടിപ്പിച്ച കഥകളാകാം. എന്നാൽ, കിം കർക്കശക്കാരൻ ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. കൊറോണ വൈറസ് ബാധ തടയുന്ന കാര്യത്തിലും അതേ മുൻകരുതലും കാർക്കശ്യവുമാണ് കിം കാട്ടുന്നത്. ആരെയും ഉത്തര കൊറിയയിലേക്ക് അടുപ്പിക്കുന്നില്ല.

കൊറോണ വൈറസ് രാജ്യത്തേക്ക് കടക്കുന്നത് തടയാൻ പരാജയപ്പെട്ടാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കിം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. വൈറസിനെ ഏതുവിധേനയും തടയണമെന്നും ഉന്നത അധികൃതരുടെയും പാർട്ടി നേതാക്കളുടെ യോഗത്തിൽ കിം ജോങ് ഉൻ പറഞ്ഞതായി ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയയിൽ ഒരു കൊറോണ കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഒരുപഴുതും അവശേഷിപ്പിക്കാൻ കിം ഒരുക്കമല്ല. ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വളരെ അച്ചടക്കവും, കൃത്യനിഷ്ഠയും കാട്ടണമെന്നാണ് കർശന നിർദ്ദേശം. കോവിഡ്-19 അതിർത്തി കടന്നെത്തിയാൽ ഉദ്യോഗസ്ഥർക്കായിരിക്കും പണി കിട്ടുക എന്ന് ചുരുക്കം. വൈറസ് ഏതുവഴിയാണ് കടക്കുന്നതെന്ന് പേടിച്ചിരിക്കുകയാണ് അവർ. കാരണം കൊറോണ വൈറസ് ബാധിച്ചതായി സംശയിച്ച് രണ്ടുപേരെ അധികൃതർ വെടിവച്ചുകൊന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ പൊളിറ്റ്ബ്യുറോ യോഗത്തിലാണ് കൊറോണ ബാധ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് കിം ജോങ് ഉൻ നിർദ്ദേശിച്ചത്. കര-വ്യോമമാർഗങ്ങൾ ഉൾപ്പടെ വൈറസ് കടന്നുവരാൻ സാധ്യതയുള്ള എല്ലാ മാർഗങ്ങളും അടക്കണം. പരിശോധന വ്യാപകമാക്കണമെന്നും കിം ജോങ് ഉൻ നിർദ്ദേശിച്ചു. വിനോദ സഞ്ചാരികളെ ഇതിനകം നിരോധിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര ട്രെയിനുകളും ഫ്‌ളൈറ്റുകളും റദ്ദാക്കി. നൂറുകണക്കിന് വിദേശികളെ വൈറസ് പടരുന്നത് ഒഴിവാക്കാൻ ഏകാന്തവാസത്തിലാക്കി. പുതിയ സ്‌കൂൾ വർഷം ആരംഭിക്കുന്നതും മാറ്റിവച്ചു.

ഉത്തരകൊറിയയിലെ തെരുവുകളിൽ മുഴുവൻ ഇപ്പോൾ മുഴങ്ങുന്നത് ശുചിത്വ പരിപാലന സന്ദേശങ്ങളാണ്. അംബാസഡർമാരെ അവരുടെ താമസസ്ഥലങ്ങളിൽ പൂട്ടിയിട്ടിരിക്കുകയാണ്. പൂർണമായ അനുസരണയാണ് സർക്കാർ മാധ്യമങ്ങൾ ആവശ്യപ്പെടുന്നത്. ഇതെല്ലാം തീർത്തും അസാധാരണം എന്നാണ് നയതന്ത്ര പ്രതിനിധികൾ വിലയിരുത്തുന്നത്. അതേസമയം, ദക്ഷിണ കൊറിയയിൽ 2300 ഓളം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഗൗരവത്തോടെ കാണാതിരിക്കാനും വയ്യ. ചൈനയ്ക്ക് പുറത്ത് ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. പുറംലോകവുമായി ഏറെ ബന്ധമില്ലാത്ത ഉത്തരകൊറിയയുടെ ആരോഗ്യമേഖലക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടോയെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് വ്യക്തതയില്ല. ഉത്തര കൊറിയയുടെത് തീർത്തും ദുർബലമായ ആരോഗ്യമേഖലയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

ആർക്കും പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നാണ് കം ജോങ് ഉന്നിന്റെ ഉത്തരവ്. രോഗാണു കടന്നുവരാനുള്ള എല്ലാ വഴികളും സ്ഥലവും അടയ്ക്കുക, അതാണ് സ്വേച്ഛാധിപതിയുടെ കർശന നിർദ്ദേശം. രണ്ടുമുതിർന്ന ഉദ്യോഗസ്ഥർ, പാർട്ടി വൈസ് ചെയർമാൻ റി മാൻ ജോനെയും, പാക് തായ് ഡോക്കിനെയും കിം പുറത്താക്കിയെന്നും വിവരമുണ്ട്. അഴിമതിയുടെ പേരിലാണ് ഈ പാർട്ടി യൂണിറ്റ് പിരിച്ചുവിട്ടത്. രോഗപ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട അഴിമതിയുടെ പേരിലാണ് ഇതെന്നും പറയപ്പെടുന്നു.

അതിനിടെ കൊറോണ വൈറസ് ഭീതി കണക്കിലെടുത്ത് ഉത്തര കൊറിയയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ മനുഷ്യത്വപരമായ ഇളവുകൾ യുഎൻ സുരക്ഷാ സമിതി സ്വീകരിക്കുമെന്ന് ജർമൻ അംബാസഡർ പറഞ്ഞു. വൈറസിനെ തുരത്താൻ ഉത്തരകൊറിയയെ സഹായിക്കുന്ന ഉപകരണം ഉത്തരകൊറിയയിൽ എത്തിക്കാൻ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഉത്തര കൊറിയ അതിർത്തികൾ അടച്ചതാണ് പ്രശ്‌നം, ക്രിസ്റ്റോഫ് ഹ്യുസ്‌ഗെൻ വ്യക്തമാക്കി. കൊറോണ വൈറസിനെ നേരിടാൻ സഹായിക്കുന്ന ഉപകരണം എത്തിക്കാൻ അനുവദിക്കണമെന്ന് സുരക്ഷാസമിതി അംഗങ്ങൾ ആവശ്യപ്പെട്ടങ്കിലും പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP