Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാട്ടാന ആക്രമണത്തിൽ മരിച്ചത് നാട്ടുകാരൻ ആയിരുന്നെങ്കിൽ 10 ലക്ഷം രൂപ സഹായം ലഭിക്കും; ബിജു സർക്കാർ ഉദ്യോഗസ്ഥൻ ആയതിനാൽ ഇൻഷുറൻസും മറ്റും ചേർത്ത് കിട്ടുക പകുതി തുക; ആദിവാസി വനം വാച്ചർമാർ വനംവകുപ്പിന്റെ വേട്ടമൃഗങ്ങൾ; ആദിവാസികളെ വാച്ചർമാരാക്കിയത് മാവോയിസ്റ്റ് വേട്ടയ്ക്ക് സഹായത്തിന്; തൃശൂരിൽ മൂന്നു പേർ കാട്ടുതീയിൽ എരിഞ്ഞടങ്ങിയതും റാന്നിയിൽ കാട്ടാനയുടെ കൊമ്പിന് ഇരയായതും മേലാളന്മാരുടെ അനാസ്ഥ കാരണം: പരിശീലനം കിട്ടിയ ബീറ്റ് ഓഫീസർമാരും പ്രതിക്കൂട്ടിൽ

കാട്ടാന ആക്രമണത്തിൽ മരിച്ചത് നാട്ടുകാരൻ ആയിരുന്നെങ്കിൽ 10 ലക്ഷം രൂപ സഹായം ലഭിക്കും; ബിജു സർക്കാർ ഉദ്യോഗസ്ഥൻ ആയതിനാൽ ഇൻഷുറൻസും മറ്റും ചേർത്ത് കിട്ടുക പകുതി തുക; ആദിവാസി വനം വാച്ചർമാർ വനംവകുപ്പിന്റെ വേട്ടമൃഗങ്ങൾ; ആദിവാസികളെ വാച്ചർമാരാക്കിയത് മാവോയിസ്റ്റ് വേട്ടയ്ക്ക് സഹായത്തിന്; തൃശൂരിൽ മൂന്നു പേർ കാട്ടുതീയിൽ എരിഞ്ഞടങ്ങിയതും റാന്നിയിൽ കാട്ടാനയുടെ കൊമ്പിന് ഇരയായതും മേലാളന്മാരുടെ അനാസ്ഥ കാരണം: പരിശീലനം കിട്ടിയ ബീറ്റ് ഓഫീസർമാരും പ്രതിക്കൂട്ടിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യുഡിഎഫ് സർക്കാർ വനസംരക്ഷണത്തിനും മാവോയിസ്റ്റ് വേട്ടയ്ക്ക് പൊലീസിനെയും കമാൻഡോകളെയും സഹായിക്കുന്നതിനും വേണ്ടി സൃഷ്ടിച്ച ആദിവാസി വനംവാച്ചർ തസ്തികയിലെ ജീവനക്കാർ ചെയ്യുന്നത് ഫോറസ്റ്റുകാർ ചെയ്യേണ്ട പണി. തികച്ചും അപകടം പിടിച്ച ഈ പണികൾ ചെയ്യാൻ പ്രത്യേക പരിശീലനം ആവശ്യമാണെന്നിരിക്കേ അതൊന്നും കിട്ടാത്ത വനംവാച്ചർമാരെ കാട്ടുതീയ്ക്കും വന്യമൃഗങ്ങൾക്കും മുന്നിലേക്ക് നിഷ്‌കരുണം എറിഞ്ഞു കൊടുക്കുകയാണ് വനംവകുപ്പിലെ മേലാളന്മാർ.

ഒരു മാസത്തിനിടെ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ആദിവാസി വനം വാച്ചർമാരാണ് കാട്ടിൽ കൊല്ലപ്പെട്ടത്. തൃശൂരിൽ കാട്ടുതീ അണയ്ക്കാൻ പോയ മൂന്നുപേർ വെന്തുമരിച്ചു. റാന്നിയിൽ ജനവാസ കേന്ദ്രത്തിൽ നാശം വിതച്ച കൊമ്പനെ തുരത്താൻ പോയ വനം വാച്ചർ ഇതേ ആനയുടെ കൊമ്പിൽ ജീവൻ വെടിഞ്ഞു. തങ്ങൾക്ക് പറഞ്ഞിട്ടില്ലാത്ത പണി ചെയ്യാൻ പോയവരാണ് നാലു പേരും. ഇവരെ ഇതിനായി നിയോഗിച്ചവർ സുരക്ഷിതമായി ജോലിയിൽ തുടരുകയും ചെയ്യുന്നു. റാന്നി വനംഡിവിഷന്റെ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കുടമുരുട്ടി-മടന്തമൺ ജനവാസ കേന്ദ്രത്തിൽ ഭീതി വിതച്ച കാട്ടുകൊമ്പനെ വനത്തിലേക്ക് തുരത്തിയോടിക്കുന്നതിനിടെയാണ് ട്രൈബൽ വാച്ചർ എഎസ് ബിജു കൊല്ലപ്പെട്ടത്.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ വരെയുള്ളവർക്കാണ് പരിശീലനം നൽകിയിട്ടുണ്ട്. തൃശൂരിലെ കേരളാ പൊലീസ് അക്കാഡമിയിലാണ് ഇവർക്ക് ഫയറിങ് പരിശീലനം നൽകുന്നത്. റബർ ബുള്ളറ്റിടുന്ന പമ്പ് ആക്ഷൻ ഗൺ ആണ് ആനയെ തുരത്താൻ ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് പരിശീലനം ഒന്നുമില്ലാതെ തന്നെ ബിജു ഇത് ഉപയോഗിച്ചു വരികയായിരുന്നു. കാട്ടാനകൾ പല തരത്തിലുള്ള അക്രമം നടത്തും. റബർ ബുള്ളറ്റ് ദേഹത്തു കൊള്ളുകയോ ആന പേടിക്കുകയോ ചെയ്താൽ പിന്നെ പ്രതികരണം എങ്ങനെയാണ് എന്ന് മനസിലാക്കാൻ കഴിയില്ല. ഒരു തവണ ആനയ്ക്ക് നേരെ വെടിയുതിർത്ത ശേഷം അടുത്ത തിര നിറയ്ക്കുമ്പോഴാണ് ബിജുവിനെ കാട്ടാന കൊലപ്പെടുത്തിയത്. ഗണ്ണിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് തിര നിറച്ചു കൊണ്ടിരുന്ന ബിജു ആന പാഞ്ഞടുക്കുന്നത് കണ്ടിരുന്നില്ല. കൂടെ ഉണ്ടായിരുന്ന വനപാലകർ ബഹളം കൂട്ടി ഓടി മാറി. എന്നാൽ, ബിജുവിന് കഴിഞ്ഞില്ല.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബിജു വീണു പോവുകയും ചെയ്തു. ഇതോടെ പിന്നിൽ നിന്ന് ആന കൊമ്പിൽ കൊരുക്കുകയായിരുന്നു. ആന നിൽക്കുന്ന സ്ഥലം, ഷൂട്ടർക്ക് സുരക്ഷിതമായി നിന്ന് വെടിയുതിർക്കാൻ കഴിയുന്ന സ്ഥലം, വെടി കൊള്ളുന്ന ആന പാഞ്ഞടുത്തേക്കാവുന്ന വഴികൾ, എടുക്കുന്ന സമയം എന്നിവ ഒക്കെ വിശദമായി തയാറാക്കിയ ശേഷം മാത്രമേ ആനയ്ക്ക് നേരെ വെടിയുതിർക്കാവൂ എന്നാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് നൽകിയിരിക്കുന്ന പരിശീലനം. പൊലീസ് അക്കാഡമിയിൽ നിന്ന് പരിശീലനം സിദ്ധിച്ച ബീറ്റ് ഓഫീസർമാർ അങ്ങനെയാണ് ചെയ്യുന്നതും. ആ അറിവ് ഇല്ലാത്തയാളായിരുന്നു ബിജു.

എന്നിട്ട് അദ്ദേഹം മരിച്ചതിന് ശേഷം അദ്ദേഹത്തെ ഷാർപ്പ് ഷൂട്ടർ എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. സ്വന്തം വീഴ്ചകളിൽ നിന്ന് ഒഴിഞ്ഞു മാറാൻ വേണ്ടിയാണ് ഇല്ലാത്ത കാര്യം ബിജുവിന്റെ പേരിൽ ഇക്കൂട്ടർ പടച്ചു വിട്ടത്. ഫയർ ഫോഴ്സിന്റെ പരിശീലനം ലഭിച്ചവരെ വേണം കാട്ടുതീ തടയുന്നതിന് നിയോഗിക്കാൻ. ഇത്തരം പരിശീലനം ലഭിക്കാത്ത മൂന്ന് ട്രൈബൽ വാച്ചർമാരാണ് കഴിഞ്ഞ ദിവസം തൃശൂരിൽ കാട്ടുതീയിൽ വെന്തു മരിച്ചത്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ജോലി കൂടി വനം വാച്ചർമാരുടെ തലയിൽ കെട്ടി വയ്ക്കുന്നുവെന്നാണ് ആരോപണം. അഞ്ചു വർഷത്തിൽ താഴെ സർവീസ് മാത്രമാണ് ബിജുവിനുള്ളത്.

കാട്ടാന ആക്രമണത്തിൽ മരിച്ചത് ഒരു നാട്ടുകാരൻ ആയിരുന്നെങ്കിൽ 10 ലക്ഷം രൂപ വനംവകുപ്പ് സഹായം ലഭിക്കുമായിരുന്നു. ബിജു സർക്കാർ ഉദ്യോഗസ്ഥൻ ആയതിനാൽ ഇൻഷുറൻസും മറ്റും ചേർത്ത് ഇതിന്റെ പകുതി തുക മാത്രമേ കുടുംബത്തിന് ലഭിക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP