Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രളയകാലത്തു കേരളത്തിന് താങ്ങാകാൻ ബ്രിട്ടണിലെ കുഞ്ഞുങ്ങൾ തെരുവിൽ എത്തിയതറിഞ്ഞു ഇരുകയ്യും നീട്ടിയെത്തിയ സൗമ്യസാന്നിധ്യം; ഒന്നര പതിറ്റാണ്ടായി മലയാളി സമൂഹത്തിനു സൗജന്യമായി പള്ളി വാതിൽ തുറന്നിട്ട വൈദികൻ ഓർമ്മയായി; വൈദിക സേവനം പണം വാങ്ങാൻ ഉള്ള മാർഗം അല്ലെന്നു പറയുന്ന ഫാ. ബോബ് റൈറ്റ് മലയാളികളുടെ ആശ്രയവും ആശ്വാസവും ആയി മാറിയത് സ്‌നേഹത്തിന്റെ വഴിയിലൂടെ

മറുനാടൻ ഡെസ്‌ക്‌

ബ്രിട്ടൻ: കേരളം കണ്ട ആദ്യ പ്രളയകാലത്തു ലോകമലയാളികൾ ഒരേ മനസോടെ പിറന്ന നാടിനു വേണ്ടി കൈകോർത്തു നിന്ന സമയത്തു ഏറ്റവും മുന്നിൽ നിൽക്കാൻ ഓടി എത്തിയവരാണ് മൂന്നു വയസ് മുതൽ ടീനേജുകാർ വരെയുള്ള കവൻട്രിയിലെ മലയാളി കുഞ്ഞുങ്ങൾ. പ്രളയ ജലം വീടുകളുടെ മേൽക്കൂരക്കും മേലെ ഉയർന്നു കയറിയപ്പോൾ ഇനി അടങ്ങിയിരുന്നിട്ടു കാര്യമില്ല എന്ന തിരിച്ചറിവിൽ തെരുവുകളിൽ എത്തി ചില്ലിക്കാശ് ചോദിക്കാൻ തയ്യാറായ കുട്ടികളുടെ ആവേശവും ആത്മവിശ്വാസവും കണ്ടു മനസ് നിറഞ്ഞാണ് കവൻട്രിയിലെ ഇംഗ്ലീഷ് സമൂഹം കേരളത്തിന് കൈത്താങ്ങാകാൻ പണം നൽകിയത്.

സ്ട്രീറ്റ് അപ്പീൽ എന്ന് പേരിട്ട ഈ പണപ്പിരിവിന്റെ രണ്ടാം നാൾ പ്രായം ചെന്ന ഏതാനും സ്ത്രീകൾ കുട്ടികളുടെ അടുത്തെത്തി കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. കവൻട്രി ജോൺ ഫിഷർ പള്ളിയിലെ പാരിഷ് അംഗങ്ങൾ ആയിരുന്നു ആ സ്ത്രീകൾ. അവർ നേരെ ചെന്ന് പള്ളി വികാരി ഫാ: ബോബ് റൈറ്റിനോട് കാര്യം പറഞ്ഞപ്പോൾ മലയാളികളിൽ തനിക്കു കൂടുതൽ പരിചയം ഉള്ള ബീറ്റജ് അഗസ്റ്റിനെ തേടി അദ്ദേഹത്തിന്റെ ഫോൺവിളി എത്തുക ആയിരുന്നു.

സാന്ദർഭികമായി താൻ കൂടി നേതൃത്വം നൽകുന്ന കേരള സ്‌കൂളിലെ കുട്ടികൾ ആണ് സ്ട്രീറ്റ് അപ്പീലിന് മുന്നിൽ നിന്നതു എന്ന് ബീറ്റജ് അറിയിച്ചതോടെ തന്റെ പോക്കറ്റിൽ നിന്നും ആയിരം പൗണ്ട് കേരളത്തിന് വേണ്ടി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിക്കുക ആയിരുന്നു. എന്നാൽ കാര്യമായ വരുമാനം ഇല്ലാത്ത വൈദികന്റെ പോക്കറ്റിൽ നിന്നും പണം വേണ്ട പകരം കുർബാന മദ്ധ്യേ ഒരു അപ്പീൽ നടത്തിയാൽ തന്നെ ഏറെ ഉപകാരം എന്ന് പറഞ്ഞപ്പോഴും അത് വേറെ നടത്താം ആദ്യം എന്റെ പണം സ്വീകരിക്കൂ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

അന്ന് അദ്ദേഹം നൽകിയ പണവും ചേർത്ത് കവൻട്രി കേരള സ്‌കൂൾ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു കണ്ടെത്തിയ 5025 പൗണ്ടിൽ ബോബ് അച്ചന്റെ വിഹിതമായ ആയിരം പൗണ്ടും ചേർന്നിരുന്നു. പല മലയാളികൾക്കും തോന്നാത്ത സ്നേഹം ഏതോ നാട്ടിലെ കുറെ പാവങ്ങളോട് തോന്നിയ ഈ സ്നേഹവായ്‌പ്പ് ഇനിയില്ലെന്ന ഞെട്ടലാണ് ഇന്നലെ കവൻട്രി മലയാളികൾക്ക് കേൾക്കാനായത്. മലയാളം പഠിപ്പിക്കുന്ന കേരള സ്‌കൂളിന് ക്ലാസുകൾ നടത്താൻ പള്ളിയോടു ചേർന്ന പാരിഷ് ഹാൾ സൗകര്യം ഉപയോഗിക്കാൻ മടിക്കണ്ട എന്ന വാഗ്ദാനവും അദ്ദേഹം തുടക്കത്തിലേ നൽകിയിരുന്നു.

എന്നാൽ ആ സൗകര്യത്തിനും മേലെ കുട്ടികൾ എത്തിയതോടെയാണ് ആറു ക്ലാസുകൾ നടത്താൻ സൗകര്യം ഉള്ള മറ്റൊരിടം തേടി കേരള സ്‌കൂൾ അധികൃതർ എത്തിയത്. ഇത്തരത്തിൽ പൊതു മലയാളി സമൂഹത്തിനു ഏതു വിധത്തിലും ആശ്രയിക്കാവുന്ന ബോബ് അച്ചന്റെ വിയോഗം ഒരു വൈദികൻ എന്നതിലപ്പുറം ഒരു മനുഷ്യസ്നേഹിയുടെ വേർപാടായാണ് കവൻട്രി മലയാളികൾ തിരിച്ചറിയുന്നതും. അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരാളില്ല എന്നതും ഇപ്പോൾ ആ തിരിച്ചറിവിൽ അലിഞ്ഞു ചേരുകയാണ്.

ഇക്കഴിഞ്ഞ ജനുവരി 11 നു താൻ ക്യാനസർ രോഗത്തിന്റെ അവസാന ഘട്ടത്തിൽ ആണെന്നും ഏതാനും ആഴ്ച കൂടി മാത്രമേ ജീവിതം ബാക്കിയുള്ളൂ എന്നും പറഞ്ഞു പള്ളി ചുമതല ഒഴിയുന്ന വിവരമാണ് അദ്ദേഹം തന്നെ കാണാൻ എത്തിയവരെ അറിയിച്ചത്. അമ്മക്കിളി ഉപേക്ഷിച്ചു പോയ കൂട്ടിലെ അനാഥ പക്ഷികളെ പോലെയാണ് കവൻട്രിയിലെ മലയാളി ക്രൈസ്തവ വിശ്വാസികൾ ഈ വിവരം കേട്ടറിഞ്ഞത്. അതിനു ശേഷം പള്ളിയിലെ കാര്യങ്ങളിൽ നിന്നും ചുമതല ഒഴിഞ്ഞ ബോബ് അച്ചൻ തികച്ചും സ്വകാര്യതയിൽ ആണ് കഴിഞ്ഞിരുന്നത്.

വീട്ടുകാർ അച്ചന് വേണ്ടി വാങ്ങിയ വീട്ടിലേക്കു സ്നേഹത്തോടെ വിളിച്ചെങ്കിലും പള്ളിയിൽ തന്നെ അവസാന കാലം കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ചുമതലകൾ ഒഴിഞ്ഞെങ്കിലും വെള്ളിയാഴച്ചകളിൽ പള്ളി വൃത്തിയാക്കുന്നിടത്തു അദ്ദേഹം രണ്ടാഴ്ച മുൻപ് വരെ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച രോഗനില കലശലായപ്പോൾ സഹോദരിയെ പറഞ്ഞയച്ചു എല്ലാവരുടെയും സുഖ വിവരം അന്വേഷിക്കാനും ആ മനുഷ്യസ്നേഹി മറന്നില്ല.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് അദ്ദേഹം വീട്ടുകാരുടെയും മറ്റും സാന്നിധ്യത്തിൽ പള്ളിയോടു ചേർന്ന താമസസ്ഥലത്തു വച്ച് മരണത്തിനു കീഴടങ്ങുന്നത്. രോഗ വിവരം വ്യക്തമായി ഏകദേശം എട്ടാഴ്ചയാണ് അദ്ദേഹത്തിന് ജീവിതം നീട്ടിക്കിട്ടിയത്. ഒരു വൈദികൻ എന്നാൽ ആരായിരിക്കണം, എങ്ങനെ ആയിരിക്കണം എന്ന് ചുരുങ്ങിയ പക്ഷം കവൻട്രി മലയാളികളിൽ പലരും തിരിച്ചറിഞ്ഞത് ബോബ് അച്ചനിലൂടെയാണ്. സ്വകാര്യ ആവശ്യത്തിന് കുർബാന നടത്തിയാൽ പോലും പലരിൽ നിന്നും അദ്ദേഹം കുർബാന പണം വാങ്ങാത്ത അനുഭവ കഥകൾ പറയാനുണ്ട്.

നിർബന്ധിച്ചു കൊടുത്താലും വാങ്ങില്ലെന്ന് അറിയുന്നവർ ഒടുവിൽ പണം കവറിലാക്കി അദ്ദേഹത്തിന്റെ മേശയിൽ ഉപേക്ഷിച്ചു പോകുന്നതും അപൂർവമല്ല. നെയ്യും കൊഴുപ്പും ചേർന്ന ഭക്ഷണം ഒഴിവാക്കിയിരുന്ന അദ്ദേഹം പലവട്ടം മലയാളി ഭക്ഷണത്തിന്റെ രുചിയും ഏറെ ആസ്വദിച്ചിട്ടുണ്ട്. മലയാളികളുടെ ആദരവും പെരുമാറ്റവും എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആർക്കും ഏതു സമയത്തും ആശ്രയിക്കാമായിരുന്ന വ്യക്തി കൂടിയായിരുന്നു.

കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി മലയാളി സമൂഹത്തിനു പ്രാർത്ഥിക്കാനും കുർബാനയ്ക്കുമായി പള്ളി സൗജന്യമായി തുറന്നു നൽകിയതും ബോബ് അച്ചനെ എന്നും ഓർത്തിരിക്കാൻ മലയാളി സമൂഹത്തിനു കാരണമാണ്. യുകെയിൽ ഇങ്ങനെ ഒരു സേവനം ലഭിക്കാൻ ഇടയായ സ്ഥലങ്ങൾ അപൂർവം ആയിരിക്കു.

ഒരു കുർബാനയ്ക്കു പലയിടത്തും നൂറു പൗണ്ട് ചുരുങ്ങിയത് നൽകണം എന്നിരിക്കെ ഒരു വർഷം മലയാളികൾക്കായി മുപ്പതിലേറെ കുർബാനകൾക്കു പള്ളി വിട്ടു നൽകിയ ഈ വൈദികൻ ആ വകയിൽ മലയാളികൾക്ക് സമ്മാനിച്ചത് ആയിരകണക്കിന് പൗണ്ടിന്റെ ദാനം കൂടിയാണ്.ഇതുകൊണ്ടു കൂടിയാണ് കവൻട്രിയിൽ പലയിടത്തും മലയാളികൾ സ്വന്തമായി പള്ളി എന്ന ആശയവുമായി മുന്നോട്ടു പോയപ്പോൾ കവൻട്രിയിൽ അത്തരം ചിന്താഗതികൾ സജീവമാകാതെ പോയതും.

ഏതു സമയത്തും കയറി ചെല്ലാൻ സ്വന്തമായി എന്നവിധം ഒരു പള്ളിയും സൗകര്യവും ഉള്ളപ്പോൾ എന്തിനു മറ്റൊരു സംവിധാനം എന്നതും ഇതിനു കാരണമാണ്. നൂറിലേറെ മലയാളി കത്തോലിക്കാ കുടുംബങ്ങൾ ഉള്ളതിൽ അൻപതിൽ ഏറെ പേരും ആശ്രയിക്കുന്നതും ജോണ് ഫിഷർ പള്ളി തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP