Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത

ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിൽ അതീവ ജാഗ്രത. റാന്നിയിലുള്ള അഞ്ചു പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇവരെല്ലാം അടുത്ത ബന്ധുക്കളാണ്. കൊറോണ സ്ഥിരീകരിച്ച അഞ്ചുപേരിൽ മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവരാണ്. രണ്ടുപേർ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇവരിപ്പോൾ. ശനിയാഴ്ച രാത്രിയോടെയാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചത്. റാന്നി ഐത്തല സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

29നാണ് മുമ്പാണ് 55 കാരനും ഭാര്യയും 24-കാരനായ മകനും ഇറ്റലിയിൽ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെയാണ് ഇറ്റലിയിൽ നിന്നെത്തിയ ബന്ധുക്കളുടെ കാര്യം അറിഞ്ഞത്. തുടർന്ന് ഇറ്റലിയിൽ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇവരുടെ ശരീര സ്രവങ്ങൾ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവർ നിലവിൽ നിരീക്ഷണത്തിലാണ്.

ഇറ്റലിയിൽ നിന്ന് എത്തിയവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരായില്ല. ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടപ്പോൾ ആശുപത്രിയിലേക്ക് വരാനും വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു. ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 28-ന് ഖത്തർ എയർവേയ്സിന്റെ (ക്യു.ആർ-126) വെനീസ്-ദോഹ വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവർ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടർന്ന് ഖത്തർ എയർവേയ്സിന്റെ തന്നെ ക്യൂ.ആർ 514 വിമാനത്തിൽ കൊച്ചിയിലേക്ക് വന്നു. 29-ന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് സ്വകാര്യ കാറിലാണ് വീട്ടിലേക്ക് പോയത്. ഈ വിമാനത്തിലുണ്ടായിരുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു. കാർ ഡ്രൈവറെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇറ്റലിയിൽ നിന്നും വന്ന മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തിൽ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ചയാണ് ഉണ്ടായത്. ഫെബ്രുവരി 28-ന് വെനീസിൽ നിന്നും ദോഹയിൽ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ ആ വിവരം വിമാനത്താവളത്തിൽ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാൻ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തിൽ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്.

അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തിൽ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാൻ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കൾ എത്തിയിരുന്നു. തുടർന്ന് സ്വകാര്യകാറിൽ ഇവർ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാർച്ച് ഒന്നിന് രാവിലെ 8.20-ഓടെ കൊച്ചിയിൽ എത്തിയ ഇവർ മാർച്ച് ആറ് വരെ പത്തനംതിട്ടയിൽ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട് ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്‌നമാണ് ഇപ്പോൾ ആരോഗ്യവകുപ്പിന് മുൻപിലുള്ളത്. ദോഹയിൽ നിന്നും കൊച്ചിയിലേക്ക് ഇവർ വന്ന വിമാനത്തിൽ തന്നെ 350-ഓളം പേരുണ്ടായിരുന്നു. ഇവർക്കും രോഗമുണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇവരെ തേടിയെത്തിയ ആരോഗ്യ പ്രവർത്തകരോടും ഇവർ തട്ടിക്കയറി. അസുഖമില്ലെന്നും ചികിൽസയ്ക്ക് വരില്ലെന്നും പറഞ്ഞു. ഇതോടെ ആരോഗ്യ വകുപ്പ് ശക്തമായ നിലപാട് എടുത്തു. അങ്ങനെയാണ് ഭർത്താവിനേയും ഭാര്യയേയും മകനേയും ആശുപത്രിയിൽ എത്തിച്ചത്. ഇവർ ഇടപഴുകിയവരെല്ലാം നിരീക്ഷണത്തിലാണ്. എന്നാൽ എല്ലാവരേയും കണ്ടെത്തുക അസാധ്യവും. അങ്ങനെ വലിയൊരു പ്രതിസന്ധിയെയാണ് കേരളം നേരിടുന്നത്. വിമാനത്താവളത്തിൽ നിന്ന് ഒളിച്ചു കടന്നതാണ് ഇതിന് കാരണം.

പ്രവാസികുടുംബം വിമാനത്താവളത്തിൽ വച്ചു തന്നെ പരിശോധനയോട് സഹകരിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ ഇത്ര സങ്കീർണമാവില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ തുറന്നടിച്ചു. തീർത്തും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് രോഗബാധിതരിൽ നിന്നുമുണ്ടായത്. എന്നാൽ രോഗികളായ സ്ഥിതിക്ക് അവരുടെ ജീവൻ രക്ഷിക്കാനാണ് നമ്മൾ ഇപ്പോൾ ശ്രമിക്കുന്നത്. ആരോഗ്യവകുപ്പിന് ഒന്നും മറച്ചു വയ്ക്കാനാവില്ല. പരിശോധനകളുമായി സഹകരിച്ചാൽ ആർക്കും ഒന്നും നഷ്ടപ്പെടാനില്ല. ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ മാത്രമേ എല്ലാവർക്കും ഉണ്ടാവൂ. രോഗവിവരം അവർ നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ അവർക്കും സമൂഹത്തിനും അതു ഗുണം ചെയ്‌തേനെ. ഇതിപ്പോൾ എത്ര ആളുകളാണ് ഇനി ആശങ്കയോടെ ജീവിക്കേണ്ടത്. എത്രയോ ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച്ആരോഗ്യപ്രവർത്തകർ കൊറോണ വൈറസിനെതിരെ പോരാടിക്കുകയാണ് അവരോട് സഹകരിക്കാതെ ഇങ്ങനെയുള്ള ഉപദ്രവം ഉണ്ടാക്കി വയ്ക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.

വിദേശത്ത് നിന്നും വന്ന ആരെങ്കിലുമുണ്ടെങ്കിൽ ദയവായി അടുത്തുള്ള മെഡിക്കൽ ഓഫീസറെ കണ്ട് രോഗവിവരം അറിയിക്കണം. അതിലെന്താണ് അവർക്ക് നഷ്ടപ്പെടാനുള്ളത്. ഞങ്ങളെ സമീപിച്ച എല്ലാവരേയും വളരെ നല്ല രീതിയിലാണ് ഞങ്ങൾ പരിചരിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ വെളിപ്പെടാൻ 14 ദിവസം വരെ വേണ്ടി വരും. ഈ സമയം നമ്മളുമായി ഇടപെട്ടവരിൽ എല്ലാം രോഗബാധയ്ക്ക് സാധ്യതയുണ്ട്. ഒരു ജീവൻ പോലും നഷ്ടപ്പെടാതെ എല്ലാവരേയും രക്ഷിക്കാനാണ് ആരോഗ്യവകുപ്പ് ഇത്ര കർശനമായി ഇടപെടുന്നത്. ദയവായി എല്ലാവരും ഞങ്ങളോട് സഹകരിക്കുക - ആരോഗ്യമന്ത്രി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP