Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇട്ടുമൂടാൻ സ്വത്തുള്ള രാജരക്തം ഒഴുകുന്ന ജ്യോതിരാദിത്യ സിന്ധ്യയെ കൂടി ലഭിക്കുമ്പോൾ ബിജെപിക്ക് നേട്ടങ്ങളേറെ; മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനു പിന്നാലെ മുഖ്യമന്ത്രി കസേരയിലേക്ക് എത്താനുള്ള നേതൃത്വത്തെ ലഭിക്കും; ജ്യോതിയെ ചൂണ്ടിക്കാട്ടി വസുന്ധരയെ ഒതുക്കുന്ന തന്ത്രത്തിന് തുടക്കമിടാൻ അമിത്ഷായും; ജനസംഘത്തിലും പിന്നീടു ബിജെപിയിലും എത്തിയ പാരമ്പര്യമുള്ള മുത്തശ്ശി വിജയരാജെ സിന്ധ്യയുടെ വഴിയെ ജ്യോതിരാദിത്യ സിന്ധ്യയും എത്തുമ്പോൾ ഗ്വാളിയാർ രാജകുടുംബത്തിലെ 'ഘർവാപ്പസി' പൂർണമാകുന്നു

ഇട്ടുമൂടാൻ സ്വത്തുള്ള രാജരക്തം ഒഴുകുന്ന ജ്യോതിരാദിത്യ സിന്ധ്യയെ കൂടി ലഭിക്കുമ്പോൾ ബിജെപിക്ക് നേട്ടങ്ങളേറെ; മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനു പിന്നാലെ മുഖ്യമന്ത്രി കസേരയിലേക്ക് എത്താനുള്ള നേതൃത്വത്തെ ലഭിക്കും; ജ്യോതിയെ ചൂണ്ടിക്കാട്ടി വസുന്ധരയെ ഒതുക്കുന്ന തന്ത്രത്തിന് തുടക്കമിടാൻ അമിത്ഷായും; ജനസംഘത്തിലും പിന്നീടു ബിജെപിയിലും എത്തിയ പാരമ്പര്യമുള്ള മുത്തശ്ശി വിജയരാജെ സിന്ധ്യയുടെ വഴിയെ ജ്യോതിരാദിത്യ സിന്ധ്യയും എത്തുമ്പോൾ ഗ്വാളിയാർ രാജകുടുംബത്തിലെ 'ഘർവാപ്പസി' പൂർണമാകുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസിന്റെ കരുത്തുറ്റ നേതാവിനെ തന്നെ ബിജെപി അടർത്തിയെടുത്തപ്പോൾ അത് വലിയ പ്രഹരമാണ് സോണിയ നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന് വരുത്തിവെച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ വരവ് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി മാറുന്ന അവസ്ഥയാണുള്ളത്. ഇപ്പോഴത്തെ അവസ്ഥയിൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ കഴിഞ്ഞാൽ കരുത്തിൽ രണ്ടാമനായ നേതാവായി ഭാവിയിൽ മധ്യപ്രദേശിൽ സിന്ധ്യ മാറും. ബിജെപിയുടേത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്നും അത് അവസാനിപ്പിക്കണമെന്നും കഴിഞ്ഞ മാസവും പ്രസ്താവന ഇറക്കിയ ജ്യോതിരാദിത്യ സിന്ധ്യയെ ഒപ്പം കൂട്ടുന്ന ബിജെപി പല നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ മധ്യപ്രദേശിൽ ഭരണം തിരിച്ചു പിടിക്കുക എന്നതാണ് പാർട്ടിയുടെ പ്രഥമ ലക്ഷ്യം. അതിന് സിന്ധ്യയുടെ വരവ് ഗുണം ചെയ്യുമെന്ന് പാർട്ടി കരുതുന്നു. സംസ്ഥാനത്ത് പാർട്ടിക്ക് പ്രമുഖനായ യുവ നേതാവിനെ ലഭിക്കുന്നുവെന്നതും, അതു സിന്ധ്യ കുടുംബത്തിൽ നിന്നാണെന്നതും വലിയ നേട്ടമായി ബിജെപി നേതൃത്വം വിലയിരുത്തുന്നു. ശക്തനായ നേതാവിലൂടെ കുടുംബ പൈതൃകം തുടരാൻ സാധിക്കുമെന്നതു മെച്ചം. ഭരണം തിരിച്ചുപിടിക്കാനായാൽ, മുഖ്യമന്ത്രിസ്ഥാനം ശിവരാജ് സിങ് ചൗഹാനു തന്നെയെന്നതിൽ സംശയമില്ല. ദേശീയ ഉപാധ്യക്ഷനായി ഡൽഹിയിൽ തുടരുകയെന്നത് അദ്ദേഹത്തിനു താൽപര്യമുള്ള കാര്യമല്ല. പ്രത്യേകിച്ചും, മോദി ഷാ പക്ഷക്കാരനല്ലാത്തതിനാൽ.

നിലവിൽ മധ്യപ്രദേശ് നിയമസഭയിൽ പ്രതിപക്ഷ നേതാവായ ഗോപാൽ ഭാർഗവയെ ആ സ്ഥാനത്തുനിന്നു മാറ്റാൻ പാർട്ടി ആലോചിച്ചിരുന്നു. അദ്ദേഹവും കഴിഞ്ഞ മാസം പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ട വി. ഡി. ശർമയും ബ്രാഹ്മണരാണ്. ശർമയെ അധ്യക്ഷനായി നിയമിച്ചപ്പോൾ തന്നെ സാമുദായിക സന്തുലനം ഉദ്ദേശിച്ചുള്ള മാറ്റം പാർട്ടി ആലോചിച്ചു. സിന്ധ്യ കുടുംബത്തിൽനിന്ന് ബിജെപിയിൽ നിലവിൽ വസുന്ധര രാജെയും യശോദര രാജെയും മകൻ ദുഷ്യന്തുമുണ്ട്. മുതിർന്ന നേതാക്കളായ വസുന്ധരയും യശോദരയും അമിത് ഷായ്ക്കും കൂട്ടർക്കും താൽപര്യമുള്ളവരല്ല. ഇവർക്കു ബദലായി ജ്യോതിരാദിത്യയെ ഉയർത്തിക്കൊണ്ടുവരുകയെന്നത് ഷായുടെ താൽപര്യമാണ്.

ജ്യോതിരാദിത്യയുടെ വരവിനെ യശോദര സ്വാഗതം ചെയ്‌തെങ്കിലും അതത്ര താൽപര്യത്തോടെയല്ലെന്നാണ് പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗ്വാളിയർ ഭുണ്ഡേൽഖണ്ഡ് മേഖലയിൽ പാർട്ടിക്ക് ശക്തിയുറപ്പിക്കാൻ സിന്ധ്യയുടെ വരവ് ഗുണം ചെയ്യുമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു. ഈ മേഖലയിൽ നിന്നു തന്നെയുള്ള നരേന്ദ്ര സിങ് തോമർ ഉൾപ്പെടെയുള്ള നേതാക്കളെ ഒതുക്കാനും സിന്ധ്യ സഹായകമാകുമെന്നും വിലയിരുത്തലുണ്ട്. തോമറും പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയയുമൊക്കെ മുഖ്യമന്ത്രിപദം താൽപര്യപ്പെടുന്ന നേതാക്കളാണ്. സിന്ധ്യയുടെ വരവിനെ വിജയ്വർഗിയ അനുകൂലിച്ചില്ലെന്നു സൂചനയുണ്ട്.

അപ്പോഴും, കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം നൽകിയാൽ അതുകൊണ്ട് സിന്ധ്യ തൃപ്തിപ്പെടണമെന്നില്ലെന്ന് വിലയിരുത്തലുണ്ട്. മോദി മന്ത്രിസഭയിൽ പ്രധാന വകുപ്പു ലഭിച്ചാലും അതിനെ വലിയ നേട്ടമായി കരുതാനാവില്ലെന്നാണ് അവർ സൂചിപ്പിക്കുന്നത്. കോൺഗ്രസിൽ സിന്ധ്യയ്ക്കു ലഭിക്കുമായിരുന്ന പ്രാധാന്യം മോദി ഭരണകാലത്ത് പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ, അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നതാവും സിന്ധ്യയുടെ താൽപര്യമെന്നും അവർ സൂചിപ്പിക്കുന്നു. അതിനുള്ള വഴിയൊരുക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും.

അതേസമയം ജ്യോതിരാദിത്യ സിന്ധ്യയെ സംബന്ധിച്ചിടത്തോളം ഇതൊരു ഘർവാപ്പസിയാണ് എന്ന് പറയേണ്ടി വരും. കോൺഗ്രസിൽനിന്നു ജനസംഘത്തിലും പിന്നീടു ബിജെപിയിലും എത്തിയ പാരമ്പര്യമാണു മുത്തശ്ശിയുടേത്. എന്നാൽ, ജനസംഘത്തിൽ നിന്നു കോൺഗ്രസിലെത്തിയ ആളാണ് അച്ഛൻ. ബിജെപിയിലെത്തിയാലും ഇല്ലെങ്കിലും മുത്തശ്ശിയെപ്പോലെ കോൺഗ്രസിൽ നിന്നാണു ജ്യോതിരാദിത്യയും ചുവടുമാറ്റുന്നത്. അതിനു തിരഞ്ഞെടുത്തതാകട്ടെ അച്ഛൻ മാധവറാവു സിന്ധ്യയുടെ 75ാം ജന്മദിനവും.

രാജഭരണത്തിൽ നിന്നു രാഷ്ട്രീയത്തിലിറങ്ങിയ സിന്ധ്യ കുടുംബത്തിൽ ഏറെപ്പേർക്കും ആഭിമുഖ്യം ബിജെപിയോടായിരുന്നു. ഗ്വാളിയർ ഭരിച്ച ഇവരിൽ അവസാനത്തെ രാജാവ് ജിവാജിറാവുവാണ്. അദ്ദേഹത്തിന്റെ ഭാര്യ വിജയരാജെ സിന്ധ്യ ഗ്വാളിയറുകാരുടെ 'രാജമാതാ' ആയിരുന്നു. 1957 ൽ വിജയരാജെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങി. ആദ്യം ഗുണയിൽ നിന്നും പിന്നെ ഗ്വാളിയറിൽ നിന്നും ലോക്‌സഭയിലെത്തി. മന്ത്രിസ്ഥാനം കിട്ടാതെ വന്നതോടെ ഇന്ദിരാ ഗാന്ധിയുമായും കോൺഗ്രസുമായും അകന്നു. 1967ൽ സ്വതന്ത്ര പാർട്ടി ടിക്കറ്റിൽ മത്സരിച്ച അവർ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായി. മകൻ മാധവറാവുവും അന്ന് അമ്മയ്‌ക്കൊപ്പം നിന്നു.

പിന്നീട് അമ്മയുമായും ജനസംഘവുമായും അകന്ന മാധവറാവു അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായും പിന്നീട് 1980 മുതൽ കോൺഗ്രസുകാരനായും ജയിച്ചു. 1980 ൽ ഇന്ദിരയ്‌ക്കെതിരെ തോറ്റ വിജയരാജെ 1989 ലാണു വീണ്ടും ലോക്‌സഭയിലെത്തിയത്. അമ്മയ്‌ക്കൊപ്പം നിലകൊണ്ട പെൺമക്കളായ വസുന്ധര രാജെയും യശോധര രാജെയും ബിജെപിയിൽ സജീവമായി. വസുന്ധര ദീർഘനാൾ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. യശോധര ഇടയ്ക്കു യുഎസിലായിരുന്നു താമസമെങ്കിലും തിരികെയെത്തി മധ്യപ്രദേശ് ബിജെപിയിൽ സജീവമായി. 201318 ൽ മധ്യപ്രദേശിൽ മന്ത്രിയായിരുന്നു. ഇവരുടെ മക്കളിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയത് വസുന്ധരയുടെ മകൻ ദുഷ്യന്ത് സിങ് മാത്രം. 2004 മുതൽ രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപിയാണു ദുഷ്യന്ത്.

കുടുംബത്തിലെല്ലാവരും ബിജെപിയിൽ നിൽക്കുമ്പോഴും അച്ഛന്റെ നിലപാടിനൊപ്പമായിരുന്നു ജ്യോതിരാദിത്യ. പല കാരണങ്ങളുണ്ടെങ്കിലും സീറ്റിന്റെ പേരു പറഞ്ഞു പാർട്ടി വിട്ട ചരിത്രം ജ്യോതിരാദിത്യ സിന്ധ്യയ്ക്കു മാത്രമല്ല, അച്ഛൻ മാധവറാവു സിന്ധ്യയ്ക്കുമുണ്ട്. ജ്യോതിരാദിത്യയ്‌ക്കെന്ന പോലെ, ബിജെപി വാതിലുകൾ തുറന്നിട്ടിട്ടും സ്വന്തം പാർട്ടിക്കു രൂപം നൽകാനായിരുന്നു 24 വർഷം മുൻപു മാധവറാവുവിന്റെ തീരുമാനം. മധ്യപ്രദേശ് വികാസ് പാർട്ടിയുണ്ടാക്കിയ മാധവറാവു, അന്ന് എച്ച്.ഡി. ദേവെഗൗഡ, ഐ.കെ. ഗുജ്‌റാൾ സർക്കാരുകളിൽ സ്വാധീന ശക്തിയായിരുന്നു.

രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവുവിനു കോൺഗ്രസിൽ വലിയ വളർച്ചയായിരുന്നു. നിർണായക വകുപ്പുകൾ നൽകിയെങ്കിലും മാധവറാവുവുമായി പ്രധാനമന്ത്രി നരസിംഹറാവു അത്ര രസത്തിലായിരുന്നില്ല. ഗാന്ധി കുടുംബവുമായുള്ള അടുപ്പം തന്നെയായിരുന്നു കാരണം. ജെയ്ൻ ഹവാല അഴിമതിയിൽ പണം പറ്റിയവരുടെ പട്ടികയിൽ പേരു ചേർക്കപ്പെട്ട മാധവറാവുവിനു ലോക്‌സഭയിലേക്കു സീറ്റ് നൽകാൻ നേതൃത്വം വിസ്സമ്മതിച്ചു. ഇതോടെ പാർട്ടി വിട്ട അദ്ദേഹം മധ്യപ്രദേശ് വികാസ് പാർട്ടി രൂപീകരിച്ചു മത്സരിക്കുകയായിരുന്നു. എന്തായാലും ഇപ്പോഴത്തെ നിലയിൽ ഗുണയിൽ പരാജയപ്പെട്ട നേതാവായ ജ്യോതിരാദിത്യ സിന്ധ്യ പിതാവിന്റെ പാതിയൽ പോകാൻ തയ്യാറല്ല. മറിച്ച് ഈ സാഹചര്യത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ കക്ഷിയായ കോൺഗ്രസിനൊപ്പം നീങ്ങാനാണ് ഒരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP