Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണറുടെ ഉത്തരവ്; അംഗങ്ങൾ ബട്ടൺ അമർത്തി വോട്ട് ചെയ്യണമെന്നും നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും നിർദ്ദേശം നൽകി ലാൽജി ടണ്ടൻ; രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാക്കി കോൺഗ്രസും ബിജെപിയും; മധ്യപ്രദേശും 'കൈവിടുന്ന'തോടെ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിന് ബിജെപിക്ക് മുന്നിലുള്ളത് നാല് സംസ്ഥാനങ്ങൾ മാത്രം; ഫീനിക്‌സ് പക്ഷിയെപോലെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന കമൽനാഥിനെ പ്രതീക്ഷിച്ച് കോൺഗ്രസും

നാളത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണറുടെ ഉത്തരവ്; അംഗങ്ങൾ ബട്ടൺ അമർത്തി വോട്ട് ചെയ്യണമെന്നും നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും നിർദ്ദേശം നൽകി ലാൽജി ടണ്ടൻ; രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാക്കി കോൺഗ്രസും ബിജെപിയും; മധ്യപ്രദേശും 'കൈവിടുന്ന'തോടെ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിന് ബിജെപിക്ക് മുന്നിലുള്ളത് നാല് സംസ്ഥാനങ്ങൾ മാത്രം; ഫീനിക്‌സ് പക്ഷിയെപോലെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന കമൽനാഥിനെ പ്രതീക്ഷിച്ച് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ ഉത്തരവിന് പിന്നാലെ മധ്യപ്രദേശിൽ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമായി. സർക്കാരിനെ നിയന്ത്രിക്കാനുള്ള പൂർണ അധികാരമുണ്ടെന്ന ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ അടിയന്തിരമായി വിശ്വാസവോട്ട് തേടണമെന്ന് ഗവർണർ ലാൽ ജി ടണ്ടൻ മുഖ്യമന്ത്രി കമൽനാഥിന് നിർദ്ദേശം നൽകിയത്. സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് ബോധ്യപ്പെട്ടെന്നും നാളെ തന്നെ സഭയിൽ വിശ്വാസവോട്ട് തേടണമെന്നുമാണ് ഗവർണർ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടാനും അതുവഴി ലഭിക്കുന്ന സമയം കൊണ്ട് നിലവിലെ പ്രതിസന്ധിക്ക പരിഹാരം കാണാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഗവർണറുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം.

ഗവർണ്ണറുടെ ഉത്തരവിന് പിന്നാലെ ജയ്പൂരിലേക്ക് മാറ്റിയ എംഎൽഎമാരെ കോൺഗ്രസ് ഭോപ്പാലിൽ തിരികെയെത്തിച്ചു. നാളെ മുതൽ ഏപ്രിൽ 13വരെ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എംഎൽഎമാർക്ക് വിപ്പ് നൽകി. ബംഗളൂരുവിലുള്ള വിമത എംഎൽഎമാരും, ഹരിയാന മനേസറിലേക്ക് മാറ്റിയ ബിജെപി എംഎൽഎമാരും വൈകുന്നേരത്തോടെ ഭോപ്പാലിലെത്തും.

സർക്കാരിനെ നിയന്ത്രിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന ഭരണഘടനയിലെ വകുപ്പുകൾ ഉപയോഗിച്ചാണ് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണ്ണർ ലാൽജി ടണ്ടൻ ഉത്തരവിട്ടത്. കഴിഞ്ഞ രാത്രി 12 മണിയോടെ മുഖ്യമന്ത്രി കമൽനാഥിന് ഉത്തരവ് കൈമാറി. തന്റെ അഭിസംബോധനക്ക് ശേഷം നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണം. ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്തണം, മറ്റൊരു രീതിയും അംഗീകരിക്കില്ല. നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ഗവർണ്ണർ നിർദ്ദേശിച്ചു.

കമൽനാഥ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവർണ്ണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നും, ഗവർണ്ണർക്കിടപെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ നീക്കം.

22 എംഎൽഎമാർ രാജിവച്ചതോടെ നിയമസഭയിലെ അംഗസംഖ്യ 206 ആയി. കേവല ഭരിപക്ഷം 104 ആണെന്നിരിക്കേ 107 അംഗങ്ങളുള്ള ബിജെപിയുടെ നില ഭദ്രമാണ്. ബിഎസ്‌പി, സമാജ്‌വാദി പാർട്ടി അംഗങ്ങളുടെയും, സ്വതന്ത്രരുടെയും കൂടി പിന്തുണ കിട്ടിയാൽ തന്നെ കോൺഗ്രസിന്റെ അംഗബലം 99 ആകുന്നൂള്ളൂ. സർക്കാർ താഴെ വീഴുമെന്ന് ഉറപ്പായതോടെ ഏതാനും വിമതരേയും ബിജെപി അംഗങ്ങളെയും ഒപ്പം നിർത്താനുള്ള നെട്ടോട്ടത്തിലാണ് കമൽനാഥെന്നാണ് സൂചന.

വിമത എംഎൽഎമാരുടെ രാജിയെ തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ വിശ്വാസവോട്ടെടുപ്പിന് തയാറാണെന്ന് മുഖ്യമന്ത്രി കമൽനാഥ് ഗവർണർ ലാൽജി ടണ്ടനെ അറിയിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരെ വിലയ്‌ക്കെടുത്ത ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും തടവിലാക്കിയിരിക്കുന്ന ഇവരെ മോചിപ്പിക്കണമെന്നും വെള്ളിയാഴ്ച കമൽനാഥ് ഗവർണറെ കണ്ട് അഭ്യർത്ഥിച്ചിരുന്നു. ഗവർണർക്ക് നൽകിയ മൂന്ന് പേജുള്ള കത്തിൽ മാർച്ച് മൂന്ന് മുതൽ മാർച്ച് 10 വരെ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇക്കാലയളവിൽ തങ്ങളുടെ എംഎൽഎമാരെ ബിജെപി പണം കൊടുത്ത് വിലക്ക് വാങ്ങിയെന്ന് കമൽനാഥ് ആരോപിച്ചു. മാർച്ച് എട്ടിന് കോൺഗ്രസിന്റെ 19 എംഎൽഎമാരെ പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലേക്ക് കടത്തി. ഇവർക്ക് ആശയവിനിമയം നിഷേധിച്ച് റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്നും കത്തിൽ പറയുന്നു.

രാജ്യത്തെ തലമുതിർന്ന രാഷ്ട്രീയക്കാരിൽ പ്രമുഖനാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള ഉടക്കിനെ തുടർന്ന് കാര്യങ്ങൾ കൈവിട്ടു പോയതോടെ മധ്യപ്രദേശിലെ ഭരണം കൈവിട്ടു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. മറുകണ്ടം ചാടിയ സിന്ധ്യ ബിജെപി പാളയത്തിലേക്ക് നീങ്ങി രാജ്യസഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്നു. ഇന്ന് അദ്ദേഹം നോമിനേഷൻ നൽകുകയുമുണ്ടായി. എന്നാൽ കമൽനാഥ് അണിയറയിൽ ഒരുക്കി വെച്ചിരിക്കുന്നത് എന്താണ് എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. നിരാശ പടരുന്നതിനിടെയിലും കമൽനാഥ് അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസുകാരുമുണ്ട്.

കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പിന്തുണക്കുന്ന 22 എംഎൽഎമാർ രാജി പ്രഖ്യാപിച്ചത്. ഇത് സർക്കാറിനെ പ്രതിസന്ധിയിലാക്കി. 230 അംഗ നിയമസഭയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിന് 120 എംഎൽഎമാരാണ് ഉള്ളത്. ബിജെപിക്ക് 107 അംഗങ്ങളുണ്ട്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. വിമത എംഎൽഎമാരുടെ രാജി സ്വീകരിക്കുകയാണെങ്കിൽ സർക്കാർ താഴെവീഴുന്ന സാഹചര്യമാണ്. വിശ്വാസവോട്ടെടുപ്പിന് തങ്ങൾ തയാറാണെന്നും എന്നാൽ, 22 എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീർപ്പുണ്ടായിട്ടുമതി ഇതെന്നും കോൺഗ്രസ് പറഞ്ഞിരുന്നു. എംഎൽഎമാരുടെ രാജി സ്വീകരിക്കുകയാണെങ്കിൽ സഭയുടെ അംഗബലം 206 ആകും. കോൺഗ്രസിന് 92, ബിജെപിക്ക് 107. കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ വേണം.

കോൺഗ്രസ് മുക്ത ഭാരതം യാഥാർത്ഥ്യമാകാൻ ബിജെപിക്ക് മുന്നിൽ ഇനി നാല് സംസ്ഥാനങ്ങൾ മാത്രം

മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലംപതിക്കും എന്ന കാര്യത്തിൽ ബിജെപിക്ക് സംശയമില്ല. ഇത് പൂർത്തിയായി കഴിഞ്ഞാൽ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായ കോൺഗ്രസ് മുക്ത ഭാരതത്തിന് ഇനി നാല് സംസ്ഥാനങ്ങളിലെ ഭരണം കൂടി മാത്രമാണ് നഷ്ടപ്പെടുത്തേണ്ടത്. നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് നിലവിൽ കോൺഗ്രസ് ഭരണപക്ഷത്തുള്ളത്. മധ്യപ്രദേശിലെ സർക്കാരിന് ഇന്ന് ഇരുട്ടിവെളുക്കുന്നത് വരെ മാത്രമേ ആയുസുള്ളൂ എന്നാണ് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. അതിന് ശേഷം രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, പഞ്ചാബ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള കരുക്കളാകും ബിജെപി നീക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP