Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനകീയ പ്രക്ഷോഭ ജ്വാലയുടെ പോസ്റ്ററിൽ നിന്നും ഒഴിവാക്കിയത് വളർത്തിക്കൊണ്ടു വന്ന് ഡിസിസി പ്രസിഡന്റ് പദം വരെ നൽകിയ പ്രതിപക്ഷ നേതാവിനെ വരെ; കെ സി വേണുഗോപാലിന്റെ പടം മാത്രം വെച്ചത് ഏക നേതാവ് എന്ന് പ്രഖ്യാപിക്കാനും; സ്വന്തം ഗ്രൂപ്പുണ്ടാക്കി കേരളത്തിൽ ചുവടുറപ്പിക്കാൻ ശ്രമിച്ച കെസിക്ക് ചെന്നിത്തല മറുപടി നൽകിയത് കർശന നീക്കത്തിലൂടെ; തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിനെ പുറംതള്ളി ഐ ഗ്രൂപ്പ്

ജനകീയ പ്രക്ഷോഭ ജ്വാലയുടെ പോസ്റ്ററിൽ നിന്നും ഒഴിവാക്കിയത് വളർത്തിക്കൊണ്ടു വന്ന് ഡിസിസി പ്രസിഡന്റ് പദം വരെ നൽകിയ പ്രതിപക്ഷ നേതാവിനെ വരെ; കെ സി വേണുഗോപാലിന്റെ പടം മാത്രം വെച്ചത് ഏക നേതാവ് എന്ന് പ്രഖ്യാപിക്കാനും; സ്വന്തം ഗ്രൂപ്പുണ്ടാക്കി കേരളത്തിൽ ചുവടുറപ്പിക്കാൻ ശ്രമിച്ച കെസിക്ക് ചെന്നിത്തല മറുപടി നൽകിയത് കർശന നീക്കത്തിലൂടെ; തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിനെ പുറംതള്ളി ഐ ഗ്രൂപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐ ഗ്രൂപ്പ് പിളർത്തി കെ സി വേണുഗോപാലിന് സ്വന്തമായി ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ച തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഐഗ്രൂപ്പിന് പുറത്തേക്ക്. നെയ്യാറ്റിൻകര സനലിനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതോടെ പുതിയ ഗ്രൂപ്പിന് ശ്രമിച്ച മറ്റുള്ളവരും സനലിനെ കൈവിട്ടു. കഴിഞ്ഞ ഒരാഴ്‌ച്ചയായി ഐഗ്രൂപ്പിന്റെ യോഗങ്ങളിലൊന്നും പങ്കെടുപ്പിക്കാതെ നെയ്യാറ്റിൻകര സനലിനെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് മാറ്റി നിർത്തിയിരിക്കുകയാണ്. കെ സി വേണുഗോപാൽ എഐസിസി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെങ്കിലും കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ ഇന്നും ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലക്കുമുള്ള അപ്രമാദിത്വം ബോധ്യപ്പെട്ടതോടെ നെയ്യാറ്റിൻകര സനലിനൊപ്പം നിന്നവർ പോലും തിരിച്ച് ഐ ഗ്രൂപ്പിലേക്ക് പോകുകയായിരുന്നു.

തിരുവനന്തപുരത്തെ കോൺഗ്രസിന്റെ ജനകീയ പ്രക്ഷോഭ ജ്വാലയോടെയാണ് നെയ്യാറ്റിൻകര സനൽ ഐഗ്രൂപ്പിലും പാർട്ടിയിലും ഒറ്റപ്പെട്ടത്. പ്രചരണ പോസ്റ്ററുകളിൽ ഡിസിസി പ്രസിഡന്റിന്റെ പടം മാത്രം വച്ചതിൽ തുടങ്ങിയ ആക്ഷേപങ്ങൾ പുതിയ തലത്തിലെത്തുകയായിരുന്നു. പേരിന് വേണ്ടിയും പ്രശസ്തിക്ക് വേണ്ടിയും മാത്രമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജ്വാല മാറിയെന്നാണ് ആരോപണം.

ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിന് എതിരേയും ആണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചിരുന്നത്. ഇതിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചിത്രം പോലുമില്ല. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും ഒഴിവാക്കി. എകെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പതിവ് ചിത്രവും കണ്ടില്ല. അതേസമയം, ജാഥയുടെ ഉദ്ഘാടനം കെസി വേണുഗോപാലായിരുന്നു. യാത്രയുടെ ഉദ്ഘാടനത്തിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിൽ വേണുഗോപാൽ എത്തുകയും ചെയ്തതോടെ കെ സി വേണുഗോപാലിന് വേണ്ടി പടനയിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് സനലാണെന്ന ഐ ഗ്രൂപ്പ് തിരിച്ചറിയുകയായിരുന്നു. ഇതോടെ കോൺഗ്രസിൽ ചർച്ചകളും സജീവമാക്കി.

കേരള രാഷ്ട്രീയത്തിൽ പിടിമുറുക്കാനും ഐഗ്രൂപ്പിനെ തകർക്കാനും കെ സി വേണുഗോപാൽ നടത്തുന്ന ശ്രമങ്ങളെ മുളയിലേ നുള്ളണമെന്ന വാദം ഐ ഗ്രൂപ്പിൽ ശക്തമായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തലയുടെ പേരിനൊപ്പവും താഴെയും പോലും മറ്റൊരു പേരുണ്ടാകരുത് എന്ന വികാരം ഗ്രൂപ്പ് യോഗങ്ങളിൽ ശക്തമായതോടെ നെയ്യാറ്റിൻകര സനലിനെ പൂർണമായും തള്ളാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

ഐ ഗ്രൂപ്പിന്റെ നോമിനിയായാണ് നെയ്യാറ്റിൻകര സനൽ ഡിസിസിയുടെ തലപ്പത്ത് എത്തുന്നത്. എ ഗ്രൂപ്പ് പണ്ടേ പൂർണ്ണമായും സനലിന് എതിരാണ്. വി എസ് ശിവകുമാറിനെതിരെ വിജിലൻസ് ഉയർത്തുന്ന ആരോപങ്ങളെ പ്രതിരോധിക്കാൻ പോലും ഡിസിസി അധ്യക്ഷൻ തയ്യാറായില്ലെന്ന പരാതിയും സജീവമാണ്. ശിവകുമാറിനെ വെട്ടി തിരുവനന്തപുരത്തെ പ്രധാനിയായാകനാണ് സനലിന്റെ ശ്രമമെന്നും ഗ്രൂപ്പിനുള്ളിൽ ആക്ഷേപം ഉയർന്നിരുന്നു.

തിരുവനന്തപുരത്ത് ഐ ഗ്രൂപ്പിനെ നയിക്കുന്നത് വി എസ് ശിവകുമാറാണ്. നെയ്യാറ്റിൻകരയിൽ നിന്നുള്ള നേതാവാണ് ശിവകുമാറും. എന്നാൽ ഡിസിസി അധ്യക്ഷനായ ശേഷം ഐ ഗ്രൂപ്പിനെ പോലും കണക്കിലെടുക്കാതെ സനൽ മുമ്പോട്ട് പോകുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ജനകീയ പ്രക്ഷോഭ ജ്വാല നടത്തിയത്. കോൺഗ്രസിന്റെ ഈ സമര രീതിയെ അട്ടിമറിച്ച് താൻ സ്വന്തമായി നടത്തുന്ന പ്രക്ഷോഭമാക്കി ഇതിനെ മാറ്റാനാണ് സനൽ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെട്ടി വിശാല ഐ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുക്കാൻ കെ.സി വേണുഗോപാൽ നീക്കം തുടങ്ങിയിട്ട് നാളുകൾ ഏറെയായിരുന്നു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രമേശ് ചെന്നിത്തലയുടെ നിഴലായി നിന്ന കെ.സി വേണുഗോപാലാണ് ഇപ്പോൾ രമേശ് ചെന്നിത്തലക്ക് ഭീഷണി ഉയർത്തുന്നത്.

രാഹുൽഗാന്ധിയുടെയും കോൺഗ്രസ് ഹൈക്കമാന്റിന്റെയും വിശ്വസ്ഥനാണിപ്പോൾ കെ.സി വേണുഗോപാൽ. കർണാടകയിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്- ജെ.ഡി.എസ് സർക്കാരുണ്ടാക്കിയതും. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാരുകളുണ്ടാക്കുന്നതിലും കെ.സിയുടെ പാടവം ഹൈക്കമാന്റ് അംഗീകരിച്ചതാണ്.

രമേശ് ചെന്നിത്തലക്കൊപ്പം മൂന്നാം ഗ്രൂപ്പിലും വിശാല ഐ ഗ്രൂപ്പിലും നിഴലായി നിന്ന കെ.സി ഇപ്പോൾ രമേശ് ചെന്നിത്തലയെ വെട്ടി കേരള രാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമായ തനിക്കു പിന്നാലെയെത്തും ഐ ഗ്രൂപ്പിലെ എംഎ‍ൽഎമാർ എന്നായിരുന്നു കെസിയുടെ വിലയിരുത്തൽ. എന്നാൽ, രമേശ് ചെന്നിത്തലയുടെ സഹായമില്ലാതെ കേരളത്തിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന ബോധ്യം ഉള്ള എംഎൽഎമാർ രമേശ് ചെന്നിത്തലക്കൊപ്പം അടിയുറച്ച് നിൽക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമാണ് തിരുവനന്തപുരം. എന്നാൽ, നഗരസഭയിൽ പ്രതിപക്ഷ സ്ഥാനം ബിജെപിക്കാണ്. വട്ടിയൂർക്കാവിലെ അപ്രതീക്ഷിത പരാജയവും കോൺഗ്രസിനുള്ളിൽ ഐഗ്രൂപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാർട്ടി ശക്തമാകണമെങ്കിൽ ഗ്രൂപ്പ ശക്തമാകണമെന്ന നിലപാട് മുഴുവൻ നേതാക്കളും സ്വീകരിച്ചതോടെയാണ് നെയ്യാറ്റിൻകര സനലിനെ പൂർണമായും ഒറ്റപ്പെടുത്താനും അവഗണിക്കാനും ഐഗ്രൂപ്പ് തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP