Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭക്ഷണവും മദ്യവും മാസ്‌ക്കുമൊന്നുമല്ല അമേരിക്കക്കാർ തിരക്ക് കൂട്ടുന്നത് തോക്കുവാങ്ങാൻ; കാലിഫോർണിയയിൽ സൂപ്പർമാർക്കറ്റുകളേക്കാൾ തിരക്ക് ആയുധവിൽപ്പന കടകളിൽ; കൊറോണയുടെ വ്യാപനത്തിന് ഒടുവിൽ ക്രമസമാധാനനില തകരുമെന്നും ജനം വീടുകൊള്ളയടിക്കുമെന്നും ഭൂരിഭാഗവും ഭയക്കുന്നു; ട്രംപ് ഭരണകൂടം തങ്ങളുടെ രക്ഷയ്ക്ക് എത്തില്ലെന്നും ആശങ്ക; കോവിഡ് 19 പടരുന്ന കാലത്തും അമേരിക്കക്കാർ തോക്ക് വാങ്ങിക്കൂട്ടുന്നത് വരാനിരിക്കുന്ന കലാപത്തിന്റെ സൂചനയോ?

ഭക്ഷണവും മദ്യവും മാസ്‌ക്കുമൊന്നുമല്ല അമേരിക്കക്കാർ തിരക്ക് കൂട്ടുന്നത് തോക്കുവാങ്ങാൻ; കാലിഫോർണിയയിൽ സൂപ്പർമാർക്കറ്റുകളേക്കാൾ തിരക്ക് ആയുധവിൽപ്പന കടകളിൽ; കൊറോണയുടെ വ്യാപനത്തിന് ഒടുവിൽ ക്രമസമാധാനനില തകരുമെന്നും ജനം വീടുകൊള്ളയടിക്കുമെന്നും ഭൂരിഭാഗവും ഭയക്കുന്നു; ട്രംപ് ഭരണകൂടം തങ്ങളുടെ രക്ഷയ്ക്ക് എത്തില്ലെന്നും ആശങ്ക; കോവിഡ് 19 പടരുന്ന കാലത്തും അമേരിക്കക്കാർ തോക്ക് വാങ്ങിക്കൂട്ടുന്നത് വരാനിരിക്കുന്ന കലാപത്തിന്റെ സൂചനയോ?

എം മാധവദാസ്

ന്യൂയോർക്ക്: കോവിഡ് പടരുന്നതിനിടെ ലോകത്ത് കടുത്ത സാമ്പത്തിക മാന്ദ്യവും ഭക്ഷ്യക്ഷാമവും ഉണ്ടാവുമെന്ന് ആശങ്കയുണ്ട്. അതുകൊണ്ടാകട്ടെ ബ്രിട്ടനിലും ഇറ്റലിയിലും അടക്കം ജനം ഭക്ഷ്യസാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നതിന്റെ തിരക്കിലാണ്. ഇന്ത്യയിലും ഇറാനിലും മാസ്‌ക്കിനും സാനിറ്റൈസറുകൾക്കും വേണ്ടിയായിരുന്നു തിരക്ക് എങ്കിൽ ഹോങ്കോങ്ങിലും ഓസ്‌ട്രേലിയയിലും മറ്റും അത് ടോയ്‌ലെറ്റ് പേപ്പർ വാങ്ങാൻ വേണ്ടി ആയിരുന്നു. അതുപോലെ സ്പെയിൻകാർ മദ്യവും എനർജി ഡ്രിങ്കുകളുമായിരുന്നു ഏറെയും വാങ്ങിവെച്ചത്. എന്നാൽ, അമേരിക്കക്കാർ തോക്ക് വാങ്ങുന്ന തിരക്കിലാണെന്നാണ് റോയിട്ടേഴസ് അടക്കമുള്ള ലോക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

കാലിഫോർണിയയിലായിരുന്നു ഈ കാഴ്ച കൂടുതൽ. സത്യത്തിൽ ഇത് രാഷ്ട്രീയ നിരീക്ഷകരെയും വല്ലാതെ അമ്പരപ്പിച്ചിട്ടുണ്ട്. കടുത്ത ഭക്ഷ്യക്ഷാമവും അരാജകത്വവുമാണ് ഇനിയുള്ള ദിവസങ്ങളിൽ അമേരിക്കക്കാർ പ്രതീക്ഷിക്കുന്നത് എന്നതിന്റെ വ്യക്താമായ സൂചനയായാണ് പലരും ഈ തോക്ക് വാങ്ങിക്കൂട്ടലിനെ കാണുന്നത്. ഇന്ത്യയിൽ നിന്നൊക്കെ വിഭിന്നമായി പരസ്യമായി തോക്ക് കടയിൽ നിന്നൊക്കെ വാങ്ങാൻ കിട്ടുന്ന അവസ്ഥയാണ് അമേരിക്കയിൽ ഉള്ളത്. പ്രശസ്ത യുഎസ് മാധ്യമപ്രവർത്തകൻ മീൽ ഗ്രേമാൻ ഇങ്ങനെ പറയുന്നു. 'തങ്ങളുടെ ഭരണാധികാരികളിൽ അവർക്ക് വേണ്ടത്ര വിശ്വാസമില്ല. ട്രംപിനെക്കൊണ്ടോ അദ്ദേഹത്തിന്റെ ഭരണകൂടത്തെക്കൊണ്ടോ ഒന്നും ഈ മഹാമാരിയെ പിടിച്ചു നിർത്താനാവില്ല എന്നവർ കരുതുന്നു.അവശ്യസാധനങ്ങൾ ആളുകൾ വൻതോതിൽ തങ്ങളുടെ വീടുകളിൽ സ്റ്റോക്ക് ചെയ്തു കഴിഞ്ഞാൽ അത് താമസിയാതെ വിപണിയിൽ അവയുടെ ലഭ്യത കുറയ്ക്കും. ഒടുവിൽ ആകെ ക്രമസമാധാന നില തകരുകയും, കഴിക്കാനുള്ള ഭക്ഷണം പോലും കിട്ടാതെ ഒടുവിൽ നഗരത്തിൽ കലാപങ്ങൾ വരെ ഉണ്ടാകുമെന്നും അവർ കരുതുന്നു. അങ്ങനെ വരുമ്പോൾ പിന്നെ ആളുകൾ വിശപ്പടക്കാൻ വേണ്ടി പരസ്പരം വീടുകേറി കൊള്ളയടിക്കാൻ വരെ തയ്യാറാകും. ആ സാഹചര്യത്തിൽ സ്വയരക്ഷയ്ക്കുവേണ്ടിയാണ് ആളുകൾ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്.' -അദ്ദേഹം ചൂണ്ടിക്കാട്ടി .

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ അമേരിക്കയിൽ തോക്കുകളുടെയും വെടിമരുന്നിന്റെയും വിൽപ്പന കുതിച്ചുയരുകയാണ്. വൈറസ് മൂലം സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയമാണ് ചില അമേരിക്കക്കാരെ സ്വയം സംരക്ഷണത്തിനുള്ള ഒരു മാർഗ്ഗമായി തോക്കുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പടിഞ്ഞാറൻ തീരത്തുള്ള ആയുധ കടകൾക്ക് പുറത്ത് വലിയ ക്യൂ പ്രകടമായിരുന്നു. കാലിഫോർണിയയിലെ കൽവർ സിറ്റിയിലെ മാർട്ടിൻ ബി റിറ്റിങ് തോക്ക് ഷോപ്പിൽ കഴിഞ്ഞ ഒരാഴ്ചയായി ക്യൂ ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല.

'നമുക്ക് തോക്കുകൾ ആവശ്യമില്ലെന്ന് രാഷ്ട്രീയക്കാരും തോക്ക് വിരുദ്ധരും വളരെക്കാലമായി നമ്മോട് പറയുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ, അവരടക്കം ധാരാളം ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. എന്തുചെയ്യണമെന്ന് സ്വയം തീരുമാനിക്കാം' എന്നാണ് ഒരു ഉപഭോക്താവ് 'ലോസ് ആഞ്ചലസ് ടൈംസിനോട്' പറഞ്ഞത്. തന്റെ സ്റ്റോറിൽനിന്നും ഇത്തരത്തിൽ വൻതോതിൽ ആയുധ വിൽപ്പന നടക്കുന്നത് ആദ്യമാണ് എന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ഹയാട്ട് ഗൺസ് എന്ന രാജ്യത്തെ ഏറ്റവും വലിയ തോക്ക് ഷോപ്പുകളുടെ ഉടമ ലാറി ഹയാട്ട് പറയുന്നു. 'തങ്ങളെയും കുടുംബത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകൾക്ക് തോന്നി തുടങ്ങിയതാണ് തോക്കുകളും വെടിക്കോപ്പുകളും വാങ്ങുന്നതിനുള്ള വലിയ തിരക്കിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിഷേധവുമായി ആന്റിഗൺ ആക്റ്റീവിസ്റ്റുകൾ

പ്രധാന ഓൺലൈൻ തോക്ക് കച്ചവടക്കാരനായ ആംമോ ഡോട്ട് കോം ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയുള്ള വിൽപ്പനയുടെ കണക്കുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 23 വരെയുള്ള 11 ദിവസത്തെ അപേക്ഷിച്ച് അതിനു ശേഷമുള്ള 11 ദിവസത്തെ വിൽപ്പന 68 ശതമാനമാണ് വർദ്ധിച്ചത്. നോർത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിൽ വിൽപ്പന യഥാക്രമം 179 ശതമാനവും 169 ശതമാനവും ഉയർന്നു. പെൻസിൽവാനിയ, ടെക്സസ്, ഫ്ലോറിഡ, ഇല്ലിനോയിസ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും തോക്കുകളുടെയും വെടിക്കോപ്പുകളുടെയും വിൽപ്പന കുതിച്ചുയരുകയാണ്.

കഴിഞ്ഞ 61 വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ രണ്ടാമത്തെ ചാകരയാണ് ഇപ്പോൾ തോക്കുകച്ചവടത്തിൽ കാണാൻ സാധിക്കുന്നത് എന്ന് നോർത്ത് കരോലിനയിലെ ഷെർലോട്ടിൽ തോക്കുകച്ചവടം നടത്തുന്ന 'ഹ്യാട്ട് ഗൺസ്' ഉടമ ലാറി ഹ്യാട്ട് പറയുന്നു. ആദ്യത്തേത് കണക്ടിക്കട്ടിലെ സ്‌കൂളിൽ നടന്ന വെടിവെപ്പിനെത്തുടർന്നുണ്ടായ തോക്കുവാങ്ങിക്കൂട്ടൽ ആയിരുന്നു എന്നദ്ദേഹം പറഞ്ഞു. പണ്ടൊക്കെ, വേട്ടയ്ക്ക് ഉപയോഗിക്കുനതരം റൈഫിളുകൾക്കും കിടക്കയ്ക്കരികിലെ കപ്പ് ബോർഡിൽ സൂക്ഷിക്കാൻ പറ്റിയ തരത്തിലുള്ള കൈത്തോക്കുകൾക്കുമായിരുന്നു ഡിമാൻഡെങ്കിൽ, ഇന്ന് ഒന്നിച്ച് നിരവധി പേർക്കെതിരെ വെടിവെക്കാൻ പോന്ന E 15 സെമി ഓട്ടോമാറ്റിക് അസാൾട്ട് റൈഫിളുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. കൊവിഡ് 19 ഭീഷണി ഉയർന്ന ശേഷമാണ് തോക്കുവില്പന ഇത്രയധികം ഏറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു തത്വദീക്ഷയും കൂടാതെ മാരകമായ തോക്കുകൾ വീടുകളിൽ സൂക്ഷിക്കുന്നത് അവ കുട്ടികളുടെ കയ്യിൽ എത്തിപ്പെടാനും അതുവഴി അവരുടെയും മറ്റുള്ളവരുടെയും മരണത്തിനു കാരണമാകാനും ഇടയുണ്ട് എന്ന് ആന്റി ഗൺ ആക്ടിവിസ്റ്റുകൾ ഭയക്കുന്നു. അമേരിക്കയിൽ കാറപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കുന്നത് തോക്കുകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങളും, കൊലപാതകങ്ങളുമാണ്.

ട്രംപിനെതിരെ ജനരോഷം

ഈ ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ട്രപിനും ഉത്തരവാദിത്വം ഉണ്ടെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനം. പ്രമുഖ മാധ്യമങ്ങളായ വാഷിങ്ങ്ടൺ പോസ്റ്റും, ന്യൂയോർക്ക് ടൈസും ഇത വിമർശനം ഉന്നയിക്കുന്നുണ്ട്. റിക് ലെവിറ്റ്സ് അടക്കമുള്ള അമേരിക്കയിലെ സുപ്രസിദ്ധ മാധ്യമപ്രവർത്തകരിൽ പലരും രൂക്ഷവിമർശനമാണ് ട്രംപിനുനേരെ ഉയർത്തുന്നത്. ട്രംപിന്റെ ജനപ്രീതിയാവട്ടെ ഇതോടെ കുത്തനെ ഇടിയുകയുമാണ്. പ്രസിഡന്റ് തെരഞ്ഞെുടപ്പ് കാമ്പയിനിടെ ഇത് അദ്ദേഹത്തിന് കിട്ടുന്ന അപ്രതീക്ഷിത അടിയായി മാറി. ഇതോടെ ഇനി ഒരു ഊഴം കൂടി ട്രംപിന് കിട്ടുമോ എന്നതും സംശയാസ്പദമാണ്.

ആദ്യഘട്ടത്തിൽ കോവിഡിനെ തീർത്തും നിസ്സാരവത്ക്കരിച്ചാണ് പ്രസിഡന്റ് ട്രംപ് കണ്ടതെന്നും അതിനുകൊടുത്ത വിലയാണ് ഇപ്പോൾ അമേരിക്ക അനുഭവിക്കുന്നതെന്നും വ്യാപക വിമർശനം ഉണ്ട്്. 'കഴിഞ്ഞ വർഷം സാധാരണ പകർച്ചപ്പനി മൂലം 37000 പേരാണ് മരിച്ചത്. അന്ന് ഒന്നും അടച്ചു പൂട്ടിയിരുന്നില്ല. ജീവിതവും സാമ്പത്തികരംഗവും മുന്നോട്ട് പോയി. ഇപ്പോൾ 546 പേർക്കാണ് ( അമേരിക്കയിൽ) കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 22 മരണവും. അതിനെ പറ്റി ചിന്തിക്കൂ,' ട്രംപ് ട്വീറ്റ് ചെയ്തതാണ്. ഈ നിസ്സാരവത്ക്കരണവും അശാസ്ത്രീയതക്കും അനാസ്ഥക്കും കൊടുക്കേണ്ടിവന്ന വിലയാണ് ഇപ്പോഴത്തേ ആരോഗ്യ അടിയന്തരാവസ്ഥ എന്നാണ് പൊതുവെയുള്ള വിമർശനം.

കൊറോണക്കാലത്തെ ഇന്റർനാഷണൽ പ്രോട്ടോക്കോൾ പാലിക്കാതെ തോന്നിയ പോലെ ഹസ്്തദാനം ചെയ്തും മറ്റും ട്രംപ് പ്രശ്നങ്ങൾ സൃഷ്്്ടിച്ചു. 'കൊവിഡ് 19 ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ട രോഗികളുമായി നേരിട്ട് ഇടപഴകിയവർക്കെല്ലാം തന്നെ അത് പകർന്നിട്ടുണ്ടാകാൻ സാധ്യത നിലനിൽക്കുന്നു. ആയതിനാൽ അങ്ങനെ ചെയ്തിട്ടുള്ളവർ സ്വയം ക്വാറന്റൈൻ ചെയ്ത് വീട്ടിൽ തന്നെ കഴിയണം എന്നും, സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അസുഖം പരത്താതിരിക്കാൻ ശ്രദ്ധിക്കണം എന്നും അഭ്യർത്ഥിക്കുന്നു'- കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റും പറഞ്ഞതും, നിരന്തരമായി അമേരിക്കൻ ആരോഗ്യ വകുപ്പ് ആവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു പ്രസ്താവനയാണ് ഇത്. ആ പറഞ്ഞത് ട്രംപിന് ബാധകമായിരുന്നോ എന്നാണ് വിമർശകർ ചോദിക്കുന്നത്. കാരണം, കൊവിഡ് 19 ബാധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ, ബാധിച്ചവരുമായോ, അല്ലെങ്കിൽ ബാധിച്ചവരെ നേരിട്ട് കണ്ട് ഹസ്തദാനം ചെയ്തവരെയോ ഒക്കെ അതേ അളവിൽ അടുത്ത് ബന്ധപ്പെട്ട വ്യക്തിയാണ് ട്രംപും. എന്നിട്ടും ഉത്തരവാദിത്തമുള്ള ഒരു അമേരിക്കൻ പൗരൻ എന്ന നിലയ്ക്ക് സമൂഹത്തിൽ കൊവിഡ് 19 പോലൊരു മാരക വ്യാധി പരത്താതിരിക്കാൻ വേണ്ട പ്രാഥമികമായ കർത്തവ്യം, 'സെൽഫ് ക്വാറന്റൈൻ' എന്ന നടപടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവാഞ്ഞതും വിമർശനം ക്ഷ്ണിച്ചവരുത്തി.

ഇതോടെ ട്രംപിനെയും കൊറോണ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചു. അതേസമയം, ട്രംപിന് കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബ്രസീലിയൻ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പരിശോധന. 'വൈറ്റ് ഹൗസിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമില്ല.' - ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിസന്ധി മറികടക്കാൻ അമേരിക്ക

അമിതമായ ആത്മവിശ്വാസമായിരുന്നു കൊറോണാ വ്യാപനത്തിന്റെ ആദ്യ നാളുകളിൽ അത് വേണ്ടത്ര ഗൗനിക്കാതിരിക്കാൻ അമേരിക്കൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. ആ അമിതവിശ്വാസം തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്ന നിലയിലേക്കാണ് നീങ്ങുന്നത്. രോഗം ബാധിച്ചവരുടെ എണ്ണം 6456 കടന്നിരിക്കുന്നു. ഇതുവരെ 109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പടർത്തുന്ന സംഭ്രാന്തിയും തകരുന്ന സമ്പദ്ഘടനയെക്കുറിച്ചുള്ള പരിഭ്രാന്തിയും കടുത്ത ജനരോഷത്തിന് വഴിതെളിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കി, ഈ രോഷത്തെ തണുപ്പിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ഒരാഴ്ചയ്ക്കകം തൊഴിൽ നഷ്ടം 6500 ൽ നിന്നും 45,000 ആയി ഉയർന്ന സാഹചര്യത്തിൽ കൊറോണാക്കാലത്ത് ഓരോ അമേരിക്കക്കാരനും പ്രതിമാസം 1000 ഡോളർ വീതം നൽകുമെന്നതാണ് ആദ്യത്തെ പ്രഖ്യാപനം.

'അമേരിക്കക്കാർക്കിപ്പോൾ ആവശ്യം പണമാണ് അത് ഉടനെ തന്നെ നൽകണമെന്നാണ് പ്രസിഡന്റ് ആവശ്യപ്പെടുന്നത്.' പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ട്രഷറി സെക്രട്ടറി സ്റ്റീവൻ ന്യൂചിൻ പറഞ്ഞു. ഈ പണം എല്ലാവർക്കും രണ്ടാഴ്ചയ്ക്കകം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് അടുത്ത ആറുമുതൽ എട്ടുമാസം വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ആൻഡ്രൂ യാങ് നേരത്തേ ഓരോ അമേരിക്കക്കാരനും അടിസ്ഥന വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ സി എൻ എൻ കമന്റേറ്റർ ആയ യങ് ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഓരോ മുതിർന്ന പൗരനും 1000 ഡോളർ വെച്ചു നൽകുമ്പോൾ കുട്ടികൾ ഉള്ളവർക്ക് ഒരു കുട്ടിക്ക് 500 ഡോളർ വീതം നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇത് കൂടാതെ വിദ്യാഭ്യാസ വായപകൾക്കും നികുതിക്കും അടുത്ത മൂന്നു മുതൽ ആറു മാസം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP