Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊട്ടാവാടി പൂവുകളുടെ പുറത്തെ പോലെ പൊങ്ങിനിൽക്കുന്ന മുള്ള് തോരണങ്ങൾക്കുള്ള സാമ്യം ജ്വലിച്ച് നിൽക്കുന്ന സൂര്യന് ചുറ്റുമുള്ള വലയത്തോട്; ഗോളാകൃതിയുള്ള വൈറസ് സ്പൈക് പ്രോട്ടീനിന്റെ സഹായത്തോടെ ശരീരകോശങ്ങളിൽ കയറിപ്പറ്റും; ജനിതകാംശം ഒറ്റ ഇഴയുള്ള പോസിറ്റീവ് ആർഎൻഎ ആയതിനാൽ കോശങ്ങളിൽ നേരിട്ട് ഉത്പാദനം നടത്തി പെരുകും; കോശത്തിലെ 'ഈർച്ചവാളി'ന്റെ മൂർച്ച കെടുത്തിയാൽ രോഗശാന്തി; എന്താണ് കൊറോണ വൈറസ്: ജനിതകശാസ്ത്രജ്ഞൻ ഡോ ഷോബി വെള്ളേരിയുടെ ലേഖനം

തൊട്ടാവാടി പൂവുകളുടെ പുറത്തെ പോലെ പൊങ്ങിനിൽക്കുന്ന മുള്ള് തോരണങ്ങൾക്കുള്ള സാമ്യം ജ്വലിച്ച് നിൽക്കുന്ന സൂര്യന് ചുറ്റുമുള്ള വലയത്തോട്; ഗോളാകൃതിയുള്ള വൈറസ് സ്പൈക് പ്രോട്ടീനിന്റെ സഹായത്തോടെ ശരീരകോശങ്ങളിൽ കയറിപ്പറ്റും; ജനിതകാംശം ഒറ്റ ഇഴയുള്ള പോസിറ്റീവ് ആർഎൻഎ ആയതിനാൽ കോശങ്ങളിൽ നേരിട്ട് ഉത്പാദനം നടത്തി പെരുകും; കോശത്തിലെ 'ഈർച്ചവാളി'ന്റെ മൂർച്ച കെടുത്തിയാൽ രോഗശാന്തി; എന്താണ് കൊറോണ വൈറസ്: ജനിതകശാസ്ത്രജ്ഞൻ ഡോ ഷോബി വെള്ളേരിയുടെ ലേഖനം

ഡോ ഷോബി വെള്ളേരി

2020 മാർച്ച് 11 ന് കോവിഡ്-19 ഒരു മഹാമാരി (pandemic) ആയി ലോകാരോഗ്യ സംഘടന (WHO) യ്ക്ക് പ്രഖ്യാപിച്ചത്. ഇതോടെയാണ് ഈ മഹമാരിയെ ലോകം അതീവ ശ്രദ്ധയോടെ വീക്ഷിക്കാൻ തുടങ്ങിയത്. ചൈനയിൽ നിന്ന് അതിവേഗം യൂറോപ്പിലും ഇറാനിലും പടർന്നു. പിന്നെ പല വഴിയിലേക്കും. കോവിഡ്-19 (COVID-19, Coronavirus Disease-19) എന്ന രോഗത്തിന് കാരണകാരിയായ വൈറസിന്റെ പേര് 'സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം-കൊറോണവൈറസ്-2' (SARS-CoV-2) എന്നാണ്. കോവിഡ്-19 സാധാരണ തുടങ്ങുന്നത് പനിയും ചുമയും ദേഹാസ്വസ്ഥ്യവുമായാണ്. പിന്നെ ന്യുമോണിയയാകും. പിന്നെ ശ്വാസതടസ്സവും. മരണകാരണമായും ഈ വൈറസ് മാറും. ആർഎൻഎ വൈറസുകളുടെ കൊറോണവിരിഡേ കുടുംബത്തിൽ പെട്ട ഒന്നാണ് SARS-CoV-2. ഈ കുടുംബത്തിൽ പെട്ട ചില വൈറസുകൾ സാധാരണ ജലദോഷവും ഇൻഫ്ളുവൻസയും വരുത്തുന്നവയാണ്.

തൊട്ടാവാടിപൂവുകളുടെ പുറത്തെ പോലെ പൊങ്ങിനിൽക്കുന്ന മുള്ള് (spikes) തോരണങ്ങൾ കൊറോണവൈറസിന്റെ പുറംചട്ടയിൽ കാണാം. ജ്വലിച്ചുനിൽക്കുന്ന സൂര്യന് ചുറ്റുമുള്ള വലയം (solar corona) പോലെ ഇത് കാണുന്നതു കൊണ്ടാണ് കൊറോണവൈറസ് എന്നു പേരിട്ടത്. മനുഷ്യരിൽ മാത്രമല്ല. വവ്വാൽ ഉൾപ്പടെയുള്ള സസ്തനികളിലും പക്ഷികളിലും ഇവ രോഗങ്ങൾ വരുത്തുന്നു. ഇത്തരമൊരു കൊറോണവൈറസാണ് 2003 ൽ 'സാർസ്' (SARS) മഹാമാരിക്ക് കാരണമായത്. ചൈനയിലും ഹോങ്കോങിലുമാണത് അന്ന് ഏറെ ദുരിതം വിതച്ചത്. 2012 ൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ 'മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം' (MERS) എന്ന കൊറോണയെത്തി. ഇത് ഒട്ടകങ്ങളിലും രോഗമുണ്ടാക്കിയതിനാൽ 'കാമൽ സാർസ്' (Camel SARS) എന്നും പേരുണ്ട്.

കോവിഡ്-19 വൈറസിന് ഗോളാകൃതിയാണുള്ളത്, വ്യാസം 60-140 നാനോമീറ്റർ (nm). നാലു പ്രോട്ടീനുകൾ പ്രധാനമായും വൈറസിലുണ്ട്. ന്യൂക്ലിയോപ്രോട്ടീൻ (nucleoprotein), എൻവിലോപ് പ്രോട്ടീൻ (envelope protein), മെമ്പ്രൈൻ പ്രോട്ടോൻ (Membrane protein), സ്പയിക് പ്രോട്ടീൻ (spike protein, s-protein) എന്നിവ. ഇതിൽ സ്പൈക് പ്രോട്ടീന് 9 മുതൽ 12 നാനോമീറ്റർ വരെ നീളമുണ്ട്. സ്പൈക് പ്രോട്ടീനിന്റെ സഹായത്തോടെയാണ് കൊറോണവൈറസ് നമ്മുടെ ശരീരകോശങ്ങളിൽ കയറിപ്പറ്റുന്നത്. ഇതിന്റെ ജനിതകാംശ ഒറ്റ ഇഴയുള്ള പോസിറ്റീവ് ആർഎൻഎ (RNA) ആണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ നേരിട്ട് ഉത്പാദനം നടത്തി പെരുകാൻ വൈറസിന് ഇതിന്റെ സഹായത്തോടെ കഴിയും.

2003 ലെ സാർസ് വൈറസ് പോലെ, ഇപ്പോഴത്തെ കൊറോണവൈറസും നമ്മുടെ ശ്വാസനാളത്തിൽ കടന്നുകൂടുന്നത്, മറ്റുള്ളവർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ശരീരസ്രവങ്ങളുടെ ചെറുകണങ്ങൾ വഴിയാണ്. കഫകണങ്ങൾ പോലുള്ളവയിലൂടെ നമ്മുടെ നിശ്വാസവായു വഴി ശ്വാസകോശത്തിലെത്തിയാൽ വൈറസ് പണി തുടങ്ങും. സ്പൈക് പ്രോട്ടീൻ കൊണ്ട് ശ്വാസകോശങ്ങളിലെ ACE2 റിസപ്റ്ററിൽ എത്തിപ്പിടിക്കും. ഈ സ്വീകരണിപ്രോട്ടീൻ (receptor protein) മറ്റു പല ശരീരകോശങ്ങളിലും ഉണ്ടെങ്കിലും, കൂടുതലായി കാണപ്പെടുന്നത് ശ്വാസകോശ കോശങ്ങളിലാണ്. റിസപ്റ്ററിൽ പിടികിട്ടുന്ന സ്പൈക് പ്രോട്ടീൻ തന്മാത്രാതലത്തിൽ ചില കീറലും മുറിക്കലും നടത്തി, ആതിഥേയ കോശത്തിലേക്ക് വൈറസിന്റെ ജനിതകദ്രവ്യം കടത്തിവിടുന്നു. വൈറസിന്റെ ജനിതകദ്രവ്യം ആർഎൻഎ ആയതിനാൽ, കോശത്തിലെ സംവിധാനം ഉപയോഗിച്ചു തന്നെ വൈറസ് പതിപ്പുകൾ സൃഷ്ടിച്ചു പെരുകുന്നു. അതിന്റെ ഫലമായി രോഗം മൂർച്ഛിച്ച് ശ്വാസതടസ്സമുണ്ടാകും.

2003 ലെ സാർസ് ഒന്നും, 2012 ലെ മെർസ് രോഗവും പകർച്ചവ്യാധികൾ മാത്രമായിരുന്നു. എന്നാൽ, അതിൽ നിന്ന് വ്യത്യസ്തമായി കോവിഡ്-19 വളരെ വേഗം പടർന്ന് ഒരു മാഹാമാരിയായത് 2003 ലെ സാർസ് വൈറസിനെ അപേക്ഷിച്ച്, ACE2 റിസപ്റ്ററിനെ പിടിച്ചെടുക്കാൻ കഴിയും എന്നതിനാലാണ്. അതിനാൽ, ചെറിയ അളവിൽ പോലും കോവിഡ്-19 വൈറസിന് സംക്രമിക്കാൻ കഴിയും.

ലോകത്താകെ പടർന്ന കൊറോണവൈറസ് രോഗത്തെ പിടിച്ചുകെട്ടാനുള്ള ആദ്യപിടിവള്ളി വൈറസിനു പുറമേയുള്ള സ്പൈക് പ്രോട്ടീനാണ്. അതിനെ നിയന്ത്രിച്ചാൽ വൈറസിനെ വരുതിയിൽ വരുത്താം. കാരണം, ഈ പ്രോട്ടീനില്ലാതെ വൈറസിന് മനുഷ്യകോശത്തിൽ കയറിപ്പറ്റാനാകില്ല. സ്പൈക് പ്രോട്ടീന് എതിരെ mRNA-1273 എന്ന വാക്സിൻ അമേരിക്കൻ ഗവേഷകർ മാർച്ച് 15 ന് പരീക്ഷിച്ചു തുടങ്ങി. ഇതിന്റെ ഫലമറിയാൻ മാസങ്ങളെടുക്കും. രണ്ടാമത്തെ മാർഗ്ഗം, കൊറോണവൈറസിനെ കോശങ്ങൾക്കുള്ളിൽ കടത്താൻ സഹായിക്കുന്ന നമ്മുടെ കോശത്തിലെ 'ഈർച്ചവാളി'ന്റെ (TMPRSS2) മൂർച്ച കെടുത്തുക എന്നതാണ്. ഇതിനുള്ള സാധ്യതയും ശാസ്ത്രജ്ഞർ തേടുന്നുണ്ട്. മനുഷ്യകോശത്തിൽ പ്രവേശിച്ച വൈറസിന്റെ ആർ എൻ എ നിർവീര്യമാക്കുക എന്നതാണ് മൂന്നാമതൊരു മാർഗ്ഗം,. ഇതിന് ആർ എൻ എ വാക്സിൻ വേണ്ടിവരും. ഇതിനുള്ള പരിശ്രമത്തിലാണ് ലോകം,

2003 ൽ ഭീതിയുണർത്തിയ സാർസ് വൈറസിലെ സ്പൈക് പ്രോട്ടീനെതിരെ മൂന്നു ആന്റിബോഡി വാക്സിനുകൾ വികസിപ്പിച്ചിരുന്നു. അവ തന്നെ ഇപ്പോഴത്തെ വൈറസ് വകഭേദത്തിനെതിരെ ഉപയോഗിക്കാൻ കഴിയില്ലെന്നതാണ് വസ്തുത. SARS-CoV-2 എന്ന പുതിയ വൈറസ് വകഭേദം യുദ്ധതന്ത്രം മാറ്റിപ്പിടിച്ചിരിക്കുന്നു. പഴയ വൈറസിലെ സ്പൈക് പ്രോട്ടീൻ തന്നെ മാറ്റിയിരിക്കുന്നു. പുതിയ വൈറസിലെ സ്പൈക് പ്രോട്ടീന് 98 ശതമാനവും സാമ്യം വവ്വാലിലെ വൈറസുകളുടെ സ്പേക് പ്രോട്ടീനുമായാണ്. ഇതാണ് വെല്ലുവിളി.

വവ്വാലിലെയോ, SARS-CoV-2 വിലെയോ സ്പൈക് പ്രോട്ടീനുകളുപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ പുതിയയിനം വാക്സിനുകൾ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. TMPRSS2 ന്റെ മൂർച്ച കുറയ്ക്കുന്ന രാസവസ്തുക്കൾ (ഉദാ: Camostat Mesylate) നിലവിൽ ജപ്പാനിൽ മറ്റ് രോഗങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ള മരുന്നാണ്. ഭാഗ്യവശാൽ TMPRSS2 ന്റെ പ്രവർത്തനം കോശത്തിന് അത്ര അത്യന്താപേക്ഷിതവുമല്ല. പക്ഷേ, നിലവിലെ രാസവസ്തുവിന് പുതിയ കൊറോണവൈറിനെ പൂർണ്ണമായി തുരത്താനുള്ള വീര്യമില്ലെന്ന് ജർമൻ ഗവേഷകർ കണ്ടു. അതിനാൽ, വീര്യമേറിയ ഇത്തരം രാസവസ്തുക്കൾ കണ്ടെത്തേണ്ടതുണ്ട്.

( ഹൈദരാബാദിൽ ഐസിഎംആർ-എൻഐഎൻ ഡെപ്യൂട്ടി ഡയറക്ടറും ജനിതകശാസ്ത്രജ്ഞനുമാണ് ലേഖകനായ ഡോ ഷോബി വെള്ളേരി)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP