Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പനിയും ചുമയും ശ്വാസംമുട്ടലും വരുന്നതിനു മുൻപ് കൊറോണാ രോഗിയാണോ എന്നറിയാം; മണവും രുചിയും നഷ്ടമായാൽ സംഗതി പോസിറ്റീവ്; ബ്രിട്ടനിൽ ചില ഡോക്ടർമാർക്ക് പകർന്നു കിട്ടിയ രോഗം തിരിച്ചറിഞ്ഞത് മറ്റ് ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ്

പനിയും ചുമയും ശ്വാസംമുട്ടലും വരുന്നതിനു മുൻപ് കൊറോണാ രോഗിയാണോ എന്നറിയാം; മണവും രുചിയും നഷ്ടമായാൽ സംഗതി പോസിറ്റീവ്; ബ്രിട്ടനിൽ ചില ഡോക്ടർമാർക്ക് പകർന്നു കിട്ടിയ രോഗം തിരിച്ചറിഞ്ഞത് മറ്റ് ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ്

മറുനാടൻ ഡെസ്‌ക്‌

കൊറോണയുടെ സാന്നിദ്ധ്യം എത്രയും നേരത്തേ തിരിച്ചറിയുന്നുവോ അത്രയും എളുപ്പമാണ് രോഗം ചികിത്സിച്ചു ഭേദമാക്കുവാനും അത് മറ്റുള്ളവരിലേക്ക് പകരാതെ നോക്കുവാനും.പനി, വരണ്ട ചുമ, ശ്വാസതടസ്സം മുതലായവയൊക്കെയാണ് കോവിഡ്19 ബാധയുടെ പ്രകടമായ ലക്ഷണങ്ങൾ. എന്നാൽ ഈ ലക്ഷണങ്ങൾ പ്രകടമാകുന്നതിനും മുൻപ് തന്നെ രോഗബാധ തിരിച്ചറിയാമെന്നാണ് ബ്രിട്ടനിൽ എൻ എച്ച് എസിലെ രണ്ട് ഡോക്ടർമാരുടെ അനുഭവം പറയുന്നത്.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ അവരിൽ നിന്നുമാണ് എൻ എച്ച് എസിലെ രണ്ട് ഡോക്ടർമാർക്ക് അണുബാധയുണ്ടായത്. മണവും രുചിയും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നതായിരുന്നു അവരിൽ ആദ്യം കണ്ട ലക്ഷണം. തുടർന്ന് നടത്തിയ പരിശോധനയിലാണ് അണുബാധ സ്ഥിരീകരിക്കപ്പെട്ടത്. മൂക്ക്, കണ്ണുകൾ, വായ എന്നിവയിലൂടെയാണ് കൊറോണ മനുഷ്യശരീരത്തിൽ പ്രവേശിക്കുക എന്നതിനാൽ ഈ ലക്ഷണങ്ങളാകും ആദ്യം പ്രകടമാകുക. ഈ അവസ്ഥയിൽ തന്നെ പരിശോധനയ്ക്ക് വിധേയനായാൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുൻപ് തന്നെ രോഗം സ്ഥിരീകരിക്കാനാകും. ഇത് ചികിത്സ എളുപ്പമാക്കും എന്നു മാത്രമല്ല, രോഗവ്യാപനവും ഫലപ്രദമായി തടയുവാൻ സഹായിക്കും.

ബ്രിട്ടീഷ് അസ്സോസിയേഷൻ ഓഫ് ഓട്ടോറിനോലാരിങ്കോളജിയിലെ പ്രൊഫസർ നിർമ്മൽ പറഞ്ഞത് ചെറുപ്പക്കാരായ പല രോഗികളിലും പനിയോ ചുമയോ ആദ്യനാളുകളിൽ കണ്ടിരുന്നില്ല എന്നാണ്. എന്നാൽ അവർക്കും രുചിയും ഗന്ധവും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇത്തരത്തിൽ ബാഹ്യലക്ഷണങ്ങൾ കാണിക്കാതിരുന്ന രോഗികളിൽ നിന്നായിരിക്കും എൻ എച്ച് എസിലെ ഡോക്ടർമാർക്ക് രോഗം പടർന്നിരിക്കുക എന്നാണ് കരുതപ്പെടുന്നത്. ഇരുവരും വെന്റിലേറ്ററിലാണ്.

നേരത്തെ, രോഗബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയത് രോഗികളുടെ ആദ്യ ലക്ഷണങ്ങൾ പനി, ചുമ, ക്ഷീണം, പേശി വേദന എന്നിവയായിരുന്നു. ഇത് ഒന്നാം ദിവസം പ്രകടമാകുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തിയത്. രോഗികൾ പ്രായമേറിയവരോ, നേരത്തെ മറ്റുരോഗങ്ങൾ ഉള്ളവരോ ആണെങ്കിൽ അഞ്ചാം ദിവസത്തോടെ ഡിസ്പ്നിയ എന്നറിയപ്പെടുന്ന ശ്വാസതടസ്സ രോഗം ഉണ്ടാകും. ഏഴാം ദിവസത്തോടെ ശ്വാസോച്ഛാസ സംബന്ധിയായ ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നതോടെയാണ് സാധാരണയായി എല്ലാവരും ആശുപത്രികളിൽ എത്താറ്. അപ്പോഴേക്കും ശരീരത്തിലെ അണുബാധ വളരെ കൂടിയിരിക്കും. ഇത് ചികിത്സക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും, ഇതിനിടയിൽ രോഗി ധാരാളം പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരിക്കാമെന്നതിനാൽ കൂടുതൽ പേരിലേക്ക് രോഗം പടരുവാനുള്ള സാധ്യതയും വർദ്ധിക്കും.

എന്നാൽ ഇന്നലെ ബ്രിട്ടനിൽ കണ്ടെത്തിയ രണ്ട് ലക്ഷണങ്ങൾ (രുചിയും ഗന്ധവും തിരിച്ചറിയുവാനുള്ള കഴിവ് നഷ്ടപ്പെടുന്നത്) രോഗം വളരെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്നതാണ്. കൊറോണയുടെ വ്യാപനത്തിന്റെ വേഗത കുറയ്ക്കാൻ ഈ തിരിച്ചറിയലിനാവുമെന്നാണ് പ്രതീക്ഷ.

ഇതിനിടയിൽ ബ്രിട്ടനിലെ മരണസംഖ്യ 233 ആയി. വെയിൽസിൽ ഇതുവരെ 5 പേരാണ് മരിച്ചത്. സ്‌കോട്ട്‌ലാന്റിൽ 7 ഉം ഉത്തര അയർലൻഡിൽ ഒരാളും മരിച്ചിട്ടുണ്ട്. നിത്യജീവിതം ഏതാണ്ട് സ്തംഭിച്ച നിലയിലാണെങ്കിലും ഉടനെയൊന്നും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭക്ഷ്യോത്പാദകർ അവരുടെ ഉത്പാദനം ഏകദേശം 50% വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് പറഞ്ഞു.

നിത്യേനയുള്ള പത്രസമ്മേളനത്തിൽ, ഷിഫ്റ്റ് കഴിഞ്ഞെത്തുന്ന എൻ എച്ച് എസ്സിലെ പ്രധാന ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണം പോലും വാങ്ങാൻ സാധിക്കുന്നില്ല എന്ന് എൻ എച്ച് എസ് ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞിരുന്നു. ആവശ്യത്തിലധികം സാധനങ്ങൾ ആളുകൾ വാങ്ങിക്കൂട്ടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ജോർജ്ജ് യൂസ്റ്റിസ് പറഞ്ഞു. ഭക്ഷ്യ സാധനങ്ങളെ കുറിച്ചോർത്ത് വേവലാതിപ്പെടരുതെന്നും ആവശ്യത്തിനുള്ളത് മാത്രം വാങ്ങണമെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP