Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

60 കഴിഞ്ഞവരോട്, ബന്ധുക്കൾക്ക് ഗുഡ്ബൈ പറഞ്ഞു മരണത്തിലേക്ക് നടന്നടുക്കാൻ ഉപദേശിച്ച് ഇറ്റലിയിലെ ഇസ്രയേലി മെഡിക്കൽ സംഘം; ഇനി വരാനുള്ളതാണ് യഥാർത്ഥ ദുരന്തമെന്ന് മുന്നറിയിപ്പ് നൽകി മരണം മണക്കുന്ന സ്പാനിഷ് സർക്കാർ; യൂറോപ്പിന്റെ ദയനീയ സ്ഥിതി വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങൾ ഇങ്ങനെ

60 കഴിഞ്ഞവരോട്, ബന്ധുക്കൾക്ക് ഗുഡ്ബൈ പറഞ്ഞു മരണത്തിലേക്ക് നടന്നടുക്കാൻ ഉപദേശിച്ച് ഇറ്റലിയിലെ ഇസ്രയേലി മെഡിക്കൽ സംഘം; ഇനി വരാനുള്ളതാണ് യഥാർത്ഥ ദുരന്തമെന്ന് മുന്നറിയിപ്പ് നൽകി മരണം മണക്കുന്ന സ്പാനിഷ് സർക്കാർ; യൂറോപ്പിന്റെ ദയനീയ സ്ഥിതി വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റോം: ഇറ്റലിയിലും സ്‌പെയിനിലും കൊറോണാ സംഹാരതാണ്ഡവമാടുമ്പോൾ ലോകം കാണുന്നത് മനുഷ്യന്റെ നിസ്സഹായാവസ്ഥയുടെ മുഖങ്ങൾ. ഈ ഭൂമി എന്ന ഗ്രഹത്തിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഇതുവരെ നാം മനസ്സിലാക്കിയ ശാസ്ത്രം പര്യാപ്തമല്ലെന്ന തിരിച്ചറിവ് ഒരു നടുക്കത്തോടെയാണ് ലോകജനത സ്വീകരിക്കുന്നത്. പ്രപഞ്ചാതീത ശക്തികളെക്കുറിച്ച് പല വാദമുഖങ്ങൾ ഉയരുന്നുവെങ്കിലും, അവസാനം ഒരല്പം ആശ്വാസത്തിനായെങ്കിലും ആ ശക്തികളെ ആശ്രയിക്കാതെ വയ്യെന്ന് മനുഷ്യന് തോന്നിപ്പോകുന്ന ദുരിതങ്ങളാണ് യൂറോപ്പിലാകെ.

അറുപത് കഴിഞ്ഞവരെ മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറായി ഇറ്റലി

അറിഞ്ഞുകൊണ്ട് ഒരു മനുഷ്യനെ മരണത്തിന് വിട്ടുകൊടുക്കാൻ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആർക്കും സാധിക്കുകയില്ല. പ്രത്യേകിച്ച് അത് ഒരു രോഗിയും ഡോക്ടറുമാകുമ്പോൾ. ഏതൊരു രോഗിയുടേയും ജീവൻ രക്ഷിക്കുവാൻ അവസാനം വരെ പൊരുതുക എന്നതാണ് ഏതൊരു ഡോക്ടറുടെയും കടമ. ഇറ്റലിയിലെ ഇസ്രയേലി ഡോക്ടറായ ഗാൽ പെലേഗും ഇക്കാര്യത്തിൽ വ്യത്യസ്തനല്ല. ഊണും ഉറക്കവുമില്ലാതെ കൊറോണാ ബാധിതരെ ശുശ്രൂഷിക്കാൻ മുന്നിലുണ്ടായിരുന്നതാണ് പാർമ നഗരത്തിൽ പ്രവർത്തിക്കുന്ന ഈ ഡോക്ടറും. പക്ഷെ, സാഹചര്യങ്ങൾ തീരെ പിന്തുണക്കാതെ വരുമ്പോൾ കടുത്ത മനോവിഷമത്തോടെയാണെങ്കിലും ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നിരിക്കുകയാണ്.

നാഷണൽ ലോക്ക്ഡൗൺ ഉൾപ്പടെ പല കടുത്ത നിയന്ത്രണങ്ങളും എടുത്തിട്ടും കൊറോണയുടെ തേരോട്ടത്തിന്റെ വേഗത നിയന്ത്രിക്കാൻ സാധിക്കാതെ പോകുന്നത് ഇറ്റലിയുടെ ആരോഗ്യ രംഗത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ആവശ്യത്തിനുള്ള വെന്റിലേറ്ററുകൾ ഇല്ലാതെ പോകുന്നതാണ് ആരോഗ്യപ്രവർത്തകരെ ഏറ്റവുമധികം കുഴയ്ക്കുന്ന പ്രശ്‌നം. ഇനിമുതൽ വെന്റിലേറ്ററുകളിൽ ചില മുൻഗണനാ ക്രമം നിശ്ചയിക്കുവാൻ ഈ അപര്യാപ്തത മെഡിക്കൽ വകുപ്പിനെ നിർബന്ധിതമാക്കിയിരിക്കുകയാണ്. വളരെ ഗുരുതരമായി രോഗം ബാധിച്ചവർക്കും, അതുപോലെ പ്രായമേറെയുള്ളവർ തുടങ്ങിയവർക്ക് അവസാന പരിഗണനമാത്രം ഇക്കാര്യത്തിൽ നൽകുവാനാണ് തീരുമാനിച്ചതെന്നാണ് ഡോ ഗാൽ പെലേഗ് പറയുന്നത്. അവരെ മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മനുഷ്യന് സധ്യമായ മറ്റൊന്നുമില്ല ഇന്നത്തെ സാഹചര്യത്തിൽ എന്നദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന ദുരന്തത്തിനു മുന്നിൽ പകച്ച് സ്‌പെയിൻ

കൊറോണാ ബാധയുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ രാജ്യം കൂടുതൽ ദുരന്തങ്ങൾക്കായി കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി സ്പാനിഷ് പ്രധാനമന്ത്രി രംഗത്തെത്തി.

'നമ്മൾ അതിപ്രധാനമായ ഒരു ഘട്ടത്തിൽ കൂടിയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഇതുവരെ കണ്ടതൊന്നുമല്ല, ഇനി വരാനിരിക്കുന്നതാണ് യഥാർത്ഥ ദുരന്തം' അദ്ദേഹം പറഞ്ഞു. ഇന്നലെ മാത്രം 394 മരണങ്ങളാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 30% വർദ്ധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. രോഗ ബാധിതരുടെ എണ്ണത്തിൽ 14.6% വർദ്ധനവുമുണ്ടായി. 28,572 പേരെയാണ് സ്‌പെയിനിൽ ഇതുവരെ രോഗം ബാധിച്ചത്.

1936-39 ലെ അഭ്യന്തരയുദ്ധത്തിനു ശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നോർമ്മിപ്പിച്ച പ്രധാനമന്ത്രി എല്ലാ പൗരന്മാരും ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്നും ആഹ്വാനം ചെയ്തു. രോഗബാധിതരിൽ 10% ആരോഗ്യപ്രവർത്തകർ ആണെന്നുള്ളതാണ് സ്‌പെയിൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

രോഗം ഏറ്റവുമധികം ബാധിച്ച മാഡ്രിഡിലും സമീപ പ്രദേശങ്ങളിലും ഹോട്ടലുകളും മറ്റും താത്ക്കാലിക ആശുപത്രികളാക്കി മാറ്റിയിട്ടുണ്ടെങ്കിലും രോഗം ഈ വേഗതയിൽ പടരുകയാണെങ്കിൽ അവയെല്ലാം പോരാതെ വരും എന്നതാണ് സ്‌പെയിനിലെ ആരോഗ്യമേഖല മുന്നിൽ കാണുന്ന പ്രതിസന്ധി. സൈന്യവും മറ്റും ഇറങ്ങിയിട്ടുണ്ടെങ്കിലും ദുരിതനിവാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP