Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണയുടെ മറവിൽ ആക്കുളം കായലിന്റെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്താൻ ഭൂമാഫിയ; കഴിഞ്ഞ ദിവസങ്ങളിൽ നികത്തിയത് രണ്ടു തണ്ണീർത്തടങ്ങൾ; ഭൂമി പുരയിടമാക്കി റവന്യൂ രേഖകൾ തിരുത്തിയെന്നും സംശയം; കയ്യേറ്റവും മാലിന്യം തള്ളലും കാരണം നശിക്കുന്നത് കായലിന്റെ സ്വാഭാവിക സൗന്ദര്യം; തീരദേശ പരിപാലനങ്ങളുടെ നഗ്‌നലംഘനമെന്ന ആരോപണവുമായി പരിസ്ഥിതി സംഘടന; കായലിനെ രക്ഷിക്കാൻ 64.13 കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ് മുന്നോട്ടു പോകുമ്പോൾ മറുവശത്ത് നടക്കുന്നത് ഞെക്കിക്കൊല്ലാനുള്ള ശ്രമങ്ങൾ

കൊറോണയുടെ മറവിൽ ആക്കുളം കായലിന്റെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്താൻ ഭൂമാഫിയ; കഴിഞ്ഞ ദിവസങ്ങളിൽ നികത്തിയത് രണ്ടു തണ്ണീർത്തടങ്ങൾ; ഭൂമി പുരയിടമാക്കി റവന്യൂ രേഖകൾ തിരുത്തിയെന്നും സംശയം; കയ്യേറ്റവും മാലിന്യം തള്ളലും കാരണം നശിക്കുന്നത് കായലിന്റെ സ്വാഭാവിക സൗന്ദര്യം; തീരദേശ പരിപാലനങ്ങളുടെ നഗ്‌നലംഘനമെന്ന ആരോപണവുമായി പരിസ്ഥിതി സംഘടന; കായലിനെ രക്ഷിക്കാൻ 64.13 കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ് മുന്നോട്ടു പോകുമ്പോൾ മറുവശത്ത് നടക്കുന്നത് ഞെക്കിക്കൊല്ലാനുള്ള ശ്രമങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ ഭീതി കാരണം ജനങ്ങൾ വീട്ടിനകത്ത് അടച്ചിരിക്കവേ അവസരം മുതലാക്കി ആക്കുളം കായലിന്റെ വൃഷ്ടിപ്രദേശങ്ങൾ മണ്ണിട്ട് നികത്താൻ ഭൂമാഫിയയുടെ ശ്രമം. ആക്കുളം കായലിന്റെ വൃഷ്ടിപ്രദേശമായ കായലിനോട് ചേർന്നുള്ള വാടയിലിലെ രണ്ടു തണ്ണീർത്തടങ്ങളാണ് നൂറു കണക്കിന് ലോഡ് മണ്ണിറക്കി നികത്താൻ ഭൂ മാഫിയ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി തലസ്ഥാനനഗരി കൊറോണഭീതിയിൽ തുടരവേയാണ് ഭൂ മാഫിയയുടെ അതിക്രമം അങ്ങേയറ്റം നശീകരണമായ രീതിയിൽ രീതിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തകൃതിയായ മണ്ണിട്ട് നികത്തലാണ് ഇവിടെ നടക്കുന്നത്. ശ്രീകാര്യം പ്രദേശത്തെ ചെറുവയ്ക്കൽ, ആലത്തറ, കട്ടേല, കിഴങ്ങ് ഗവേഷണ കേന്ദ്രം, ഹിന്ദുസ്ഥാൻ, ലാറ്റക്‌സ്, എയർഫോഴ്‌സ് തുടങ്ങിയ ഇടങ്ങളിൽ നിന്നും ഊർന്നിറങ്ങുന്ന മുഴുവൻ വെള്ളവും എത്തുന്നത് ആക്കുളം വാടയിലെ ഈ വൃഷ്ടിപ്രദേശത്താണ്. തണ്ണീർത്തടം പോലെ കിടക്കുന്ന ഈ സ്ഥലത്താണ് മുഴുവൻ വെള്ളവും എത്തുന്നത്. ഇവിടെ നിന്ന് ഊർന്നിറങ്ങിയാണ് വെള്ളം ആക്കുളം കായലിൽ എത്തുന്നത്. ഈ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും വർഷങ്ങളായി പോരാടുകയാണ്. നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും അധികാരികൾക്കും ഇവർ നൽകിയിരിക്കുന്നത്. ഇപ്പോൾ കൊറോണ ഭീതിയിൽ തലസ്ഥാനനഗരി അമർന്നിരിക്കെയാണ് സാഹചര്യം മുതലെടുത്ത് തണ്ണീർത്തടങ്ങൾ നികത്താനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നത്.

ആക്കുളം വാടയിലെ ബ്ലോക്ക് ഇരുപതിലെ 169/17 സർവേ നമ്പരിൽപ്പെട്ട ഭൂമിയും ഇതേ ബ്ലോക്കിലെ ഇരുപതിൽപ്പെട്ട ഭൂമിയുമാണ് മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്. തീരദേശ നിയന്ത്രണ നിയമങ്ങളുടെ കീഴിൽ വരുന്ന പ്രദേശത്താണ് തകൃതിയിൽ മണ്ണിട്ട് മൂടൽ നടക്കുന്നത്. തീരദേശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിരമിച്ച സർക്കാർ ജീവനക്കാരനായ ജയമോഹൻ നായരുടെ അധീനതയിലുള്ള സ്ഥലമാണ് ഇതേന്നാണ് അറിയാൻ കഴിയുന്നത്. മുൻപ് ഇത് നിലമായിരുന്നു. പിന്നീട് എപ്പോഴേ ഏതൊക്കെയോ മാർഗങ്ങളിലൂടെ ഇത് പുരയിടമാക്കി മാറ്റി. ഇതിന്റെ ചുവടു പിടിച്ചാണ് കയ്യേറ്റം നടക്കുന്നത്. തണ്ണീർത്തടങ്ങൾ നികത്താൻ നൂറു കണക്കിന് ലോഡ്മണ്ണാണ് ഭൂ മാഫിയ എത്തിക്കുന്നത്. വേറെ ഏതോ കുന്ന് ഇടിച്ച മണ്ണാണ് ഈ നീർത്തടങ്ങൾ നികത്താൻ എത്തിക്കുന്നതും. അപ്പോൾ വേറെ എവിടെയോ കുന്നിടിക്കൽ തകൃതിയിൽ നടക്കുന്നു എന്നും തണ്ണീർത്തടം നികത്തൽ വിരൽ ചൂണ്ടുന്നു. ഭീതിദമായ അതിക്രമങ്ങളിലൂടെ ഭൂമാഫിയയും ഫ്‌ളാറ്റ് നിർമ്മാതാക്കളും മറ്റു വൻകിട സ്ഥാപനങ്ങളും ആക്കുളം കായലിനെ നശിപ്പിക്കാൻ നിരന്തര ശ്രമങ്ങൾ നടത്തുകയാണ്. സി.പി.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള നിയമസഭാ പരിസ്ഥിതി സമിതി ആക്കുളം- വേളി കായൽ കയ്യേറ്റങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2013-ലെ നിയമസഭാ പരിസ്ഥിതികമ്മറ്റി റിപ്പോർട്ട് നിലനിൽക്കെ തന്നെയാണ് എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച് കയ്യേറ്റങ്ങൾ ആക്കുളം തീരത്ത് നിർബാധം നടക്കുന്നത്.

കുറെ വർഷങ്ങളായി ആക്കുളം കായൽ നാശത്തിന്റെ പാതയിലാണ്. കായൽ മത്സ്യങ്ങൾക്കു പേരുകേട്ട കായലായിരുന്നു ആക്കുളം കായൽ. ഇപ്പോൾ കായലിൽ രാസമാലിന്യങ്ങളും മറ്റും നിറഞ്ഞ് മത്സ്യസമ്പത്തു നശിച്ച നിലയിലാണ്. ചൂണ്ടയിട്ടാൽ പോലും മത്സ്യം ലഭിക്കില്ലെന്നാണു അനുഭവസ്ഥർ പറയുന്നത്. ആക്കുളം കായലിനെ ഞെക്കിക്കൊല്ലാനാണ് ശ്രമം നടക്കുന്നത്. ചുറ്റുമുള്ള നീർത്തടങ്ങൾ മണ്ണിട്ട് നികത്തുമ്പോൾ സ്വാഭാവികമായും കായൽ നശിക്കും. ഇതിനു പുറമെയാണ് തലസ്ഥാനത്തെ മുഴുവൻ മാലിന്യങ്ങളും കായലിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമങ്ങളും നടക്കുന്നത്. ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ കായൽ പൂർണമായും നശിക്കും. കായലിന്റെ ഈ നാശം മുന്നിൽക്കണ്ടാണ് കായലിനെ സ്‌നേഹിക്കുന്ന നാട്ടുകാരും എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസേർച്ച് സെന്ററും നാട്ടുകാരും വർഷങ്ങളായി കൈകോർത്തിരിക്കുന്നത്. നിരവധി പരാതികളാണ് ആക്കുളം കായലിനെ നശിപ്പിക്കുന്നതിന്നെതിരെ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ അധികൃതർക്ക് നൽകിയിരിക്കുന്നത്. പക്ഷെ ഇതുവരെ ഒരു നടപടിയും പരാതിയിൽ വന്നിട്ടില്ല. ടൂറിസത്തിന് മികച്ച സാധ്യതകളുള്ള ആക്കുളം കായൽ മാലിന്യ നിക്ഷേപം മൂലം വിഷമയമായി മാറിയിരിക്കുകയാണ്. കയ്യേറ്റവും മാലിന്യം തള്ളലും കായലിന്റെ സ്വാഭാവിക സൗന്ദര്യത്തെ എപ്പോഴേ തകർത്ത് കഴിഞ്ഞിട്ടുണ്ട്.

ആക്കുളം കായൽ കയ്യേറ്റം തടയാൻ ഞങ്ങൾ പൊരുതിക്കൊണ്ടിരിക്കുകയാണ്. നിരവധി പരാതികൾ വർഷങ്ങളുടെ ഇടവേളയിൽ ഞങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോൾ ആക്കുളത്തെ വാടയിലെ രണ്ടു തണ്ണീർത്തടങ്ങളാണ് മണ്ണിട്ട് നികത്തുന്നത്. ഇതിനെതിരെയാണ് ഞങ്ങൾ രംഗത്തുള്ളത്. ഈ കയ്യേറ്റം മാധ്യമ ശ്രദ്ധയിൽക്കൊണ്ട് വരാനാണ് ശ്രമിക്കുന്നത്- എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസേർച്ച് സെന്റർ പ്രസിഡന്റ് സഞ്ജീവ് എസ്.ജെ. മറുനാടനോട് പറഞ്ഞു. കയ്യേറ്റം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടേന്നാണ് വാർഡ് കൗൺസിലർ ആയ വി.ആർ.സിനി മറുനാടനോട് പറഞ്ഞത്. ഈ കാര്യം അന്വേഷിക്കും. ഇത് പുരയിടമാണോ എന്ന് ആദ്യം നോക്കണം. നിലം ആണെങ്കിൽ മണ്ണിട്ട് നികത്തൽ തടയും സിനി പറയുന്നു.

എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസേർച്ച് സെന്റർ നൽകിയ ജില്ലാ ഭരണകൂടത്തിനു നൽകിയ പരാതിയിൽ കൂടി കണ്ണോടിച്ചാൽ ആക്കുളം കായൽ നശീകരണ പ്രവർത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിക്കും. നിരവധി കയ്യേറ്റങ്ങളാണ് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. തീരദേശ പരിപാലന നിയമങ്ങളും വിവിധ ഉത്തരവുകളും ലംഘിച്ചു കൊണ്ട് തിരുവനന്തപുരത്ത് നടന്ന കയ്യേറ്റങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. നാഷണൽ ഇൻസ്റ്റിട്ട്യുട്ട് ഫോർ സ്പീച്ച് ആൻഡ് ഹിയറിങ് പണി കഴിച്ചപ്പോൾ ഇതിനു ഉപയോഗിച്ചത് ആക്കുളം കായലിന്റെ ഏക്കറുകളോളമുള്ള ഭൂമിയാണ്. നിഷിനോടു ചേർന്നുള്ള പുതിയ ഫെഡറൽ ക്യാപിറ്റൽ അപാർട്ട്‌മെന്റും തീരപരിപാലന നിയമം ലംഘിച്ചിട്ടുണ്ട്. ആക്കുളം-കുഴിവിള റോഡിലെ എസ്എഫ്എസിന്റെ വാട്ടർസ്‌കേപ് അപ്പാർട്ട്‌മെനറും നിയമലംഘനം നടത്തിയിട്ടുണ്ട്. ആക്കുളം കായലിന്റെ ഏക്കറുകളോളം ഭൂമി നികത്തിയാണ് ഇന്റർ നാഷണൽ ടൂറിസം കൺവെൻഷൻ സെന്റർ പണികഴിപ്പിക്കാൻ ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ആറ്റിപ്ര വില്ലേജിൽ റീ സർവേ നമ്പർ 504, 571-ൽപ്പെടുന്നത് വേളി, ആക്കുളം കായൽ ഭൂമിയാണ്. എന്നാൽ റവന്യൂ രേഖകളിൽ കൃത്രിമം നടത്തി ഈ സ്ഥലങ്ങൾ മിക്കതും പുരയിടമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെളിവ് സഹിതം പരാതി നൽകിയിട്ടുണ്ട്.

ആക്കുളം പാലത്തിൽ നിന്നും വെൺപാലവട്ടത്തിലേക്ക് പോകുന്ന ആർടെക് ഫ്‌ളാറ്റ് നിർമ്മിതി തീരദേശ പരിപാലന നിയമങ്ങളുടെ ലംഘനമാണ്. ആക്കുളത്തെ ബോട്ട് ഹൗസും നിയമലംഘനമായാണ് പണി തീർത്തിരിക്കുന്നത്. ആക്കുളം ബോട്ട് ഹൗസിനെതിരെയുള്ള ഡോക്ടെഴ്‌സ് വില്ലേജ് ആക്കുളം കായലിലേക്ക് ഇവർ ഇറക്കി നിർമ്മിച്ചിരിക്കുന്ന ഫെൻസിംഗും നിയമലംഘനം തന്നെയാണ്. ശ്രീധന്യ കൺസ്ട്രക്ഷൻസിന്റെ കിളിമാനൂർ ബാബുവും ഫാമിനായി നികത്തിയിരിക്കുന്നത് ഏക്കറുകളോളം വരുന്ന ആക്കുളം കായൽ ഭൂമിയാണ്. കിംസ് ആശുപത്രിയുടെ ആദ്യ ഘട്ട നിർമ്മാണത്തിലും തീരദേശ പരിപാലന നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ട്. പാർക്കിങ് സൗകര്യം ഒരുക്കാൻ താഴ്ന്ന തണ്ണീർത്തടങ്ങളും വൃഷ്ടി പ്രദേശങ്ങളും ഇവർ മണ്ണിട്ട് നികത്തിയിട്ടുണ്ട്. പട്ടം ആസ്ഥാനമായ ഓസ്‌കോയുടെ അപ്പാർട്ട്‌മെന്റ് ആമയിഴഞ്ചാൻ തോടിലെക്ക് ഇറക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ആക്കുളം പാലത്തിനു സമീപം ഷെട്ടി ഗ്രൂപ്പിന്റെ ഹോട്ടൽ പ്രോജക്റ്റ് എല്ലാം തീരദേശ പരിപാലനങ്ങളുടെ ലംഘനങ്ങളുടെ പട്ടികയിൽ വരുന്നതാണ്. ഇങ്ങനെ തീരദേശ പരിപാലന നിയമങ്ങളുടെ നിരവധി ലംഘനങ്ങളാണ് ആക്കുളം-വേളി കായൽ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ടു എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ചൂണ്ടിക്കാട്ടുന്നത്. ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിലാണ് നഗ്‌നമായ കായൽ കയ്യേറ്റങ്ങളുടെയും തീരപരിപാലന നിയമങ്ങളുടെയും കണക്കുകൾ ഇവർ ഉദാഹരണ സഹിതം നിരത്തിയിരിക്കുന്നത്.

അതേസമയം ആക്കുളം കായലിന്റെ പുനരുജ്ജീവനത്തിനു 64.13 കോടി രൂപയുടെ പദ്ധതി തയാറായിട്ടുണ്ട്. ടൂറിസം വകുപ്പാണ് പദ്ധതിക്ക് പിന്നിൽ. കായലിലെ മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആംഫി തിയറ്റർ, മാലിന്യ സംസ്‌കരണ സംവിധാനം, കുന്നിന്മുകളിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടം, റസ്റ്ററന്റ് ബ്ലോക്കിന്റെ അനുബന്ധമായുള്ള 12ഉ തിയറ്റർ, മ്യൂസിക്കൽ ഫൗണ്ടന്റെ നവീകരണം തുടങ്ങിയ നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. ഒരു വശത്ത് ഈ രീതിയിൽ ടൂറിസം വകുപ്പ് മുന്നോട്ട് പോകുമ്പോഴാണ് വൃഷ്ടിപ്രദേശങ്ങൾ നികത്തിയും തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയും കായലിനെ നശിപ്പിക്കാൻ ഭൂമാഫിയ ശ്രമം തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP