Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരോധനാജ്ഞ മറികടന്ന് ചായക്കടയിൽ ആൾക്കൂട്ടമെത്തിയപ്പോൾ ലാത്തിവീശി ഓടിച്ച് പൊലീസ്; യുവാക്കൾ കേരംസ് കളിച്ചു കൊണ്ടിരുന്ന ചായക്കട നാട്ടുകാർ അടപ്പിച്ചു; ഇരുചക്രവാഹനത്തിൽ ചുറ്റുന്നവരെ വിരട്ടിയോടിച്ചു; കോവിഡ് നിരീക്ഷണത്തിൽനിന്ന് പുറത്തിറങ്ങി നടന്ന അഞ്ചു പേർക്കെതിരെ കേസെടുത്തു; ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കും; നഗരത്തിൽ തട്ടുകടപോലും അനുവദിക്കില്ലെന്ന് അധികൃതർ; മലപ്പുറത്ത് കൈവിട്ടുപോയ ലോക്ക്ഡൗൺ തിരിച്ചുപിടിച്ചത് പൊലീസിന്റെ ജാഗ്രതമൂലം

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച മലപ്പുറത്തെ ചായക്കടയിൽ ആൾക്കൂട്ടം. ലാത്തിവീശി പൊലീസ്. കേരംസ് കളിച്ചു കൊണ്ടിരുന്ന ചായക്കട നാട്ടുകാർ അടപ്പിച്ചു. നിരോധനം മറികടന്നു ഇരുചക്രവാഹനത്തിൽചുറ്റുന്നവരെ വിരട്ടിയോടിച്ചും പൊലീസ്. മലപ്പുറം ചറുമുക്ക് വെസ്റ്റിലെ പുട്ടിയിട്ട ചായക്കടയിൽ കൂട്ടംകൂടിയ പത്തോളം പേർഅടങ്ങുന്ന യുവാക്കളെയാണ് താനൂർ എസ്. ഐ നവീൻ ഷാജന്റെ നേതൃത്വത്തിൽ ലാത്തി വീശി ഓടിച്ചത്.

ഇവർ പൂട്ടിയിട്ട ചായക്കടയിൽ കൂട്ടമായി ഇരിക്കുകയായിരുന്നു. ചെറുമുക്ക് അങ്ങാടിയിൽ കടകൾ അടപ്പിക്കുകയും ഇരുചക്രവാഹനങ്ങൾ നിരത്തിൽ ഇറങ്ങിയ വിദ്യാർത്ഥികളെയും മുതിർന്നവരേയും താക്കീത് നൽകി. ഇതോടൊപ്പം വിഷയം ഗൗരവത്തിലെടുക്കാതെ കേരംസ് കളിച്ചു കൊണ്ടിരുന്ന ചായക്കട നാട്ടുകാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അടപ്പിച്ചിരുന്നു.

ഇതിന് പുറമെ സുരക്ഷ നിർദ്ദേശങ്ങൾ ലംഘിച്ച അഞ്ചു പേർക്കെതിരെ ഇന്ന് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തു. ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുമെന്നും കോട്ടക്കൽ എസ്‌ഐ. റിയാസ് ചാക്കീരി പറഞ്ഞു. കോവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായി വീട്ടിൽ കഴിയാൻ നിർദ്ദേശിച്ചതു ലംഘിച്ചു പുറത്തിറങ്ങി നടന്ന അഞ്ചു പേർക്കെതിരെയാണ് ഇന്നലെ പൊലീസ് കേസെടുത്തത്. നിലവിൽ കോട്ടക്കൽ നഗരസഭയിൽ 182 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.

ഇതിൽ ഓരോരുത്തർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നെന്നും അതിൽ അഞ്ചു പേർ മാത്രമാണ് നിർദ്ദേശങ്ങൾ ലംഘിച്ചതെന്നും നഗരസഭ ചെയർമാൻ കെ. കെ . നാസർ പറഞ്ഞു. ഇത്തരത്തിൽ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും വേണ്ടിവന്നാൽ അവരുടെ പേരും വിവരവും വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലയിൽ നിരോധനം മറികടന്ന് നിരത്തിലോടുന്ന സ്വകാര്യ വാഹനങ്ങളെ പിടിച്ചിടാനൊരുങ്ങി മലപ്പുറം പൊലീസ് രംഗത്തുവന്നിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ യാതൊരു നിയന്ത്രണവുമില്ലാതെ നിരത്തുകളിൽ കാറുകളും ഇരുചക്ര വാഹനങ്ങളും ഓടിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. പല കേന്ദ്രങ്ങളിലായി ജനങ്ങൾ കുടുങ്ങി കിടന്നതിനാൽ അവരെ ലക്ഷ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാവിലെ പരിശോധന കർശനമാക്കാതിരുന്നത്.

എന്നാൽ, ഉച്ചയ്ക്ക് ശേഷം പരിശോധന കർശനമാക്കിയതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം പറഞ്ഞു. പൊലീസ് നിർദ്ദേശം ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. യാത്ര അനിവാര്യമെങ്കിൽ പൊലീസ് വാഹനങ്ങളിൽ അവർ ഉദ്ദേശിക്കുന്നിടത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോറിക്ഷകൾ യാതൊരു കാരണവശാലും ഓടാൻ പാടില്ല. കൊറോണയുമായ ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടവർക്ക് പ്രത്യേക അനുമതിയോടെ വാഹനങ്ങൾ ഉപയോഗിക്കാം. ചില അനിഷ്ട സംഭവങ്ങളൊഴിച്ചാൽ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ സഹകരണമാണ് ലഭിക്കുന്നത്. നിരോധനാജ്ഞ സംബന്ധിച്ച സമയത്തിന്റെ കാര്യത്തിൽ ചില അവ്യക്തത ജനങ്ങളിലുണ്ട്.

അനുവദിക്കപ്പെട്ട സ്ഥാപനങ്ങൾ തുറക്കാനുള്ള സമയം രാവിലെ 11 മണി മുതൽ 7 മണിവരെയാണ്. കള്ളുഷാപ്പുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലുണ്ടാവും. വിലക്ക് ലംഘിക്കുന്നവരെ പൂട്ടിടാൻ നിയന്ത്രണങ്ങൾ കൂടുതൽ കുടുപ്പിക്കും. ഇതിനായി പുതിയ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആവശ്യക്കാർക്ക് 9497963336, 9497934346 നമ്പറിൽ ബന്ധപ്പെടാം.
ഇന്നലെയാണ് മലപ്പുറം ജില്ലയിൽ സി.ആർ.പി.സി 144 പ്രഖ്യാപിച്ചത്.

കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ മലപ്പുറം ജില്ലാ കലക്ടർ ജാഫർ മലിക് ക്രിമിനൽ പ്രൊസീജിയർ കോഡ് (സി.ആർ.പി.സി) സെക്ഷൻ 144 പ്രകാരം ഇനി പറയുന്ന കാര്യങ്ങൾ നിരോധിച്ചാണ് ഉത്തരവിറക്കിയത്.. ഈ ഉത്തരവിന് മാർച്ച് 23 മുതൽ മാർച്ച് 31 അർധ രാത്രി വരെ പ്രാബല്യമുണ്ടാകും.

1. ജില്ലയിൽ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല.
2. സ്‌കൂളുകൾ, കോളെജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ക്ലാസ്സുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു
3. ആശുപത്രികളിൽ സന്ദർശകർ, കൂട്ടിരിപ്പുകാർ ഒന്നിലധികം പേർ എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു.

4. ടൂർണ്ണമെന്റുകൾ, മത്സരങ്ങൾ, വ്യായാമ കേന്ദ്രങ്ങൾ, ജിംനേഷ്യം, ടർഫ് ഗ്രൗണ്ടുകൾ മുതലായവ പ്രവർത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.
5. എല്ലാത്തരം പ്രകടനങ്ങൾ, ധർണ്ണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾ/ കൂട്ട പ്രാർത്ഥനകൾ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
6. ഹാർബറുകളിലെ മത്സ്യലേല നടപടികൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിശ്ചയിക്കുന്ന നിരക്കിൽ മത്സ്യ വിൽപ്പന നടത്തേണ്ടതാണ്. മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ച് പേരിൽ കൂടുതൽ ഒരേ സമയം ഒരു കേന്ദ്രത്തിൽ കൂട്ടം കൂടുവാൻ പാടുള്ളതല്ല.
7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
8. വിവാഹങ്ങളിൽ ഒരേസമയം പത്തിൽ കൂടുതൽ പേർ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാൻ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുൻകൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പൊലീസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകൾ വീട്ടിൽ തന്നെ നടത്തുവാൻ ശ്രമിക്കേണ്ടതാണ്.
9.ബ്രെയ്ക് ദ ചെയിൻ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങലിലും ഹോട്ടലുകളിലും ഉപഭോക്താക്കൾക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തിൽ സജ്ജീകരിക്കേണ്ടതാണ്.

10. വൻകിട ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ മറ്റ് മാർക്കറ്റുകൾ എന്നിവയിലുള്ള കേന്ദ്രീകൃത ഏയർ കണ്ടീഷൻ സംവിധാനം നിർത്തി വെയ്ക്കേണ്ടതും പകരം ഫാനുകൾ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ഫോണിൽക്കൂടി ഓർഡറുകൾ സ്വീകരിച്ച് അവശ്യ സാധനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

മേൽ പറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടേണ്ടത് സ്ഥാപനമേധാവികളുടെയും പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. ഈ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെങ്കിൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തിന് കാരണമാകും. ആയതിനാൽ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി -269,188, 270, കേരള പൊലീസ് ആക്ട് 120 പ്രകാരമുള്ള നടപടികൾ ജില്ലാ പൊലീസ് മേധാവി സ്വീകരിക്കേണ്ടതാണ്. പൊതുജനാരോഗ്യത്തെയും ദുരന്ത നിവാരണത്തെയും കണക്കിലെടുത്ത് മേൽ നിബന്ധനകളിൽ യാതൊരുവിധത്തിലുമുള്ള ഇളവുകളും അനുവദനീയമല്ല. ഇക്കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി താലൂക്ക് തഹസിൽദാർമാരായ എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാർ ശ്രദ്ധിക്കേണ്ടതാണ്. എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാരുടെ പ്രവർത്തങ്ങളുടെ ഏകോപനം അഡീഷണൽ ജില്ലാ മജിസ്ട്രേട്ടും, എസ്.എച്ച് ഒ മാരുടെ പ്രവർത്തങ്ങളുടെ ഏകോപനം ജില്ലാ പൊലീസ് മേധാവിയും നിർവ്വഹിക്കേണ്ടതാണ്.

അതേ സമയം സർക്കാർ തീരുമാനിച്ചതു പ്രകാരമുള്ള ലോക്ക് ഡൗൺ നടപടികൾ കർശനമായി നടപ്പാക്കാൻ ഇന്നു പെരിന്തൽമണ്ണ നഗരസഭയിൽ ചേർന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ യോഗം തീരുമാനിച്ചു.നഗരത്തിലെ ആവശ്യ സാധനങ്ങളും, മരുന്നും വിൽക്കുന്ന ഷോപ്പൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും നിർബന്ധമായും അടച്ചിടും

* ആവശ്യ സാധനങ്ങൾ ലഭ്യമാകുന്ന കടകൾ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കു.
ആളുകൾ കൂട്ടം കൂടുന്ന എല്ലാ സാഹചര്യവും കർശനമായി നിരോധിക്കും -വീടിന് പുറത്തിറങ്ങിആവശ്യസാധനങ്ങൾ വാങ്ങാൻ അനുവദിച്ച സമയം മാത്രം ഉപയോഗിക്കുക. സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് കുടുംബശ്രീ ഡെലിവറി സൗകര്യം ഒരുക്കിയിട്ടുണ്ട്.
* വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്ന 230പേരുടെ കുടുംബത്തിന് ആവശ്യമായ ടെലി കൗൺസിലിങ്, ഹോം ഡെലിവറി ,ആവശ്യമെങ്കിൽ ഭക്ഷണം പാകം ചെയ്ത് എത്തിക്കൽ മെഡിക്കൽ സഹായം എന്നിവ എത്തിക്കുീ.
ടൗണിൽ ഒറ്റപ്പെട്ടവർ, ഇതര സംസ്ഥാനക്കാരായ ഒറ്റപ്പെട്ടവർ, വീട്ടിൽ പോവാൻ കഴിയാത്ത ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി സൗജന്യ താമസവും, ഭക്ഷണവും ഒരു ക്കും.ഇതിനായി ഊത്തക്കാടൻ ബഷീർ എന്ന വ്യക്തി ജൂബിലി ജംഗ്ഷനിൽ 60 മുറികളുള്ള തന്റെ 3 നില കെട്ടിടം സൗജന്യമായി നഗരസഭക്ക് വിട്ട് നൽകിയതിനെ ആർ, ആർ, ടി യോഗം അഭിനന്ദിച്ചു.വീട്ടിൽ പോവാനാവാത്ത നഴ്‌സുമാർക്ക് താമസിക്കാൻ നഗരസഭ ഷീസ് റ്റേ വിട്ട് നൽകും.

നഗരത്തിൽ തട്ടുകടകൾ അനുവദിക്കില്ല.

* കരിഞ്ചന്ത, പൂഴ്‌ത്തിവെപ്പ് അമിത വില ഈടാക്കൽ എന്നിവക്കെതിരെ ലീഗൽ മെട്രോളജി, സപ്ലൈ ഓഫീസർ എന്നിവരുടെ സഹായത്തോടെ കർശന നടപടി സ്വീകരിക്കും.

* വയോജനങ്ങൾക്കാവശ്യമായ മരുന്ന്, കുട്ടികളുടെ ഭക്ഷണം എന്നിവ വീട്ടിലെത്തിച്ചു നൽകുന്നതിന് കുടുംബശ്രീ അങ്കനവാടി പ്രവർത്തകൾ ഒന്നിച്ച് പ്രവർത്തിക്കും.

* പുതുതായി വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും,ജില്ലകളിൽ നിന്നും വരുന്നവരെയും നിരീക്ഷണ ലിസ്റ്റിൽ ഉൾപ്പെടുത്തി ആവശ്യമായ ക്രമീകരണങ്ങൾക്ക് വാർഡ് കൗൺസിലർമാർ നേതൃത്വം നൽകും. നിരീക്ഷണത്തിലിരിക്കുന്നവരുടെ കുടുംബാംഗങ്ങളും ജാഗ്രത പാലിക്കണം.
* ആവശ്യമായ സാനിറ്റൈസർ സൗജന്യമായി വിതരണം ചെയ്യും

*നിലവിൽ ഇവിടെ താമസിച്ച് കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അകാരണമായി അകറ്റി നിർത്തുന്നതു നിയന്ത്രിക്കുംഅവരുടെ പ്രവർത്തനം കേരളത്തിലെ നിലവിലുള്ള ആരോഗ്യ ജാഗ്രതയും, ക്രമീകരണങ്ങളും നിലബോധ്യപ്പെടുത്തുന്ന താവണം

* നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുവാനും, വിവിധ വകുപ്പുകൾ ശക്തമായ ഏകോപനത്തോടെ പ്രതിരോധ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാനും ഞ,ഞ,ഠ യോഗം തീരുമാനിച്ചു.

യോഗത്തിൽ നഗര സഭാ ചെയർമാൻ എം.മുഹമ്മദ് സലിം അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ: അനൂപ്, സർക്കിൾ ഇൻസ്‌പെക്ടർ എം.ശശീന്ദ്രൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.മനോജ് കുമാർ, വില്ലേജ് ഓഫീസർമാരായ പി.ഹംസ, എസ് ഷൈജു, നഗരസഭാ സെക്രട്ടറി എസ്.അബ്ദുൽ സജീം, ഹെൽത്ത് ഇൻസ്‌ടെക്ടർ കെ.ദിലീപ് കുമാർ, ജെഎച്ച് ഐ തുളസീദാസ്, ഹോമിയോ മെഡിക്കൽ ഓഫീസർ റോജാ നഫ്‌സത്ത്, സപ്ലൈ ഓഫീസ് പ്രതിനിധി എം സുരേഷ് ബാബു പാലിയേറ്റീവ് കെയർ പ്രതിനിധികളായ ഷൈജൽ, കുറ്റീരി മാനുപ്പ, യുവജന ക്ലബ്ബ് പ്രതിനിധി മോഹൻദാസ് .സി ഡി എസ് പ്രസിഡന്റ് എം.പ്രേമലത എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.ഹോം ഡെലിവറി ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9544800369

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP