Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

21 വീട്ടിലിരിക്കാൻ പറഞ്ഞ മോദി ജനങ്ങൾ എങ്ങനെ ജീവിക്കുമെന്ന് പറഞ്ഞില്ല; പാവപ്പെട്ടവർക്ക് ഈ ദിവസങ്ങളിൽ ആര് പണം നൽകും എന്ന ചോദ്യവുമായി പി ചിദംബരം; അഞ്ച് ലക്ഷം കോടിയെങ്കിലും വേണ്ടിടത്താണ് മോദിയുടെ 15000 കോടിയുടെ പ്രഖ്യാപനമെന്നും വിമർശനം; ലോക്ക് ഡൗണിനെ സ്വാഗതം ചെയ്യുമ്പോഴും രാഷ്ട്രീയ നേതാക്കൾ വിമർശിക്കുന്നത് സാധാരണക്കാരൻ എങ്ങനെ വയറു നിറയ്ക്കുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്തതിനാൽ

21 വീട്ടിലിരിക്കാൻ പറഞ്ഞ മോദി ജനങ്ങൾ എങ്ങനെ ജീവിക്കുമെന്ന് പറഞ്ഞില്ല; പാവപ്പെട്ടവർക്ക് ഈ ദിവസങ്ങളിൽ ആര് പണം നൽകും എന്ന ചോദ്യവുമായി പി ചിദംബരം; അഞ്ച് ലക്ഷം കോടിയെങ്കിലും വേണ്ടിടത്താണ് മോദിയുടെ 15000 കോടിയുടെ പ്രഖ്യാപനമെന്നും വിമർശനം; ലോക്ക് ഡൗണിനെ സ്വാഗതം ചെയ്യുമ്പോഴും രാഷ്ട്രീയ നേതാക്കൾ വിമർശിക്കുന്നത് സാധാരണക്കാരൻ എങ്ങനെ വയറു നിറയ്ക്കുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്തതിനാൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ 21 ദിവസം ജനങ്ങൾ വീട്ടിലിരിക്കുമ്പോൾ അവരെ എങ്ങനെ ഭക്ഷണം കഴിക്കും? അവശ്യ സാധനങ്ങൾ ലഭ്യമെങ്കിലും അതിനുള്ള പണം എവിടെ നിന്നും ലഭിക്കും? മോദി ഇന്നലെ രാഷ്ട്രത്ത അഭിസംബോധന ചെയ്ത ശേഷം ഈ ചോദ്യമാണ് നിരവധി രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്നത്. ലോക് ഡൗണിലെ പിന്തുണക്കുമ്പോൾ തന്നെയാണ് പലരും ഈ ആശങ്ക തുറന്നു പറയുന്നത്. ദിവസക്കൂലിക്കാരായ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടേണ്ടി വരിക. ഇവർക്ക് സൗജന്യ റേഷൻ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ പ്രഖ്യാപനങ്ങൾ ഇനിയും വരേണ്ടതുണ്ട്. എന്നാൽ, അതുണ്ടായിട്ടില്ല.

മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരവും മോദിയോട് ഈ ചോദ്യം ഊന്നിച്ചോദിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടതിനുശേഷം തനിക്ക് ബാക്കിയാവുന്നത് സമാധാനവും ന്യായവും സമ്മർദ്ദവും നിരാശയും ഭയവും കൂടിച്ചേർന്ന വികാരാണെന്ന് മുൻധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. കോവിഡ്-19 ഉണ്ടാക്കാവുന്ന സാമ്പത്തിക, സാമൂഹിക പ്രത്യാഘാതത്തെ നേരിടണമെങ്കിൽ രാജ്യത്തിന് അഞ്ച് ലക്ഷം കോടി രൂപയെങ്കിലും ആവശ്യമായി വരും. ആ നിലയ്ക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 15000 കോടിയുടെ അർഥമെന്താണെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് ചിദംബരത്തിന്റെ പ്രതികരണം.

ലോക്ക് ഡൗൺ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. വൈകിയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒരിക്കലും ഇല്ലാത്തിനേക്കാൾ നല്ലതാണല്ലോ ഇപ്പോഴെങ്കിലുമുണ്ടായ പ്രഖ്യാപനം. ഈ തീരുമാനത്തെ പരിഹസിക്കുന്നവർ അടുത്ത 21 ദിവസമെങ്കിലും നിശബ്ദരായിക്കൊണ്ട് രാജ്യത്തിന് വേണ്ടി വലിയ സഹായം ചെയ്യണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടായാലും ലോക്ക് ഡൗണിനെ പിന്തുണയ്ക്കുക എന്നതാണ് ഇപ്പോൾ ഓരോ പൗരനും ചെയ്യാവുന്ന ശരിയായ കാര്യം.

പ്രധാനമന്ത്രിയുടെ തീരുമാനം ഒരു വിടവ് ബാക്കിയാക്കുന്നുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ ഒരു വിഭാഗം പാവപ്പെട്ട ജനങ്ങൾക്ക് ആര് 21 ദിവസത്തേക്ക് സാമ്പത്തിക സഹായം നൽകും? ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദരിദ്രർ, ദൈനംദിന തൊഴിലാളികൾ, കാർഷിക തൊഴിലാളികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവരുടെ പോക്കറ്റുകളിൽ പണം വയ്ക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മനസിലാക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. അതേസമയം പാക്കേജ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ, മറ്റ് മേഖലകളിലെ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഏപ്രിൽ ഒന്നു മുതൽ കർഷകർ എങ്ങനെ വിളവെടുക്കും എന്നുതുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ പി ചിദംബംരം ഉന്നയിച്ചിരുന്നു. ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. വിലപ്പെട്ട സമയം നമ്മൾ നഷ്ടപ്പെട്ടിരിക്കുന്നു, ലോക്ക് ഡൗണിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു വലിയ സാമ്പത്തിക ചെലവ് ഉണ്ടാകും. സർക്കാരിന് അഞ്ചു ലക്ഷം കോടി രൂപ വരെ കണ്ടെത്തേണ്ടി വന്നേക്കാം. ഈ പണം ഉപയോഗിച്ച്, ദരിദ്രർക്ക് - പ്രത്യേകിച്ച് ദൈനംദിന തൊഴിലാളികൾ, സ്വയംതൊഴിൽ, കാർഷിക തൊഴിലാളികൾ മുതലായവയ്ക്ക് പ്രതിമാസത്തിൽ ധനസഹായം നൽകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

എക്കണോമിക് ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കുന്നതിലെ കാലതാമസത്തെ ചോദ്യം ചെയ്ത് നേരത്തേയും അദ്ദേഹം രംഗത്തെത്തിയിരുന്നു. 'പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് നാലു ദിവസങ്ങൾക്ക് ശേഷവും വാഗ്ദാനം ചെയ്ത ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന വാർത്തയിലേക്കാണ് ഉണർന്ന'തെന്നായിരുന്നു ചിദംബരം നേരത്തെ ട്വീറ്റ് ചെയ്തത്.

അതേസമയം രാജ്യത്ത് 21 ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ഈ ദിവസങ്ങളിൽ സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കാത്തത് നിരാശാജനകമാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും പ്രതികരിച്ചു. 21 ദിവസം വീടിന് പുറത്തിറങ്ങരുതെന്നും വീട് ലക്ഷ്മണരേഖയായി കരുതണമെന്നും പറയുന്ന പ്രധാനമന്ത്രി ആ ദിവസങ്ങളിൽ വീട്ടിനുള്ളിലുള്ളവർ എങ്ങനെ ജീവിക്കുമെന്നത് ചിന്തിക്കാതെ പോയത് അത്ഭുതകരമായ കാര്യമാണെന്നും അത് ഏറെ സങ്കടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈംടൈം ചർച്ചയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച 15000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആരോഗ്യമേഖലയ്ക്ക് മാത്രമാണ്. അത് വേണ്ടതുമാണ്. എന്നാൽ പ്രധാനമന്ത്രി മറ്റുമേഖലകളെക്കുറിച്ചൊന്നും പരാമർശിച്ചില്ലെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാണിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP