Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ തെരുവിന്റെ മക്കളെയും കൈവിടാതെ കോഴിക്കോട് ജില്ലാ ഭരണകൂടം; തെരുവിൽ കഴിയുന്നവർക്ക് അന്തിയുറങ്ങാൻ വിവിധ ഹോസ്റ്റലുകളിൽ ഒരുക്കി അഭയം നൽകി; മുഴുവൻ പേർക്കും വൈദ്യപരിശോധനയും ഭക്ഷണവും താമസസ്ഥലവും ഒരുക്കും; സഹായിക്കാൻ വിവിധ സംഘടനകളും രംഗത്ത്; ഇന്നലെ താമസ സൗകര്യം ഒരുക്കി നൽകിയത് 216 പേർക്ക്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ തെരുവിന്റെ മക്കളെയും കൈവിടാതെ കോഴിക്കോട് ജില്ലാ ഭരണകൂടം; തെരുവിൽ കഴിയുന്നവർക്ക് അന്തിയുറങ്ങാൻ വിവിധ ഹോസ്റ്റലുകളിൽ ഒരുക്കി അഭയം നൽകി; മുഴുവൻ പേർക്കും വൈദ്യപരിശോധനയും ഭക്ഷണവും താമസസ്ഥലവും ഒരുക്കും; സഹായിക്കാൻ വിവിധ സംഘടനകളും രംഗത്ത്; ഇന്നലെ താമസ സൗകര്യം ഒരുക്കി നൽകിയത് 216 പേർക്ക്

ജാസിം മൊയ്തീൻ

കോഴിക്കോട്: രാജ്യമാകെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വന്തമായി വീടില്ലാത്ത തെരുവിൽ കഴിയുന്ന ആളുകളെക്കുറിച്ചുള്ള ആശങ്കൾക്ക് കോഴിക്കോട് ജില്ലയിൽ താത്കാലിക പരിഹാരമാകുന്നു. കോഴിക്കോട് നഗരത്തിൽ ഇന്നലെ തന്നെ ഇത്തരത്തിൽ വഴിയോരങ്ങളിലും ബസ്റ്റാന്റുകളിലും അന്തിയുറങ്ങിയിരുന്ന 216 പേരെ നഗരത്തിലെ വിവിധ ഹോസ്റ്റലുകളിലേക്ക് മാറ്റി.

കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കൽ എജുക്കേഷൻ കോളേജ് ഹോസ്റ്റൽ, പട്ടികജാതി വകുപ്പ് പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്കാണ് ഇവരെ താത്കാലികമായി മാറ്റിയത്. ഉച്ചഭക്ഷണം നൽകി വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് ഇവരെ ഹോസ്റ്റലുകളിലേക്ക് മാറ്റിയത്. ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന അശരണരായ ആളുകളുടെ സംരക്ഷണം ഏറ്റെടുക്കാനും അവർക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികൾ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ആരംഭിച്ചിരുന്നു.

സാമൂഹ്യനീതി വകുപ്പിന് ആയിരുന്നു ഇതിന്റെ ചുമതല നൽകിയിരുന്നത്. സന്നദ്ധ സംഘടനകളുടെ സഹായം ഇതിനായി ജില്ലാഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോടിന്റെ നന്മ വെളിവാക്കുന്ന രീതിയിൽ മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഒട്ടേറെ സന്നദ്ധസംഘടനകൾ ഇതിനായി മുന്നോട്ട് വരികയും ചെയ്തു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസ് , കാലിക്കറ്റ് ചേമ്പർ എന്നീ സംഘടനകൾ പദ്ധതിയുമായി സഹകരിക്കാമെന്ന് ഏറ്റിട്ടുണ്ട്.

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തെരുവോരങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ പേർക്കും ഇന്നലെ തന്നെ ഉച്ച ഭക്ഷണം ലഭ്യമാക്കിയിരുന്നു. ഇവർക്ക് രാത്രി നേരത്തെ ഭക്ഷണവും തുടർന്നുള്ള ദിവസങ്ങളിൽ ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിലവിൽ 216 പേരെയാണ് ജില്ലയിലെ നഗരത്തിലെ രണ്ട് ഹോസ്റ്റലുകളിലേക്കായി മറ്റിയിട്ടുള്ളതെന്ന് ജില്ലാ കളക്ടർ ശ്രീറാം സാംബശിവ റാവു അറിയിച്ചു. ബാക്കിയുള്ളവരെ ഇന്ന് മുതൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് താമസിപ്പിക്കും.

ഇവർക്കാവശ്യമായ വൈദ്യപരിശോധനയും, ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കും. ഇതിന് തയ്യാറായി നിരവധി സന്നദ്ധ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. ആളുകൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കി എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന് ആവശ്യമായ സഹായമഭ്യർത്ഥിച്ചപ്പോൾ വലിയ തോതിലുള്ള പിന്തുണയാണ് കോഴിക്കോട്ടെ വിവിധ സംഘടനകളിൽ നിന്നും ലഭിച്ചിട്ടുള്ളതെന്നും കോഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സാംബശിവ റാവു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP