Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ കോവിഡ് സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിൽ എത്തിയെന്ന് പറയാനാകില്ലെങ്കിലും കാസർകോടിന്റെ കാര്യത്തിൽ കടുത്ത ആശങ്ക; 'ഫോണിൽ പറഞ്ഞാൽ സാധനങ്ങൾ വീട്ടിലെത്തിക്കണം' എന്ന് വ്യാപാരികളോട് നിർദേശിച്ചു മുഖ്യമന്ത്രി; റേഷൻ കടകളിലും തിരക്കേറി; വാഹന യാത്രയ്ക്ക് സത്യവാങ്മൂലം വേണമെന്ന നിർദ്ദേശം വന്നതോടെ നിരത്തിൽ ഇറങ്ങുന്ന വാഹനങ്ങളും കുറഞ്ഞു; കടകളിൽ ഒരു മീറ്റർ വീതം അകലം പാലിക്കാനും കൈകഴുകാൻ സ്ഥലം നൽകാനും നിർദ്ദേശം; കേരളത്തിൽ ലോക്ക് ഡൗൺ ഒരു ദിവസം കഴിയുമ്പോൾ കാര്യങ്ങൾ ഇങ്ങനെ

കേരളത്തിൽ കോവിഡ് സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിൽ എത്തിയെന്ന് പറയാനാകില്ലെങ്കിലും കാസർകോടിന്റെ കാര്യത്തിൽ കടുത്ത ആശങ്ക; 'ഫോണിൽ പറഞ്ഞാൽ സാധനങ്ങൾ വീട്ടിലെത്തിക്കണം' എന്ന് വ്യാപാരികളോട് നിർദേശിച്ചു മുഖ്യമന്ത്രി; റേഷൻ കടകളിലും തിരക്കേറി; വാഹന യാത്രയ്ക്ക് സത്യവാങ്മൂലം വേണമെന്ന നിർദ്ദേശം വന്നതോടെ നിരത്തിൽ ഇറങ്ങുന്ന വാഹനങ്ങളും കുറഞ്ഞു; കടകളിൽ ഒരു മീറ്റർ വീതം അകലം പാലിക്കാനും കൈകഴുകാൻ സ്ഥലം നൽകാനും നിർദ്ദേശം; കേരളത്തിൽ ലോക്ക് ഡൗൺ ഒരു ദിവസം കഴിയുമ്പോൾ കാര്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് സമൂഹ വ്യാപനത്തിന്റെ ഘട്ടമായെന്ന് പറയാൻ സാധിക്കില്ലെന്ന നിലപാടിലാണ് കേരളം. സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നു എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മുഖ്യമന്ത്രിയും ഇന്നലെ വ്യക്തമാക്കി. അതേസമയം കാസർകോടിന്റെ കാര്യത്തിൽ ആശങ്കയുണ്ട്. അവസരം മുതലെടുത്തു സാധനങ്ങൾ വില കൂട്ടി വിൽക്കുന്ന പ്രവണത ഉണ്ട്. അതിനെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പും നൽകി. നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നവരിൽ കൂട്ടിരിപ്പു വേണ്ടവർക്കു സന്നദ്ധപ്രവർത്തകരെ നിയോഗിക്കും. എല്ലാ പ്രവർത്തനങ്ങളിലും യുവജന സംഘടനകളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്കു തടസ്സമില്ല. തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തവർക്കു വാടക നൽകാൻ 2 മാസം സാവകാശവും അനുവദിച്ചിട്ടുണ്ട്. റസ്റ്ററന്റിൽ നിന്നു സ്ഥിരമായി കഴിക്കുന്നവർക്കു പ്രത്യേക കേന്ദ്രത്തിൽ നിന്നു ഭക്ഷണം എത്തിക്കാൻ സൗകര്യം. ജില്ലാ വികസന സമിതിയുടെ മിനിമം ക്വോറത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾക്കു അനുമതി നൽകാം. നവോദയ സ്‌കൂളുകളിൽനിന്ന് ഇതരസംസ്ഥാനങ്ങളിൽ സമ്പർക്ക പഠനത്തിനു പോയ കുട്ടികളെ തിരികെയെത്തിക്കും.

കോവിഡ് 19 പ്രതിരോധത്തിനായി കാസർകോട് ജില്ലല്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4,840 ആയി. നിലവിൽ ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ആരുമില്ല. മെഡിക്കൽ കോളജ് ആശുപത്രി ഐസലേഷനിൽ ചികിത്സയിലായിരുന്ന രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു. ഇനി നാലുപേരാണ് അവിടെ ചികിത്സയിലുള്ളത്. ഇവരുടെ മൂന്നാം ഘട്ട സാംപിൾ പരിശോധനാഫലം ഇന്നു കിട്ടിയേക്കും.മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശുപത്രി വളപ്പിൽ ചുറ്റിത്തിരിയുന്നവരുടെ എണ്ണം കൂടുകയാണെന്ന് അധികൃതർ പറയുന്നു. സെക്യുരിറ്റി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി ചിലർ വാക്കേറ്റമുണ്ടാക്കുന്നുണ്ട്. അടിയന്തര ചികിത്സ വേണ്ടി വരുന്ന രോഗികൾ മാത്രമാണ് കിടത്തി ചികിത്സയിലുള്ളത്.

കോവിഡ്19ന്റെ പശ്ചാത്തലത്തിൽ റേഷൻ കടകളിലും തിരക്കേറുന്നു. കഴിഞ്ഞ ആഴ്ച വരെ ആളുകൾ എത്താൻ മടിച്ചെങ്കിൽ ഈ ആഴ്ച ഉപഭോക്താക്കളുടെ തിരക്കേറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റേഷൻ കടകളും അടച്ചേക്കുമെന്ന ആശങ്കയിൽ 17 മുതൽ ഓരോ ദിവസവും കൂടുതൽ ഉപഭോക്താക്കൾ കടകളിൽ എത്തുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച അവധി ദിനമായിരുന്നതോടെ ഇന്നലെയും കടകളിൽ തിരക്കേറി. ഇന്നലത്തെ കണക്ക് ലഭ്യമായിട്ടില്ല. 55,14,321 ഇടപാടുകളാണ് ഈ മാസം ഇതുവരെ നടന്നത്. ആകെ കാർഡുകളുടെ 60.77 % വരും ഇത്. ഇതിൽ 46.26 % ശതമാനവും മാനുവൽ രീതിയിലുള്ളതായിരുന്നു.

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ടു ജലവിതരണം മുടങ്ങാതിരിക്കാൻ ജല അഥോറിറ്റി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത സൗകര്യം പരിമിതമായതിനാൽ എല്ലാ ഓഫിസിലും ഓഫിസ് മേധാവിയും അദ്ദേഹം നിർദേശിക്കുന്ന ഉദ്യോഗസ്ഥരും മാത്രമേ ഉണ്ടാകൂ. ഓഫിസിലെത്താത്ത ജീവനക്കാർ എപ്പോഴും ഫോണിലോ മറ്റു മാർഗങ്ങളിലോ ഓഫിസ് മേധാവിയുമായി ബന്ധപ്പെടാൻ കഴിയുന്നെന്ന് ഉറപ്പാക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ഓഫിസിലെത്തും.ജലവിതരണവുമായി നേരിട്ടു ബന്ധമുള്ള ഓവർസീയർമാർ, പമ്പ് ഓപ്പറേറ്റർമാർ, വർക്കർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഷെഡ്യൂൾ പ്രകാരം ജോലിക്കെത്തും. ജലവിതരണ ശൃംഖലയുടെ പരിപാലനം, അറ്റകുറ്റപ്പണി, പരാതി പരിഹാരം എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല സംവിധാനം നോഡൽ ഓഫിസർ ഏർപ്പെടുത്തും. പരാതി പരിഹാര ചുമതലയുള്ളവർ വീട്ടിലിരുന്നു ജോലി ചെയ്യും. ഇവർക്കു ഫീൽഡിൽ സഞ്ചരിക്കാനുള്ള സൗകര്യം ഉറപ്പാക്കും.

അറ്റകുറ്റപ്പണിക്കു നിലവിലുള്ള സംവിധാനത്തിനു പുറമേ 2 ഷിഫ്‌റ്റെങ്കിലുമുള്ള പ്രത്യേക സംവിധാനം എല്ലാ ഡിവിഷൻ തലത്തിലും ഉണ്ടാക്കും. വീടിനു പുറത്തിറങ്ങാൻ കഴിയാത്തവർക്കു ശുദ്ധജലം എത്തിക്കാൻ എക്‌സിക്യൂട്ടിവ് എൻജിനീയർ സംവിധാനം ഒരുക്കും. ഇതിനായി 10, ലീറ്റർ, 15 ലീറ്റർ, 20 ലീറ്റർ ജെറി ക്യാനുകൾ ഡിവിഷനിൽ 100 എണ്ണം എന്ന കണക്കിൽ സംഭരിക്കും. ഇവ ജല അഥോറിറ്റി വാഹനങ്ങളിൽ വിതരണം ചെയ്യും. അറ്റകുറ്റപ്പണി, ജെറി ക്യാൻ സംഭരണം, മാസ്‌ക്, സാനിറ്റൈസർ എന്നിവയ്ക്കായി ഒരു ഡിവിഷന് 5 ലക്ഷം രൂപ വീതം അടിയന്തരമായി ഫിനാൻസ് വിഭാഗം നൽകും.

ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഫോൺ ചെയ്ത് പറഞ്ഞാൽ വീടുകളിൽ എത്തിച്ച് കൊടുക്കണമെന്ന് മുഖ്യമന്ത്രി വ്യാപാരികളോട് നിർദേശിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

കടകളിൽ ഒരു മീറ്റർ വീതം അകലം; കൈകഴുകാൻ സ്ഥലം വേണം

ലോക്ക് ഡൗൺ സമയത്ത് തുറക്കാൻ അനുമതിയുള്ള കടകളിലും കച്ചവട സ്ഥാപനങ്ങളിലും കൈ കഴുകാൻ സൗകര്യം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. കടയ്ക്കുള്ളിൽ ഇടപാടുകാരും ജീവനക്കാരുമെല്ലാം ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.

പ്രധാന നിർദേശങ്ങൾ:

-പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും ഹാൻഡ് സാനിറ്റൈസർ. ജീവനക്കാരും ഉപയോക്താക്കളും ഇത് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം.

- പേയ്‌മെന്റ് കൗണ്ടറിലുള്ളവർ ഓരോ ഇടപാടിനു ശേഷവും സാനിറ്റൈസർ ഉപയോഗിച്ചു കൈ വൃത്തിയാക്കണം. ഇടപാട് കഴിഞ്ഞാൽ ഉപയോക്താക്കളും കൈ വൃത്തിയാക്കണം.

-കൈ കഴുകുന്ന വിധം, ഹാൻഡ് റബ്ബിന്റെ ഉപയോഗം എന്നിവ വ്യക്തമാക്കി പോസ്റ്ററുകൾ പ്രദർശിപ്പിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണമെന്ന സന്ദേശവും ഉൾപ്പെടുത്താം.

- വാഷ് റൂമുകളിൽ ടിഷ്യു പേപ്പറും സോപ്പ് ലായനിയും കരുതണം. സോപ്പ് കട്ട വയ്ക്കരുത്.

- വാഷിങ് ഏരിയയിൽ, ശാസ്ത്രീയമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങൾ കാണിക്കുന്ന പോസ്റ്റർ.

- കടകളിൽ ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കണം.

- തൊഴിലാളികൾക്കു രോഗലക്ഷണങ്ങൾ ഇല്ലെന്ന് ദിവസവും ഉറപ്പാക്കണം.

- കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നു വന്നവരോ അവരുമായി സമ്പർക്കത്തിലുള്ളവരോ വീട്ടിൽ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഉടൻ സ്ഥാപനം അടയ്ക്കണം.

-ഹസ്തദാനം പാടില്ല.

- കടകളിൽ ദിശയുടെയും (1056) ജില്ലാ കൺട്രോൾ റൂമിന്റേയും ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം.

ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

ക്വാറന്റീൻ കാലാവധി കഴിഞ്ഞവർ പാലിക്കേണ്ട നിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അതീവ അപകടസാധ്യതയുള്ള (ഹൈ റിസ്‌ക്) രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് 28 ദിവസവും മറ്റുള്ളവർക്കു 14 ദിവസവുമാണ് ക്വാറന്റീൻ നിശ്ചയിച്ചിട്ടുള്ളത്. കാലാവധി കഴിഞ്ഞവർക്കു വീടിനു പുറത്തിറങ്ങാൻ തടസ്സമില്ല. തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ടാൽ സർട്ടിഫിക്കറ്റ് ലഭിക്കും.

യാത്രകൾ കഴിവതും ഒഴിവാക്കണം. ആശുപത്രികളിലേക്കു പോകാൻ തടസ്സമില്ല. വാഹനത്തിൽ സാക്ഷ്യപത്രം കരുതണം. വാഹനത്തിൽ കൂടുതൽ ആളുകൾ പാടില്ല. മരുന്നും അവശ്യസാധനങ്ങളും വാങ്ങാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. ലംഘിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ അറിയിക്കേണ്ടത് ആരെയാണ്? നിയമലംഘനങ്ങൾ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കാം: ഫോൺ 94979 00121, 94979 00112.

വാഹന യാത്രയ്ക്ക് സത്യവാങ്മൂലം

സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിശ്ചിതമാതൃകയിലുള്ള സത്യവാങ്മൂലം നൽകണം. ഇതിന്റെ മാതൃക കായികം പേജിലുണ്ട്. ഇത് വെട്ടിയെടുത്തോ വെള്ളക്കടലാസിൽ സ്വന്തമായി എഴുതിത്ത്തയാറാക്കിയോ ഉപയോഗിക്കാം. യാത്ര പുറപ്പെടുന്നതിനു മുൻപു തന്നെ സത്യവാങ്മൂലം പൂരിപ്പിച്ചു വാഹനത്തിൽ സൂക്ഷിക്കണം. പൊലീസ് ആവശ്യപ്പെട്ടാൽ നൽകണം. പരിശോധനയ്ക്കു ശേഷം യാത്രക്കാരനു തിരിച്ചുനൽകും. സത്യവാങ്മൂലത്തിൽ സംശയം തോന്നിയാൽ പൊലീസ് അതിന്റെ ഫോട്ടോയെടുത്തു തുടരന്വേഷണം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അവശ്യ സേവനമായി പ്രഖ്യാപിക്കപ്പെട്ട വിഭാഗത്തിൽപ്പെട്ടവർ പൊലീസ് നൽകുന്ന പാസ് കൈവശം വയ്ക്കണം. ജില്ലാ പൊലീസ് മേധാവിയാണ് പാസ് നൽകുന്നത്.

പാസ് വേണ്ടവർ

ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുൾപ്പെടെ ആശുപത്രി ജീവനക്കാർ, ഡേറ്റാ സെന്റർ ഓപ്പറേറ്റർമാരും ജീവനക്കാരും, മൊബൈൽ ടവറുമായി ബന്ധപ്പെട്ട ജീവനക്കാർ, സർക്കാർ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും, കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, പാൽ, പത്ര വിതരണ ജീവനക്കാർ, മെഡിക്കൽ ഷോപ്പ്, ഭക്ഷ്യ-പലചരക്ക് കടകൾ, പെട്രോൾ പമ്പ്, പാചക വാതക വിതരണം മുതലായ മേഖലകളിലെ തൊഴിലാളികൾ, സ്വകാര്യ മേഖല ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർ

പാസ് വേണ്ടാത്തവർ

സർക്കാർ ജീവനക്കാർ, പത്ര/മാധ്യമപ്രവർത്തകർ എന്നിവർക്ക് അതതു സ്ഥാപനത്തിന്റെ ഐഡന്റിറ്റി കാർഡ് മതി. ജനങ്ങൾക്ക് തൊട്ടടുത്ത കടകളിൽ സാധനം വാങ്ങാൻ പോകാൻ പൊലീസ് പാസ് വേണ്ട. ഇതിന് ദൂരയാത്ര പാടില്ല.

തിരുവനന്തപുരത്ത് കോവിഡ് രോഗിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരത്ത് ഒരാൾക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിക്കാണ് ജില്ലയിലിന്ന് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ നിന്നും തിരിച്ചു വന്ന ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 21 ന് ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഇയാൾ അധികം പേരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനം. രണ്ടു പേർക്കൊപ്പമാണ് ഇയാൾ നാട്ടിൽ എത്തിയത്. ഒരാൾ വെഞ്ഞാറമൂട് വീട്ടിൽ നിരീക്ഷണത്തിലാണ്. മറ്റേയാൾ ഐഎംജിയിൽ നിരീക്ഷണത്തിലാണ്.ഇവരെ രണ്ടുപേരെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പടെ ഇന്നലെ 14 പേർക്കു കൂടിയാണ് സംസ്ഥാനത്തുകൊറോണ സ്ഥിരീകരിച്ചത്. ഇതോടെ 105 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം 500 കടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP