Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ദിവസം 4764 പുതിയ രോഗികളെ തിരിച്ചറിഞ്ഞ് ജർമ്മനി; 1762 പുതിയ രോഗികളുമായി ഇറാൻ; ചൈനയിൽ നിന്നും ആദ്യം രോഗമെത്തിയ രണ്ടു രാജ്യങ്ങൾക്കും ഇനിയും രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടില്ല; യൂറോപ്പിനു മാതൃകയായി പ്രതിരോധത്തിൽ മുൻപിലെത്തിയ ജർമ്മനിയും ഒടുവിൽ തളർന്നു വീഴുന്നു; ഭയങ്കരമായ കൊറോണാ താണ്ഡവത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങൾ

ഒരു ദിവസം 4764 പുതിയ രോഗികളെ തിരിച്ചറിഞ്ഞ് ജർമ്മനി; 1762 പുതിയ രോഗികളുമായി ഇറാൻ; ചൈനയിൽ നിന്നും ആദ്യം രോഗമെത്തിയ രണ്ടു രാജ്യങ്ങൾക്കും ഇനിയും രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടില്ല; യൂറോപ്പിനു മാതൃകയായി പ്രതിരോധത്തിൽ മുൻപിലെത്തിയ ജർമ്മനിയും ഒടുവിൽ തളർന്നു വീഴുന്നു; ഭയങ്കരമായ കൊറോണാ താണ്ഡവത്തിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബെർലിൻ: ചൈനക്കാർ കൊറോണയെ തളയ്ക്കുന്നതിൽ ഏതാണ്ടൊക്കെ വിജയിച്ചു എന്നാണ് പുറത്ത് വരുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരിലല്ലാതെ, തദ്ദേശവാസികളിൽ പുതിയ രോഗബാധിതർ ഒന്നും കഴിഞ്ഞ ഏതാണ്ട് ഒരാഴ്‌ച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സൂചൻ. എന്നാൽ ചൈനക്ക് പുറത്ത് ഈ രോഗബാധയേറ്റ ആദ്യ രണ്ടു രാജ്യങ്ങൾ ഇനിയും യുദ്ധം തുടർന്നുകൊണ്ടിരിക്കുകയാണ്, ഇതുവരെ വിജയപ്രതീക്ഷകൾ ഒന്നുമില്ലെങ്കിലും. കൊറോണക്കെതിരെ പ്രതിരോധം തീർത്ത് യൂറോപ്പിനു മുഴുവൻ മാതൃകയായ ജർമ്മനിയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയായപ്പോൾ, ഇനിയും തീരാത്ത ദുരിതങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ഇറാൻ ജനത.

യുദ്ധവീര്യം ചോർന്നൊലിച്ച് പഴയ പേഴ്സ്യൻ സാമ്രാജ്യം

ലോകത്തിലെ തന്നെ ആദ്യ സംസ്‌കൃതികളിൽ ഒന്നായിരുന്നു ഇന്നത്തെ ഇറാൻ. നിരവധി പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പേഴ്‌സ്യൻ സാമ്രാജ്യം ഒരു കാലത്ത് കിഴക്കൻ യൂറോപ്പ് മുതൽ സിന്ധൂനദി തടം വരെ വ്യാപിച്ചിരുന്നു. ആധുനിക ഇറാനും യുദ്ധം അപരിചിതമായ ഒന്നായിരുന്നില്ല. റഷ്യൻ ചക്രവർത്തിമാരോട് മുതൽ ഇറാക്കുമായും സൗദിയുമായുമൊക്കെ പടവെട്ടിയ ചരിത്രമുണ്ട് ഇറാന്. ശീതകലാനന്തര ലോകത്തിലെ ഏകച്ഛത്രാധിപതിയായി വാഴുന്ന അമേരിക്കയോട് പോലും നെഞ്ച്വിരിച്ച് നിന്ന് വെല്ലുവിളിയുയർത്താനുള്ള ചങ്കൂറ്റം കാണിച്ചവരാണ് ഇറാൻ ജനത.

എന്നാൽ ഇന്നാ യുദ്ധവീര്യം മുഴുവൻ ചോർന്നൊലിച്ച്, കൊറോണയെന്ന ഭീകരനു മുന്നിൽ കൈകൂപ്പി കീഴടങ്ങുകയാണ് ഒരുകാലത്തെ ലോകൈക വീരന്മാർ. രോഗബാധ ആരംഭിച്ചന്നുമുതൽക്ക് ഇന്നലെ റെക്കോർഡ് വർദ്ധനയാണ് പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ഇറാനിൽ രേഖപ്പെടുത്തിയത്. ഇന്നലെ ഒരു ദിവസം മാത്രം 1762 പുതിയ കേസുകളാണ് ഇറാനിൽ രേഖപ്പെടുത്തപ്പെട്ടത്. ഇതോടെ മദ്ധ്യപൂർവ്വ ദേശങ്ങളിൽ ഏറ്റവും അധികം കൊറോണ ബാധയുള്ള ഇറാനിലെ മൊത്തം രോഗികളുടെ എണ്ണം 24,811 ആയി ഉയർന്നു. ഇന്നലെ 112 പുതിയ മരണങ്ങൾ കൂടി ഉണ്ടായതോടെ മൊത്തം മരിച്ചവരുടെ എണ്ണം 1934 ആവുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ സമുന്നത നേതാവ് ആയത്തൊള്ള അലി ഖമേനിനിയുടെ മകന്റെ ഭാര്യാമാതാവും മരിച്ചവരിൽ ഉൾപ്പെടും.

കോവിഡ് 19 ബാധയുള്ള മറ്റ് പല രാജ്യങ്ങളേയും പോലെ ഇറാനും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. പരിശോധനാ സംവിധാനങ്ങൾ വർദ്ധിപ്പിച്ചതോടെ രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർക്ക് അത് റിപ്പോർട്ട് ചെയ്യുവാൻ ഒരു വെബ്സൈറ്റും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നവരെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുത്തുകയും പരിശോധന ഉറപ്പാക്കുകയും ചെയ്യും. ഇതുവരെ 41,000 പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

തകർന്നടിയുകയാണോ പാടിപ്പുകഴ്‌ത്തിയ ജർമ്മൻ മാതൃക?

യൂറോപ്പിലാകെ കൊറോണയുടെ തേരോട്ടം നിർബാധം തുടർന്നപ്പോഴും, അതിനെ തടയുവാൻ കുറേയൊക്കെ സാധിച്ചത് ജർമ്മനിക്ക് മാത്രമായിരുന്നു. സാഹചര്യത്തിന്റെ ആവശ്യമറിഞ്ഞെടുത്ത നടപടികളും, മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുമൊക്കെ ഇതിന് ജർമ്മനിയെ സഹായിക്കുകയും ചെയ്തു. കൊറോണയെ തടയാൻ ജർമ്മനി കാണിച്ച മികവ് ലോകമാകെ പാടിപ്പുകഴ്‌ത്തപ്പെടുകയും ചെയ്തു. പല യൂറോപ്യൻ രാജ്യങ്ങളും ഈ ജർമ്മൻ മാതൃക പിന്തുടരാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഈ ജർമ്മൻ മാതൃകയുടെ ഫലപ്രാപ്തിയേയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതാണ്.

ഇന്നലെ 24 മണിക്കൂറിനുള്ളിൽ ജർമ്മനിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് പുതിയ 4764 കേസുകളാണ്, ഇതോടെ ജർമ്മനിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 27, 436 ആയി ഉയർന്നു. മരണസംഖ്യ 86 ൽ നിന്നും ഒരൊറ്റ രാത്രികൊണ്ട് 112 ആയി ഉയരുകയും ചെയ്തു. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളെയും അപേക്ഷിച്ച് ഇത് ഒരു വലിയ നിരക്കൊന്നുമല്ല. ജർമ്മനിയിലെ മരണനിരക്ക് ഇപ്പോഴും 0.4% ആണ്. ഇറ്റലിയിലേത് 9 ശതമാനവും യു കെ യിലേത് 5.3 ശതമാനവുമാണെന്ന കാര്യം ഓർക്കണം. എന്നിരുന്നാലും ഇത്രയേറെ മികച്ച സംവിധാനങ്ങൾ ഉണ്ടായിട്ടും, കൃത്യമായ നടപടികളെടുത്തിട്ടും വർദ്ധിക്കുന്ന രോഗവ്യാപനം ജർമ്മനിയെ കൂടുതൽ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

എന്നാൽ മറ്റുരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ജർമ്മനി പരക്കെ പരിശോധനകൾ നടത്തുന്നുണ്ടെന്നും ഇതായിരിക്കാം രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനു കാരണമെന്നും വിദഗ്ദർ ചൂണ്ടിക്കാണീക്കുന്നു. മറ്റു രാജ്യങ്ങളുടെ കണക്കുകളേക്കാൾ കൂടുതൽ കൃത്യത ഇതിനാൽ തന്നെ ജർമ്മനിയുടെ കണക്കുകൾക്കുണ്ടാകുമെന്നും അവർ പറയുന്നു. ജർമ്മനിയിൽ ഒരു ദിവസം 16,000 പേർ വരെ പരിശോധനക്ക് വിധേയരാകുമ്പോൾ, രോഗം പൊട്ടിപ്പുറപ്പെട്ടിട്ട് ഇന്നുവരെ ബ്രിട്ടനിൽ പരിശോധനക്ക് വിധേയരായവർ 84,000 പേർ മാത്രമാണ്. അതായത് യഥാർത്ഥ രോഗ ബാധിതരുടെ എണ്ണം സർക്കാർ പറയുന്ന 6,600 നും അപ്പുറമാകാൻ സാധ്യതയുണ്ടെന്നർത്ഥം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP