Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടനിലെ പാതിയോളം പേർക്ക് ഇതിനോടകം കൊറോണ ബാധിച്ചു കഴിഞ്ഞിരിക്കുന്നു! ജനുവരി മുതൽ രോഗം പടർന്നു; ഇന്നലെ മാത്രം 87 ജീവനെടുത്ത് ആകെ മരണം 422 ആയി മാറിയപ്പോൾ ഞെട്ടിക്കാൻ പുതിയൊരു റിപ്പോർട്ട് കൂടി; മഹാമാരി ബ്രിട്ടന്റെ ഭൂപടം തിരുത്തുമോ? ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒരുമിച്ച് താമസിക്കുന്ന കാമുകീ കാമുകന്മാർ ഇനി ഒറ്റക്ക് കഴിയേണ്ടി വരും; വീടിന് പുറത്ത് രണ്ടു പേരിൽ കൂടുതൽ കണ്ടാലും പിടി വീഴും

ബ്രിട്ടനിലെ പാതിയോളം പേർക്ക് ഇതിനോടകം കൊറോണ ബാധിച്ചു കഴിഞ്ഞിരിക്കുന്നു! ജനുവരി മുതൽ രോഗം പടർന്നു; ഇന്നലെ മാത്രം 87 ജീവനെടുത്ത് ആകെ മരണം 422 ആയി മാറിയപ്പോൾ ഞെട്ടിക്കാൻ പുതിയൊരു റിപ്പോർട്ട് കൂടി; മഹാമാരി ബ്രിട്ടന്റെ ഭൂപടം തിരുത്തുമോ? ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒരുമിച്ച് താമസിക്കുന്ന കാമുകീ കാമുകന്മാർ ഇനി ഒറ്റക്ക് കഴിയേണ്ടി വരും; വീടിന് പുറത്ത് രണ്ടു പേരിൽ കൂടുതൽ കണ്ടാലും പിടി വീഴും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയെ കൊറോണ വൈറസ് എത്രമാത്രം ആഴത്തിലും വ്യാപ്തിയിലും ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട് പുറത്ത് വന്നു.ഇത് പ്രകാരം ബ്രിട്ടനിലെ പാതിയോളം പേർക്ക് ഇതിനോടകം കൊറോണ ബാധിച്ചു കഴിഞ്ഞിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതായത് ജനുവരി മുതൽ രോഗം രാജ്യത്ത് പടരാൻ തുടങ്ങിയെന്നും ഈ പഠനം നടത്തിയവർ സമർത്ഥിക്കുന്നു.യുകെയിൽ ഇന്നലെ മാത്രം കൊറോണ 87 ജീവനെടുത്ത് ആകെ മരണം 422 ആയി മാറിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ പുതിയ പഠനം റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ കൊറോണയെന്ന മഹാമാരി ബ്രിട്ടന്റെ ഭൂപടം തിരുത്തുമോ....? എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാകുന്നുണ്ട്.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിലൂടെയാണ് പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം യുകെയിൽ പുതുതായി 1427 രോഗികളെ സ്ഥിരീകരിക്കുകയും രാജ്യത്തെ കൊറോണ രോഗികളുടെ മൊത്തം എണ്ണം 8077 ആയി കുതിച്ചുയരുകയും ചെയ്ത വേളയിലാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ തിയററ്റിക്കൽ എപ്പിഡെമിയോളജിയിലെ പ്രഫസറായ സുനേത്ര ഗുപ്തയുടെ നേതൃത്വത്തിൽ നടത്തിയ പഠനഫലം പുറത്ത് വിട്ടിരിക്കുന്നത്.

രാജ്യത്തെ കോവിഡ്-19 ന്റെ ഇൻഫെക്ഷൻ റേറ്റിനെക്കുറിച്ചുള്ളതായിരുന്നു നിർണായകമായ ഈ പഠനം. ഇത് പ്രകാരം യുകെയിൽ ആദ്യത്തെ കോവിഡ്-19 എത്തിയത് ജനുവരി മധ്യത്തോടെയാണെന്നാണ് ഓക്സ്ഫോർഡിലെ എവല്യൂഷണറി എക്കോളജി ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതായത് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പും ആദ്യ മരണമുണ്ടാകുന്നതിന് ഒരു മാസം മുമ്പും വൈറസ് യുകെയിൽ പ്രവേശിച്ചിരുന്നുവെന്നാണ് ഈ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

പുതിയ പഠനമനുസരിച്ച് വൈറസിന് ബ്രിട്ടനിൽ ഇത്രയ്ക്ക് വ്യാപകമായി പടരുന്നതിന് സമയമേറെ ലഭിച്ചുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിനാൽ ബ്രിട്ടീഷുകാരിൽ നിരവധി പേർ തങ്ങളുടെ നല്ല പ്രതിരോധ ശേഷി കൊണ്ടാണ് ഈ വൈറസ് ബാധിച്ചിട്ടും ലക്ഷണങ്ങൾ പോലും പ്രകടിപ്പിക്കാതെ പിടിച്ച് നിൽക്കുന്നതെന്നും ഈ പഠനം അഭിപ്രായപ്പെടുന്നു. തന്റെ ഈ പഠനത്തെ വിലയിരുത്തുന്നതിനായി ടെസ്റ്റിങ് അനിവാര്യമാണെന്നും സുനേത്ര ഗുപ്ത പറയുന്നു. ഇതിനോട് അനുബന്ധിച്ച് വ്യാപകമായ സെറോളോജിക്കൽ സർവേകൾ അഥവാ ആന്റിബഡി ടെസ്റ്റിങ് അത്യാവശ്യമാണെന്നും അവർ ആവശ്യപ്പെടുന്നു.

ഇതിലൂടെ മാത്രമേ യുകെ രോഗത്തിന്റെ ഏത് സ്റ്റേജിലാണെത്തിയതെന്ന് കണക്കാക്കാൻ സാധിക്കുകയുള്ളുവെന്നും അവർ ഓർമിപ്പിക്കുന്നു.ഇന്നലെ മാത്രം മരിച്ചിരിക്കുന്ന 87 പേരിൽ 21 പേരും ലണ്ടനിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ പരിധിയിൽ വരുന്നവരാണ്. സ്‌കോട്ട്ലൻഡിൽ ഇന്നലെ രണ്ട് മരണവും വെയിൽസിലും നോർത്തേൺ അയർലണ്ടിലും ഓരോ മരണങ്ങൾ വീതവും പുതുതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തിങ്കളാഴ്ച രാജ്യത്തുകൊറോണ ബാധിച്ച് മരിച്ചവർ 44 പേരായിരുന്നു. ഒരാഴ്ചക്കിടെ രാജ്യത്തെ മരണനിരക്കിൽ ഏതാണ്ട് ആറിരട്ടി വർധനവാണ് പ്രകടമായിരിക്കുന്നത്. അതായത് കഴിഞ്ഞ ചൊവ്വാഴ്ച വെറും 71 പേർ മരിച്ച സ്ഥാനത്താണ് ഇന്നലെ മരണം 422ൽ എത്തിയിരിക്കുന്നത്.

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ കാര്യത്തിൽ റെക്കോർഡ് വർധനവാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇത് പ്രകാരം ഇന്നലെ മാത്രം 1427 പുതിയ കേസുകൾ സ്ഥിരീകരിക്കപ്പെടുകയും മൊത്തം രോഗികളുടെ എണ്ണം 8077 ആയെന്നും ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നാൽ ഹോസ്പിറ്റലുകളിലെ രോഗികളെ മാത്രം കൊറോണ പരിശോധനക്ക് വിധേയമാക്കിയാൽ മതിയെന്ന വിവാദ തീരുമാനം ഗവൺമെന്റ് എടുത്തത് കാരണം ഇതിലും എത്രയോ ഇരട്ടി രോഗികൾ തിരിച്ചറിയപ്പെടാതെ സമൂഹത്തിൽ ഏവരോടും ഇടപഴകി നടക്കുന്നുണ്ടെന്നും അതിനാൽ യഥാർത്ഥത്തിൽ രാജ്യത്തുകൊറോണ ബാധിച്ചവർ ഏതാണ്ട് നാല് ലക്ഷത്തിനടുത്ത് വരുമെന്നും സൂചനയുണ്ട്.

ഇത്തരത്തിൽ യുകെയിലെ കോവിഡ്-19 കേസുകളും മരണവും ദിനംപ്രതി വർധിക്കുമ്പോഴും ഇതിനെ പിടിച്ച് കെട്ടാനായി ഭാഗികമായ ലോക്ക്ഡൗൺ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കർക്കശമായി നടപ്പിലാക്കിയിട്ടും രാജ്യത്തെ ജനങ്ങളിൽ ചിലർക്കെങ്കിലും ഇതിന്റെ ഗുരുതരാവസ്ഥ ഇനിയും ബോധ്യം വന്നിട്ടില്ലെന്നും നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും ആരോപണമുണ്ട്. നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും ലണ്ടൻ ട്യൂബിലേക്കും ട്രെയിനുകളിലേക്കും യാത്രക്കാർ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇടിച്ച് കയറി തൊട്ട് തൊട്ട് നിന്ന് സഞ്ചരിക്കുന്ന അവസ്ഥയുണ്ടെന്നുമുള്ള ആശങ്ക കലർന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

വൈറസ് ബാധയെ പിടിച്ച് കെട്ടുന്നതിനായി പാർക്കുകളിലും മറ്റ് പൊതുഇടങ്ങളിലും പോകുന്നത് പരമാധി കുറയ്ക്കണമെന്നും അഥവാ പോയാൽ തന്നെ രണ്ട് പേരിൽ കൂടുതൽ ഒരുമിച്ച് കൂടരുതെന്നും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കൊണ്ട് ബോറിസ് താക്കീതേകിയിരുന്നു. എന്നാൽ പാർക്കുകളിലും മറ്റും ഇപ്പോഴും ആളുകൾ ഒരുമിച്ച് കൂടുന്ന അവസ്ഥയുണ്ടെന്ന് ചിലയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗം പടരുന്നത് കുറയ്ക്കാനായി സാമൂഹിക അകലം പാലിക്കണമെന്ന ഗവൺമെന്റിന്റെ നിർദേശത്തിന് ചിലർ യാതൊരു വിലയും കൊടുക്കാത്തതും കടുത്ത ആശങ്ക വർധിപ്പിക്കുന്നുണ്ട്.വിലക്ക് ലംഘിച്ച് കൊണ്ട് ബാർബിക്യൂ നടത്തിയ നിരവധി പേരെ ഇന്നലെ പൊലീസ് ലാത്തി വീശി പിരിച്ച് വിടേണ്ടി വന്നുവെന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ജീവൻ പണയം വച്ചും രാപ്പകൽ പ്രയത്നിക്കുന്ന എൻഎച്ച്എസ് ജീവനക്കാരെ ലക്ഷ്യമിട്ട് കവർച്ചക്കാരും

യുകെയിൽ അനുദിനം വഷളാകുന്ന കൊറോണ നിരവധി പേരുടെ ജീവനെടുത്ത് താണ്ഡവം തുടരുമ്പോൾ അതിനെ തുരത്താനായി ഊണും ഉറക്കവും ഉപേക്ഷിച്ചും എന്തിനേറെ തങ്ങളുടെ ജീവൻ വരെ പണയം വച്ച് രോഗികളെ പരിചരിച്ച് എൻഎച്ച്എസ് ജീവനക്കാർ കോവിഡ്-19നെതിരെ യുദ്ധം തുടരുകയാണ്. എന്നാൽ ഈ നിർണായക വേളയിൽ എൻഎച്ച്എസ് ജീവനക്കാരുടെ മൂല്യമേറിയ വസ്തുവകകൾ കവർച്ച ചെയ്യപ്പെടുന്നത് മുമ്പില്ലാത്ത വിധത്തിൽ വർധിച്ച് വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. എന്നാൽ ഇവയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

കോവിഡ്-19 നെ നേരിടുന്നതിനായി സമയത്തും അസമയത്തും ഡ്യൂട്ടിക്കായി വരുകയും പോവുകയും ചെയ്യുന്ന എൻഎച്ച്എസിലെ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും ലക്ഷ്യമിട്ട് അവരുടെ ഐഡി കാർഡുകൾ അടക്കമുള്ള വിലപ്പെട്ട സാധനങ്ങൾ കവരുന്ന സംഭവങ്ങൾ വർധിച്ച് വരുന്നുവെന്ന റിപ്പോർട്ടുകൾ ഓൺലൈനിൽ പെരുകുന്നുണ്ട്. എൻഎച്ച്എസ് ജീവനക്കാരുടെ ഐഡി കാർഡുകൾ മോഷ്ടാക്കൾ കവർന്നെടുത്ത് അവ ഉപയോഗിച്ച് സൂപ്പർമാർക്കറ്റുകളിൽ നിന്നും സാധനങ്ങൾ വേഗത്തിലും മുൻഗണനയിലും വാങ്ങിയെടുക്കാനും ചിലർ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

ഷോപ്പിങ് വേളയിൽ എൻഎച്ച്എസ് ജീവനക്കാർക്ക് മുൻഗണന ലഭിക്കുമെന്നതിനാൽ ഇത്തരം ഐഡി കാർഡുകൾ അടിച്ച് മാറ്റിയാൽ തങ്ങൾക്കും ഈ മുൻഗണന നേടിയെടുക്കാനാവുമോയെന്നാണ് മോഷ്ടാക്കൾ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം മോഷണങ്ങളെക്കുറിച്ചുള്ള പരാതികൾ എൻഎച്ച്എസ് ജീവനക്കാരിൽ നിന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് പറയുന്നത്. ലണ്ടനിലെ ക്യൂൻ സ്‌ക്വയറിൽ പൊലീസ് പട്രോളിങ് വർധിപ്പിക്കണമെന്ന ആവശ്യവുമായി എമ്മ ഡാൽട്ടൻ എന്ന വ്യക്തി ചൊവ്വാഴ്ച ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. അന്ന് രാവിലെ ഇവിടെ ഒരു ജൂനിയർ ഡോക്ടർ കവർച്ചക്ക് വിധേയമായതിനെ തുടർന്നാണ് താനിത് ആവശ്യപ്പെടുന്നതെന്നും എമ്മ വിശദീകരിച്ചിട്ടുണ്ട്.

ജോലിക്കായി പോവുകയും തിരിച്ച് വരുകയും ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാരെ കവർച്ചക്ക് വിധേയമാക്കുന്ന സംഭവങ്ങൾ ക്യൂൻ സ്ട്രീറ്റിലും ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റിലും പെരുകുന്നുവെന്നും അതിനാൽ ഇവിടെ പട്രോളിങ് വർധിപ്പിക്കണമെന്നുമാണ് കാംഡെൻ പൊലീസിന്റെ അന്വേഷണത്തിന് എമ്മ മറുപടിയേകിയിരിക്കുന്നത്.ഇത്തരത്തിൽ രാജ്യമെമ്പാട് നിന്നും നിരവധി സോഷ്യൽ മീഡിയ യൂസർമാരാണ് ഇത്തരം സംഭവങ്ങളുണ്ടെന്ന് വെളിപ്പെടുത്തി പോസ്റ്റുകളിടുന്നത്.

ഭക്ഷണം കഴിക്കാനും മറ്റും പുറത്ത് പോകുന്നതിനിടയിൽ എൻഎച്ച്എസ്ജീവനക്കാരുടെ ഐഡി കാർഡുകളും മറ്റും കവർച്ച ചെയ്യുന്നത് വർധിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പ് എൻഎച്ച്എസിലെ നഴ്സായ തന്റെ അമ്മയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി ഒരു വ്യക്തി ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. എൻഎച്ച്എസ് ജീവനക്കാരുടെ ഐഡി കാർഡുകളും മൊബൈൽ ഫോണും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി വരെ കവരുന്ന സംഭവങ്ങളേറുന്നുവെന്ന് ഹോസ്പിറ്റൽ ജീവനക്കാരിയായ തന്റെ ഗേൾഫ്രണ്ട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് മറ്റൊരു യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരുമിച്ച് താമസിക്കുന്ന കാമുകീ കാമുകന്മാർ ഇനി ഒറ്റക്ക് കഴിയേണ്ടി വരും

യുകെയിൽ ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോയി താമസിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമില്ല. എന്നാൽ കൊറോണ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ഒരുമിച്ച് താമസിക്കുന്ന കാമുകീ കാമുകന്മാർക്ക് ഇനി ഒറ്റയ്ക്ക് കഴിയേണ്ടി വരും.വീടിന് പുറത്ത് രണ്ടു പേരിൽ കൂടുതൽ കണ്ടാലും പിടി വീഴുമെന്നുറപ്പാണ്. മഹാമാരിയെ പിടിച്ച് കെട്ടുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ ഓരോരുത്തരും സാമൂഹിക അകലം കർക്കശമായി പാലിക്കണമെന്ന നിർദ്ദേശം പുറത്ത് വന്നതിനെ തുടർന്നാണ് ഓരോരുത്തരുടെയും ജീവിതത്തെ അത് നിർണായകമായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ ബ്രിട്ടനിലെ ലോക്ക്ഡൗണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണിപ്പോൾ.

ഇന്നലെ മുതൽ ലോക്ക്ഡൗൺ രാജ്യത്ത് പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ഏവരും സാധ്യമായേടുത്തോളം വീടുകളിൽ തന്നെ കഴിയാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടുത്ത നിർദ്ദേശം നൽകിയതിനെ തുടർന്നാണ് കാമുകീ കാമുകന്മാരും മറ്റും അന്യോന്യം ഗൃഹസന്ദർശനം നടത്താനും ഒരുമിച്ച് സമയം ചെലവിടാനും ഒന്നിച്ച് താമസിക്കാനും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങിയിരിക്കുന്നത്. പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി പാർക്കുകളും മറ്റും പൂട്ടിയിട്ടില്ലെങ്കിലും ഇവിടങ്ങളിൽ രണ്ട് പേരിൽ കൂടുതൽ ഒരുമിച്ച് കൂടരുതെന്ന കടുത്ത നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ കമിതാക്കൾ അന്യോന്യം വീടുകൾ സന്ദർശിക്കരുതെന്ന വിലക്ക് ഓർമിപ്പിച്ച് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറായ ജെന്നി ഹാരീസ് രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തിൽ തീരെ കാണാതിരിക്കാൻ സാധിക്കാത്ത കാമുകീ കാമുകന്മാർക്ക് ഈ പ്രതിസന്ധി കഴിയുന്നത് വരെ നിയന്ത്രണം പാലിക്കണമെന്നും ഇല്ലെങ്കിൽ ഇത്തരം സന്ദർശനങ്ങളിലൂടെ രോഗം പടരാൻ സാധ്യതയേറെയാണെന്നും ഹാരീസ് മുന്നറിയിപ്പേകുന്നു. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കും കാമുകീ കാമുകന്മാരെ ഈ കർക്കശ നിയമം പാലിക്കാൻ നിർബന്ധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ലോക്ക്ഡൗണിനോട് അനുബന്ധിച്ചുള്ള സാമൂഹിക അകല നിയമങ്ങൾ ആരെങ്കിലും ലംഘിച്ചാൽ അവർക്ക് മേൽ തത്സമയം 30 പൗണ്ട് പിഴ ചുമത്താൻ പൊലീസിന് അധികാരം നൽകിയിരിക്കുന്നുവെന്നാണ് ഗവൺമെൻര് ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ നിയമങ്ങൾ ജനം തുടർച്ചയായി ലംഘിക്കുന്നുവെന്ന് ശ്രദ്ധയിൽ പെട്ടാൽ ഇതുമായി ബന്ധപ്പെട്ട പിഴ പെട്ടെന്ന് വർധിപ്പിക്കുമെന്നും മിനിസ്റ്റർമാർ മുന്നറിയിപ്പേകുന്നു. പുതിയ സാഹചര്യത്തിൽ വളരെ കുറച്ച് പേർ മാത്രമേ ശവസംസ്‌കാര ചടങ്ങുകളിൽ സംബന്ധിക്കാവൂ എന്നും സർക്കാർ നിർദേശിക്കുന്നു. ബെർത്ത്ഡേ പാർട്ടികൾ പോലുള്ള ചടങ്ങുകൾ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്നും അഥവാ നടത്തുന്നുവെങ്കിൽ വളരെ കുറച്ച് പേർ മാത്രമേ പങ്കെടുക്കാവൂ എന്നും ലോക്ക്ഡൗണിന്റെ ഭാഗമായി സർക്കാർ കടുത്ത നിർദേശമേകുന്നു.

സ്വയംതൊഴിൽ ചെയ്യുന്നവർക്കും ശമ്പളക്കാരെ പോലെ വരുമാനത്തിന്റെ 80 ശതമാനം സർക്കാർ നൽകും

യുകെയിൽ കൊറോണ പിടിമുറുക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വിവിധ തൊഴിലുകൾ ചെയ്യുന്നവർക്ക് ധനസഹായം നൽകാൻ തയ്യാറായ പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജ്യത്തെ സ്വയം തൊഴിൽ ചെയ്യുന്നവരുടെ കാര്യത്തിലും ഉദാരമായ നിലപാടെടുക്കാൻ തയ്യാറായെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം യുകെയിലെ സ്വയംതൊഴിൽ ചെയ്യുന്നവർക്കും ശമ്പളക്കാരെ പോലെ വരുമാനത്തിന്റെ 80 ശതമാനം സർക്കാർ നൽകുന്നതായിരിക്കും. കൊറോണയിൽ പെട്ട് പോയ സെൽഫ് എംപ്ലോയീസിനെ സഹായിക്കാൻ ഉറച്ചാണ് ബോറിസ് ഈ നിലപാടെടുത്തിരിക്കുന്നത്.

രാജ്യത്തെ മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് കൊറോണ പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനായി വിവിധ പാക്കേജുകൾ പ്രഖ്യാപിച്ച ബോറിസ് സ്വയം തൊഴിൽ ചെയ്യുന്നവർക്കായി ഒന്നും പ്രഖ്യാപിക്കാതിരുന്നത് വിവിധ തുറകളിൽ നിന്നും കടുത്ത വിമർശനങ്ങൾക്ക് വഴിയൊരുക്കിയതിനെ തുടർന്നാണ് ഇത്തരക്കാരെയും പരിഗണിക്കാനുള്ള നിർണായക തീരുമാനം ബോറിസ് എടുത്തിരിക്കുന്നത്. ഇത്തരക്കാർ ഇപ്പോഴത്തെ പ്രതിസന്ധിയിൽ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്താതിരിക്കാൻ അവരുടെ വരുമാനത്തിന്റെ 80 ശതമാനവും സർക്കാർ നൽകുമെന്നാണ് ബോറിസ് ഉറപ്പേകിയിരിക്കുന്നത്.

കൊറോണയെ നിയന്ത്രിക്കാനായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം ഇന്നലെ രാവിലെ നമ്പർ 10ൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.സ്വയം തൊഴിൽ ചെയ്യുന്നവർക്കായി ഇപ്പോഴത്തെ കടുത്ത സാഹചര്യത്തിൽ അടിയന്തിര സാമ്പത്തിക സഹായ പാക്കേജ് ബോറിസും ചാൻസലർ ഋഷി സുനകും ചേർന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു മിനിസ്റ്റർമാർ പ്രതീക്ഷിച്ചിരുന്നത്. സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്നവരെ പിന്തുണക്കുന്നതിനായി ഒരു വഴിയുണ്ടാക്കുമെന്നാണ് ഹൗസ് ഓഫ് കോമൺസിൽ ലഞ്ച് ടൈമിൽ നടന്ന ട്രഷറി ക്വസ്റ്റിയൻസിനിടെ സുനക് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നീക്കമനുസരിച്ച് സ്വയം തൊഴിൽ ചെയ്യുന്നവരെ സഹായിക്കുന്നതിനുള്ള വഴികൾ നിർണയിച്ച് അതുമായി ബന്ധപ്പെട്ട പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സുനക് ഉറപ്പേകുന്നു. എന്നാൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ സമയം വേണ്ടി വരുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്നും സുനക് വ്യക്തമാക്കുന്നു. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവരെ സഹായിക്കുന്നതിനുള്ള സർക്കാരിന്റെ ഈ മെല്ലെപ്പോക്ക് നയത്തെ നിശിതമായ ഭാഷയിൽ വിമർശിച്ചാണ് ഫ്രീൻലാൻസർമാരെയും സ്വയം തൊഴിൽ ചെയ്യുന്നവരെയും പ്രതിനീധീകരിക്കുന്ന യൂണിയനുകൾ വിമർശിച്ചിരിക്കുന്നത്.

ഈ രംഗത്ത് പ്രവർത്തിക്കുന്ന അഞ്ച് മില്യണോളം പേർക്ക് ഉടനടി സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്നാണ് ഈ യൂണിനുകൾ കടുത്ത മുന്നറിയിപ്പേകുന്നത്. നിലവിൽ കൊറോണയെ ചെറുക്കുന്നതിനായി ബോറിസ് ജോൺസൻ രാജ്യത്തെ ലോക്ക്ഡൗൺ ചെയ്ത നടപടി ഏറ്റവും കൂടുതൽ ബാധിക്കുക സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്നവരെയായിരിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. എന്നാൽ അവർക്ക് വരുമാനമുറപ്പാക്കുന്ന വിധത്തിലുള്ള ചില പദ്ധതികൾ ഉടൻ ഗവൺമെന്റ് പ്രഖ്യാപിക്കുമെന്നുള്ള പ്രതീക്ഷ ശക്തമാകുന്നുണ്ട്.

കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോണുകളുടെ 330 ബില്യൺ പൗണ്ട് പാക്കേജും മറ്റ് സഹായമായി 20ബില്യൺ പൗണ്ടും സർക്കാർ ഇപ്പോൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ബിസിനസ് നിരക്കുകൾ കുറച്ച് കാലത്തേക്ക് ഒഴിവാക്കിയിട്ടുമുണ്ട്. യുകെയിലെ സാമ്പത്തിക വ്യവസ്ഥയെ കൈ പിടിച്ച് കയറ്റുന്നതിന് വേണ്ടിയാണിത്. എന്നാൽ രാജ്യത്തെ സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്നവരിലേക്ക് ഈ അവസരത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ബോറിസും സുനകും തയ്യാറാവണമെന്ന ആവശ്യവും ഇപ്പോൾ ശക്തമാകുന്നുണ്ട്. ഈ അവസരത്തിലാണ് സ്വയം തൊഴിൽ ചെയ്യുന്നവരുടെ വരുമാനത്തിന്റെ 80 ശതമാനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന പ്രതീക്ഷാ നിർഭരമായ വാർത്ത പുറത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP