Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനത കർഫ്യൂവും ലോക്ക് ഡൗണും കാരണം നിലച്ച ചരക്കുനീക്കം സാധാരണ നിലയിൽ; ആവശ്യത്തിന് സാധനങ്ങൾ വിപണിയിൽ എത്തിയിട്ടും വില കൂട്ടി വിൽപ്പന; എല്ലാവർക്കും സൗജന്യ റേഷൻ നൽകുന്നതിനൊപ്പം പച്ചക്കറിയുടെ വില പിടിച്ചു നിർത്താൻ ഇനി അടിയന്തര ഇടപെടൽ; പൂഴ്‌ത്തിവെയ്‌പ്പു തടയാൻ സംയുക്ത ഓപ്പറേഷനുമായി ഭക്ഷ്യവകുപ്പും കൃഷിവകുപ്പും; സാവാളയ്ക്കും തക്കാളിക്കുമെല്ലാം പെട്ടെന്ന് വില കൂടിയതിനെ ഗൗരവത്തോടെ എടുത്ത് പിണറായി സർക്കാർ

ജനത കർഫ്യൂവും ലോക്ക് ഡൗണും കാരണം നിലച്ച ചരക്കുനീക്കം സാധാരണ നിലയിൽ; ആവശ്യത്തിന് സാധനങ്ങൾ വിപണിയിൽ എത്തിയിട്ടും വില കൂട്ടി വിൽപ്പന; എല്ലാവർക്കും സൗജന്യ റേഷൻ നൽകുന്നതിനൊപ്പം പച്ചക്കറിയുടെ വില പിടിച്ചു നിർത്താൻ ഇനി അടിയന്തര ഇടപെടൽ; പൂഴ്‌ത്തിവെയ്‌പ്പു തടയാൻ സംയുക്ത ഓപ്പറേഷനുമായി ഭക്ഷ്യവകുപ്പും കൃഷിവകുപ്പും; സാവാളയ്ക്കും തക്കാളിക്കുമെല്ലാം പെട്ടെന്ന് വില കൂടിയതിനെ ഗൗരവത്തോടെ എടുത്ത് പിണറായി സർക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ സമയത്ത് പൊതുവിപണിയിൽ പച്ചക്കറിക്ക് വില കൂടുകയും പൂഴ്‌ത്തിവെയ്‌പ്പിനു ശ്രമം നടക്കുകയും ചെയ്തതോടെ ഭക്ഷ്യവകുപ്പും കൃഷിവകുപ്പും സംയുക്ത നീക്കത്തിന് തുടക്കമിട്ടു. പച്ചക്കറിയും പലചരക്കു സാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില നിലവാരം പിടിച്ചു നിർത്താനാണ് ശ്രമം തുടങ്ങിയിരിക്കുന്നത്.

ഒറ്റയടിക്ക് പച്ചക്കറിയുടെ വില ഉയർന്നതോടെയാണ് സർക്കാർ വകുപ്പുകൾ തീ വിലയ്ക്ക് എതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്നത്. പൂഴ്‌ത്തിവയ്‌പ്പ് തടയാനും പച്ചക്കറിവില ഉയരുന്നത് തടയാനുമാണ് ശ്രമം നടക്കുന്നത്. പൂഴ്‌ത്തിവയ്‌പ്പ് നടക്കുന്നതായി സൂചനകിട്ടിയാൽ മൊത്ത ഗോഡൗണുകളിൽ റെയ്ഡ് നടത്താൻ തീരുമാനമായിട്ടുണ്ട്. ജനത കർഫ്യൂവും ലോക്ക് ഡൗണും കാരണം നിലച്ച ചരക്കുനീക്കം പുനരാരംഭിച്ചു. ഇന്നലെ ആവശ്യത്തിന് സാധനങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. പച്ചക്കറികളും ഇതിന്റെ ഭാഗമായി എത്തിയിട്ടുണ്ട്. എന്നിട്ടും പച്ചക്കറികൾക്ക് വില കൂടിയതോടെയാണ് പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ട് തുടങ്ങിയത്.

പൂഴ്‌ത്തിവയ്‌പ്പ് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടികളും റെയിഡിന്റെ ഭാഗമായി വരും. സവാള, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കൂടിയതോടെയാണ് വിലനിലവാരം പിടിച്ചു നിർത്താൻ ശ്രമങ്ങൾക്ക് സർക്കാർ വകുപ്പുകൾ തുടക്കമിട്ടത്. . കിലോക്ക് പത്തു രൂപയുണ്ടായിരുന്ന സവാള മൊത്ത വിപണിയിൽ ഇന്നലെ 30 രൂപയ്ക്കാണു വിൽപന നടന്നത്. ചില്ലറ വിപണിയിൽ കിലോക്ക് 40 രൂപയാണ്. ഉള്ളി 60 രൂപയിൽനിന്ന് 75-80 രൂപയിലെത്തിയിട്ടുണ്ട്. ബീൻസ്, മുളക്, തക്കാളി, പാവയ്ക്ക വില കൂടി. മൊത്ത വിപണിയിൽ ബീൻസിന് 40 രൂപയും മുളകിന് 35 രൂപയും തക്കാളി ഒരു പെട്ടി 500ൽ നിന്നു 850 രൂപയിലുമെത്തിയിട്ടുമുണ്ട്. തക്കാളിയും വില ഇരട്ടിയായിട്ടുണ്ട്.

ഇരുപതിൽ നിന്ന് 40 രൂപയായാണ് വർധന. 28 രൂപയായിരുന്ന പച്ച മുളക് 45 രൂപയായി. കാരറ്റിനും ബീൻസിനും പത്തു രൂപ കൂടി. കച്ചവടക്കാർ തരുന്ന കിറ്റിന് പോലും തീവിലയായി. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയെത്തുന്നില്ലെന്നും ഇങ്ങനെ പോയാൽ വില ഇനിയും കൂടുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്. പക്ഷെ സർക്കാർ ഇത് നിഷേധിക്കുന്നുണ്ട്. വില കൂടിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലേന്നാണ് കൃഷി വകുപ്പ് പറയുന്നത്. കാരണം ന്യായവിലയിൽ ഹോർട്ടികോപ്‌സ് സ്റ്റാളുകളിൽ പച്ചക്കറികൾ ആവശ്യത്തിനുണ്ട്. പുറമേ നിന്ന് വാങ്ങാതെ ഹോർട്ടികോർപ്‌സ് സ്റ്റാളുകളിൽ നിന്നും പച്ചക്കറികൾ വാങ്ങാനാണ് കൃഷിവകുപ്പ് ആവശ്യപ്പെടുന്നത്.

കൊറോണയുമായി വന്ന ലോക്ക് ഡൗണിനെ തുടർന്ന് വില കുത്തനെ ഉയർന്നു തുടങ്ങിയെന്നു മനസിലായതോടെയാണ് സർക്കാർ നടപടികൾക്ക് തുടക്കമായത്. തമിഴ്‌നാടിൽ നിന്നും പച്ചക്കറി ലോഡുകൾ എത്താതായതോടെയാണ് കേരളത്തിൽ പച്ചക്കറി വില ഉയരാൻ തുടങ്ങിയത്. പക്ഷെ ഇന്നലെ തന്നെ സിവിൽ സപ്ലൈസ് വകുപ്പും കൃഷി വകുപ്പും റവന്യൂ വകുപ്പും യോജിച്ചുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. തമിഴ്‌നാടിൽ നിന്നും പച്ചക്കറികൾ ആവശ്യത്തിനു എത്തുന്ന കാര്യത്തിൽ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രിയുടെ ഓഫീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ ഈ രീതിയിൽ പച്ചക്കറികൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

നിലവിൽ പച്ചക്കറികൾക്കോ പലചരക്ക് സാധനങ്ങൾക്കോ സംസ്ഥാനത്ത് ഒരു ക്ഷാമവുമില്ലെന്നും കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ശ്രമിക്കാതിരിക്കണമെന്നുമാണ് സർക്കാർ തലത്തിൽ നിന്നും ഉയരുന്ന ആവശ്യം. സംസ്ഥാനത്ത് ജനങ്ങൾക്ക് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വിരൽ ചൂണ്ടുന്നത്. അവശ്യത്തിനു സാധനങ്ങൾ സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലും ഹോർട്ടികോർപ്‌സ് സ്റ്റാളുകളിലുമുണ്ട്. അത് തീരുന്ന മുറയ്ക്ക് ലോഡ് എത്തിക്കാൻ സംവിധാനവും ഒരുക്കുന്നുണ്ട്. പിന്നെ ജനങ്ങൾ എന്തിനാണ് ആവശ്യമില്ലാത്ത പരിഭ്രാന്തി പ്രകടിപ്പിക്കുന്നത് എന്നാണ് സർക്കാർ ഭാഗത്ത് നിന്നും ചോദ്യമുയരുന്നത്.

പച്ചക്കറി ലോഡുകൾ താത്കാലികമായി തടഞ്ഞിടുന്ന അവസ്ഥ തമിഴ്‌നാട് ഭാഗത്ത് നിന്നും വന്നിരുന്നു. സർക്കാർ തലത്തിൽ നടന്ന ചർച്ചകളെ തുടർന്ന് ഈ സാഹചര്യം ഒഴിവായിട്ടുണ്ട്. അവശ്യ സാധനങ്ങൾ ജനങ്ങൾ ആവശ്യമില്ലാതെ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം എന്ന് മാത്രമാണ് സർക്കാർ നടത്തുന്ന അഭ്യർത്ഥന. ഈ രീതി ഒഴിവാക്കി നിർത്തിയാൽ തന്നെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കും-സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന, കേരളത്തിൽ ഉത്പാദനമില്ലാത്ത പച്ചക്കറികൾക്ക് ചിലപ്പോൾ വില കൂടിയേക്കും.

പക്ഷെ ആ വിലയും പിടിച്ച് നിർത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പരിഭ്രാന്തരാകാതെ നോക്കിയാൽ മാത്രം നിലവിലെ അവസ്ഥ തരണം ചെയ്യാൻ കഴിയും-സർക്കാർ വൃത്തങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP