Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനതാ കർഫ്യൂവിന് കേരളം കുടിച്ചത് 76 കോടിയുടെ മദ്യം! 21ന് ബിവറേജസ് ഷോപ്പുകളിലൂടെ മാത്രം വിറ്റത് 63.92 കോടി രൂപയുടെ മദ്യം; വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടി; കഴിഞ്ഞവർഷം ഇതേദിവസം വിറ്റത് 29.23 കോടിയുടെ മദ്യം; 118.68 ശതമാന വർധനവിൽ കണ്ണുതള്ളി അധികൃതർ; ലോക് ഡൗണിൽ ബെവ്ക്കോ ഔട്ട്ലെറ്റുകൾ അടച്ചിടുമ്പോൾ കേരളത്തിന് ഉണ്ടാവുകന്നത് കോടികളുടെ വരുമാന നഷ്ടം; കുടിച്ചു മറിയുന്ന കേരളം അടച്ചുപൂട്ടലിൽ എന്തുചെയ്യും? വേദനിക്കുന്നത് തോമസ് ഐസക് തന്നെ

ജനതാ കർഫ്യൂവിന് കേരളം കുടിച്ചത് 76 കോടിയുടെ മദ്യം! 21ന് ബിവറേജസ് ഷോപ്പുകളിലൂടെ മാത്രം വിറ്റത് 63.92 കോടി രൂപയുടെ മദ്യം; വെയർഹൗസുകളിലൂടെ വിറ്റത്  12.68 കോടി; കഴിഞ്ഞവർഷം ഇതേദിവസം വിറ്റത്  29.23 കോടിയുടെ മദ്യം; 118.68 ശതമാന വർധനവിൽ കണ്ണുതള്ളി അധികൃതർ; ലോക് ഡൗണിൽ ബെവ്ക്കോ ഔട്ട്ലെറ്റുകൾ അടച്ചിടുമ്പോൾ കേരളത്തിന് ഉണ്ടാവുകന്നത് കോടികളുടെ വരുമാന നഷ്ടം; കുടിച്ചു മറിയുന്ന കേരളം അടച്ചുപൂട്ടലിൽ എന്തുചെയ്യും? വേദനിക്കുന്നത് തോമസ് ഐസക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പടരുന്നത് തടയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു തലേദിവസം കേരളം കുടിച്ചു മറിഞ്ഞു.റെക്കോർഡ് മദ്യവിൽപനയിൽ കണ്ണുതള്ളിയിരിക്കയാണ് അധികൃതർ. 22ന് രാവിലെ 7 മുതൽ രാത്രി 9 വരെയായിരുന്നു ജനതാ കർഫ്യൂ. 21ന് സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യം. ഈ കണക്കുകൾക്കിടെയാണ് 21 ദിവസം ബിവറേജസ് ഔട്ട് ലെറ്റുകൾ അടച്ചിടുന്നത്. ഇതോടെ നികുതി കുറയും. അതുകൊണ്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്കുകളേയും പ്രതീക്ഷകളേയും തകിടം മറിക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം.

വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യം. കഴിഞ്ഞവർഷം ഇതേദിവസം ബിവറേജസ് ഔട്ട്ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. വിൽപനയിലെ വർധന 118.68%. 265 മദ്യവിൽപനശാലകളാണു ബിവറേജസ് കോർപറേഷനുള്ളത്. കൺസ്യൂമർഫെഡിന്റെ 36 മദ്യവിൽപനശാലകളുടെ കണക്ക് ലഭിച്ചിട്ടില്ല. ശരാശരി 26 കോടിയുടെ മദ്യവിൽപനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. എന്നാൽ ജനതാ കർഫ്യൂവിന്റെ തലേദിവസത്തെ വിൽപന അധികൃതരുടെ കണക്കുകൂട്ടലിനും അപ്പുറത്തായി. മദ്യത്തിൽ നിന്നുള്ള വിൽപന നികുതി 2018 -19 ൽ 9615 കോടി രൂപയായിരുന്നു. 2019 - 20 (ജനുവരി 31വരെ) 7864.71 കോടി നികുതിയായി ലഭിച്ചു.

2018-19ൽ വിറ്റത് 216.34 ലക്ഷം കേയ്സ് മദ്യവും 121.12 ലക്ഷം കേയ്സ് ബിയറുമാണ്. 2019-20ൽ 186.82 ലക്ഷം കേയ്സ് മദ്യവും 96.20 ലക്ഷം കേയ്സ് ബിയറും വിറ്റു. 2009-10 മുതൽ 2018-19 വരെ ബാറുകൾ, മറ്റ് ലൈസൻസികൾ, കൺസ്യൂമർഫെഡ്, ബിവറേജസ് കോർപറേഷൻ തുടങ്ങിയവ വഴി വിറ്റത് 99,473 കോടിയുടെ മദ്യമാണ്. കള്ളുഷാപ്പുകൾവഴിയുള്ള വിൽപനയുടെ കണക്ക് ഇതിൽപ്പെടില്ല.അതേസമയം ഇനിയുള്ള മൂന്നാഴ്ച ബാറുകളും ബിവറേജസുകളും അടച്ചിടുന്നതോടെ സർക്കാറിന് കോടികളുടെ വരുമാന നഷ്ടവുമാണ് ഉണ്ടാവുന്നത്. സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകൾ ഇന്ന് തുറന്നിട്ടില്ല. രാജ്യത്ത് സമ്പൂർണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ബുധനാഴ്ച ഔട്ട്‌ലറ്റുകൾ തുറക്കേണ്ടെന്ന നിർദ്ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡി സ്പർജൻ കുമാറിന് നൽകി. അദ്ദേഹം എല്ലാ മാനേജർമാർക്കും ഈ നിർദ്ദേശം നൽകിക്കഴിഞ്ഞു. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ മാർഗനിർദ്ദേശങ്ങളിൽ ബിവറേജസ് അവശ്യസേവനത്തിൽ ഉൾപ്പെടുന്നില്ല. അതിന് വിപരീതമായി ഔട്ട്‌ലറ്റുകൾ തുറന്നാൽ അത് വലിയ വിവാദത്തിനും ചട്ടലംഘനവുമായി വരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ജനത കർഫ്യൂ ആചരിച്ച ഞായറാഴ്ച ബിവറേജസ് ഔട്ട്‌ലറ്റുകളൊന്നും തുറന്നിരുന്നില്ല.

ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ബിവറേജസ് അവശ്യസർവ്വീസായി ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ മദ്യവിൽപനശാലകൾ അടച്ചു പൂട്ടാൻ സർക്കാരിന് മേൽ സമ്മർദ്ദമുണ്ടായേക്കും. ദേശീയ ലോക്ക് ഡൗൺ ചർച്ച ചെയ്യാൻ ചേരുന്ന ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്ടെന്ന് മദ്യം നിരോധിച്ചാൽ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ മദ്യവിൽപനശാലകൾ അടച്ചിടാൻ തയ്യാറായിരുന്നില്ല.ബെവ്‌കോ അടയ്ക്കാതിരിക്കാൻ മുഖ്യമന്ത്രി വിശദീകരിച്ച കാരണങ്ങൾ നേരത്തെ തന്നെ ട്രോൾ ആയിരുന്നു.സാമൂഹിക പ്രസക്തിക്കൊപ്പം പഞ്ചാബിലും ബിവേറേജസ് തുറന്ന് പ്രവർത്തിക്കുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പക്ഷെ പഞ്ചാബിൽ മദ്യവിൽപ്പനശാലകൾ അടച്ചിട്ടിരിക്കുകയാണ്.

ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP