Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹൻലാലിനെതിരായ ഓൺലൈൻ പരാതിയിൽ നമ്പരിട്ടത് സ്വാഭാവിക നടപടിക്രമം; കമ്മീഷൻ ഇതുവരെ പരാതി കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല; കൊറോണ പ്രസ്താവനയുടെ പേരിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തെന്ന ഓൺലൈൻ വാർത്ത തെറ്റെന്ന് മനുഷ്യാവകാശ കമ്മീഷൻ

മോഹൻലാലിനെതിരായ ഓൺലൈൻ പരാതിയിൽ നമ്പരിട്ടത് സ്വാഭാവിക നടപടിക്രമം; കമ്മീഷൻ ഇതുവരെ പരാതി കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല; കൊറോണ പ്രസ്താവനയുടെ പേരിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തെന്ന ഓൺലൈൻ വാർത്ത തെറ്റെന്ന് മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട്നടത്തിയ പ്രസ്താവനയുടെ പേരിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ പരാതിക്ക് നമ്പറിട്ടു. എന്നാൽ പ്രസ്തുത പരാതി കമ്മീഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല എന്ന് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജനത കർഫ്യു ദിനത്തിൽ ന്യൂസ് ചാനലിലൂടെ അവാസ്തവും ശാസ്ത്ര വിരുദ്ധവുമായ പ്രസ്താവന നടത്തിയത് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകനും വിദ്യാർത്ഥിയുമായ ദിനു വെയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് മോഹൻലാൽ അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തിയെന്നാണ് ദിനുവിന്റെ പരാതിയിൽ പറയുന്നത്.

2020 മാർച്ച് 22 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആ​ഹ്വാനം ചെയ്ത ജനത കർഫ്യുവിനോട് അനുബന്ധിച്ച് മനോരമ ന്യൂസിൽ സംസാരിക്കുമ്പോഴായിരുന്നു മോഹൻലാലിന്റെ വിവാദ പരാമർശങ്ങൾ ഉണ്ടാകുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോൾ ഒരുപാട് വൈറസും ബാക്റ്റീരിയയും നശിച്ചുപോകാൻ സാധ്യതയുണ്ടെന്നും അത് അങ്ങനെ നശിച്ചുപോകട്ടെ എന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം. കൂടാതെ ഈ ദിവസം നമ്മൾ വീട്ടിലിരിക്കുമെന്നും ആവശ്യത്തിന് മാത്രം സാധനങ്ങൾ വാങ്ങിക്കാൻ നമ്മുടെ വീട്ടിൽ നിൽക്കുന്ന ആൾക്കാരെ പറഞ്ഞുവിടുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഡിവൈഎഫ്ഐ അടക്കം മോഹൻലാൽ നടത്തിയ പരാമർശത്തിനെതിരെ വലിയ തരത്തിലുള്ള വിമർശനം ഉന്നയിച്ചിരുന്നു. ആരാധകരും സോഷ്യൽമീഡിയയിലൂടെ താരത്തിനെതിരെ രം​ഗത്ത് എത്തി. തുടർന്ന് അതേ ദിവസം വൈകുന്നേരത്തോടെ മോഹൻലാൽ കൊറോണയുമായി ബന്ധപ്പെട്ട് പുതിയ കുറിപ്പ് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

മോഹൻലാലിന്റെ വിവാദ പരാമർശങ്ങൾ

ഞാൻ ഇപ്പോൾ ഉള്ളത് മദ്രാസിലാണ്. ചെന്നൈയിൽ എന്റെ വീട്ടിലാണ്. ഒരാഴ്ച മുമ്പെ ഞാൻ ഇവിടെ വന്നിട്ട് പിന്നെ തിരിച്ച് പോകാൻ സാധിക്കാതെ വന്നു. എന്റെ അമ്മ എറണാകുളത്താണ്. നമ്മൾ വളരെയധികം കെയർ എടുത്തിട്ടാണ് ഇരിക്കുന്നത്. എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുതെന്ന് അറിയിച്ചിട്ടുണ്ട്. കാരണം എന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നതിനാൽ എക്‌സ്ട്രാ കെയർ എടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും നമ്മൾ പുറത്ത് പോകാതിരിക്കുകയാണ്. ആവശ്യത്തിന് മാത്രം സാധനങ്ങൾ വാങ്ങിക്കാൻ നമ്മുടെ വീട്ടിൽ നിൽക്കുന്ന ആൾക്കാരെ വിടും. നമ്മൾ അധിക കരുതൽ എടുക്കുക തന്നെ വേണം. കാരണം ഇത് ആദ്യമായി സംഭവിക്കുന്ന കാര്യമാണ്. നമുക്ക് ശീലമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇത് ശീലമാക്കണം.

തീർച്ചയായും ഇന്ന് ഒമ്പത് മണി വരെ വീട്ടിൽ നിൽക്കുകയും അഞ്ച് മണിക്ക് നമ്മൾ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാൻ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു.

ദിനു വെയിൽ പരാതി നൽകിയതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ നടനെതിരെ കേസെടുത്തതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ കേസെടുത്തിട്ടില്ലെന്നും സ്വാഭാവിക നടപടിക്രമം എന്ന നിലയിൽ പരാതിക്ക് നമ്പരിടുക മാത്രമാണ് ചെയ്തതെന്നുമാണ് ഇപ്പോൾ കമ്മീഷൻ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP