Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈകൊണ്ട് തൊടാതെ കൊടിലു കൊണ്ട് മനോരമ പത്രമെടുക്കാം; ദേഹത്ത് തട്ടില്ലെന്ന സോഷ്യൽ ഡിസ്റ്റൻസ് അക്ഷരം പ്രതി പാലിച്ച് വീട്ടിനുള്ളിലേക്ക്; പിന്നെ തേപ്പുപെട്ടി ചൂടാക്കി തിരിച്ചുമറിച്ചും ഇസ്തിരിയിട്ട് കൊറോണയെ ഓടിക്കുന്ന വീട്ടമ്മ! ദിനപത്രങ്ങളിലൂടെ കോവിഡ് പടരുമെന്ന ആശങ്കയെ നേരിടാൻ ഇതാ പുതിയൊരു മാർഗ്ഗം; നിത്യവും രാവിലെ പത്രം വായിക്കുന്ന മലയാളിയെ ചിന്തിപ്പിക്കുന്ന കൊറോണ വീഡിയോ കഥ ഇങ്ങനെ

കൈകൊണ്ട് തൊടാതെ കൊടിലു കൊണ്ട് മനോരമ പത്രമെടുക്കാം; ദേഹത്ത് തട്ടില്ലെന്ന സോഷ്യൽ ഡിസ്റ്റൻസ് അക്ഷരം പ്രതി പാലിച്ച് വീട്ടിനുള്ളിലേക്ക്; പിന്നെ തേപ്പുപെട്ടി ചൂടാക്കി തിരിച്ചുമറിച്ചും ഇസ്തിരിയിട്ട് കൊറോണയെ ഓടിക്കുന്ന വീട്ടമ്മ! ദിനപത്രങ്ങളിലൂടെ കോവിഡ് പടരുമെന്ന ആശങ്കയെ നേരിടാൻ ഇതാ പുതിയൊരു മാർഗ്ഗം; നിത്യവും രാവിലെ പത്രം വായിക്കുന്ന മലയാളിയെ ചിന്തിപ്പിക്കുന്ന കൊറോണ വീഡിയോ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണപ്പേടി മൂർധന്യത്തിലെത്തിയതോടെ കേരളത്തിലെന്ന് മാത്രമല്ല ലോകവ്യാപകമായി തന്നെ ദിനപ്പത്രങ്ങൾക്ക് തിരിച്ചടിയുടെ കാലമാണ്. കൊവിഡ് വൈറസ് പത്രത്തിലൂടെ പകരമെന്ന ആശങ്കയിൽ പത്രങ്ങളുടെ സർക്കുലേഷനും വൻതോതിൽ കുറഞ്ഞിരിക്കയാണ്. ഈ ഭീതിയുടെ സൂചകമെന്നോണം ഒരു വീട്ടമ്മയുടെ വീഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

രാവിലെ വീടിന്റെ കാർ പോർച്ചിലിട്ട മലയാള മനോരമ പത്രം എടുക്കാൻ വരുന്ന വീട്ടമ്മയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. പത്രം കൈകൊണ്ട് തൊടാതെ ഒരു കൊടിലുകൊണ്ട് എടുക്കുന്ന ഈ വീട്ടമ്മ ഇതിനെ ബോംബ്പോലെ വളരെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. എവിടെയും തൊടാതെ പത്രത്തെ അങ്ങനെ കൊണ്ടുപോയി ഇവർ നേരെ തേപ്പുപെട്ടിക്ക് അരികിലേക്കാണ് എത്തുന്നുത്. പിന്നെ പത്രം ഇസ്തിരിയിടലാണ്. ആദ്യം മുൻഭാഗം അയേൺ ചെയ്്തശേഷം കൊടിലുകൊണ്ടുതന്നെ പിടിച്ച് പത്രം നിവർത്തിയശേഷം വിശദമായി ഇസ്തിരിയിടുന്നു. സോഷ്യൽ മീഡിയയിലും വാട്‌സാപ്പിലും വൈറലാണ് ഈ വീഡിയോ.

കഴിഞ്ഞ കുറേ ദിവസങ്ങളായി വാട്സാപ്പിലും മറ്റുമായി പത്രങ്ങൾ വഴി കൊറോണ പടരുമെന്നും, ഇക്കാരണത്താൽ ഒമാനിൽ പത്രങ്ങൾ നിരോധിച്ചരിക്കയാണെന്നും ചൂണ്ടിക്കാട്ടി മെസേജുകൾ പരന്നിരുന്നു. എന്നാൽ 'ന്യൂസ്പേപ്പറുകൾ കോവിഡ് വാഹകരാണെന്നതിനുള്ള യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞരും ഡോക്ടർമാരും പറയുന്നുണ്ട്. ന്യൂസ്പ്പേപ്പറുകളിൽ വൈറസുകൾക്ക് നിലനിൽക്കാനാവുമെന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്തുവന്നിട്ടില്ല എന്നാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ സുജീത് സിങ് പറയുന്നത്.'

'ന്യൂസ്പേപ്പറുകൾ സുരക്ഷിതമല്ലെന്ന് പറയുന്നതിൽ യാതൊരു യുക്തിയുമില്ല. ആളുകൾ തിങ്ങി നിറഞ്ഞ മുറിയിൽ നിന്ന് നിങ്ങൾ പത്രം വായിക്കുകയാണെങ്കിൽ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിന് കാരണം പത്രമല്ല പകരം ഇത്രയധികം ആളുകൾ തിങ്ങിനിൽക്കുന്നതിനാലാണത്. മാത്രവുമല്ല നിങ്ങൾ സാമൂഹിക അകലം പാലിക്കുന്നുമില്ല', നിപയെ തുരത്തുന്ന പോരാട്ടത്തിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ച കോഴിക്കോട് ബേബി മെമോറിയൽ ഡോക്ടർ അനൂപ് കുമാർ പറയുന്നു.കോവിഡ് രോഗികൾ പത്രങ്ങൾ വിതരണം ചെയ്യുന്നില്ല എന്നതു കൊണ്ടും പത്രത്തിൽ വൈറസിന് അധിക കാലം നിലനിൽക്കാൻ സാധിക്കാത്തു കൊണ്ടും ഭയത്തിന്റെ ആവശ്യമില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേരിയ പറഞ്ഞത്.

ദിനപത്രങ്ങൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും സുരക്ഷിതമായല്ലെന്ന പ്രചാരണം തെറ്റാണെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയും പറഞ്ഞു. ദിനപത്രങ്ങൾ സുരക്ഷിതമല്ലെന്ന പ്രചാരണം വ്യാജമാണ്. പൂർണ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ പത്രവും വായനക്കാരന്റെ കൈകളിലെത്തുന്നതെന്ന് ഐഎൻഎസ് കേരള റീജ്യണൽ കമ്മിറ്റി ചെയർമാൻ എം വി ശ്രേയാംസ് കുമാർ അറിയിച്ചു.പൂർണമായും യന്ത്രവത്കൃത മാർഗത്തിലൂടെയാണ് അച്ചടിക്കുന്നത്. പത്രക്കെട്ടുകളും വിതരണത്തിന് എത്തിക്കുന്ന വാഹനങ്ങളും അണുവിമുക്തമാക്കിയാണ് വായനക്കാരനിലേക്ക് എത്തിക്കുന്നത്..

കോവിഡ് 19 പ്രതിരോധിക്കുന്നതിനായി പല നടപടികളും പല പത്രസ്ഥാപനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ആവശ്യം വേണ്ട ജീവനക്കാർ മാത്രമാണ് ഓഫീസിലെത്തുന്നത്. ജീവനക്കാർ അധികവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും, കോറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് തുടർന്നും പ്രവർത്തിക്കുമെന്നും എം വി ശ്രേയംസ് കുമാർ പറഞ്ഞു.- സമാനമായ വിശദീകരണം ഒരു വീഡിയോയിലൂടെ മലയാള മനോരമയും പുറത്തുവിട്ടിരുന്നു.

എങ്കിലും സർക്കുലേഷനിൽ പത്രങ്ങൾക്ക് വലിയ കുറവ് വന്നിട്ടുണ്ട്. ട്രയിൻ, ബസ് യാത്രക്കാരെല്ലാം കടകളിൽ നിന്ന് പത്രം വാങ്ങി യാത്രകളിൽ വായിക്കാറുണ്ടായിരുന്നു. ഇത്തരം വിൽപ്പന പൂർണ്ണമായും ഇടിഞ്ഞു. മാതൃഭൂമിയും മനോരമയുമാണ് സ്റ്റാൻഡുകളിൽ ചൂടപ്പം പോലെ വിൽക്കുന്ന പത്രങ്ങൾ. അതുകൊണ്ട് കർഫ്യൂവിൽ പ്രതിസന്ധിയിലാകുന്നത് പത്ര സമൂഹം കൂടിയാണ്. പരസ്യവും തീരെ ഇല്ലാതെയായി. അടുത്ത 21 ദിവസവും കാര്യങ്ങൾ ഇങ്ങനെയാകുമെന്നാണ് പത്ര മാനേജ്മെന്റുകളുടെ ഭീതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP