Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ് 19; രോഗം സ്ഥിരീകരിച്ച നാലുപേർ വന്നത് ദുബായിൽ നിന്ന്; രോഗബാധിതരായ 12 പേരുടെ പുതിയ ഫലം നെഗറ്റീവ്; ലോക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക; പുറത്തിറങ്ങുമ്പോൾ പാസോ ഐഡി കാർഡോ കരുതണം; ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഭക്ഷണം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണം; പഞ്ചായത്തുകൾ തോറും കമ്യൂണിറ്റി കിച്ചൺ; പകർച്ചവ്യാധി പ്രവർത്തനത്തിന് ഓർഡിനൻസ് ഇറക്കും; കോവിഡ് മരുന്ന് വാങ്ങാൻ ടെണ്ടർ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി

കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ് 19; രോഗം സ്ഥിരീകരിച്ച നാലുപേർ വന്നത് ദുബായിൽ നിന്ന്; രോഗബാധിതരായ 12 പേരുടെ പുതിയ ഫലം നെഗറ്റീവ്; ലോക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക; പുറത്തിറങ്ങുമ്പോൾ പാസോ ഐഡി കാർഡോ കരുതണം; ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഭക്ഷണം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണം; പഞ്ചായത്തുകൾ തോറും കമ്യൂണിറ്റി കിച്ചൺ; പകർച്ചവ്യാധി പ്രവർത്തനത്തിന് ഓർഡിനൻസ് ഇറക്കും; കോവിഡ് മരുന്ന് വാങ്ങാൻ ടെണ്ടർ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 119 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ പാലക്കാടും, മൂന്നുപേർ എറണാകുളത്തും, രണ്ടുപേർ പത്തനംതിട്ടയിലും ഇടുക്കിയിലും കോഴിക്കോട്ടും ഒരാൾ വീതവും. രോഗം സ്ഥിരീകരിച്ച നാലുപേർ ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നാൾക്ക് കോണ്ടാക്ടിലൂടെ ലഭിച്ചതാണ്. ചികിത്സയിലുള്ള ആറ് പേർക്ക് നെഗറ്റീവാണെന്ന തെളിഞ്ഞു. ഏറ്റവും പുതിയ വിവര പ്രകാരം ആറ് പേരുടെ ഫലം കൂടി നെഗററീവാണ്. അങ്ങനെ 12 പേർ.

തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേർ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ കഴിയുന്നു. 542 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്.

ലോക് ഡൗണിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും പലരും അത് പാലിക്കുന്നില്ല. അത് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും. അത്യാവശ്യത്തിന് മാത്രമേ ഇനി പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോൾ പാസോ ഐഡി കാർഡോ കരുതണം. നിയന്ത്രണം നടപ്പാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവാദിത്വമാണ്.

ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്. അവർക്ക് ഭക്ഷണം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണം. പഞ്ചായത്ത് തോറും കമ്മൂണിറ്റി കിച്ചൻ ഉണ്ടാക്കണം. കൂടുതൽ സന്നദ്ധ പ്രവർത്തകരെ ഇതിനായി കണ്ടെത്തണം. മുൻഗണനാ പട്ടികയിൽ ഉള്ളവർക്ക് നേരത്തെ നൽകുന്ന അരി ഉറപ്പാക്കും. മുൻഗണനാ പട്ടികയിൽ ഇല്ലാത്തവർക്ക് 15 കിലോ അരി നൽകും. എല്ലാ കുടുംബത്തിനു പലവ്യഞ്ജന കിററ് നൽകും. ഇതിനായി വ്യാപാരികളുടെ സഹകരണം നൽകും.

പകർച്ച വ്യാധി പ്രവർത്തനത്തിന് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെയും സംഘടനകളുടെയും പരിപാടികൾ തടയാനാണ് ഓർഡിനൻസ്. കോവിഡ് മരുന്ന് വാങ്ങാൻ ടെണ്ടർ ഒഴിവാക്കും.

മന്ത്രിസഭായോഗ തീരുമാനങ്ങൾ

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഷോപ്പുകളും കള്ളുഷാപ്പുകളും അടച്ചിടാൻ തീരുമാനിച്ചു.

കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020

പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. നിലവിലുള്ള ട്രാവൻകൂർ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിൻ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്‌സ് ഡിസീസ് ആക്ടിന് (1897) മലബാർ മേഖലയിൽ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കുന്നതിന് സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് നിർദിഷ്ട നിയമം. ഇതനുസരിച്ച് സംസ്ഥാന അതിർത്തികൾ സർക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാൻസ്‌പോർട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങൾ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആൾക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.

സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കാം. ഫാക്ടറികൾ, കടകൾ, വർക്ഷോപ്പുകൾ, ഗോഡൗണുകൾ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സർവ്വീസുകൾക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങൾക്ക് പൊലീസിന് നേരിട്ട് കേസെടുക്കാം.

കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് സാനിറ്റൈസറുകളുംParacetamol Tablet IP 500 mg, Azhitromycin Tablet IP 500 mg, Cloropheniramine Meleate Tablet 4 mg, Amoxycillin Capsule IP 250 mg, Amoxycillin Capsule IP 500 mg, Cloxacillin Capsule IP 250 mg, Cetrizine TAalet IP 10 mg, Hydroxy Cloroquinine NF 200 mgഎന്നീ എട്ട് വിഭാഗം മരുന്നുകളും ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിന് ടെണ്ടർ നടപടികളിൽ നിന്ന് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് ഇളവ് നൽകാനും തീരുമാനിച്ചു.

വാഹന പരിശോധന നാളെ മുതൽ കർശനമാക്കും

സംസ്ഥാനത്തു നിലവിലുള്ള നിരോധനം ലംഘിച്ചു യാത്ര ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ നാളെ മുതൽ ശക്തിപ്പെടുത്തും. വ്യക്തമായ കാരണങ്ങൾ കൂടാതെയും നിർദ്ദേശം ലംഘിച്ചും യാത്ര ചെയ്യുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ന്യായമായ ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ.

സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സത്യവാങ്മൂലം ഹാജരാക്കിയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പൊലീസ് ഇതു മടക്കി നൽകും. യാത്ര ചെയ്യുന്ന ആൾ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP