Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിപ്പൂരിൽ ഇറങ്ങി സ്വർണ്ണക്കടകൾ കയറി ഇറങ്ങി ഏരിയാലുകാരൻ ദേവറടുക്കയിലെ ഒരു വിവാഹത്തിലും പങ്കെടുത്തു; ഈ വാർഡിലെ മുഴുവൻ പേരും നിരീക്ഷണത്തിലായത് രോഗം മറച്ചു വച്ച് കറങ്ങി നടന്ന പ്രവാസിയുടെ കള്ളക്കളി തന്നെ; പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളത് 400 പേരും; ദേലംപാടിയെ ഒറ്റപ്പെടുത്താൻ റോഡിൽ മണ്ണിട്ട് ആരും അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കി കർണ്ണാടക പൊലീസ്; ദേലംപാടിയുടെ ദുരിതത്തിന് കാരണവും 'സ്വർണ്ണ മാഫിയാ കരങ്ങൾ'; വഴിയടക്കലിൽ ദുരിതത്തിലായി അതിർത്തി ഗ്രാമം

കരിപ്പൂരിൽ ഇറങ്ങി സ്വർണ്ണക്കടകൾ കയറി ഇറങ്ങി ഏരിയാലുകാരൻ ദേവറടുക്കയിലെ ഒരു വിവാഹത്തിലും പങ്കെടുത്തു; ഈ വാർഡിലെ മുഴുവൻ പേരും നിരീക്ഷണത്തിലായത് രോഗം മറച്ചു വച്ച് കറങ്ങി നടന്ന പ്രവാസിയുടെ കള്ളക്കളി തന്നെ; പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളത് 400 പേരും; ദേലംപാടിയെ ഒറ്റപ്പെടുത്താൻ റോഡിൽ മണ്ണിട്ട് ആരും അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കി കർണ്ണാടക പൊലീസ്; ദേലംപാടിയുടെ ദുരിതത്തിന് കാരണവും 'സ്വർണ്ണ മാഫിയാ കരങ്ങൾ'; വഴിയടക്കലിൽ ദുരിതത്തിലായി അതിർത്തി ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

മംഗലപുരം: ഹർത്താലും ബന്ദും വിജയിപ്പിക്കാൻ കല്ലെടുത്ത് വച്ച് റോഡിലൂടെ യാത്ര തടയുന്നത് മുമ്പ് നിത്യ സംഭവമായിരുന്നു. ഇന്ന് അതെല്ലാം മാറി. റോഡിൽ മുഴുവൻ സിസിടിവി ആയതു കൊണ്ട് തന്നെ ഇതിന് കഴിയാതെയായി. ഇപ്പോഴിതാ പൊലീസ് തന്നെ ഇത്തരം തന്ത്രങ്ങൾ പയറ്റുന്നു. കോവിഡ് വ്യാപനം തടയാൻ അതിർത്തിയിൽ കർണാടക നിയന്ത്രണം കടുപ്പിച്ചതോടെ നട്ടംതിരിയുകയാണ്് ദേലംപാടി. ദേലംപാടി വില്ലേജിലെ പരപ്പ ഒഴികെയുള്ള പ്രദേശങ്ങളിലുള്ളവരാണു കർണാടകയുടെ വഴിയടക്കൽ കാരണം ദുരിതത്തിലായത്. കാൽനട യാത്ര പോലും കർണാടക പ്രോത്സാഹിപ്പിക്കുന്നില്ല.

ജില്ലയുടെ ഏറ്റവും അറ്റത്തുള്ള ദേലംപാടി വില്ലേജിലേക്ക് കേരളത്തിന്റെ ഒറ്റ റോഡ് മാത്രമേയുള്ളൂ. പരപ്പ വനത്തിലൂടെയുള്ള ആ റോഡ് ടാറിങ് ചെയ്യാത്തതിനാൽ ഗതാഗതം ദുസ്സഹമാണ്. കർണാടകയിലൂടെ കടന്നുപോകുന്ന ദേലംപാടി - ഈശ്വരമംഗല, മഡ്യളമജലു - നൂജിബെട്ടു, കൊമ്പോട് - പഞ്ചോടി, ദേലംപാടി - മയ്യള, കൊട്ട്യാടി - പള്ളത്തൂർ - ഈശ്വരമംഗല, കർണൂർ - ഗാളിമുഖ തുടങ്ങിയ റോഡുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. എന്നാൽ കോവിഡ് ഭീതിയിൽ ഈ റോഡുകളെല്ലാം കർണാടക പൊലീസും ആരോഗ്യവകുപ്പും ചേർന്ന് അടച്ചു. കർശന പരിശോധനയുമാണ് കർണാടക നടത്തുന്നത്. ദേലംപാടി - മയ്യള, മഡ്യള മജലു - നൂജിബെട്ടു റോഡുകളിൽ ടിപ്പർ ലോറികളിൽ മണ്ണ് കൊണ്ടു വന്നിട്ടാണ് തടസ്സപ്പെടുത്തിയിരിക്കുന്നത്.

ദേലംപാടി പഞ്ചായത്തിലെ 3 വാർഡുകളും 2 വാർഡുകളുടെ പകുതിയും ഉൾപ്പെടുന്ന വലിയ പ്രദേശമാണിത്. ആയിരത്തോളം വീടുകളുണ്ട്. ഇനി ഇവർക്കു പുറം ലോകവുമായി ബന്ധപ്പെടാൻ വനത്തിലൂടെയുള്ള തകർന്ന റോഡ് മാത്രമാണുള്ളത്. കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ അതിലൂടെ പോകാൻ ബുദ്ധിമുട്ടുകയാണ്. വിദേശങ്ങളിൽ നിന്നെത്തി വീടുകളിൽ നിരീക്ഷണത്തിലുള്ള ഒട്ടേറെ പേർ ഈ പ്രദേശങ്ങളിലുണ്ട്. കർണാടകയിലെ ഈശ്വരമംഗല, പുത്തൂർ ടൗണുകളിലെത്തിയാണ് ഇവർ നേരത്തെ ആവശ്യങ്ങൾ നടത്തിയിരുന്നത്. സംസ്ഥാനാന്തര പാതയിലെ ഗാളിമുഖത്തും മുരൂരിലും റോഡ് അടച്ചതിനു പുറമെയാണ് ഗ്രാമീണ പാതകൾ പോലും കർണാടക മണ്ണിട്ട് തടഞ്ഞത്.

ദേലംപാടി പഞ്ചായത്തിൽ കോവിഡ് സംശയത്തെ തുടർന്നു വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 400 കവിഞ്ഞു. കോവിഡ് സ്ഥിരീകരിച്ച ഏരിയാൽ സ്വദേശി ദേവറടുക്കയിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണു പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂട്ടിയത്. ദേവറടുക്ക വാർഡിലുള്ളവർ പൂർണമായും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വിദേശ രാജ്യങ്ങളിൽ നിന്നു വന്ന 90 പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കർണ്ണാടക നിലപാട് കടുപ്പിക്കുന്നത്.

ദേലംപാടിയിൽ യുവജന സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഹോസ്റ്റൽ കെട്ടിടം വൃത്തിയാക്കി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് കറങ്ങി നടക്കുന്നവരെയും ഇവിടേക്കു മാറ്റും. അത്യാവശ്യ ഘട്ടത്തിൽ അഡൂർ, പാണ്ടി, എടപ്പറമ്പ, ദേലംപാടി സ്‌കൂളുകളെ കൂടി കൊറോണ കെയർ സെന്ററുകളാക്കി മാറ്റാൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്തിൽ താമസിക്കുന്ന സർക്കാർ - പൊതുമേഖല ജീവനക്കാരുടെ സേവനം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. അദ്ധ്യാപകരെയും ഉപയോഗിക്കും.

കാസർകോട് ജില്ലയിൽ കൊറോണ വൈറസ് വ്യാപിക്കാൻ കാരണക്കാരനായ പ്രവാസിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ആരോഗ്യ പ്രവർത്തകരുടെ ശ്രമം അതീവ ദുഷ്‌ക്കരമായിരുന്നു. കുഡ്‌ലു വില്ലേജിലെ എരിയാൽ സ്വദേശി പല രഹസ്യ ബന്ധമുള്ള ആളായതിനാലാണ് റൂട്ട് മാപ്പ് തയ്യാറാക്കാൻ ആരോഗ്യ പ്രവർത്തകർ ബുദ്ധിമുട്ടുന്നതെന്നാണ് വിവരം. മുസ്ലിം ലീഗ് പ്രവർത്തകനായ ഇയാൾ പ്രമുഖ നേതാക്കന്മാരുമായും ഉറ്റബന്ധം പുലർത്തുന്നയാളാണ് എന്ന് ലീഗ് അണികൾ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്.

കരിപ്പൂരിൽ വിമാനം ഇറങ്ങിയതു മുതലുള്ള റൂട്ട് മാപ്പ് തയ്യാറാക്കുന്ന വിവരം അറിഞ്ഞ് ചില സ്വർണ്ണക്കട വ്യാപാരികൾ ഞെട്ടിയിരിക്കുകയാണ്. തങ്ങളുമായുള്ള ബന്ധം പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോൾ രോഗ ഭീതിയിൽ കൂടിയാണ്. അതിനാൽ തന്നെ ഏറെ ആശങ്കയിലാണ് ഇവരെല്ലാം. ഇയാൾ വിദേശത്ത് നിന്നും കയറിയപ്പോൾ മുതൽ വീട്ടിലെത്തുന്നതു വരെയുള്ള വിവരങ്ങൾ ശേഖരിച്ചാൽ വിമാനത്താവളത്തിലെ പല ഉദ്യോഗസ്ഥർക്കും വലിയ തലവേദനയാകും. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ ഇയാൾ നൽകുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ ഒളിച്ചു വച്ചു.

സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് വിദേശത്ത് നിന്ന് എത്തിയവർ പുറത്തിറങ്ങി നടന്നതാണ് കാസർകോട് ജില്ലയിൽ കൂടുതൽ പേരിലേക്ക് രോഗം പടരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജില്ലയിൽ ആറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP