Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്ന് വയസ്സുകാരിയുടെ പനി തിരിച്ചറിഞ്ഞ് സ്വയം ഐസുലേഷനിൽ പോയത് വിമാനത്താവളത്തിൽ കാത്ത് നിന്ന ബന്ധുക്കളേയും നിരാശരാക്കി; ഈ പ്രവാസി കുടുംബം രക്ഷിച്ചത് ഇരിട്ടിയെന്ന ഗ്രാമത്തെ തന്നെ; കോവിഡിൽ നിന്ന് മുക്തി നേടിയവരിൽ കണ്ണൂരിൽ നിന്നുള്ള ഈ മൂന്നംഗ കുടുംബവും; എച്ച്‌ഐവി മരുന്നുകളിലൂടെ ബ്രിട്ടീഷുകാരനെ രക്ഷിച്ച ഡോക്ടർമാരും മലയാളിക്ക് സമ്മാനിക്കുന്നത് അഭിമാനം നിമിഷങ്ങൾ; കോറോണയിലെ നന്മകൾക്ക് കൈയടി ഉയരുമ്പോൾ

മൂന്ന് വയസ്സുകാരിയുടെ പനി തിരിച്ചറിഞ്ഞ് സ്വയം ഐസുലേഷനിൽ പോയത് വിമാനത്താവളത്തിൽ കാത്ത് നിന്ന ബന്ധുക്കളേയും നിരാശരാക്കി; ഈ പ്രവാസി കുടുംബം രക്ഷിച്ചത് ഇരിട്ടിയെന്ന ഗ്രാമത്തെ തന്നെ; കോവിഡിൽ നിന്ന് മുക്തി നേടിയവരിൽ കണ്ണൂരിൽ നിന്നുള്ള ഈ മൂന്നംഗ കുടുംബവും; എച്ച്‌ഐവി മരുന്നുകളിലൂടെ ബ്രിട്ടീഷുകാരനെ രക്ഷിച്ച ഡോക്ടർമാരും മലയാളിക്ക് സമ്മാനിക്കുന്നത് അഭിമാനം നിമിഷങ്ങൾ; കോറോണയിലെ നന്മകൾക്ക് കൈയടി ഉയരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കരിപ്പൂരിൽ വിമാന ഇറങ്ങിയ ഏരിയാൽ സ്വദേശിയിൽ നിന്നാണ് മലബാറിൽ കോറോണ വൈറസ് വ്യാപകമായി പടർന്നത് എന്നായിരുന്നു വിലയിരുത്തൽ. റാന്നിയിൽ വൈറസിനെ എത്തിച്ചത് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങി വീട്ടിലെത്തിയ ഇറ്റലിക്കാരും. ഇത്തരം വിവാദങ്ങൾ കത്തി പടരുമ്പോഴും കൈയടി നേടിയ ഒരു കുടുംബമുണ്ടായിരുന്നു. ഇറ്റലിയിൽ നിന്നെത്തിയ നേഴ്‌സും കുടുംബവും.

ഇറ്റലിയിൽ നിന്ന് വന്നിറങ്ങിയപ്പോൾ മൂന്ന് വയസ്സുകാരി മകളുടെ ചെറിയ പനി കാര്യമായെടുത്തത് അമ്മയായ നേഴ്‌സായിരുന്നു. ഈ അമ്മയുടെ കരുതൽ കാരണം ആ കുടുംബം നേരെ പോയത് ഐസുലേഷൻ വാർഡിലേക്കായിരുന്നു. നെടുമ്പാശേരിയിൽ പുറത്ത് ബന്ധുക്കൾ ഇവരെ കൊണ്ടു പോകാൻ കാത്തു നിന്നിരുന്നു. എന്നാൽ നാടിന്റെ നന്മയെ കരുതി അവർ ഐസുലേഷനിലേക്ക് മാറി. അങ്ങനെ മലയാളിയുടെ കൈയടി ഇറ്റലിയിൽ നിന്നെത്തിയ ഈ കുടുംബം നേടുകയും ചെയ്തു. ഇപ്പോഴിതാ മൂന്ന് പേരും കോവിഡ് 19ൽ നിന്ന് വിമുക്തരാകുന്നു. അങ്ങനെ കേരളത്തിന്റെ പ്രാർത്ഥന ഈ കുടുംബത്തെ രക്ഷിക്കുകയാണ്. 

കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തരായെന്ന് തുടർ പരിശോധന ഫലം പുറത്തു വരുമ്പോഴാണ് കണ്ണൂരിലെ കുടുംബവും ആശുപത്രി വിടുന്നത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ കഴിയുകയായിരുന്നു ഇവർ. ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ കണ്ണൂർ സ്വദേശികളായ മൂന്നംഗ കുടുംബം, ബ്രിട്ടീഷ് യാത്ര സംഘത്തിൽ പെട്ട 76 വയസ്സുള്ള പുരുഷൻ, അത്ര തന്നെ വയസ്സുള്ള സ്ത്രീ എന്നിവരാണ് രോഗമുക്തി നേടിയത്. ഇവരുടെ ഡിസ്ചാർജ് അടക്കമുള്ള കാര്യങ്ങൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും. ചികിത്സ ആരംഭിച്ച ശേഷം തുടർച്ചയായ രണ്ട് സാമ്പിൾ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആകുമ്പോൾ ആണ് രോഗത്തിൽ നിന്നും മുക്തരായി കണക്കാക്കുക. ഇതിലാണ് കണ്ണൂരിലെ ഇരിട്ടിക്കാരും രോഗ വിമുക്തി ഉറപ്പാക്കുന്നത്. ഏറെ പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യവും കൊച്ചിയിൽ ഉണ്ടായിട്ടുണ്ട്.

എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ നൽകിയ കോവിഡ് 19 രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവായതാണ് ഇതിന് കാരണം. എച്ച്‌ഐവി മരുന്നുകൾ നൽകിയ എറണാകുളത്തെ രോഗിയുടെ പരിശോധനാഫലം മൂന്ന് ദിവസം കൊണ്ട് നെഗറ്റീവ് ആയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ആന്റി വൈറൽ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. എച്ച്‌ഐവി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നൽകിയത്. മരുന്ന് നൽകി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽതന്നെ ഫലം നെഗറ്റീവായി. മാർച്ച് 23 ന് ലഭിച്ച സാമ്പിൾ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതർ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

മൂന്നാറിൽ ക്വാറന്റീനിലായിരിക്കെ അനധികൃതമായി നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഈ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ആരോഗ്യ വകുപ്പ് കണ്ടെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് ആറു പേർ കൂടി കഴിഞ്ഞ ദിവസം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇപ്പോൾ പരിശോധനാ ഫലം നെഗറ്റീവായ ടൂറിസ്റ്റിന് ആന്റി വൈറൽ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് മുൻകയ്യെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. തുടർന്ന് ചികിത്സയുടെ പ്രോട്ടോക്കോൾ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്‌കരിക്കുകയായിരുന്നു. ഇത് ഫലം കാണുകയായിരുന്നു. ഇന്ത്യയിൽ ജയ്പൂരിലെ എസ്എംഎസ് ആശുപത്രി കഴിഞ്ഞാൽ ഇവിടെ മാത്രമാണ് Ritonavir, lopinavir എന്നിവ കോവിഡ് ചികിത്സയിൽ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നൽകിയതെന്നും അവർ വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാണ്.

കോവിഡ് മുക്തി നേടുന്ന ഇരിട്ടിക്കാരുടെ മാതൃക ഇങ്ങനെ

ഇറ്റലിയിൽ നിന്നും കൊച്ചിയിലെത്തിയ മൂന്ന് വയസ്സുകാരിക്ക് കൊറോണ സ്ഥിരീകരിക്കാനായത് ഏറെ ചർച്ചയായിരുന്നു. ഇറ്റലിയിൽ നേഴ്‌സായ മാതാവ് കുട്ടിയെ പരിശോധിക്കാൻ ആവിശ്യപ്പെടുകയായിരുന്നു. കണ്ണൂരിൽ നിന്നും ബന്ധുക്കൾ ഇവരെ കൂട്ടിക്കൊണ്ട് പോകാനായി എയർപോർട്ടിൽ എത്തിയിരുന്നു. എന്നാൽ ഇവരെ കാണാതെ ഫ്‌ളൈറ്റ് ഇറങ്ങിയപ്പോൾ തന്നെ കുട്ടിയുടെ മാതാവ് കുഞ്ഞിന് പനിയുണ്ട് എന്ന് ആരോഗ്യ പ്രവർത്തകരോട് പറയുകയായിരുന്നു. ഉടൻ തന്നെ ഇവർക്ക് മാസ്‌ക്കും കൈയുറകളും നൽകുകയും ആംബുലൻസിൽ കളമശ്ശേരി മെഡിക്കൾ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.

ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ ഇവരുടെ കഫം എടുക്കുകയും പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു. ആദ്യം കുട്ടിയുടെ റിസൾട്ട് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നു. ഇതോടെ കുട്ടിക്ക് കൂടുതൽ പരിചരണം ലഭ്യമാക്കി. മാതാപിതാക്കൾക്ക് പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചു. മാർച്ച് ഏഴാം തീയതി എത്തിയ കുടുംബം ബന്ധുക്കളെ കാണാതെ തന്നെ മെഡിക്കൽ കോളേജിലേക്ക് പോയത് കേരളം പുതു മാതൃകയായി ചർച്ചയാക്കിയിരുന്നു. എമറൈറ്റ്സിന്റെ ദുബായ് കൊച്ചി ഇകെ 530 വിമാനത്തിലാണ് ഈ കുടുംബവും കൊച്ചിയിലെത്തിയത്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി എത്തിയത്. പനി സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

കൊറോണ ജാഗ്രതാ ലിസ്റ്റിലേക്ക് ഇറ്റലി എത്തിയതിന് ശേഷം മാർച്ച മൂന്ന് മുതൽ യൂണിവേഴ്സൽ സ്‌ക്രീനിങ് സംവിധാനം ഉപയോഗിച്ച് ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കുട്ടിക്ക് പനിയുണ്ട് എന്ന് തിരിച്ചറിഞ്ഞ ഉടനെ വിമാനത്താവളത്തിൽ സജീകരിച്ച പ്രത്യേക സംവിധാനം വഴി പുറത്തെത്തിച്ച് പ്രത്യേക ആംബുലൻസിൽ എണറാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP