Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാഞ്ഞുവന്ന ജീപ്പ് സഡൻബ്രേക്കിട്ട് നിർത്തി സിനിമാ സ്‌റ്റൈലിൽ ലാത്തിയും വീശി പാഞ്ഞടുത്തു; കൂടി നിൽക്കാതെ വീട്ടിൽ പോവിനെടാ...എന്നാക്രോശിച്ച് കൊണ്ട് ഷോപ്പിന് മുന്നിൽ നിന്നവർക്ക് പൊതിരെ തല്ല്; പടപ്പുറപ്പാട് കണ്ട് കണ്ടം വഴി ഓടി വനിതാ മുൻസിപ്പൽ ചെയർമാൻ; കടയ്ക്ക് അകത്ത് പൊട്ടിക്കാൻ കയറിയപ്പോൾ സീൻ വേറെയെന്ന് കൊണ്ടോട്ടി എസ്‌ഐയോട് മുൻസിപ്പൽ സെക്രട്ടറി; കട പരിശോധനയ്ക്ക വന്ന നഗരസഭാ സംഘത്തിന്റെ ലോക് ഡൗൺ അനുഭവം

പാഞ്ഞുവന്ന ജീപ്പ് സഡൻബ്രേക്കിട്ട് നിർത്തി സിനിമാ സ്‌റ്റൈലിൽ ലാത്തിയും വീശി പാഞ്ഞടുത്തു; കൂടി നിൽക്കാതെ വീട്ടിൽ പോവിനെടാ...എന്നാക്രോശിച്ച് കൊണ്ട് ഷോപ്പിന് മുന്നിൽ നിന്നവർക്ക് പൊതിരെ തല്ല്; പടപ്പുറപ്പാട് കണ്ട് കണ്ടം വഴി ഓടി വനിതാ മുൻസിപ്പൽ ചെയർമാൻ; കടയ്ക്ക് അകത്ത് പൊട്ടിക്കാൻ കയറിയപ്പോൾ സീൻ വേറെയെന്ന് കൊണ്ടോട്ടി എസ്‌ഐയോട് മുൻസിപ്പൽ സെക്രട്ടറി; കട പരിശോധനയ്ക്ക വന്ന നഗരസഭാ സംഘത്തിന്റെ ലോക് ഡൗൺ അനുഭവം

എം മനോജ് കുമാർ

കൊണ്ടോട്ടി: വിലക്കയറ്റം തടയാൻ കടകളിൽ പരിശോധന നടത്തവേ കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർമാനെയും മുൻസിപ്പൽ സെക്രട്ടറിയെയും നടുറോഡിൽ കൊണ്ടോട്ടി എസ്‌ഐ മർദ്ദിച്ചത് വിവാദമാകുന്നു. വിലക്കയറ്റം തടയാൻ നിത്യേന വിലനിലവാരം പ്രദർശിപ്പിക്കണമെന്നു കടയുടമയ്ക്ക് നിർദ്ദേശം നൽകവേയാണ് വനിതയായ മുൻസിപ്പൽ ചെയർമാൻ ഷീബാ കെ.സിക്കും സെക്രട്ടറി ബാബു പി.ടി.യ്ക്കും ഉദ്യോഗസ്ഥർക്കും നടുറോഡിൽ വെച്ച് പൊലീസ് മർദ്ദനമേൽക്കുന്നത്. റോഡിനു അപ്പുറത്ത് പൊലീസ് ജീപ്പ് നിർത്തി എസ്‌ഐ വിനോദ് ഓടിവന്നു മുനിസിപ്പൽ സെക്രട്ടറിയെയും ഉദ്യോഗസ്ഥരേയും മർദ്ദിക്കുകയായിരുന്നു.

മുൻസിപ്പൽ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും എസ്‌ഐയിൽ നിന്നും പൊതിരെ മർദ്ദനമേൽക്കുന്നത് കണ്ടു ഭയന്ന വനിതാ മുൻസിപ്പൽ ചെയർമാൻ ഷീബാ കെ.സി. കടയ്ക്ക് ഉള്ളിലേക്ക് ഓടി മാറി. ഇവരെ മർദ്ദിച്ച ശേഷം മുൻസിപ്പൽ ചെയർമാന് രണ്ടു പൊട്ടിക്കാൻ എസ്‌ഐ കടയ്ക്ക് അകത്തേക്ക് കടക്കുമ്പോഴേക്കും സെക്രട്ടറിയും ഉദ്യോഗസ്ഥരും എസ്‌ഐയെ പിടിച്ച് നിർത്തി. തുടർന്നുള്ള സംസാരത്തിലാണ് മുൻസിപ്പൽ സെക്രട്ടറിയേയും ഉദ്യോഗസ്ഥരേയുമാണ് താൻ മർദ്ദിച്ചതെന്നും കടയ്ക്ക് ഉള്ളിൽ കയറി രണ്ടു പൊട്ടിക്കാൻ പോയത് മുൻസിപ്പൽ ചെയർമാന് നേർക്കാണെന്നും എസ്‌ഐയ്ക്ക് ബോധ്യം വരുന്നത്. ഇതോടെ വലിഞ്ഞ എസ്‌ഐ പോകും മുൻപ് മാപ്പ് പറഞ്ഞു എന്ന് വരുത്തി തലയൂരുകയായിരുന്നു. സംഭവം മലപ്പുറത്ത് വൻ പ്രതിഷേധത്തിനും വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. മുൻസിപ്പൽ ചെയർമാനും സെക്രട്ടറിയും മലപ്പുറം കളക്ടർക്കും എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്.

കൊണ്ടോട്ടി മുൻസിപ്പൽ ചെയർമാനെയും സെക്രട്ടറിയെയും കൊണ്ടോട്ടി എസ്‌ഐ മർദ്ദിച്ച ദൃശ്യങ്ങളിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വൈറലായിട്ടുണ്ട്. ദൃശ്യങ്ങളിൽ തെളിയുന്നത് ഇങ്ങനെ: വനിതയായ കൊണ്ടോട്ടി മുൻസിപ്പൽ ചെയർമാനും സെക്രട്ടറിയും കാര്യങ്ങൾ കടയ്ക്ക് മുന്നിൽ നിന്നും അവലോകനം ചെയ്യുന്നു. ഇവർ വന്ന ഇന്നോവ കാർ കടയ്ക്ക് മുന്നിലുണ്ട്. ഇവർ സംസാരിച്ചുകൊണ്ടിരിക്കെ റോഡിനു മറുവശത്ത് പൊലീസ് ജീപ്പ് വന്നു നിൽക്കുന്നു. എസ്‌ഐ ലാത്തിയുമായി ഓടി വന്നു തലങ്ങും വിലങ്ങും മർദിക്കുന്നു. മർദ്ദനം തടയും മുൻപ് അടി വീണു കഴിഞ്ഞിരുന്നു. കടയ്ക്ക് ഉള്ളിലേക്ക് ഓടി മാറിയ മുൻസിപ്പൽ ചെയർമാനെ മർദ്ദിക്കാൻ എസ്‌ഐ കടയ്ക്ക് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നു.

ആവശ്യത്തിനു അടി കിട്ടിയ മുൻസിപ്പൽ സെക്രട്ടറിയും ഉദ്യോഗസ്ഥരും ചേർന്ന് എസ്‌ഐയെ തടഞ്ഞു നിർത്തുന്നു. വാഗ്വാദം മൂക്കുമ്പോഴാണ് തനിക്ക് അബദ്ധം പറ്റിയതായി എസ്‌ഐയ്ക്ക് മനസിലാകുന്നത്. കടയ്ക്ക് ഉള്ളിലേക്ക് ഓടി മാറിയ മുൻസിപ്പൽ ചെയർമാൻ ഷീബ മറ്റൊരു വഴിയിലൂടെ മെല്ലെ കാറിനകത്ത് കയറി സുരക്ഷിതമായിരിക്കുന്നു. എസ്‌ഐ തണുത്തു എന്ന് മനസിലായതോടെ പിന്നീട് മെല്ലെ കാറിൽ നിന്നും ഇറങ്ങി വരുന്നു. പിന്നീട് ഇവർ പൊലീസുകാരോട് ക്ഷുഭിതയാകുന്നു. എസ്‌ഐയും പൊലീസുകാരും മെല്ലെ വലിയുന്നു. പ്രതീക്ഷിക്കാത്ത സമയത്താണ് അടി വീണത് എന്നാണ് മുൻസിപ്പൽ സെക്രട്ടറി ബാബു.പി.ടി. മറുനാടനോട് പറഞ്ഞത്. ദേഹമാസകലം അടി വീണു. പിന്നീടാണ് എസ്‌ഐയ്ക്ക് കാര്യം മനസിലാകുന്നത്. ഇതോടെ എസ്‌ഐ അടി നിർത്തി-മുൻസിപ്പൽ സെക്രട്ടറി പറയുന്നു.

അടി വീണത് പ്രതീക്ഷിക്കാത്ത സമയത്ത്; പിന്നീട് കേട്ടത് കേറിപ്പോടാ എന്ന തെറിവിളിയും: മുൻസിപ്പൽ സെക്രട്ടറി ബാബു.പി.ടി.

രാവിലെ മുതൽ ഞങ്ങൾ തിരക്കിലായിരുന്നു. കൊറോണ പടരവേ അതിനു ആനുപാതികമായി വിലക്കയറ്റം കൂടിയുണ്ട്. പല വ്യാപാര സ്ഥാപനങ്ങളും വില കൂട്ടി വിൽക്കുന്നതായി ആക്ഷേപം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കടകളിൽ കയറി റെയിഡ് നടത്തുന്ന തിരക്കിലായിരുന്നു ഞങ്ങൾ. രാവിലെ പത്തരയോടെ മൊത്തവ്യാപാരക്കടയിൽ കൊണ്ടോട്ടി മുനിസിപ്പൽ ചെയർമാൻ അടക്കമുള്ളവരുമായാണ് ഈ ഷോപ്പിനു മുന്നിൽ നിൽക്കുന്നത്. തുരു തുരെ അടി വീഴുകയായിരുന്നു. എവിടെ നിന്ന് അടിവീണു എന്ന് പോലും ഞങ്ങൾക്ക് മനസിലായില്ല. കൊണ്ടോട്ടി എസ്‌ഐ വിനോദ് ആണ് ഇറങ്ങി വന്നു തല്ലിയത്. കൈക്കും പുറത്തുമൊക്കെ അടിവീണു. അദ്ദേഹത്തിനു ഞങ്ങളെ തിരിച്ചറിയാൻ പ്രയാസമായ അവസ്ഥയിലായിരുന്നില്ല. അവിടെ വലിയ വിഷയം നടക്കുന്നില്ല. മുൻസിപ്പൽ ചെയർമാൻ മർദ്ദനം കണ്ടു ഞെട്ടി പേടിച്ച് മാറുകയാണ് ചെയ്തത്. അപ്രതീക്ഷിതമായാണ് അടി വീണത്.

ഞങ്ങളും ചോദിച്ചത് കാര്യം അന്വേഷിക്കേണ്ടേ എന്നാണ്. ഇന്ന അവശ്യത്തിനു വേണ്ടി വന്നതാണ് എന്ന് പറഞ്ഞിട്ട് എസ്‌ഐ അത് കേട്ടില്ല. കേറിപ്പോടാ എന്ന് പറഞ്ഞു തെറിവിളിക്കുകയാണ് ചെയ്തത്. എന്തോ ഒച്ചയുണ്ടാക്കി ഓടി വരുകയാണ് ചെയ്തത്. തലങ്ങും വിലങ്ങും അടി വന്നു വീഴുക തന്നെ ചെയ്തു. പിന്നീട് എസ്‌ഐ ക്ഷമ ചോദിച്ചു. പിന്നെ അവിടെ നിൽക്കുകയും ചെയ്തില്ല. എസ്‌ഐ അവിടെ സൃഷ്ടിച്ച സീനിലാണ് ഞങ്ങളുടെ പ്രതിഷേധം. ഞങ്ങൾ ആരെന്നു മനസിലായപ്പോൾ പിന്നെ എസ്‌ഐ നിന്നില്ല. ഇതുപോലെ ഒരു ആക്ഷൻ ഞങ്ങൾ പ്രതീക്ഷിച്ചില്ല. അവിടെ ആൾക്കൂട്ടവുമുണ്ടായിരുന്നില്ല. പൊലീസുകാരെ പോലെ തന്നെ ഡ്യൂട്ടിയിലാണ് ഞങ്ങളും. ദിവസവും ഞങ്ങൾക്കും ഡ്യൂട്ടി കൂടി വരുകയാണ്. ദിനേന വില വിവരപ്പട്ടിക പരസ്യപ്പെടുത്തണം എന്ന് ആവശ്യപ്പെടാൻ കൂടിയാണ് ഷോപ്പുകളിൽ ഞങ്ങൾ കയറിയിറങ്ങിയത്. സാനിട്ടേഷൻ വേണം. എല്ലാ മുൻകരുതലും പാലിക്കണം എന്ന കാര്യത്തിൽ ബോധവത്ക്കരണം നടത്തുകയാണ്. ഇതിന്നിടയിലാണ് ഞങ്ങൾക്ക് തന്നെ അടി കിട്ടിയത്. ഞങ്ങൾ മലപ്പുറം കലക്ടർക്കും എസ്‌പിക്കും പരാതി നൽകിയിരുന്നു. അതിനെ തുടർന്നു ഡിവൈഎസ്‌പി തന്നെ ഞങ്ങളെ വന്നു കണ്ടിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ഡിവൈഎസ്‌പിയോട് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്-ബാബു പറയുന്നു.

കൊറോണകാലത്ത് വളരെ ശക്തമായ നടപടികളാണ് പൊലീസ് പിന്തുടരുന്നത്. ആളുകൾ തടിച്ചു കൂടുന്നത് നോക്കാൻ പ്രതിജ്ഞാബദ്ധമായാണ് പൊലീസ് പെരുമാറുന്നത്. ഇങ്ങിനെയുള്ള നടപടികൾക്കിടയിൽ കടുത്ത മർദ്ദനമുറ തന്നെയാണ് പൊലീസ് പുറത്തെടുക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇങ്ങനെ അടി വീണിട്ടുണ്ട്. ഒട്ടു വളരെ ആളുകൾക്ക് മർദ്ദനമേറ്റിട്ടുണ്ട്. കാസർകോട് ആളുകൾ ഇപ്പോഴും തെരുവിൽ ഇറങ്ങുന്നു. കടുത്ത നടപടി തന്നെ ഇനി പൊലീസ് സ്വീകരിക്കുമെന്നാണ് കാസർകോടിന്റെ ചുമതലയ്ക്ക് മാത്രം പ്രത്യേകമായി നിയോഗിക്കപ്പെട്ട ഐജി വിജയ് സാഖറെ പ്രഖ്യാപിച്ചത്. ഇത് തന്നെ പൊലീസ് നടപടികൾ കടുത്തതാക്കും എന്ന സൂചനകൾ തന്നെയാണ് നൽകുന്നത്. ലോക് ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നവർക്കെതിരെയാണ് പൊലീസ് നടപടികൾ തുടരുന്നത്.

ഇതിനിടയിൽ തന്നെയാണു നഗരസഭാ ചെയർമാനും സെക്രട്ടറിയെ പോലുള്ളവർക്കും പൊലീസിന്റെ മർദ്ദനമേൽക്കുന്നത്. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവരെ അറസ്റ്റു ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹറ തന്നെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനം പിടിച്ചെടുത്താൽ വിട്ടുനൽകുകഇനി ഏപ്രിൽ 14നുശേഷമായിരിക്കും. വാഹനയാത്രയ്ക്ക് കൃത്യമായ രേഖയില്ലെങ്കിൽ നടപടിയെടുക്കും. ലോക്ഡൗണിൽ ആളുകൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവികൾക്കാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് നിരോധനം ലംഘിച്ചതിന് 2535 പേരാണ് അറസ്റ്റിലായത്. 1636 വാഹനങ്ങൾ പിടിച്ചെടുത്തു. 1751 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP