Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറ്റലിക്കും സ്‌പെയിനിനും ജർമ്മനിക്കും ഫ്രാൻസിനും പുറകെ 10,000 രോഗികളുടെ പട്ടികയിലേക്ക് സ്വിറ്റ്‌സർലാൻഡും; ഇന്നലെ 19 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അയർലാൻഡും ഭയാശങ്കയിൽ; 41 പേർ ഇന്നലെ മരിച്ചതോടെ ഇതുവരെ തുടർന്നുവന്ന മൗനം വെടിഞ്ഞു സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സ്വീഡൻ; കൊറോണയുടെ ആക്രമണത്തിൽ യൂറോപ്പ് പകച്ച് നിൽക്കുന്നതിങ്ങനെ

ഇറ്റലിക്കും സ്‌പെയിനിനും ജർമ്മനിക്കും ഫ്രാൻസിനും പുറകെ 10,000 രോഗികളുടെ പട്ടികയിലേക്ക് സ്വിറ്റ്‌സർലാൻഡും; ഇന്നലെ 19 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അയർലാൻഡും ഭയാശങ്കയിൽ; 41 പേർ ഇന്നലെ മരിച്ചതോടെ ഇതുവരെ തുടർന്നുവന്ന മൗനം വെടിഞ്ഞു സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സ്വീഡൻ; കൊറോണയുടെ ആക്രമണത്തിൽ യൂറോപ്പ് പകച്ച് നിൽക്കുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇക്കഴിഞ്ഞ ഡിസംബറിൽ വുഹാനിൽ നിന്നും തുടങ്ങിയ കൊറോണയുടെ തേരോട്ടം തടയാനാകാതെ ആധുനിക ശാസ്ത്രം പോലും പകച്ചു നിൽക്കുമ്പോൾ, ഒന്നും ചെയ്യുവാനില്ലാതെ രോഗത്തിനു മുന്നിൽ കൈകൂപ്പി നിന്ന് കീഴടങ്ങാനെ മനുഷ്യർക്കാവുന്നുള്ളു. 10,000 ത്തിൽ അധികം രോഗികളുള്ള രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് ഇന്നലെ പുതിയതായി സ്വിറ്റ്‌സർലാൻഡ് കൂടി എത്തിയതോടെ കൊറോണയുടെ മുന്നേറ്റത്തേക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുകയാണ്.

ഒരൊറ്റദിവസം കൊണ്ട് മരണസംഖ്യ ഇരട്ടിയായ അയർലൻഡും ഭീതിയുടെ നിഴലിലാണ്. ഇന്നലെവരെ കൊറോണയെ നിസ്സാരമായിക്കണ്ട്, ലോക്ക്ഡൗണിനോ മറ്റ് നടപടികൾക്കോ തുനിയാതിരുന്ന സ്വീഡനും കൊറോണ വരച്ച വരയിലേക്ക് വന്നിരിക്കുന്നു. ഒരു ദിവസം കൊണ്ട് മരണനിരക്ക് 60% വർദ്ധിച്ച് 66 ആയപ്പോൾ സ്വീഡനും ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.

10,000 ത്തിൽ അധികം കൊറോണാബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് സ്വിറ്റ്സർലാൻഡ്

ഇതുവരെ 11,811 പേർക്ക് സ്വിറ്റ്സർലാൻഡിൽ കൊറോണാ ബാധ സ്ഥിരീകരിച്ചതോടെ പതിനായിരത്തിലധികം കോവിഡ്19 രോഗികളുള്ള അഞ്ചാമത്തെ യൂറോപ്യൻ രാജ്യമായി മാറി ഈ ആൽപ്പൈൻ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പുതിയതായി 1000 ത്തിൽ അധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.ഇതുവരെ 191 പേർ മരണമടഞ്ഞ ഇവിടെ വരുന്ന ആഴ്‌ച്ചയിൽ രോഗബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇറ്റലി (80589), സ്‌പെയിൻ (57786), ജർമ്മനി (43938), ഫ്രാൻസ് (29115) എന്നിവയാണ് പതിനായിരത്തിലധികം കോവിഡ്19 രോഗബാധിതരുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ. ഇന്നലെ ഈ കണക്കുകൾ പുറത്തുവിടുമ്പോൾ 9642 രോഗികൾ ഉണ്ടായിരുന്ന ബ്രിട്ടനും ഇപ്പോൾ 11, 658 രോഗികളുമായി ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ ഈ പട്ടികയിൽ മൊത്തം ആറ് യൂറോപ്യൻ രാഷ്ട്രങ്ങളായി.

മൊത്തം ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ ഏറ്റവും അധികം രോഗികളുള്ള സ്വിറ്റ്‌സർലാൻഡ്, രോഗവ്യാപനം തടയുന്നതിനായി കൂടുതൽ നടപടികളുമായി രംഗത്തെത്തി. ഫെബ്രുവരി 24ന് ആദ്യത്തെ കൊറോണാ ബാധ സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ 91,400 പേരെ പരിശോധനക്ക് വിധേയരാക്കിയതായും അതിൽ 14 ശതമാനം പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും ഫെഡറൽ ഓഫീസ് ഓഫ് പബ്ലിക് ഹെൽത്ത് പറയുന്നു. ഇതിൽ ഒരു വയസ്സു മുതൽ 102 വയസ്സുവരെയുള്ളവർ ഉണ്ടെന്നും, ശരാശറ്റി വയസ്സ് 52 ആണെന്നും അവർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. രോഗികളുടെ കാര്യത്തിൽ സ്ത്രീ-പുരുഷാനുപാതം ഏതാണ്ട് തുല്യമാണെന്നും പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് യൂറോപ്പിന് പുറത്ത് ചൈനയും അമേരിക്കയുമാണ് അഞ്ചക്ക സംഖ്യയിൽ എത്തിനിൽക്കുന്നത്.സ്‌കൂളുകളും, പൊതുസ്ഥലങ്ങളുമെല്ലാം അടച്ചുപൂട്ടിക്കൊണ്ട് ഇന്നലെ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു. ഇതിനു പുറമേ കഴിഞ്ഞ ആഴ്‌ച്ച അഞ്ചുപേരിലധികം പേർ കൂട്ടം കൂടുന്നതും നിരോധിച്ചിരുന്നു. ഇതൊന്നും വേണ്ടത്ര ഫലം കണ്ടില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതിവിവരക്കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.

ഒരൊറ്റ ദിവസം കൊണ്ട് മരണസംഖ്യ ഇരട്ടിയായ അയർലാൻഡ് ഭീതിയുടെ നിഴലിൽ

അയർലൻഡിൽ കോവിഡ്19 മൂലം മരിച്ചവരുടെ എണ്ണം ഇന്നലെ 9 ൽ നിന്നും ഇരട്ടിയായി 19 ൽ എത്തി നിൽക്കുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1819 ആണ്. ഇതിനിടയിൽ കെറിയിൽ നിന്നും രോഗബാധിതനായ 28 കാരനായ മൈക്കൽ പെൻഡർഗസ്റ്റിന്റെ കുറിപ്പ് വൈറലാവുകയാണ്. ഏകദേശം മരണാവസ്ഥയിലെത്തിക്കുന്ന ശ്വാസതടസ്സവും, തീപ്പൊള്ളലേൽക്കുന്നതുപോലെയുള്ള ഉയർന്ന താപനിലയും ശരീരമാകെ വലിച്ചു കീറപ്പെടുന്നതുപോലെയുള്ള ഞരമ്പുകളുടെ കോച്ചിവലിയലുമെല്ലാം വിവരിച്ചുകൊണ്ട് ഈ രോഗാവസ്ഥയുടെ ഭീകരത വെളിവാക്കുകയാണ് മൈക്കൽ.

ബ്രിട്ടനിലെ ലോക്ക്ഡൗൺ ഒഴിവാക്കാനായി വിമാനമാർഗം അയർലൻഡിൽ തിരികെ മടങ്ങുകയായിരുന്നു മൈക്കൽ. അവിടെ എത്തിയ ഉടനെ തന്റെ മാതാവിനെ സന്ദർശിക്കുവാനായി പോയ യുവാവിന് അവിടെ വച്ചായിരുന്നു ആദ്യമായി ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടത്.

സ്വീഡനെ വരച്ച വരയിൽ നിർത്തി കൊറോണ

ഇന്നലെവരെ സ്വീഡൻ കൊറോണയെ തീരെ ഗൗനിച്ചിരുന്നില്ല. ഒരു രോഗത്തിന്റെ പേരിൽ പൗരാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നായിരുന്നു ഭരണകൂടം പറഞ്ഞിരുന്നത്. മാത്രമല്ല അവർ ജനങ്ങൾ പുറത്തിറങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. കോവിഡ്19 മൂലം മരിച്ചവരുടെ എണ്ണം 60% വർദ്ധിച്ച് 66 ൽ എത്തിയതോടെ സ്വീഡനേയും കൊറോണ വിറപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതെഴുതുമ്പോൽ സ്വീഡനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട, മരിച്ചവരുടെ എണ്ണം 77 ആയിരിക്കുന്നു. 2840 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതായത് രോഗബാധിതരുടെ എണ്ണത്തിൽ ഒരു ദിവസം കൊണ്ടുണ്ടായിട്ടുള്ളത് 23% വർദ്ധനവ്. കൊറോണ കത്തിപ്പടരുന്ന മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേതിന് തുല്യമാണ് ഈ വർദ്ധനവ് എന്നതുകൊണ്ട് തന്നെ കാര്യങ്ങൾ കൈവിട്ടുപോയേക്കാമെന്ന് സ്വീഡനും ഭയന്നു തുടങ്ങിയിരിക്കുന്നു.

സ്വീഡനിലെ കൊറോണാ മരണങ്ങളുടെ 41 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് സ്റ്റോക്ക്‌ഹോമിൽ നിന്നാണ്. ഈസ്റ്റർ ഒഴിവു ദിനങ്ങൾ വരുന്നതിനാൽ നഗരത്തിലെ ജനങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ യാത്രചെയ്ത് അവിടെയും രോഗങ്ങൾ പകർത്തിയേക്കാം എന്ന അശങ്കയിൽ നഗരത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെടുത്തുന്നതിനെ കുറിച്ച് മന്ത്രിമാർ ആലോചിക്കുന്നുണ്ട്. സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും തുറന്നുവച്ചുകൊണ്ടുള്ള, 24 മണിക്കൂർ മുൻപ് വരെയുള്ള സ്വീഡന്റെ സമീപനത്തിൽ നിന്നും നേരെ വിപരീത ദിശയിലേക്കുള്ള പോക്കാണിത്.

ഇതുവരെ കടുത്ത നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെങ്കിലും, സർക്കാരിന്റെ സമീപനം വളരെയേറെ മാറി എന്നതിന്റെ തെളിവാണ്, കഴിയുന്നത്ര ആളുകൾ വീടുകളിൽ ഇരുന്ന് ജോലിചെയ്യണമെന്നും, അത്യാവശ്യമില്ലാത്ത യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും ഇന്നലെ പ്രധാനമന്ത്രി ജനങ്ങളോട് നിർദ്ദേശിച്ചത്. ആവശ്യമെങ്കിൽ, ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം കൂടുതൽ കർക്കശ നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് അധികാരത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP