Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരോധനാജ്ഞക്ക് പുറമെ മത പണ്ഡിതർ വിലക്കിയിട്ടും മലപ്പുറത്തെ പള്ളികളിൽ കൂട്ട നമസ്‌കാരം; ഇന്ന് രജിസ്റ്റർചെയ്തതത് അഞ്ച് കേസുകൾ; തിരൂരിൽ നേതൃത്വം നൽകിയ ഡോക്ടറും അറസ്റ്റിൽ; ആരോഗ്യപ്രവർത്തകരെ പറയിച്ച് ഡോക്ടർ

നിരോധനാജ്ഞക്ക് പുറമെ മത പണ്ഡിതർ വിലക്കിയിട്ടും മലപ്പുറത്തെ പള്ളികളിൽ കൂട്ട നമസ്‌കാരം; ഇന്ന് രജിസ്റ്റർചെയ്തതത് അഞ്ച് കേസുകൾ; തിരൂരിൽ നേതൃത്വം നൽകിയ ഡോക്ടറും അറസ്റ്റിൽ; ആരോഗ്യപ്രവർത്തകരെ പറയിച്ച് ഡോക്ടർ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ്-19 നിരോധനാജ്ഞക്ക് പുറമെ മത പണ്ഡിതർ വിലക്കിയിട്ടും മലപ്പുറത്തെ മുസ്ലിംപള്ളികളിൽ സംഘം നമസ്‌കാരങ്ങൾ നടന്നു. ഇതുസംബന്ധിച്ചു സംഘം ചേർന്ന് നമസ്‌കരിച്ച അഞ്ചു കേസുകൾ ജില്ലയിൽ രജിസ്റ്റർചെയ്തു. തിരൂരിൽ നമസ്‌കാരത്തിന് നേതൃത്വം നൽകിയ ഡോക്ടറും അറസ്റ്റിൽ. തിരൂരിൽ കോറോണ രോഗവ്യാപനത്തിന് ഇടയാക്കും വിധം പള്ളിയിൽ കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകിയ ഡോ. അലി അഷറഫിനെ ( 56) യാണ് തിരൂർ സി ഐ ടി പി ഫർഷാദ് അറസ്റ്റ് ചെയ്തത്.

നടുവിലങ്ങാടി ജുമാ മസ്ജിദിൽ 30 ഓളം പേരെ വിളിച്ചു കൂട്ടി പ്രാർത്ഥനക്ക് നേതൃത്വം കൊടുക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം ആരോഗ്യമേഖലയിൽ മാതൃക കാണിക്കേണ്ട ഡോക്ടറുടെ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഡോക്ടർക്കൊപ്പം പ്രാർത്ഥന നടത്തിയ മുപ്പതോളം പേർക്കെതിരെയും കേസെടുത്തു. കൊറോണ വ്യാപനം തടയാൻ പള്ളികളിൽ കൂട്ട പ്രാർത്ഥന നടത്തരുതെന്ന ഉത്തരവ് ലംഘിക്കുകയായിരുന്നു. പ്രാർത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നൽകിയിരുന്നു.

കോവിഡ് 19 പ്രതിരോധത്തിനായി ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് ഇന്ന് 21 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 37 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 163 ആയി. 211 പേരെയാണ് സംഘം ചേരൽ, ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കൽ, മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇതുവരെ അറസ്റ്റ് ചെയ്തത്. 34 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പള്ളികളിൽ കൂടുതൽ പേർ ചേർന്ന് നമസ്‌കാരം നടത്തിയതിന് അഞ്ചു കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേലാറ്റൂരിൽ മൂന്ന്, പോത്തുകല്ല്, വഴിക്കടവ് പൊലീസ് സേ്റ്റഷനുകളിൽ ഓരോ കേസുകൾ വീതവുമാണ് ഇന്ന് രജിസ്റ്റർ ചെയ്തത്.കോവിഡ് 19 പ്രതിരോധ നടപടികൾ തുടരുമ്പോൾ വ്യാജ പ്രചരണം നടത്തുന്നവർക്കും ആരോഗ്യ ജാഗ്രത ലംഘിക്കുന്നവർക്കെതിരെയും പൊലീസ് നടപടികൾ തുടരുകയാണ്. വാർഡ് അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പുതുതായി ഇത്തരത്തിലുള്ള 77 കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 179 ആയി.

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 111 പേർക്ക് ഇന്ന് മുതൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,346 ആയതായി ജില്ലാ കലക്ടർ ജാഫർ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തിൽ വ്യക്തമാക്കി. 90 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 11,236 പേർ വീടുകളിലും 20 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 75 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എട്ട്, തിരൂർ ജില്ലാ ആശുപത്രിയിൽ അഞ്ച്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രണ്ട് രോഗികളും ഐസൊലേഷൻ വാർഡുകളിലുണ്ട്.

ജില്ലയിൽ ഇതുവരെ ലഭിച്ച പരിശോധന ഫലങ്ങളിൽ 346 പേർക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന മുഖ്യ സമിതി അവലോകന യോഗത്തിൽ അറിയിച്ചു. 134 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണ്. വാർഡ് അടിസ്ഥാനത്തിൽ ഇന്നലെ 5,910 വീടുകളിൽ സംഘങ്ങൾ സന്ദർശനം നടത്തി. വീടുകളിൽ നിരീക്ഷണത്തിലുള്ള 143 പേർക്ക് ഇന്നലെ വിദഗ്ധ സംഘം കൗൺസലിങ് നൽകി.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം, പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്. അഞ്ജു, എ.ഡി.എം എൻ.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുത്തു.

അതേ സമയം പള്ളികളിൽ ജുമുഅ നടത്തരുതെന്ന് ആഹ്വാനം ചെയ്ത് ഇരുവിഭാഗം സുന്നി നേതാക്കളും രംഗത്തുവന്നിരുന്നു. കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ജുമുഅയ്ക്ക് പകരം ളുഹ്ര് നിസ്‌കരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞത്. 'മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂർണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി കേന്ദ്ര- സംസ്ഥാന സർക്കാറുകളും ആരോഗ്യവകുപ്പും നൽകിയിരിക്കുന്ന കർശന നിർദ്ദേശം കാരണം ശാഫിഈ മദ്ഹബിൽ നാൽപതു പേർ പങ്കെടുക്കൽ നിർബന്ധമായ വെള്ളിയാഴ്ച ജുമുഅ നിർവഹിക്കാൻ നിവൃത്തിയില്ലാതെ വന്ന ദുഃഖകരമായ സാഹചര്യത്തിൽ നിർബന്ധമായും ളുഹ്ര് നിസ്‌കാരം നിർവ്വഹിക്കുന്നതോടൊപ്പം മറ്റു സുന്നത്തായ ഇബാദത്തുകൾ നിർവഹിക്കാനും പ്രാർത്ഥനകൾ വർധിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്'- സമസ്ത നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ജനസമ്പർക്കം വിലക്കി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ സാഹചര്യം അനുകൂലമാകുന്നത് വരെ പള്ളികളിൽ ജുമുഅ, പൊതു നിസ്‌കാരം എന്നിവ നടത്തരുതെന്നും എല്ലാവരും വീടുകളിൽ കഴിയണമെന്നും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അഭ്യർത്ഥിച്ചു. ജീവൻ രക്ഷിക്കുകയെന്നത് ഏറ്റവും വലിയ ആരാധനയാണെന്നും നാടിന്റെ രക്ഷക്കായി ഭരണകർത്താക്കൾ, ആരോഗ്യ പ്രവർത്തകർ, നിയമ പാലകർ എന്നിവർ നിർദേശിക്കുന്ന കാര്യങ്ങൾ പൂർണമായും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ഘട്ടങ്ങളിൽ ആരാധനാ കർമങ്ങൾ വീടുകളിൽ വെച്ച് നടത്താനാണ് വിശുദ്ധ ഇസ്്‌ലാമിന്റെ കൽപ്പന. പകർച്ച വ്യാധി സമയത്ത് വീട്ടിലിരിക്കുന്നത് ഏറ്റവും വലിയ പുണ്യമാണെന്നും വെള്ളിയാഴ്ച ജുമുഅക്ക് പകരം ളുഹർ നിസ്‌കാരം നിർവ്വഹിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP