Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാക്കൂട്ടം ചുരത്തിൽ മണ്ണിറക്കി ഗതാഗതം തടഞ്ഞ് കർണാടക: കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളോട് മുത്തങ്ങ വഴി പോകാൻ നിർദ്ദേശം; അതിർത്തി കടക്കാനാവാതെ കുടുങ്ങി കിടക്കുന്നത് നൂറിലധികം ചരക്കുവാഹനങ്ങൾ; കർണ്ണാടകം മണ്ണിട്ട് തടസ്സപ്പെടുത്തിയത് കേരളത്തിന്റെ അധീനതയിലുള്ള പാതയിൽ; പ്രധാനമന്ത്രിയെ വിഷയം ധിരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഉത്തരമലബാറിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു

മാക്കൂട്ടം ചുരത്തിൽ മണ്ണിറക്കി ഗതാഗതം തടഞ്ഞ് കർണാടക: കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളോട് മുത്തങ്ങ വഴി പോകാൻ നിർദ്ദേശം;  അതിർത്തി കടക്കാനാവാതെ കുടുങ്ങി കിടക്കുന്നത് നൂറിലധികം ചരക്കുവാഹനങ്ങൾ; കർണ്ണാടകം മണ്ണിട്ട് തടസ്സപ്പെടുത്തിയത് കേരളത്തിന്റെ അധീനതയിലുള്ള പാതയിൽ; പ്രധാനമന്ത്രിയെ വിഷയം ധിരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഉത്തരമലബാറിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു

ജസിം മൊയ്ദീൻ

കണ്ണൂർ: കർണ്ണാടകത്തിൽ നിന്നും കണ്ണൂരിലേക്കുള്ള പ്രധാന പാതയായ മാക്കൂട്ടം ചുരം അടച്ചതിനെ തുടർന്ന് കേരളത്തിലേക്കുള്ള നൂറോളം വാഹനങ്ങൾ അതിർത്തിക്കപ്പുറത്ത് കുടുങ്ങിക്കിടക്കുന്നു. കൂട്ടുപുഴയിൽ നിർമ്മാണം തുടങ്ങിയ പുതിയ പാലത്തിന് സമീപമാണ് കർണ്ണാടക മണ്ണിട്ടത്. ഇത് കേരളത്തിന്റെ ഉടമസ്ഥതയിൽപ്പെട്ട സ്ഥലമാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഉത്തരമലബാറിലേക്കുള്ള ചരക്കുനീക്കവും ഇതോടെ പൂർണ്ണമായും നിലച്ചിരിക്കുയാണ്. ചരക്കുമായെത്തിയ നൂറിലധികം വാഹനങ്ങൾ അതിർത്തിക്കപ്പുറം കുടുങ്ങിക്കിടക്കുകയാണ്.

അരി, പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ചരക്കുനീക്കവും നിശ്ചലമായി. അതേ സമയം, പാത ഒരുകാരണവശാലും തുറക്കില്ലെന്ന നിലപാടിലാണ് കർണാടക സർക്കാർ. നേരത്തെ ചീഫ് സെക്രട്ടറി തലത്തിൽ ചർച്ചകൾ നടിത്തിയെങ്കിലും പരിഹാരമായിട്ടില്ല. കർണാടകയിൽനിന്ന് വയനാട് മുത്തങ്ങയിലൂടെ ഒരു അതിർത്തി ചെക്ക് പോസ്റ്റ് വഴിയേ നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ് കർണാടക. ഇങ്ങനെയാണെങ്കിൽ 100 കിലമോമീറ്ററിലധികം അധികം സഞ്ചരിക്കണം ഇപ്പോൾ കൂട്ടുപുഴയിലുള്ള വാഹനങ്ങൾക്ക് ഇനി കേരളത്തിലെത്തണമെങ്കിൽ. ഇത് ഉത്തരമലബാറിൽ അവശ്യവസ്തുക്കൾക്ക് വില വർധിക്കാനും സാഹചര്യമുണ്ടാകും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ കുടക് ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് പാതയിൽ മണ്ണിട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ കണ്ണൂർ ജില്ലാഭരണകൂടം അടിയന്തിമായി ഇടപെട്ടിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. ജില്ലാ പൊലീസ് മേധാവി ബി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. കർണാടക ഐ.ജി. വിപിൽ കുമാർ, കുടക് എസ്‌പി. സുമൻ പലേക്കർ എന്നിവരുമായി അദ്ദേഹം ചർച്ചനടത്തിയെങ്കിലും കളക്ടറുടെ നിർദ്ദേശമാണെന്നാണ് അവർ പറഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തിൽ യതീഷ്ചന്ദ്ര കുടക് ജില്ലാ കളക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കളക്ടർ ഫോണെടുക്കാൻ തയ്യാറായില്ല. ഇതിനിടെ മാക്കൂട്ടം ചുരം റോഡ് കർണാടക മണ്ണിട്ട് അടച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അടിയന്തിരമായി കേന്ദ്രം ഇടപെട്ട് ചരക്കുനീക്കത്തിനുള്ള സാഹചര്യം ഒരുക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. നേരത്തെ ഈ വിഷയത്തിൽ ചീഫ് സെക്രട്ടറി തലത്തിൽ കർണാടകയുമായി കേരളം ചർച്ച നടത്തിയിരുന്നു.

അതേസമയം, കർണാടകത്തിൽ നിന്നുള്ള രണ്ടു പ്രധാന റോഡുകളിൽ ഗതാഗതം അനുവദിക്കുമെന്നു കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ വ്യക്തമാക്കി. മൈസൂരു - ബാവലി, ചാമരാജ്‌നഗർ റോഡുകളിലൂടെ ഗതാഗതം അനുവദിക്കും. കർണാടക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായും ഇക്കാര്യം സംസാരിച്ചു. മാക്കൂട്ടം റോഡ് തുറക്കില്ല. കരിഞ്ചന്തക്കാർ മാത്രം ഉപയോഗിക്കുന്ന വഴിയാണ് ഇത്. കോവിഡ് രോഗികളാരും വരരുതെന്നും മുന്നറിയിപ്പ് നൽകി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP