Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി; വൈറസ് ബാധിതരായ 873 പേരിൽ ചികിത്സയിൽ കഴിയുന്നത് 775 പേരും; വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലും കേരളത്തിലും; സംസ്ഥാനത്ത് വൈറസിൽ നിന്നും മുക്തി നേടിയത് ഇതുവരെ 11 പേർ

ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി; വൈറസ് ബാധിതരായ 873 പേരിൽ ചികിത്സയിൽ കഴിയുന്നത് 775 പേരും; വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലും കേരളത്തിലും; സംസ്ഥാനത്ത് വൈറസിൽ നിന്നും മുക്തി നേടിയത് ഇതുവരെ 11 പേർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലും ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തത് ഉൾപ്പെടെ രാജ്യത്തുകൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. ഇന്ത്യയിൽ ആകെ 873പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 149 പേർക്കാണ് രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 873 ആയി. ഇവരിൽ 775 പേർ ചികിത്സയിലാണ്. രാജ്യത്താകമാനം 78 പേർ രോഗ മുക്തി നേടുകയും ആശുപത്രി വിടുകയും ചെയ്തു. 

ഇതുവരേയും ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 180 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമതായി ഏറ്റവും കൂടുതൽ കൊറോണ വൈറസ് രോഗ ബാധിതർ ഉള്ളത് കേരളത്തിലാണ്. 176 പേർ. അതേസമയം മഹാരാഷ്ട്രയിൽ 25 ഉം കേരളത്തിൽ 11 പേരും രോഗമുക്തി നേടി. അതേ സമയം കേരളത്തിൽ ശനിയാഴ്ച കൊറേണ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ദുബായിൽ നിന്ന് വന്ന 69 കാരനാണ് കൊച്ചിയിൽ മരണപ്പെട്ടത്.

നിലവിലെ സാഹാചര്യമനുസരിച്ച് കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിക്കാൻ ഒരു വർഷമെങ്കിലും ആകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ 21 ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതേ തുടർന്ന് പൊതു ഗതാഗതവും അന്താരാഷ്‌ട്ര വിമാന സർവീസുകളും നിർത്തിവച്ചു.

അതേസമയം, ചിലർക്ക് രോഗലക്ഷണങ്ങൾ ഇല്ലാതായതിനു ശേഷവും ശരീരത്തിൽ വൈറസ് ബാധ തുടരുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജൻ അടക്കമുള്ളവർ നടത്തിയ പഠനത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ വെളിപ്പെട്ടത്. രോഗലക്ഷണങ്ങൾ ഇല്ലാതായിട്ടും എട്ടു ദിവസങ്ങളോളം ചിലരിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. അതിനാൽ രോഗമുക്തി നേടിയവരെ 14 ദിവസമോ അതിൽ കൂടുതലോ കർശനമായി ഐസൊലേഷനിൽ തന്നെ ഇരുത്തേണ്ടത് അത്യാവശ്യമാണെന്നും ഗവേഷകർ പറയുന്നു.

ജനുവരി 28 മുതൽ ഫെബ്രുവരി ഒമ്പത് വരെ ചൈനീസ് സൈന്യത്തിന്റെ കീഴിലുള്ള കൊറോണ രോഗികളെ ചികിത്സിക്കുന്ന കേന്ദ്രത്തിലാണ് ഇവർ പഠനം നടത്തിയത്. ഇവിടെ നിന്ന് 16 രോഗികളെയാണ് ഇവർ നിരീക്ഷണവിധേയരാക്കിയത്. 35 വയസ് പ്രായമുള്ള കൊറോണ വൈറസ് ബാധ ഗുരുതരമാകാത്തവരായിരുന്നു രോഗികൾ. ഇവരിൽ രോഗലക്ഷണങ്ങൾ വളരെ കുറച്ച് മാത്രമേ അനുഭവപ്പെട്ടിരുന്നുള്ളു.

രോഗം മാറിയെന്ന അനുമാനത്തിലെത്തിയ ഈ രോഗികളിൽ പകുതിയോളം ആളുകളിൽ നിന്നും വൈറസ് പൂർണമായും ഒഴിഞ്ഞുപോയിട്ടില്ലെന്ന് പരിശോധനയിൽ പിന്നീട് വ്യക്തമായതായി ഗവേഷക സംഘത്തിലുള്ള ഇന്ത്യൻ വംശജൻ ലോകേഷ് ശർമ പറയുന്നു.വളരെ ചെറിയ തരത്തിലാണ് ഇവരിൽ രോഗം ബാധിച്ചത്. രോഗം ഗുരുതരമായവരിൽ നിന്ന് വൈറസ് പൂർണമായും ഇല്ലാതാകാൻ കൂടുതൽ സമയമെടുത്തേക്കാമെന്നും ഇവർ പറയുന്നു.

ഇവരുടെയെല്ലാം തൊണ്ടയിൽ നിന്നുള്ള സ്രവങ്ങൾ ശേഖരിച്ചാണ് പരിശോധന നടത്തിയാണ് ഇവർ കണ്ടെത്തൽ നടത്തിയത്. എന്നാൽ രോഗം ഭേദമായെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടാണ് ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നത്.

പനി, ചുമ, ശരീര വേദന, തൊണ്ടവേദന, ശാസതടസ്സം തുടങ്ങിയവയാണ് ഇവർ പ്രകടിപ്പിച്ചിരുന്ന ലക്ഷണങ്ങൾ. വിവിധ മരുന്നുകളാണ് ഇവരിൽ പ്രയോഗിച്ചത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാൾക്കൊഴികെ ബാക്കിയുള്ളവർക്കെല്ലാം വൈറസ് ബാധിച്ച് അഞ്ച് ദിവങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമായി.

എട്ടു ദിവസത്തോളം ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. രോഗലക്ഷണങ്ങൾ അവസാനിച്ചതിന് ശേഷം ഒന്നുമുതൽ എട്ടു ദിവസത്തോളം ഇവരിൽ പലരിലും വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു.

അതിനാൽ താരതമ്യേന തീവ്രത കുറഞ്ഞ ലക്ഷണങ്ങൾ വന്നവർ രണ്ടാഴ്ചയെങ്കിലും രോഗലക്ഷണങ്ങൾ അവസാനിച്ചാലും വീട്ടിൽ തന്നെ ക്വാറന്റൈനിൽ തുടരണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടതെന്നും ഇവർ പറയുന്നു. രോഗലക്ഷണങ്ങൾ അവസാനിച്ചവരോ രോഗം ഭേദമായെന്ന് കരുതുന്നവരോ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഐസൊലേഷനിൽ തുടരണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു.

അതേസമയം കൊറോണ വൈറസ് ബാധയെ തുർന്ന് ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പ്രവേശിച്ചുവെന്ന് അന്താരാഷ്ട്ര നാണയനിധി മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ഇതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ സഹായിക്കാൻ ഒരുപാട് പണം അവശ്യമായി വരുമെന്നും, 2009 നെക്കാൾ മോശമായ അവസ്ഥയിലാണ് ലോകം പൊയികൊണ്ടിരിക്കുന്നതെന്നും ക്രിസ്റ്റലീന അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP