Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന മെസേജുകൾ വാട്‌സാപ് ഗ്രൂപ്പുകളിൽ കുത്തിനിറച്ചു; ഭാഷാപ്രശ്‌നമുണ്ടാകാതിരിക്കാൻ അതാത് പ്രാദേശിക ഭാഷകളിൽ തർജ്ജമ ചെയ്ത് ദല്ലാളുമാർ വഴി അയച്ചു; ഭക്ഷണം കിട്ടുന്നില്ലെന്നും കേരളം സുരക്ഷിതമല്ലെന്നും ഉള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ആസൂതിത്രമായി; കമ്യൂണിറ്റി കിച്ചൺ സംവിധാനം ഒരുക്കിയിട്ടും പായിപ്പാട് അടക്കം ഒന്നും കിട്ടുന്നില്ലെന്ന പ്രതീതി ഉണ്ടാക്കിയത് ദല്ലാൾ ലോബിയും സങ്കുചിത താൽപര്യമുള്ള ആക്റ്റിവിസ്റ്റുകളും

അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന മെസേജുകൾ വാട്‌സാപ് ഗ്രൂപ്പുകളിൽ കുത്തിനിറച്ചു; ഭാഷാപ്രശ്‌നമുണ്ടാകാതിരിക്കാൻ അതാത് പ്രാദേശിക ഭാഷകളിൽ തർജ്ജമ ചെയ്ത് ദല്ലാളുമാർ വഴി അയച്ചു; ഭക്ഷണം കിട്ടുന്നില്ലെന്നും കേരളം സുരക്ഷിതമല്ലെന്നും ഉള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ആസൂതിത്രമായി; കമ്യൂണിറ്റി കിച്ചൺ സംവിധാനം ഒരുക്കിയിട്ടും പായിപ്പാട് അടക്കം ഒന്നും കിട്ടുന്നില്ലെന്ന പ്രതീതി ഉണ്ടാക്കിയത് ദല്ലാൾ ലോബിയും സങ്കുചിത താൽപര്യമുള്ള ആക്റ്റിവിസ്റ്റുകളും

ജാസിം മൊയ്ദീൻ

കോട്ടയം/ കോഴിക്കോട്: പായിപ്പാട് തൊഴിലാളികൾ കൂട്ടത്തോടെ പുറത്തിറങ്ങിയതിന് പിന്നിൽ ചിലരുടെ ആസൂത്രിത ശ്രമമെന്ന് സൂചന. രണ്ട് ദിവസമായി നടന്നത് അതിഥി തൊഴിലാളികൾക്കിടയിൽ ഭീതി പരത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. തങ്ങൾ സുരക്ഷിതരല്ലെന്ന ബോധം തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിച്ചത് ഓരോരുത്തരുടെയും പ്രാദേശിക ഭാഷകളിലാണ്. മറ്റേത് സംസ്ഥാനത്തേക്കാളുമധികം പരിഗണന ലഭിച്ചിട്ടും കേരളത്തിലെ അതിഥി തൊഴിലാളികളെ തെരുവിലിറക്കിയത് ദല്ലാളുമാരും സങ്കുചിത ആക്ടിവിസ്റ്റുകളും നടത്തിയ ശ്രമങ്ങളെന്നും വ്യക്തമായി.

ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളുമേറെ അതിഥി തൊഴിലാളികളികൾക്ക് പരിഗണന ലഭിച്ച ഇടമാണ് കേരളം. സംസ്ഥാനത്തൊട്ടാകെ അതിഥി തൊഴിലാളികൾക്കായി 4500 ക്യാമ്പുകളാണ് ലോക്ഡൗൺ കാലത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ ഇവർക്കാവശ്യമായ ഭക്ഷണവും വൈദ്യ പരിശോധനയും ഇവിടങ്ങളിൽ നടക്കുന്നുണ്ട്. ഇത്രയേറെ സജ്ജീകരണങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് പായിപ്പാട് ഇത്രയധികം അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയത് എന്നത് പരിശോധിക്കുമ്പോൾ കൃത്യമായി കാണാൻ സാധിക്കുന്നത് കഴിഞ്ഞ രണ്ട് ദിവസങ്ങളായ ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന കുപ്രചാരണങ്ങളാണ്. അതെല്ലാം കേരളത്തിലും അതിഥി തൊഴിലാളികൾ സുരക്ഷിതരല്ലെന്ന ബോധം അവരിൽ വളർത്തുന്ന രീതിയിലായിരുന്നു.

ഈ കുപ്രചാരണങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി തൊഴിലാളികൾക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് നേതൃത്വം നൽകിയത് തൊഴിലാളികളെ കേരളത്തിലെത്തിച്ച ചില ദല്ലാളുമാരും കെട്ടിട ഉടമകളും ചേർന്നാണ്. തൃശൂരിലുള്ള ഒരു ആക്ടിവിസ്റ്റ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് വഴി നിരന്തരം പ്രചരിപ്പിക്കാൻ ശ്രമിച്ചത് കേരളത്തിലെ അതിഥി തൊഴിലാളികൾ സുരക്ഷിതരല്ലെന്ന പ്രചരണങ്ങളാണ്. പലയിടത്തും അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന തരത്തിലായിരുന്നു ആ പ്രചരണങ്ങളെല്ലാം. എന്നാൽ അദ്ദേഹം പറഞ്ഞ പലയിടത്തും പ്രാദേശിക ഭരണകൂടങ്ങളും വളണ്ടിയർമാരും നേരിട്ട് ബന്ധപ്പെട്ടപ്പോൾ ലഭിച്ചത് അവർക്ക് ഭക്ഷണം ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ്. ഇദ്ദേഹത്തിന്റെ പോസ്റ്റുകൾ പലതും അതിഥി തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അവരവരുടെ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്ത് ദല്ലാളുമാർ വഴി അയക്കുകയും ചെയ്തിട്ടുണ്ട്.

ഈ വ്യാജ വിവരങ്ങളാണ് ഇപ്പോൾ തങ്ങൾ അരക്ഷിതരാണെന്ന ബോധം വളർത്തിയെടുക്കുന്ന തരത്തിലേക്ക് അതിഥി തൊഴിലാളികളെ എത്തിച്ചിട്ടുള്ളത്. ിലവിൽ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന എല്ലാ കെട്ടിട ഉടമകൾക്കും ആരെയും കുടിയൊഴിപ്പിക്കരുതെന്ന സർക്കാർ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ തൊഴിലുടമകളിൽ നിന്നും തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചൺ വഴിയും തൊഴിലുടമകൾ വഴിയും ഇവർക്ക് ഭക്ഷണം കൃത്യമായി ലഭിക്കുന്നുമുണ്ട്. കേരളീയ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പാകം ചെയ്യാനുള്ള ഭക്ഷ്യോൽപന്നങ്ങൾ ലഭിക്കുന്നുണ്ട്.

സംസ്ഥാനത്താകെ അതിഥി തൊഴിലാളികൾക്കു മാത്രമായി 4500 ഓളം ക്യാമ്പുകളൊരുക്കിയിട്ടുണ്ട്. ലോക്ക് ഡൗണിൽ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഒന്നര ലക്ഷത്തോളം പേർ ഇത്തരം ക്യാമ്പുകളിൽ കഴിയുന്നുണ്ട്. തൊഴിലില്ലാതെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ നിന്ന തൊഴിലാളികൾക്ക് ഭക്ഷണവും സുരക്ഷിതമായ താമസവും ആരോഗ്യപരിരക്ഷയും നൽകി കേരളം അതിഥി തൊഴിലാളികളുടെ കാര്യത്തിൽ രാജ്യത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും മാതൃക തീർത്തിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ചില കെട്ടിട ഉടമകളുടെയും ദല്ലാളുമാരുടെയും സഹായത്തോടെ സങ്കുചിത ആക്ടിവിസ്റ്റുകൾ തൊഴിലാളികളിൽ അരക്ഷിത ബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഇതിന്റെ പരിണത ഫലമാണ് പായിപ്പാട് ഇന്ന് കണ്ടത്.

തൊഴിലാളികൾ പുറത്തിറങ്ങിയാൽ തൊഴിലുടമകൾക്കെതിരെ നടപടി

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികൾ പുറത്തിറങ്ങിയാൽ തൊഴിലുടമകൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ലോക്ക്ഡൗൺ ലംഘിച്ച് തൊഴിലാളികൾ പുറത്തിറങ്ങിയാൽ തൊഴിലുടമകൾ ഉത്തരവാദികളായിരിക്കും. ആദ്യ നടപടി ഇവർക്കെതിരെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു തൊഴിലാളിയും ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവർക്കുമുള്ള ഭക്ഷണവും താമസവും സർക്കാർ നൽകും. കോവിഡിന്റെ കാലം കഴിഞ്ഞാൽ നാട്ടിലേക്ക് പോകാനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 45855 അതിഥി തൊഴിലാളാണ് ഉള്ളതെന്നാണ് ലേബർ ഡിപ്പാർട്ട്മെന്റ് കണകക്ക്. എന്നാൽ കൃത്യമായ രേഖകൾ നൽകാത്ത എണ്ണായിരത്തിൽ അധികം ആളുകളുണ്ടെന്നാണ് നിഗമനം. ഇവരെപ്പറ്റി വിവരങ്ങൾ ശേഖരിക്കാൻ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സർവേ റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ ബേസിക് ഡേറ്റ തയ്യറാക്കും. തൊഴിലാളികളെ താമസ സ്ഥലത്ത് നിന്ന് ഇറക്കിവിടുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത് രാജ്യദ്രോഹക്കുറ്റമായി കാണേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിഥി തൊഴിലാളികൾ പട്ടിണിയിൽ അല്ല

നാട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ്‌കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് തൊഴിലാളികൾ കൂട്ടം കൂടി പ്രതിഷേധിച്ചത്. നൂറുകണക്കിന് തൊഴിലാളികളാണ് റോഡിൽ വിലക്ക് ലംഘിച്ച് പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകാൻ വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തീർന്നു. പട്ടിണി സഹിച്ച് ഇനി കഴിയാൻ പറ്റില്ലെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണിന്റെ പശ്ചത്തലത്തിൽ ആളുകൾ പുറത്തിറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാണ് തൊഴിലാളികൾ പ്രതിഷേധത്തിന് ഇറങ്ങിയത്.

അതേസമയം പട്ടിണിയിലായിരുന്നുവെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാദം ജില്ലാ കളക്ടർ തള്ളി. തൊഴിലാളികൾക്ക് ഭക്ഷണം നൽകിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. എന്നാൽ തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവർ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇത് ഇപ്പോൾ സാധ്യമല്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP