Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇറ്റലിയിലും സ്‌പെയിനിലും ഒരു ദിവസം ശരാശരി മരിക്കുന്നവരുടെ എണ്ണം 800 ആയി; ഇറ്റലിയിലെ രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്ന് അമേരിക്കയ്ക്ക് തൊട്ടു പിന്നിൽ എത്തുമ്പോൾ സ്‌പെയിൻ ഇന്ന് തന്നെ ചൈനയെ മറികടക്കും; ലോകത്തെ 721,412 പേർ രോഗ ബാധിതരായപ്പോൾ മരണ സംഖ്യ 33,956; കൊറോണയുടെ ഭയങ്കരമായ ഏറ്റവും അവസാനത്തെ കണക്കുകൾ ഇങ്ങനെ

ഇറ്റലിയിലും സ്‌പെയിനിലും ഒരു ദിവസം ശരാശരി മരിക്കുന്നവരുടെ എണ്ണം 800 ആയി; ഇറ്റലിയിലെ രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്ന് അമേരിക്കയ്ക്ക് തൊട്ടു പിന്നിൽ എത്തുമ്പോൾ സ്‌പെയിൻ ഇന്ന് തന്നെ ചൈനയെ മറികടക്കും; ലോകത്തെ 721,412 പേർ രോഗ ബാധിതരായപ്പോൾ മരണ സംഖ്യ 33,956; കൊറോണയുടെ ഭയങ്കരമായ ഏറ്റവും അവസാനത്തെ കണക്കുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റോം: യൂറോപ്പിൽ കൊറോണ വൈറസ് താണ്ഡവമാടുന്ന ഇറ്റലിയിലും സ്‌പെയിനിലും ഒരു ദിവസം ശരാശരി മരിക്കുന്നവരുടെ എണ്ണം 800 ആയി. മരണം അതിവേഗം ബഹുദൂരം പിന്നിടുന്ന ഇറ്റലിയിൽ ഇന്ന് രോഗികളുടെ എണ്ണംഒരു ലക്ഷം കടന്ന് അമേരിക്കയ്ക്ക് തൊട്ടു പിന്നിൽ എത്തും. അതേസമയം രോഗികളുടെ എണ്ണത്തിൽ സ്‌പെയിൻ ഇന്ന് തന്നെ ചൈനയെ മറികടക്കും. ഇറ്റലിയിൽ ഇന്നലെ 756 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിലെ രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്ന് അമേരിക്കയ്ക്ക് തൊട്ടു പിന്നിൽ എത്തും. നിലവിൽ ഇറ്റലിയിൽ 97, 689 പേരാണ് രോഗബാധിതർ. എന്നാൽ മണിക്കൂറുകൾ കൊണ്ട് തന്നെ ഇത് ഒരു ലക്ഷം കടക്കും. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച ഇറ്റലിയിലെ മരണ സംഖ്യ 10,779 ആയി ഉയർന്നു.

ഇറ്റലിയിലും സ്‌പെയിനിലും കൊറോണ മരണ താണ്ഡവും ആടുമ്പോൾ യൂറോപ്പിലെ ആകെ കോവിഡ് മരണം 20,000 കടന്നു. സ്‌പെയിനിൽ ഇന്നലെ 821 പേരാണ് മരണത്തിന് കീഴടങ്ങിയത്. സ്‌പെയിനിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്നലത്തേത്. അതേസമയം സ്‌പെയിനിലെ കൊറോണ ബാധിതരുടെ എണ്ണം അതിവേഗം ഒരു ലക്ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 80,110 പേരാണ് സ്‌പെയിനിൽ കൊറോണ രോഗികളായിട്ടുള്ളവർ. ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ ഇത് ഒരു ലക്ഷം കടക്കും. 6,803 പേരാണ് ഇതുവരെ സ്‌പെയിനിൽ കൊറോണ മൂലം മരിച്ചത്. ഇതോടെ സ്‌പെയിനിൽ ലോക് ഡൗൺ ഏപ്രിൽ 9 വരെ നീട്ടി. ലോകത്ത് ആകെ മരണം 33,956 ആയി. യൂറോപ്പിലെ ആകെ മരണത്തിലെ പകുതിയും ഇറ്റലിയിലാണ്; തൊട്ടുപിന്നിൽ സ്‌പെയിൻ. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇപ്പോൾ വീടിനുള്ളിലാണ്.

അതേസമയം കൊറോണ വൈറസ് അതിന്റെ മൂർദ്ധന്യത്തിലെത്തിയ അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോർക്ക് അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്താനുള്ള നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചു. യുഎസിൽ മരണസംഖ്യ മൂന്നു ദിവസത്തിനിടെ ഇരട്ടിയായി ഉയർന്നു. 255 പേരാണ് ഇന്നലെ അമേരിക്കയിൽ മരണത്തിന് കീഴടങ്ങിയത്. ആകെ മരണ സംഖ്യ 2475. അമേരിക്കയിൽ ഇന്നലെ പുതുതായി 18,276 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് അടുത്തെത്തി. 141, 854 കൊറോണ രോഗികളാണ് അമേരിക്കയിൽ ഉള്ളത്. രോഗികളുടെ എണ്ണം നോക്കി നിൽക്കെ കുതിച്ചുയർന്നിട്ടും മരണ സംഖ്യ ഉയർന്നിട്ടും ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കി നിൽക്കുകയാണ് ട്രംപ് ഭരണ കൂടം. ഇത് ജനങ്ങളെ കടുത്ത ആശങ്കയിലും മരണ ഭയത്തിലും ആക്കിയിരിക്കുകയാണ്.

രോഗികൾ ഒന്നരലക്ഷത്തിന് അടുത്തെത്തിയതോടെ ആവശ്യത്തിനു മെഡിക്കൽ ഉപകരണങ്ങളോ ചികിത്സാസൗകര്യമോ സ്റ്റാഫോ ഇല്ലാതെ ആരോഗ്യപ്രവർത്തകർ വലയുന്ന സ്ഥിതിയാണ് അമേരിക്കയിലുള്ളത്. എന്നിട്ടും ഭരണ കൂടം നോക്കു കുത്തിയായി നിൽക്കുന്ന സ്ഥിതി വിശേഷമാണ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്ത് ഉള്ളത്. സമ്പൂർണ ക്വാറന്റീൻ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം രംഗത്തു വന്നതോടെയാണു ട്രംപ് പിന്നാക്കം പോയത്. ഇതോടെ ജനങ്ങളുടെ അവസ്ഥ പരിതാപകരമായി മാറിയിരിക്കുകയാണ്. ന്യൂയോർക്ക്, കനക്ടികട്ട്, ന്യൂജഴ്‌സി എന്നീ മേഖലകളിൽ 14 ദിവസത്തേക്കു യാത്രാനിയന്ത്രണം ഏർപ്പെടുത്തി.

ഫ്രാൻസിൽ കൊറോണമൂലം മരണം 2,606 ആയി. വരുന്ന രണ്ടാഴ്ച അതികഠിനമെന്ന മുന്നറിയിപ്പാണ് ഭരണ കൂടം പങ്കുവയ്ക്കുന്നത്. രോഗബാധിതരുടെ എണ്ണം 40,174 ആയി ഉയർന്നു.
സ്വിറ്റ്‌സർലൻഡിൽ രോഗികൾ 14,8295,000. മരണം 300 ആയി. ബ്രിട്ടനിൽദിവസം 10,000 പേരിലാണ് കൊറോണ പരിശോധന നടത്തുന്നത്. താമസിയാതെ 20,000 പേരെ പരിശോധിക്കേണ്ടിവരും. പതിനായിരം വെന്റിലേറ്ററിനു കൂടി കമ്പനികളോട് ആവശ്യപ്പെട്ടു. കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറയുന്നു. ബ്രിട്ടനിലെ കൊറോണ രോഗികളുടെ എണ്ണം 19,522 ആയി. മരണം 1228 ആയി ഉയർന്നു. ജർമനിയിൽ പതിനായിരങ്ങൾ രോഗികളായതോടെ ആരോഗ്യ പരിപാലന സംവിധാനം താറുമാറായി. 62,095 കൊറോണ രോഗികളാണ് ജർമനിയിലുള്ളത്. ഇവിടെ ഇന്നലെ 108 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 541 ആയി ഉയർന്നു.

ന്യൂസിലൻഡ് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. രോഗികൾ 500 കവിഞ്ഞു. ഓസ്‌ട്രേലിയയിൽ പൊതുസ്ഥലത്തു രണ്ടു പേരിലധികം കൂട്ടം കൂടുന്നത് വിലക്കി. 70നു മുകളിൽ പ്രായമുള്ളവർ വീട്ടിലിരിക്കണമെന്നാണ് നിർദ്ദേശം. രോഗികൾ 3978 ആയി. തായ്ലൻഡിൽ കോവിഡ് ഭീതിയിൽ ജയിലിൽ കലാപം ഉണ്ടായി. സിംഗപ്പുരിൽ മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തതോടെ പൊതുസ്ഥലത്തു കർശന നിയന്ത്രണം ഏർപ്പെടുത്തി.

  • ഇറാൻ: 38,309 (2640)
  • ദക്ഷിണ കൊറിയ: 9583 (152)
  • കാനഡ: 5655 (63)
  • ഓസ്‌ട്രേലിയ: 3969 (16)
  • മലേഷ്യ: 2470 (34)
  • ജപ്പാൻ: 1693 (52)
  • ന്യൂസീലൻഡ്: 514 (1)
  • ഇന്ത്യ: 979 (25)

ലോകത്താകെ രോഗം ബാധിച്ചവർ 721,412

ഗുരുതരാവസ്ഥയിലുള്ള രോഗികൾ 25,426

നേരിയ തോതിൽ രോഗമുള്ളവർ 4,80,006

രോഗം ഭേദമായവർ 1,46,400

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP