Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് ദിവസം കൊണ്ട് താണ്ടിയത് 1500 കിലോമീറ്റർ; ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ 12 വയസ്സുള്ള മകനുമായി ഈ അച്ഛൻ മുംബൈയിൽ നിന്നും കോട്ടയത്ത് എത്തിയത് നിരവധി പ്രതിസന്ധികൾ പിന്നിട്ട്: ഇരുവരേയും ഐസൊലേഷനിലേക്ക് മാറ്റി കോട്ടയത്തെ പൊലീസ്

നാല് ദിവസം കൊണ്ട് താണ്ടിയത് 1500 കിലോമീറ്റർ; ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ 12 വയസ്സുള്ള മകനുമായി ഈ അച്ഛൻ മുംബൈയിൽ നിന്നും കോട്ടയത്ത് എത്തിയത് നിരവധി പ്രതിസന്ധികൾ പിന്നിട്ട്: ഇരുവരേയും ഐസൊലേഷനിലേക്ക് മാറ്റി കോട്ടയത്തെ പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഈ അച്ഛന്റെ മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. മകനേയും കൊണ്ട് എത്രയും വേഗം നാടു പിടിക്കണം. 12കാരനായ മകനേയും കൊണ്ട് അന്യ നാട്ടിൽ കഴിയുന്നതിലും സുരക്ഷിതം കോട്ടയം മുണ്ടക്കയത്തുള്ള വീട്ടിലെത്തുന്നതാണ് നല്ലതെന്ന തിരിച്ചറിവായിരുന്നു ഈ അച്ഛന്റെ മനസ്സ് മുഴുവനും. പിന്നെ ഒന്നും ആലോചിച്ചില്ല. ഒരു വാഹനം പോലും തിരത്തിലിറങ്ങാത്ത ലോക്ക് ഡൗൺ സമയത്ത് തന്നെ മകനെയും ചേർത്ത് പിടിച്ച് നാട്ടിലേക്ക് യാത്ര തിരിച്ചു.

നാലു ദിവസത്തെ പ്രതിസന്ധികൾ നിറഞ്ഞ യാത്രയ്‌ക്കൊടുവിൽ മുണ്ടക്കയം സ്വദേശി കെ.ജെ. ജോസഫും മകനും കോട്ടയത്ത് എത്തി. കോട്ടയം ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ കഴിയുകയാണ് ഇരുവരും. പൊതുഗതാഗതം പൂർണമായി നിലച്ച സാഹചര്യത്തിൽ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റർ താണ്ടിയത്. 25ന് ഉച്ചയ്ക്ക് ഒന്നിനു പുണെയിൽനിന്നു തിരിച്ചു. ട്രെയിനിലായിരുന്നെങ്കിൽ 30 മണിക്കൂർ മാത്രം ദൈർഘ്യമുള്ള യാത്ര മുഴുമിക്കാൻ നാല് ദിവസമാണ് ഇവർക്ക് വേണ്ടി വന്നത്. വയറ് നിറയ്ക്കാൻ ലഭിച്ചത് വെള്ളവും വഴിയരികിലെ കടകളിൽ നിന്നും ലഭിച്ച പഴ വർഗങ്ങളും.

പുണെയിലെ ഹോട്ടലിൽ ഷെഫായി ജോലി നോക്കുകയാണെന്നും ഭാര്യ പുണെയിൽത്തന്നെ നഴ്‌സാണെന്നുമാണ് ഇദ്ദേഹം പൊലീസിനോടു പറഞ്ഞത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് മകൻ റോഷനൊപ്പം നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചത്. ചാർജ് തീർന്ന മൊബൈൽ ഫോൺ യാത്രയ്ക്കിടെ പലവട്ടം ഓഫായി. എൽപിജി പാചകവാതക ലോഡുമായി മംഗലാപുരം വരെ പോകുന്ന സുഹൃത്തിന്റെ ലോറിയിലായിരുന്നു ആദ്യത്തെ യാത്ര. 26ന് ഉച്ചയോടെ മംഗലാപുരത്തെത്തി. എൽപിജി പാചകവാതകവുമായി കൊല്ലത്തേക്കു പോകുന്ന മറ്റൊരു ലോറി അവിടെനിന്നു കിട്ടി. ലോറി ആലപ്പുഴ വഴിയായതിനാൽ 27ന് ഉച്ചയ്ക്ക് കൊച്ചിയിൽ ഇറങ്ങി.

വൈറ്റില പൊലീസ് ഇടപാടു ചെയ്തു നൽകിയ കാറിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. ഇവിടെ പ്രാഥമിക പരിശോധനയിൽ ഇരുവർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നു സ്ഥിരീകരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഇവരെ ആരോഗ്യവകുപ്പ് അധികൃതർ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കി. തുടർന്ന് ഇവരെ കോട്ടയം ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി.

യാത്രയ്ക്കിടയിൽ ഒരിക്കൽ മാത്രമാണു നല്ല ഭക്ഷണം കഴിക്കാൻ സാധിച്ചതെന്നും അതു നൽകിയതു വൈറ്റില പൊലീസാണെന്നും ജോസഫ് പറഞ്ഞു. 'ചോറും കറിയും കൂട്ടിയുള്ള ഊണാണ് വൈറ്റിലയിൽനിന്നു കിട്ടിയത്. പിന്നാലെ തണ്ണിമത്തൻ ജ്യൂസും' ജോസഫിന്റെ വാക്കുകൾ. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള സാഹസിക യാത്രയെപ്പറ്റി ചോദിച്ചപ്പോൾ റോഷന്റെ മുഖത്തു പുഞ്ചിരി മാത്രം.

കേരളം അതീവ ജാഗ്രതയിലാണ്. അതുകൊണ്ട് തന്നെ ഇനി അതിർത്തി കടന്നു വരുന്നവരെ ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കും. സംസ്ഥാനത്ത് ഞായറാഴ്ച ഇരുപതുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചിരുന്നു. കണ്ണൂർ ജില്ലയിൽനിന്ന് എട്ടുപേർക്കും കാസർകോട് ജില്ലയിൽനിന്ന് ഏഴുപേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്.

ഇതിൽ പതിനെട്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐ.സി.യു.വിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

201 ലോകരാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP