Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ് നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സർക്കാർ വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടും രോഗം പടരുന്നെന്ന് മോദി; ഡൽഹി മോഡൽ അതിഥി തൊഴിലാളികളെ ഇളക്കിവിട്ട സംഭവത്തിൽ ഊർജിത അന്വേഷണവുമായി പൊലീസ്; പായിപ്പാട്ടെ സംഭവത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനയെന്ന് എറണാകുളം റേഞ്ച് ഐജിയും; സംഭവത്തിൽ 21 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു; രാജ്യത്ത് ഉടനീളം സമാന പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും നീക്കം; കോട്ടയത്തും നിരോധനാജ്ഞ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കോവിഡ്-19യുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ നീട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം. അത്തരം റിപ്പോർട്ടുകൾ ആശ്ചര്യത്തോടെ കാണുന്നതായും കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു.രാജ്യത്ത് കോവിഡ്-19 വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ്-19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 24 മുതൽ 21 ദിവസത്തേയ്ക്കാണ് ലോക്ക്ഡൗൺ.

രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിക്കൽ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാർഗം. എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികൾ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു.അതേ സമയം ഡൽഹിയിൽ ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നില്ലെന്ന കാരണത്താൽ പതിനായിരക്കണക്കിന് ഇത സംസ്ഥാനക്കാരാണ് നഗരം വിട്ടത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗൺ നിബന്ധന ലംഘിച്ചു പായിപ്പാട് ജംഗഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ നടപടി. സംഘം ചേർന്നതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിരവധി പേരെ ചോദ്യം ചെയ്തു.ഞായറാഴ്ച രാവിലെ മുതൽ വിവിധ ക്യാമ്പുകളിൽ സംഘടിച്ച മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് 11.45നു പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്. പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞിരുന്നു.ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാൻ ട്രെയിൻ സർവീസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ലോക്ഡൗൺ നിബന്ധനകൾ ലംഘിച്ചു ചങ്ങനാശ്ശേരി പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികൾ സംഘടിച്ചതിലെ ഗൂഢാലോചന കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ക്യാംപുകളിൽ നടത്തിയ റെയ്ഡിൽ 21 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ലോക്ഡൗൺ കാരണമാക്കി ദേശവ്യാപക തൊഴിലാളി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രതിഷേധമെന്നാണ് സൂചന.

എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാർ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ ക്യാംപുകളിൽ പരിശോധന നടത്തി. തൊഴിലാളികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. 20 മിനിറ്റിനുള്ളിലാണ് പായിപ്പാട് 3000 ൽ ഏറെ തൊഴിലാളികൾ ഒത്തുകൂടിയത്. കൃത്യമായ ആസൂത്രണമില്ലാതെ ഇത് നടക്കില്ല. തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ പങ്ക് പൊലീസ് സംശയിക്കുന്നു.

പ്രതിഷേധത്തിന് മണിക്കൂറുകൾ മുൻപ് ഏതാനും ഓഡിയോ, വിഡിയോ ക്ലിപ്പുകൾ തൊഴിലാളികളുടെ ഇടയിൽ പ്രചരിച്ചു. ഉത്തരേന്ത്യയിൽ പ്രതിഷേധത്തെ തുടർന്ന് തൊഴിലാളികൾക്ക് നാട്ടിലേക്ക് വാഹനങ്ങൾ ഒരുക്കിയതും ഇതിന്റെ ദൃശ്യങ്ങളും ഉൾപ്പെടെയാണ് പ്രചരിച്ചത്. പ്രതിഷേധിച്ചാൽ മാത്രമേ ആവശ്യം അംഗീകരിക്കൂ എന്നായിരുന്നു ആഹ്വാനം. ഇതാണ് രാജ്യത്തുടനീളം സമാന സമരങ്ങൾ സംഘടിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംശയിക്കാൻ കാരണം.

കഴിഞ്ഞ ദിവസങ്ങളിലും സമാന സന്ദേശങ്ങൾ ലഭിച്ചിരുന്നതായി കരാറുകാരും മൊഴി നൽകി. തുടർപ്രതിഷേധങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. മറ്റ് ജില്ലകളിലും സമാനമായ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഇത് കണക്കിലെടുത്ത് സുരക്ഷ കൂടുതൽ കർശനമാക്കി.കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറു മുതൽ കോട്ടയം ജില്ലയുടെ പരിധിയിൽ നാലു പേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിച്ചു.

സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സർവീസുകളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയെന്ന് ജില്ലാ കലക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയെക്കുരുതി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ഫേയ്‌സ്ബുക്ക് കുറിപ്പിൽ ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

ഞായറാഴ്ച പായിപ്പാട് അതിഥി തൊഴിലാളികൾ ലോക്ഡൗൺ നിബന്ധനകൾ ലംഘിച്ചു കൂട്ടത്തോടെ തെരുവിലിറങ്ങിയ സംഭവത്തിനു പിന്നാലെയാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,000 കടന്നു

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 1,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്താക്കിയത്. 1024 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 901 പേർ ചികിത്സയിലാണ്.96 പേർ രോഗവിമുക്തി നേടി. 27 പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. കോവിഡ്-19 വ്യാപിച്ച പശ്ചാത്തലത്തിൽ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 20 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP