Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അതിഥി തൊഴിലാളികൾക്ക് സൗകര്യം ഒരുക്കണമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; പിന്നാലെ വെൽഫയർപാർട്ടി ദേശീയ സെക്രട്ടറിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പേരാമ്പ്ര പൊലീസ്; പൊലീസ് നടപടി എതിർ ശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം

അതിഥി തൊഴിലാളികൾക്ക് സൗകര്യം ഒരുക്കണമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; പിന്നാലെ വെൽഫയർപാർട്ടി ദേശീയ സെക്രട്ടറിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പേരാമ്പ്ര പൊലീസ്; പൊലീസ് നടപടി എതിർ ശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം

ജാസിം മൊയ്തീൻ

കോഴിക്കോട്: വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ നടപടി എതിർ ശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമമെന്ന് വെൽഫയർപാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടി അംഗീകരിക്കാനാവില്ല. മറുശബ്ദങ്ങളെ ഭയപ്പെടുന്നത് ഫാഷിസ്റ്റുകളുടെ രീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിഥി തൊഴിലാളികളുടെ സുരക്ഷയെ കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് വെൽഫയർപാർട്ടി ദേശീയ സെക്രട്ടറിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തിൽ മറുനാടനോട് പ്തികരിക്കുകായിരുന്നു അദ്ദേഹം.

'പായിപ്പാട് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ച പശ്ചാത്തലത്തിൽ സംഭവം കഴിഞ്ഞതിന് ശേഷം അതിഥി തൊഴിലാളികളുടെ ഭക്ഷണത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചും സർക്കാർ എടുത്ത തീരുമാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് റസാഖ് പാലേരിയെപ്പോലെയുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. സർക്കാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന മോബ് ലിഞ്ചിംഗിന് അനുസരിച്ചല്ല സംസ്ഥാന പൊലീസ് പ്രവർത്തിക്കേണ്ടത്. സർക്കാരിന്റെ വീഴ്ച മറച്ചുപിടിക്കാനും ഭരണപക്ഷം രാഷ്ട്രീയ എതിരാളികളായി പ്രഖ്യാപിച്ചവരെ കരിവാരിത്തേക്കാനും ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. -ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി.

പായിപ്പാട് സംഭവത്തിൽ ഗൂഢാലോചനയുണ്ടെങ്കിൽ അത് പുറത്തു കൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ നിയമപരമായ നടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിന് പകരം ആ അവസരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാം എന്നാണ് ഭരണകൂടം കരുതുന്നത്. ഇത്തരം ഭയപ്പെടുത്തലുകൾ കണ്ട് ജനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന വെൽഫെയർ പാർട്ടി അതിന്റെ രാഷ്ട്രീയ കടമകളിൽ നിന്ന് പിന്മാറും എന്ന് കരുതുന്നുവെങ്കിൽ അത് വ്യാമോഹം മാത്രമാണ്.
കോവിഡ്-19 മായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾ അടക്കം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അതിശക്തമായി തന്നെ വരും ദിവസങ്ങളിലും പാർട്ടി ഉയർത്തും.

അതോടൊപ്പം സർക്കാർ നടപ്പാക്കുന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളോടും പാർട്ടി പൂർണ്ണമായി സഹകരിക്കുകയും ജനങ്ങളുടെ പ്രയാസം ലഘുകരിക്കാൻ സ്വന്തം നിലക്ക് പരിശ്രമിക്കുകയും ചെയ്യും. അതിഥി തൊഴിലാളികളുടെ ഭക്ഷണ ചുമതല അവർ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളെ ഏൽപ്പിച്ചു എന്ന നിരുത്തരവാദ മറുപടിക്ക് മുന്നിൽ എല്ലാവരും നിശബ്ദരാകണം എന്ന സർക്കാരിന്റെ ദുർവാശി അംഗീകരിക്കാനാവില്ല. സർക്കാർ തന്നെ അതിന് സംവിധാനങ്ങളൊരുക്കണം. അൻപതിലധികം പേർ ഇടതിങ്ങി പാർക്കുന്ന സ്ഥലങ്ങൾ ക്യാമ്പുകളായി പ്രഖ്യാപിച്ചാൽ തീരുന്നതല്ല ഈ പ്രശ്‌നം. സാമൂഹിക അകലം പാലിക്കാനാവും വിധമുള്ള ക്യാമ്പുകൾ സജ്ജമാക്കുന്നതിന് സർക്കാർ തയ്യാറാകണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതുകയും സാമൂഹ്യ മാധ്യമത്തിൽ പ്രതികരിക്കുകയും ചെയ്താൽ അവരെ ഗൂഢാലോചകരാക്കി പൊലീസ് നടപടിക്ക് വിധേയമാക്കും എന്നത് ഫാസിസ്റ്റ് ഏകാധിപത്യ പ്രവണതയുടെ സൂചനയാണ്. കേരളം അത്തരം രീതികൾ അംഗീകരിക്കില്ല. ഭരണകൂടത്തിന്റെ ഇത്തരം അമിതാധികാര പ്രവണതക്കെതിരെ കേരളീയ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും പൗരാവകാശങ്ങൾ ഹനിക്കാനുള്ള എല്ലാ നീക്കങ്ങളേയും നിയമപരമായും രാഷ്ട്രീയമായും വെൽഫെയർ പാർട്ടി ചെറുക്കുമെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP