Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം ഭാര്യയെ കെട്ടിത്തൂക്കി കൊന്ന ശേഷം ഭർത്താവ് അതേ റൂമിൽ തന്നെ കിടന്നുറങ്ങുമോ? രാകേന്ദുവിനെ കൊന്നു കെട്ടിത്തൂക്കാൻ വീട്ടുകാരും സഹായിച്ചിരിക്കണം; മകളെ ഇല്ലാതാക്കിയ ശേഷം തെളിവ് നശിപ്പിക്കാനാണ് കെട്ടഴിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്; കൊലപാതകം മറച്ചുവയ്ക്കാനും കേസിൽ നിന്നും തടിയൂരാനുമുള്ള ശ്രമങ്ങളാണ് ഭർതൃവീട്ടുകാർ നടത്തിയതെന്ന് രാകേന്ദുവിന്റെ അമ്മ മറുനാടനോട്; ആദർശിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് ഒരുങ്ങി പൊലീസും; ടീനേജ് കൊലയിൽ ചുരുളഴിയാൻ ഇനിയും രഹസ്യങ്ങളോ?

സ്വന്തം ഭാര്യയെ കെട്ടിത്തൂക്കി കൊന്ന ശേഷം ഭർത്താവ് അതേ റൂമിൽ തന്നെ കിടന്നുറങ്ങുമോ? രാകേന്ദുവിനെ കൊന്നു കെട്ടിത്തൂക്കാൻ വീട്ടുകാരും സഹായിച്ചിരിക്കണം; മകളെ ഇല്ലാതാക്കിയ ശേഷം തെളിവ് നശിപ്പിക്കാനാണ് കെട്ടഴിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്; കൊലപാതകം മറച്ചുവയ്ക്കാനും കേസിൽ നിന്നും തടിയൂരാനുമുള്ള ശ്രമങ്ങളാണ് ഭർതൃവീട്ടുകാർ നടത്തിയതെന്ന് രാകേന്ദുവിന്റെ അമ്മ മറുനാടനോട്; ആദർശിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് ഒരുങ്ങി പൊലീസും; ടീനേജ് കൊലയിൽ ചുരുളഴിയാൻ ഇനിയും രഹസ്യങ്ങളോ?

എം മനോജ് കുമാർ

വട്ടപ്പാറ: ടീനേജ് പ്രണയം ദുരന്തമായ കഥയാണ് പോത്തൻകോടെ രാകേന്ദു (19)വിന്റെ ജീവിതം പറയുന്നത്. വീട്ടുകാരെ ധിക്കരിച്ച് സ്‌നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോയ രാകേന്ദു ജീവിതം തുടങ്ങി എഴുപത്തിയൊന്നു ദിവസത്തിനുള്ളിൽ തന്നെ കൊല്ലപ്പെട്ടു. ടിപ്പർ ഡ്രൈവറായ ആദർശാണ് താലി ചാർത്തിയ കൈകൾക്കൊണ്ട് തന്നെ രാകേന്ദുവിനെ ജീവനോടെ കെട്ടിത്തൂക്കി കൊന്നത്. കഴിഞ്ഞ ഇരുപത്തിമൂന്നിനാണ് രാകേന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ ഭർതൃവീട്ടിലെ മുറിയിൽ കണ്ടത്. തുടർന്നു പോത്തൻകോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്നു തെളിയുന്നത്. ഇരുപത്തിരണ്ടിന് രാത്രി റൂമിലിട്ട് ഇരുമ്പ് വടികൊണ്ട് തല്ലിച്ചതച്ച ശേഷം കഴുത്ത് ഞെരിച്ച് മദ്യം വായിൽ ഒഴിച്ച് കൊടുത്ത് ബോധം കെടുത്തിയശേഷം കെട്ടിത്തുക്കി കൊല്ലുകയായിരുന്നുവെന്നാണ് യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ആദർശ് പൊലീസിനോട് പറഞ്ഞത്.

ടീനേജുകാരിയായ ഭാര്യയെ കെട്ടിത്തൂക്കി കൊന്ന ശേഷം അതേ റൂമിൽ രാവിലെ പത്തുമണി വരെ കിടന്നുറങ്ങി എന്നാണ് ആദർശ് പൊലീസിനോട് പറഞ്ഞത്. നാളെ ആദർശിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോത്തൻകോട് പൊലീസ്. രാകേന്ദുവിന്റെ മരണം കൊലപാതകമെന്നു സംശയലേശമന്യേ തെളിഞ്ഞെങ്കിലും പന്ത്രണ്ട് മണിയോടെ രാകേന്ദുവിനെ കൊലപ്പെടുത്തി അതേ റൂമിൽ തന്നെ കിടന്നുറങ്ങി എന്ന ആദർശിന്റെ വാദം രാകേന്ദുവിന്റെ വീട്ടുകാർ മുഖവിലയ്ക്ക് എടുക്കുന്നില്ല. ആദർശിന് സ്വന്തം വീട്ടുകാരുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് ഞങ്ങൾ കരുതുന്നത്. രാകേന്ദുവിന്റെ അമ്മ ലീന മറുനാടൻ മലയാളിയോട് പറഞ്ഞു. കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണ് ആദർശ് പറയുന്നത്. ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി കൊന്ന ശേഷം മദ്യപിച്ച് അതേ റൂമിൽ കിടന്നുറങ്ങി പോലും. അത് ഒരിക്കലും നടക്കാൻ ഇടയില്ല. രാവിലെ പത്തുമണിക്ക് തട്ടിവിളിച്ചപ്പോഴാണ് വിവരം അറിയുന്നത് എന്നതും കളവ്. തൂങ്ങിമരിച്ചാൽ പൊലീസ് വരാതെ എങ്ങിനെ ബോഡി താഴെയിറക്കും. കൊലപാതകം മറച്ച് വയ്ക്കാനും കേസിൽ നിന്നും തടിയൂരാനുള്ള ശ്രമങ്ങളാണ് ഭർതൃവീട്ടുകാർ നടത്തിയത്. ആദർശിന്റെ മാതാപിതാക്കൾക്ക് ഈ കൊലപാതകത്തിലെ പങ്കിനെക്കുറിച്ച് വിവരം വെളിയിൽ വരണം-ലീന പറയുന്നു.

മകളെ ആദർശിനൊപ്പം അയക്കാൻ ഞങ്ങൾ എതിരായിരുന്നു. ഇതേ എതിർപ്പ് ആദർശിന്റെ മാതാപിതാക്കൾക്കുമുണ്ടായിരുന്നു. മകളെ അവർക്ക് ഇഷ്ടവുമായിരുന്നില്ല. അവൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി എഴുപത്തിയൊന്നു ദിവസം കഴിയുമ്പോൾ തന്നെ അവൾ കൊല്ലപ്പെടുകയും ചെയ്തു. മാതാപിതാക്കൾക്ക് പങ്കുണ്ടെങ്കിൽ ഈ വിവരം പൊലീസ് വെളിയിൽ കൊണ്ടുവരണം-ലീന ആവശ്യപ്പെടുന്നു. ഈ ബന്ധത്തിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ ഞങ്ങൾ എല്ലാ ശ്രമവും നടത്തിയതാണ്. ഞങ്ങളുടെ കുടുംബത്തിലേ അംഗങ്ങൾ, ഞങ്ങൾക്ക് അടുപ്പമുള്ളവർ, അദ്ധ്യാപകർ എല്ലാം രാകേന്ദുവിനോട് ഈ ബന്ധം ശരിയാകില്ല എന്ന് പറഞ്ഞിരുന്നു. പക്ഷെ ഉപദേശിച്ചവരെ അവൾ ശത്രുവായി കണ്ടു. ആർക്കും തിരുത്താൻ കഴിയും മുൻപ് അവൾ അവന്റെ കൂടെയും പിന്നെ മരണത്തിലേക്കും ഇറങ്ങിപ്പോയി. ആദർശുമായുള്ള ബന്ധം തുടരുന്നു എന്ന സൂചന അവൾ നൽകിയില്ല. ഹൈസ്‌കൂൾ ക്ലാസിൽ ട്യൂഷൻ നൽകിയ അദ്ധ്യാപകൻ ആയിരുന്നു ആദർശ്. നോട്ടുകൾ എല്ലാം അവൾക്ക് അവൻ തയ്യാറാക്കി നൽകുമായിരുന്നു. പക്ഷെ ഇത് ഈ രീതിയിലുള്ള ഒരു ബന്ധത്തിലേക്ക് പോകുമെന്ന് കരുതിയില്ല. സെന്റ് ജോൺസ് സ്‌കൂളിൽ പ്ലസ് ടുവിന് പഠിക്കുമ്പോൾ അവൾ ആദർശുമായുള്ള ബന്ധം വീട്ടിൽ പറഞ്ഞു. ഇതൊഴിവാക്കാനാണ് ഞങ്ങൾ പറഞ്ഞത്. പഠിക്കാൻ മിടുക്കിയായതിനാൽ എല്ലാം ഒഴിവാക്കി പഠിത്തത്തിൽ മുഴുകാൻ ഞങ്ങൾ പറഞ്ഞു. പിന്നീട് അവൾ അതെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇത് ടീനേജ് ലവ് ആയി ഞങ്ങളും കരുതി. നിറമൺകരയിലാണ് അവൾ ബിഎയ്ക്ക് ചേർന്നത്. അവിടെ ഫോൺ ക്ലാസിൽ കൊണ്ടുപോകാൻ കഴിയില്ല. വേറെ ഒരു റൂമിൽ ഫോൺ വയ്ക്കണം. അത് അവർ ആദ്യമേ തന്നെ എഴുതി തന്നെ ഞങ്ങളുടെ അനുവാദം വാങ്ങിയിട്ടുണ്ട്. ഇത് തെറ്റിച്ച് അവൾ ക്ലാസിൽ ഫോൺ കൊണ്ടുപോയി. പ്രിൻസിപ്പാൾ ഫോൺ പിടിച്ചു.

ഫോണിലെ സംഭാഷണങ്ങൾ എല്ലാം റെക്കോർഡ് ആയിരുന്നു. ആദർശുമായുള്ള ബന്ധം കോളേജിൽ അറിഞ്ഞു. കോളേജ് അധികൃതർ എന്നെ വിളിപ്പിച്ചു. ഇതോടെയാണ് ബന്ധത്തിന്റെ കാര്യം സംസാര വിഷയമാകുന്നത്. തങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ലെന്ന് ഞങ്ങൾ പറഞ്ഞു. അവളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ഈ ബന്ധം അവളുടെ അച്ഛൻ അറിഞ്ഞതോടെ അവൾ ഇറങ്ങിപ്പോയി. ഒരു രാത്രി ആദർശ് പുറത്ത് കാത്തുനിന്നു. അവൻ ആദർശിനൊപ്പം പോയി. പിന്നെ ഞങ്ങൾ അവളെ കണ്ടിട്ടില്ല. വല്ലപ്പോഴും എന്നെ വിളിക്കും. കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപും എന്നെ വിളിച്ചു. പക്ഷെ ഒന്നും പറഞ്ഞില്ല. നാളെ വിളിക്കാം എന്നാണ് പറഞ്ഞത്. നാളെയുള്ള ആ വിളിയുണ്ടായില്ല. അവൻ അന്ന് രാത്രി തന്നെ രാകേന്ദുവിനെ കൊന്നു. ഞങ്ങൾക്ക് മൂത്ത മകളെ അവളുടെ പത്തൊൻപതാം വയസിൽ തന്നെ നഷ്ടമായി. ഇനി അറിയാനുള്ളത് ആദർശിന്റെ മാതാപിതാക്കൾക്ക് ഈ കൊലയുമായുള്ള ബന്ധമാണ്. കൊലപാതകമാണെന്ന് തെളിയിച്ച പോത്തൻകോട് പൊലീസിന് മാതാപിതാക്കളുടെ പങ്കും വെളിയിൽ കൊണ്ടുവരാൻ കഴിയും. ആ രീതിയിൽ ഒരു ബന്ധം രാകേന്ദുവിന്റെ മരണവുമായി ആദർശിന്റെ മാതാപിതാക്കൾക്ക് ഉണ്ടെങ്കിൽ ആ വിവരം വെളിയിൽ വരണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണം-ലീന പറയുന്നു.

വിവാഹം കഴിഞ്ഞു മൂന്നു മാസം തികയും മുൻപാണ് രാകേന്ദു കൊല ചെയ്യപ്പെടുന്നത്. ആദർശിന്റെ പരസ്ത്രീ ബന്ധം രാകേന്ദു ചോദ്യം ചെയ്തതിൽ രോഷാകുലനായാണ് ഭാര്യയെ കെട്ടിത്തൂക്കി കൊന്നത് എന്നാണ് ആദർശ് മൊഴി നൽകിയത്. ക്രൂരമായ വിധത്തിലാണ് രാകേന്ദു കൊല ചെയ്യപ്പെട്ടത്. മറ്റൊരു പെൺകുട്ടിയുമായുള്ള ആദർശിന്റെ ബന്ധം രാകേന്ദു ചൂണ്ടിക്കാട്ടി. ഇത് തർക്കത്തിന് വഴിവെച്ചു. കുപിതനായ ആദർശ് അന്ന് രാത്രി വാതിലടച്ച് രാകേന്ദുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് മർദ്ദിച്ച് അവശയാക്കിയ ശേഷം മദ്യം വായിലൊഴിച്ച് അർദ്ധബോധാവസ്ഥയിലാക്കി. അതിനു ശേഷം പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. രാവിലെ അച്ഛൻ പത്തുമണിക്ക് കതക് തട്ടിത്തുറന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. അതിനുശേഷം അയൽവീട്ടുകാരെ വിവരമറിയിച്ച ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതിനു ശേഷമാണ് പൊലീസിൽ വിവരമറിയിക്കുന്നത്. സ്വാഭാവിക മരണത്തിനാണ് പോത്തൻകോട് പൊലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്-പൊലീസ് മറുനാടനോട് അന്ന് പറഞ്ഞു.

അഞ്ചു വർഷം പ്രേമവുമായി പിറകെ നടന്ന ശേഷമാണ് ടിപ്പർ ലോറി ഡ്രൈവറായ ആദർശ് രാകേന്ദുവിനെ താലി ചാർത്തുന്നത്. 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നോടുവിലാണ് രാകേന്ദു കൊല ചെയ്യപ്പെടുന്നത്. രണ്ടു വീട്ടുകാരും ഇവരുടെ പ്രണയത്തിനു എതിരായിരുന്നു. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശ് ടിപ്പർ ലോറി ഡ്രൈവറും ട്യൂട്ടോറിയൽ അദ്ധ്യാപകനുമായിരുന്നു. ഇങ്ങനെ ക്ലാസ് എടുക്കുന്ന വേളയിലാണ് രാകേന്ദു ആദര്ശുമായി അടുത്തത്. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ഇരുവീട്ടുകാരും എതിരായി. പെൺകുട്ടി നായർ സമുദായവും ആദർശ് നാടാർ സമുദായവുമാണ്. അതുകൊണ്ട് തന്നെ കടുത്ത എതിർപ്പാണ് വീട്ടുകാർ പ്രകടിപ്പിച്ചത്. പക്ഷെ വീട്ടുകാരെ ധിക്കരിച്ച് രാകേന്ദു ആദർശിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു മാസത്തിന്നിടെ തന്നെ രാകേന്ദു കൊല ചെയ്യപ്പെടുകയും ചെയ്തു.

മകളുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ നായർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിനു തലേ ദിവസം രാത്രി 11 ന് രാകേന്ദു അമ്മ ലീനയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് തടസപ്പെടുത്തും പോലെ തോന്നി. പിന്നീട് പലവട്ടം അങ്ങോട്ടു ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഇതാണ് സംശയങ്ങൾക്ക് കാരണമെന്ന് രാജേന്ദ്രൻ നായർ പൊലീസിൽ പറഞ്ഞത്. 20 മിനിട്ടിനു ശേഷം ഫോണിൽ വീണ്ടും വിളി വന്നു. രാവിലെ വിളിക്കാമെന്നു മാത്രമാണ് പറഞ്ഞത്.

അടുത്ത ദിവസം രാവിലെ അങ്ങോട്ടു വിളിച്ചപ്പോൾ രാകേന്ദുവിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. 10.30 ന് ഭർത്താവ് ആദർശിന്റെ ഫോണിൽ വിളിച്ചു. ഒരു ബന്ധുവാണ് ഫോൺ എടുത്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. മകൾ അബദ്ധം കാട്ടിയെന്നും ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞു. വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയെങ്കിലും അവിടെ ആദർശിന്റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് രാകേന്ദുവിന്റെ അച്ഛന്റെ പരാതി. പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞതെന്നും രാജേന്ദ്രൻ നായർ പറഞ്ഞു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദ്ദേഹം വേറ്റിനാട്ടുള്ള വീട്ടുവളപ്പിലായിരുന്നു സംസ്‌കരിച്ചത്. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദർശുമായി പ്രണയവിവാഹമായിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ വേങ്കമല ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിച്ചു എന്നല്ലാതെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP