Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രിമാത്രമല്ല കാസർകോട്ടെ യുവാക്കൾക്ക് പെണ്ണ് കിട്ടണമെങ്കിലും ഇപ്പോൾ കർണാടകം കനിയണം; പുര നിറഞ്ഞ് നിൽക്കുന്ന കാസർകോട്ടെ ചെറുപ്പക്കാർക്ക് വിവാഹം കഴിക്കാൻ ജില്ലയിൽ പെണ്ണില്ല; കൂലിപ്പണിക്കാരായ യുവാക്കൾക്ക് പെണ്ണുകിട്ടാത്തതോടെ ആലോചന ചെല്ലുന്നത് കുടകിലും മംഗലൂരുവിലും; ഇടനിലക്കാർ ഈടാക്കുന്നത് അരലക്ഷം രൂപവരെ കമ്മീഷൻ; സ്ത്രീപുരുഷ അനുപാത കണക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കൊറോണയിൽ അതീവ ജാഗ്രതയുമായി കാസർകോട് ജില്ല പുലർത്തുമ്പോൾ കർണാടകത്തൈ ആശ്രയിക്കുകയാണ് പലപ്പോഴും ജില്ലയിലെ ജനവിഭാഗം. കേരളത്തിന്റെ വടക്കേയറ്റത്തെ ജില്ലയായതിനാൽ തന്നെ എന്തിനും ഏതിനും ആശ്രയം കാസർകോട് ജില്ലയ്ക്ക് മംഗലാപുരമാണ്. ഇപ്പോഴിതാ ആശുപത്രികൾക്കായി മാത്രമല്ല. ജില്ലയിലെ യുവാക്കൾക്ക് പെണ്ണ് ലഭിക്കാൻ പോലും അയൽ സംസ്ഥാനമായ കർണാടരകത്തെ ആശ്രയിക്കേണ്ട ഗതിയിലേക്ക് എത്തിയിരിക്കുകയാണ് ജില്ല.

ജില്ലയിലെ കൂലിപ്പണിക്കാരായ യുവാക്കളിൽ പലർക്കും വിവാഹം ചെയ്യാൻ പെൺകുട്ടികളെ ലഭിക്കാത്തത് തന്നെയാണ് മുഖ്യകാരണം.പലരും മംഗളൂരുവിലും കുടകിലുമെത്തി പെൺകുട്ടികളെ കണ്ടെത്തുന്നതാണ് സമീപകാലത്തെ കാഴ്ച. ഇടനിലക്കാരായ പലരും അര ലക്ഷം വരെ കമ്മീഷൻ തുകയായി പറ്റുന്നതും നാട്ടു നടപ്പാണ്. എന്നാൽ ഇതൊന്നും വെറുതേ സംഭവിച്ചതല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ ജെന്റർ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ജില്ലയിലെ ആൺ-പെൺ അനുപാതം ഞെട്ടിക്കുന്ന ചില യാഥാർത്ഥ്യം പറയുന്നു. 13നും 28നും ഇടയിൽ പ്രായമുള്ളവരിൽ പെൺകുട്ടികളേക്കാൾ അധികം ആൺകുട്ടികളാണ്.

ആയിരം ആൺകുട്ടികൾക്ക് 963, 955, 955, 982 പെൺകുട്ടികളേയുള്ളൂ. ശരാശരി അനുപാതം 2011ൽ 1080 ആയിരിക്കെയാണ് ഈ വൈരുദ്ധ്യം. ഇപ്പോൾ 29 വയസ് പിന്നിട്ടവരിൽ പുരുഷന്മാരേക്കാളേറെ യുവതികളാണെന്നും ഈ പട്ടിക വ്യക്തമാക്കുന്നു.ഈ പ്രായത്തിൽ ആയിരം പുരുഷന് 1114 പെൺകുട്ടികളുണ്ട്. ഇപ്പോൾ 34 വയസിൽ എത്തിയവർക്ക് ഇത് 1215 യുവതികളുമാണ്. ഇപ്പോൾ 89 വയസ് പിന്നിട്ട ആയിരം പുരുഷന്മാർക്ക് 1576 സ്ത്രീകളാണ് അനുപാതം.

പുരുഷന്മാരിലെ ആയുർദൈർഘ്യത്തിൽ വൻ അന്തരമുണ്ടെന്ന് ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ 78 വയസ് തികഞ്ഞവരിൽ ആയിരം പുരുഷന് 1264 സ്ത്രീകളെന്നാണ് കാസർകോട്ടെ കണക്ക്. നേരത്തേ വിധവകളായി വീടുകളിൽ പ്രശ്‌നങ്ങൾ തനിച്ച് സഹിക്കേണ്ടി വരുന്നവരും ഇതിലുണ്ട്. 1961 വരെ സ്ത്രീ പുരുഷ അനുപാതത്തിൽ കാസർകോട് കേരളത്തേക്കാൾ മുന്നിലായിരുന്നു. പിന്നീട് സംഭവിച്ച കുറവ് നിരവധി സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്.

1901 ൽ കേരളത്തിൽ ആയിരം പുരുഷന് 1004 സ്ത്രീകൾ ഉണ്ടായിരുന്നു. കാസർകോട് ഇക്കാലത്ത് 1060 ഉം. പിന്നീട് കേരളത്തിൽ സ്ത്രീകളുടെ അനുപാതം ഉയർന്നപ്പോൾ കാസർകോട് നൂറു വർഷത്തിനിടെ പടിപടിയായി ഇടിഞ്ഞു. 1971 ൽ കേരളത്തിൽ ആയിരം പുരുഷന് 1016 സ്ത്രീകൾ ആയപ്പോൾ കാസർകോട് 998 ആയിരുന്നു.ഒടുവിൽ 2011 ൽ 1080 സ്ത്രീകളായി കൂടിയപ്പോഴും കേരള അനുപാതം 1084 ആണ്.

യുവാക്കൾ വിവാഹിതരാകാത്തത് സാമൂഹ്യ പ്രശ്‌നമാകുമ്പോഴാണ് ഈ വിവരങ്ങൾ പുറത്ത് വരുന്നത്. മാസങ്ങൾക്ക് മുൻപ് കാസർകോട് ജില്ലയിലെ മടിക്കൈയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മാരിയേജ് ബ്യൂറോയ്ക്ക് സമാനമായ ഇടപെടൽ ആരംഭിച്ചിരുന്നു. ഇതാണ് അവസ്ഥയെങ്കിൽ ഭാവിയിലും കാസർകോട്ടെ യുവാക്കൾക്ക് വിവാഹിതരാകാൻ അതിർത്തി കടക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP