Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ കോവിഡ് മരണം രണ്ടോ അതോ മൂന്നോ..നാളെ അറിയാം; നിരീക്ഷണത്തിലിക്കെ മരിച്ച മലപ്പുറത്തുകാരന്റെ പരിശോധനാഫലം വരിക ബുധനാഴ്ച; മോർച്ചറിയിലുള്ള മൃതദേഹം വിട്ടുനൽകുക റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമെന്ന് ആരോഗ്യവകുപ്പ്; മുംബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന വ്യക്തി നാട്ടിൽ ചികിത്സയ്ക്കായി എത്തിയത് 15 ദിവസം മുമ്പ്; മരണം നിലമ്പൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ തിങ്കളാഴ്ച

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിലെ കോവിഡ് മരണം രണ്ടോ അതോ മൂന്നോ എന്ന് നാളെ അറിയാം. നിരീക്ഷണത്തിലിക്കെ മരിച്ച മലപ്പുറത്തുകാരന്റെ പരിശോധനാഫലം നാളെ അറിയാം. നിലവിൽ രണ്ടു കോവിഡ് മരണങ്ങളാണ് കേരളത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ കോവിഡുമായി ബന്ധപ്പെട്ടു വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മലപ്പുറം മൂത്തേടം നാരങ്ങാപൊട്ടിയിലെ കുമ്പളത്ത്് പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് (58) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. ഇയാളുടെ മോർച്ചറിയിലുള്ള മൃതദേഹം വിട്ടുനൽകുക റിപ്പോർട്ട് പരിശോധിച്ച ശേഷംമാത്രമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

മുംബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്ന ഇയാളുടെ മരണം കോവിഡുമൂലമാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. നേരത്തെ പരിശോധനക്കയച്ച ഇയാളുടെ രക്ത സാമ്പിളുകളുടെ പരിശോധനാഫലം നാളെ അറിയുമെന്നാണ് ആരോഗ്യവകുപ്പിൽനിന്നും ലഭിക്കുന്ന വിവരം.

മുംബൈയിലുണ്ടായ അപകടത്തെ തുടർന്നു 15 ദിവസം മുമ്പാണ് ചികിത്സക്കായി ഇയാൾ നാട്ടിലെത്തിയത്. വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽനിന്നിറങ്ങി അവിടെ നിന്നു വീട്ടിലെത്തുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റ ഇയാൾ നിലമ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതര സംസ്ഥാനത്തുനിന്നും എത്തിയവർ നിരീക്ഷണത്തിൽ കഴിണമെന്ന നിർദ്ദേശമുണ്ടായതിനെ തുടർന്നു ഇതര സംസ്ഥാനത്തു നിന്നെത്തിയ ആളെന്ന നിലയിൽ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നിരീക്ഷണത്തിൽ ഇരിക്കെയാണ് മരിച്ചത്. ഇതേത്തുടർന്നു ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തുകയായരുന്നു. നിരീക്ഷണത്തിലിരുന്ന വ്യക്തി എന്ന നിലയിലാണ് ഇയാളുടെ രക്ത സാമ്പിളുകൾ പരിശോധനക്കയച്ചത്. പരിശോധനാ ഫലം ലഭ്യമായതിനു ശേഷം മാത്രമേ മൃതദേഹം സംസ്്കരിക്കൂവെന്നു ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഭാര്യ: ഓമന. മക്കൾ: അഭയ, അബിൻ പോൾ. മരുമകൻ സജോ.

അതേ സമയം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്നു മുതൽ 543 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,642 ആയതായി ജില്ലാ കലക്ടർ ജാഫർ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തിൽ അറിയിച്ചു. 102 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 87 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഒമ്പത്, തിരൂർ ജില്ലാ ആശുപത്രിയിൽ അഞ്ച്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാളും ഐസൊലേഷൻ വാർഡുകളിലുണ്ട്. 12,517 പേർ വീടുകളിലും 23 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ഒമ്പതു പേരുടേയും ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന മുഖ്യ സമിതി അവലോകന യോഗത്തിൽ അറിയിച്ചു. ഇതുവരെ 457 പേർക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു. 151 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ കർശന ആരോഗ്യ ജാഗ്രത തുടരുകയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വാർഡ് തലങ്ങളിൽ ദ്രുത കർമ്മ സംഘങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് 5,964 വീടുകളിൽ ദ്രുത കർമ്മ സംഘങ്ങൾ സന്ദർശനം നടത്തി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൈമാറുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവർ പൊതു സമ്പർക്കം പുലർത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ള 1657 പേർക്ക് ഇന്നലെ ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം കൗൺസലിങ് നൽകി. ആരോഗ്യ വകുപ്പ് 116 പേർക്ക് പ്രത്യേക പരിശീലനവും നൽകി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 373 മുതിർന്ന പൗരന്മാരെ ഇന്ന് പാലിയേറ്റീവ് നഴ്‌സുമാർ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP