Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാര്യയുടെ ജാരൻ ഒളിച്ചിരുന്ന വാഴക്കൂട്ടം വെട്ടി നിരത്തി; വീടിന് തീപിടിച്ചെന്നലറി ഇറങ്ങിയോടിയതും പാതിരാത്രിയിൽ; ആന കുത്താൻ വരുന്നെന്നും ഭീതി; സംസ്ഥാനത്ത് മദ്യം കിട്ടാക്കനിയായതോടെ സ്ഥിരം കുടിയന്മാരുടെ വീടുകളിൽ ഇത് അശാന്തിയുടെ നാളുകൾ; നിറഞ്ഞ് കവിഞ്ഞ് ഡീ അഡിക്ഷൻ സെന്ററുകൾ; സുവർണാവസരം മുതലാക്കാൻ കള്ളവാറ്റുകാരും

ഭാര്യയുടെ ജാരൻ ഒളിച്ചിരുന്ന വാഴക്കൂട്ടം വെട്ടി നിരത്തി; വീടിന് തീപിടിച്ചെന്നലറി ഇറങ്ങിയോടിയതും പാതിരാത്രിയിൽ; ആന കുത്താൻ വരുന്നെന്നും ഭീതി; സംസ്ഥാനത്ത് മദ്യം കിട്ടാക്കനിയായതോടെ സ്ഥിരം കുടിയന്മാരുടെ വീടുകളിൽ ഇത് അശാന്തിയുടെ നാളുകൾ; നിറഞ്ഞ് കവിഞ്ഞ് ഡീ അഡിക്ഷൻ സെന്ററുകൾ; സുവർണാവസരം മുതലാക്കാൻ കള്ളവാറ്റുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളെ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. ഒടുവിൽ സംസ്ഥാന സർക്കാർ ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടിയിടാൻ തീരുമാനിക്കുകയായിരുന്നു. ബാറുകളും ബിവറേജുകളും അടച്ച് പൂട്ടപെട്ടാൽ സ്ഥിരം മദ്യപാനികൾക്ക് മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടാകാവുന്ന ആരോ​ഗ്യ പ്രശ്നങ്ങളും മാനസിക-സാമൂഹിക പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ മദ്യശാലകൾക്ക് വിലക്ക് ഏർപ്പെടുത്താതിരുന്നത്. ആ ആശങ്കകളെ സാധൂകരിക്കുന്ന വാർത്തകളാണ് സംസ്ഥാനത്തെ ഡീ അഡിക്ഷൻ സെന്ററുകളിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്.

ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യം കിട്ടാതായതോടെ അമിത മദ്യാസക്തിയുള്ളവരിൽ പലർക്കും ചിത്തഭ്രമം ബാധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഉറക്കമില്ലായ്മയും മനോവിഭ്രാന്തിയും പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെ സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള 14 ഡി അഡിക്ഷൻ സെന്ററുകളും നിറഞ്ഞു. ഇക്കഴിഞ്ഞ 23ന് ശേഷം ഇന്നലെ വരെ 542 പേരാണ്സംസ്ഥാനത്തെ ഡി അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടിയത്. മദ്യം കിട്ടാതെ വിറയലും വിവിധ തരത്തിലുള്ള മനോവിഭ്രാന്തിയും പ്രകടിപ്പിക്കുന്ന ഇവരെ വിട്ടയയ്ക്കുന്നത് അപകടമായതിനാൽ സ്ഥല പരിമിതികൾ കൂട്ടാക്കാതെ മുഴുവൻ പേരെയും നിർബന്ധിത ചികിത്സയ്ക്ക് വിധേയരാക്കിയിരിക്കുകയാണ് വിമുക്തി ഡി അഡിക്ഷൻ സെന്ററുകളിലെ ഡോക്ടർമാർ.

അതേസമയം, ഡി അഡിക്ഷൻ സെന്ററുകളിൽ രോഗികളുടെ എണ്ണം കൂടിയെങ്കിലും ആവശ്യമായത്ര മനോരോഗ വിദഗ്ദരില്ലാത്തത് സെന്ററുകളുടെ പ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. ജില്ലാ ആശുപത്രികളിലെ സൈക്കാട്രിസ്റ്റുകളുടെ സേവനമാണ് വിമുക്തി പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തിയിരുന്നത്. കൊറോണ പ്രതിരോധ നിയന്ത്രണത്തെ തുടർന്ന് വിഡ്രോവ‍ൽ സിൻഡ്രോത്തിനിരയായവരുടെ എണ്ണം പെരുകിയതോടെ വിമുക്തി സെന്ററുകളിലെ ചികിത്സയും വെല്ലുവിളിയായിട്ടുണ്ട്.

മദ്യാസക്തിയുള്ള ഇവരിൽ പലരും മറവി,​ അകാരണമായ ഭീതി,​ സംശയം,​ അക്രമവാസന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആശുപത്രികളിൽ പ്രവേശിച്ചിരിക്കുന്നത്. മദ്യം കിട്ടാതായതിന് അടുത്ത ദിവസം മുതൽ ഉറക്കമില്ലാതെ പിച്ചും പേയും പറയുകയും അലറി വിളിക്കുകയും അക്രമങ്ങൾ കാട്ടുകയും ചെയ്തവരാണ് ഇവരിൽ പലരും. രാത്രിയിൽ ആനകുത്താൻ വരുന്നതായും വീടിന് തീപിടിച്ചതായും തോന്നി അലറിവിളിച്ചവരും വീടിന്റെ പരിസരത്ത് ഇല അനങ്ങിയതിന് വാഴച്ചുവട്ടിൽ ഭാര്യയുടെ ജാരൻ വന്നെന്ന് പറഞ്ഞ് വാഴക്കൂട്ടം വെട്ടി നിരത്തുകയും ഭാര്യയെ അക്രമിക്കുകയും ചെയ്തയാളുമുണ്ട്. സമ്പൂർണ ലോക്ക് ഡൗണിൽ ഗതാഗതം നിലച്ചതിനാൽ കഞ്ചാവ് ലഭിക്കാത്തതിന്റെ പരാക്രമം കാട്ടുന്നവരും നിരവധിയാണ്.

പതിനാറുകാരനുൾപ്പെടെ കഞ്ചാവിനടിമയായ നിരവധിപേരും ഡി അഡിക്ഷൻ സെന്ററുകളിലുണ്ട്. അക്രമം അതിരുവിടുമ്പോൾ സഹികെട്ട് വീട്ടുകാരാണ് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ എക്സൈസിനെ അറിയിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇവരിൽ പലരെയും അടുത്തുള്ള വിമുക്തി ഡ‌ി അഡിക്ഷൻ സെന്ററുകളിലാക്കിയത്. മദ്യാസക്തിയുള്ളവരിൽ വിഡ്രോവൽ സിൻഡ്രം കാട്ടുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. ആത്മഹത്യാപ്രവണത കാട്ടുന്നവരും ഏറെയാണ്.ഇത്തരക്കാരെ ചികിത്സിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ വിമുക്തി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. മരുന്നും ചികിത്സയും സൗജന്യമായതിനാൽ ലഹരിമുക്ത ചികിത്സയ്ക്ക് വിമുക്തി കേന്ദ്രങ്ങളെയാണ് ആളുകൾ ഇപ്പോൾ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ വൻ പണചെലവുള്ള ചികിത്സയാണിത്.

സ്ഥിരമായി മദ്യപാനം ശീലമാക്കിയ ഒരാൾ പെട്ടെന്ന് അത് നിർത്തുമ്പോൾ തലച്ചോർ അസാധാരണമായി പ്രവർത്തിക്കും. പെട്ടെന്ന് ആ ശീലത്തിൽ നിന്ന് വിട്ടുപോരാനുള്ള ശരീരത്തിന്റെ വൈമനസ്യമാണ് ഇത്തരം ബുദ്ധിമുട്ടുകൾ. കാണാത്തത് പലതും കാണുന്നതായും, കേൾക്കാത്തത് കേൾക്കുന്നതായും, ആക്രമണ സ്വഭാവവും, ഇൻസോമാനിയ, സംശയം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മദ്യപാനം ശീലമാക്കിയ എൺപത് ശതമാനം ആളുകളിലും തിയാമിന്റെ അളവ് കുറയുകയും വെർനിക് കോർസകോഫ് സിൻട്രോം എന്ന രോഗം തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു. കണ്ണുകളുടെ നാഡീഞരമ്പുകളെയും ഇത് ബാധിക്കും. വിദഗ്ദ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് പരിഹാരം.

മദ്യം കിട്ടാതെ വിഷമിക്കുകയാണോ? സഹായവുമായി എക്സൈസ്

മദ്യം ലഭിക്കാത്താത് മൂലം ശാരീരിക , മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കായി സഹായം ഒരുക്കി എക്സൈസ് വകുപ്പ്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിനെ അറിയിച്ചാൽ ചികിത്സയ്ക്ക് അടക്കമുള്ള സൗകര്യങ്ങൾ എക്സൈസ് ഒരുക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും ഡി അഡിക്‌ഷൻ കേന്ദ്രങ്ങളുണ്ട്. ഇവയുടെ സേവനം കൂടാതെ എക്സൈസിന്റെ ഡി അഡിക്‌ഷൻ കേന്ദ്രത്തിൽ 13 അംഗ സംഘവും ചികിത്സയ്ക്കും സഹായത്തിനും ഉണ്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കോ , ബന്ധുക്കൾക്കോ വിവരം എക്സൈസിനെ അറിയിക്കാം.

വ്യാജവാറ്റും പെരുകി

മദ്യശാലകൾ അടച്ചതോടെ സംസ്ഥാനത്ത് വ്യാജവാറ്റ് പെരുകിയെന്ന് എക്സൈസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നിട്ടില്ല. ബാറുകൾ അതിനു മുമ്പേ പൂട്ടി. 24 മുതൽ 29 വരെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 9,700 ലിറ്റർ വാഷ്. ജനുവരിയിൽ 10,831 ലീറ്റർ വാഷും ഫെബ്രുവരിയിൽ 11,232 ലിറ്ററുമാണ് എക്സൈസ് പിടികൂടിയത്. കണക്കിലെ ഈ കുതിച്ചുചാട്ടം വ്യാജവാറ്റ് വർധിച്ചതിന്റ തെളിവാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. മാർച്ച് 27 മുതൽ 29 വരെ 8,450 ലിറ്റർ വ്യാജ കള്ള് പിടിച്ചെടുത്തു.

ലോക്ഡോൺ തുടങ്ങിയതു മുതൽ ഇന്നലെ വരെ 12 മയക്കുമരുന്ന് കേസുകളും 86 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. 11.63 കിലോ കഞ്ചാവാണ് ഈ കാലയളവിൽ പിടിച്ചത്. 76 ലിറ്റർ ചാരായവും 49.47 ലീറ്റർ മദ്യവും പിടികൂടി. ഇതര സംസ്ഥാനങ്ങളിൽനിന്ന് കടത്തിയ 13 ലിറ്റർ മദ്യവും 251 ലീറ്റർ വൈനും 14 ലീറ്റർ അരിഷ്ടവും 493 കിലോ പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP