Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെസിബി കൊണ്ട് മണ്ണുമൂടി കർണാടക അതിർത്തി അടച്ചത് മനുഷ്യത്വ രഹിതമെന്ന് ഹൈക്കോടതി കൂടി പറഞ്ഞതോടെ മുഖ്യമന്ത്രിമാരുടെ ചർച്ച വിളിച്ച് പ്രധാനമന്ത്രി; കോവിഡ് അവലോകന പശ്ചാത്തലത്തിൽ കർണാടക-കേരള മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വ്യാഴാഴ്ച രാവിലെ 11ന്; പ്രശ്‌നം പരിഹരിക്കാൻ ചീഫ് സെക്രട്ടറിതലത്തിലും ചർച്ച; ഇന്നുതന്നെ തീർപ്പാക്കണമെന്നും ഒരുദിവസം പോലും കാത്തിരിക്കാനാവില്ലെന്നും കോടതി പറഞ്ഞതോടെ ഗത്യന്തരമില്ലാതെ ചർച്ചയ്ക്ക് വഴങ്ങി കർണാടകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:കർണാടകം അതിർത്തി അടച്ചതോടെ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം രണ്ടുപേർ കൂടി മരിച്ചതോടെ സ്ഥിതിഗതികൾ ഗുരുതരമായി. കർണാടകയുടെ നചപടി മനുഷ്യത്വ രഹിതം എന്നാണ് കേരള ഹൈക്കോടതി ഇന്ന് വിശേഷിപ്പിച്ചത്. കർണാടകം അതിർത്തി അടച്ച പ്രശ്‌നം ഇന്ന് തന്നെ പരിഹരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഒരുദിവസം പോലെ കാത്തിരിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മംഗളൂരുവിലെ ആശുപത്രികളിൽ തുടർ ചികിത്സയ്ക്കായി പോകാൻ കഴിയാതെ വന്നതോടെയാണ് കാസർകോട്ടെ പലർക്കും മരണം സംഭവിച്ചത്. ഏതായാലും പ്രശ്‌നത്തിൽ പ്രധാനമന്ത്രി ഇടപെടുകയാണ്. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നരേന്ദ്ര മോദി ചർച്ചയ്ക്ക് ക്ഷണിച്ചു.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും കർണാടക-കേരള അതിർത്തി തർക്കവും ഉന്നയിക്കുക. തമിഴ്‌നാട്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ആന്ധ്രപ്രദേശ്, അസം, മഹരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.

അതേസമയം, അതിർത്തി റോഡുകൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രം ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര സർക്കാർ സാവകാശം തേടി അപേക്ഷ നൽകി. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച ശേഷം നിലപാട് വിശദീകരിക്കാമെന്നുമായിരുന്നു കേന്ദ്രം അറിയിച്ചത്. എന്നാൽ ഈ വിഷയത്തിൽ ഇന്നു തന്നെ തീരുമാനം ഉണ്ടാകണമെന്ന ഹൈക്കോടതി നിർദ്ദേശിച്ചു. ഇതോടെ, ഇന്നു തന്നെ യോഗം വിളിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വൈകിട്ട് 5.30 നകം തീരുമാനം അറിയിക്കാനാണ് കോടതി നിർദ്ദേശം.

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കർണാടക അതിർത്തി റോഡുകൾ തുറക്കാനാവില്ല എന്ന കർശന നിലപാടാണ് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അതിർത്തിയിൽ കയറി ബാരിക്കേഡ് സ്ഥാപിച്ചത് മനുഷ്യത്വ രഹിത നടപടിയാണെന്നും ദേശീയ പാത അടയ്ക്കുന്നതിന് ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇതിനിടെ കാസർകോട്ട് വിദഗ്ധ ചികിത്സ കിട്ടാതെ ആറു പേർ മരിച്ചെന്നും അവരുടെ പേരും വിശദ വിവരങ്ങളും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതിർത്തി തുറക്കാൻ തയാറായാൽ കർണാടകയിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അണുവിമുക്തമാക്കാൻ കേരളം തയാറാണെന്നും കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്. : അതിർത്തി അടച്ച കർണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേരളം. കർണാടകയുടെ നടപടി മൂലം മതിയായ ചികിൽസ കിട്ടാതെ ആറ് ജീവനുകൾ നഷ്ടമായെന്നും സംസ്ഥാനം വ്യക്തമാക്കി. അതിർത്തി അടച്ച സംഭവത്തിൽ കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്.

മംഗ്ലൂരുവിലെ ആശുപത്രികൾ നിറഞ്ഞെന്ന കർണാടകയുടെ വാദം തെറ്റാണെന്നും കേരളം വ്യക്തമാക്കി. മാംഗ്ലൂരിൽ ചികിൽസ തേടിയിരുന്ന കാസർകോട് സ്വദേശികളെ ചികിൽസിക്കാൻ തയ്യാറാണെന്ന് ആശുപത്രികൾ അറിയിച്ചിരുന്നു. ഇക്കാര്യം കർണാടകം മറച്ചുവെച്ചെന്നും കേരളം കുറ്റപ്പെടുത്തി. ആശുപത്രികളുടെ കത്തുകൾ രേഖകൾ കേരളം സമർപ്പിച്ചു.

കാസർകോട്ട് അഞ്ച് അതിർത്തി റോഡുകൾ തുറക്കണം. കണ്ണൂരിലെ കൂട്ടുപുഴ അതിർത്തി തുറക്കണം. കേരള അതിർത്തി കടന്ന് കർണാടക ഉദ്യോഗസ്ഥർ റോഡിൽ മണ്ണിട്ട് തടസ്സം സൃഷ്ടിച്ചു. മംഗലാപുരത്തേക്കുള്ള അതിർത്തിയിലെ പാത്തൂർ റോഡ് അനധികൃതമായി കർണാടക അടച്ചു. 200 മീറ്റർ അതിർത്തി കർണാടക അതിക്രമിച്ച് കയറിയെന്നും കേരളം ആരോപിച്ചു.

ഇത് രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നമായതുകൊണ്ട് സുപ്രീം കോടതി പരിഗണിക്കുകയായിരിക്കും നല്ലതെന്ന് കർണാടക കേരള ഹൈക്കോടതിയിൽ നിലപാടെടുത്തു. എന്നാൽ ഇത് അംഗീകരിക്കാതെ കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നമായതുകൊണ്ട് കേരള ഹൈക്കോടതിക്ക് ഇടപെടാമെന്ന നിലപാട് ഹൈക്കോടതിയും സ്വീകരിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതിന് പുറമേ, പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും വിഷയം ചർച്ച ചെയ്‌തെങ്കിലും ഫലമുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP